നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 11 July 2015

നന്ദിയുള്ളവരാകുക

​​പരീക്ഷണ വിധേയരാക്കപ്പെട്ട മൂന്നു പേരുടെ ഉദാഹരണം ബുഖാരിയില്‍ ഉദ്ധരിച്ചിരിക്കുന്നു.ഒരാള്‍ കുഷ്‌ഠ രോഗിയാണ്‌.മറ്റൊരാള്‍ കഷണ്ടിക്കാരനായിരുന്നു.മൂന്നാമത്തെയാള്‍ അന്ധനും.ഓരോരുത്തരുടേയും അടുത്തേക്ക്‌ മനുഷ്യ വേഷത്തില്‍ മാലാഖ വന്നുകൊണ്ട് അവരുടെ ശാരീരിക മാനസിക പ്രയാസങ്ങള്‍ അന്വേഷിക്കുകയും അവരുടെ തേട്ടമനുസരിച്ച് മാലഖയുടെ സ്‌പര്‍‌ശനത്തിലൂടെ ദുരിതങ്ങള്‍‌ക്കറുതി വരികയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുന്നു.ഗര്‍‌ഭിണികളായ ഒട്ടകം,പശു,ആട്  എന്നിവ യഥാക്രമം മൂവര്‍‌ക്കും നല്‍‌കിക്കൊണ്ടായിരുന്നു ഇവര്‍ അനുഗ്രഹിക്കപ്പെട്ടത്‌. സമ്പന്നരായ മൂവരിലേക്ക്‌ ദൈവ കല്‍‌പനപ്രകാരം വീണ്ടും മാലാഖ മനുഷ്യ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഒരോരുത്തരോടും അവരവരുടെ മുന്‍‌കാല അവസ്ഥകള്‍ ഓര്‍‌മ്മിപ്പിക്കപ്പെട്ടുകൊണ്ട്‌ സഹായഭ്യര്‍‌ഥന നടത്തപ്പെട്ടപ്പോള്‍ അവരില്‍ രണ്ട്‌ പേരും ധിക്കാരപരമായ പ്രതികരണമായിരുന്നു നല്‍‌കിയത്‌.'അധ്വാനത്തിന്റെയും കഷ്‌ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും വീരവാദങ്ങളോടെ നന്ദികേടിന്റെ സ്വരമായിരുന്നു ഉയര്‍ന്നത്.ദൈവത്തിന്റെ പരീക്ഷണത്തില്‍ പരാജയപ്പെട്ടവര്‍ എല്ലാ അര്‍‌ഥത്തിലും പൂര്‍‌വ സ്ഥിതി പ്രാപിച്ചു.ഇഹവും പരവും നഷ്‌ടപ്പെട്ട ദൗര്‍‌ഭാഗ്യവാന്മാരായി.മൂന്നാമന്‍ മുന്‍കാല അവസ്ഥയെക്കുറിച്ച്‌ സ്‌മരിക്കുകയും ദൈവത്തിന്‌ നന്ദി പ്രകാശിപ്പിച്ച്‌ ആഗതന്റെ ആവശ്യം പരിഗണിക്കാന്‍ താല്‍‌പര്യം പ്രകടിപ്പിച്ച്‌ കൊണ്ട് ദൈവത്തിന്റെ പരീക്ഷണത്തില്‍ വിജയം കൈവരിച്ചു.ഇഹത്തിലും പരത്തിലും അനുഗ്രഹത്തിന്നുടമയായി.‌നന്ദിയുള്ള ദൈവ ദാസന്മാരാകാന്‍ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
(പെരിങ്ങാട്‌ പള്ളിയിലെ വെള്ളിയാഴ്‌ച പ്രഭാഷണത്തില്‍ നിന്ന്‌)