നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 30 September 2015

തൊഴില്‍ നിയമം പ്രഖ്യാപിച്ചു

അബൂദബി: അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് ഏകീകൃത തൊഴില്‍ കരാര്‍ നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗോബാശ് അറിയിച്ചു. തൊഴില്‍ നിയമത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനും തൊഴിലാളി- തൊഴിലുടമ ബന്ധം സുദൃഢമാക്കാനും മൂന്ന് പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി. തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ജോലി മാറാന്‍ സൗകര്യമൊരുക്കുന്നതാണ് പുതിയ കരാര്‍.
764, 765, 766 നമ്പര്‍ മന്ത്രിസഭാ ഉത്തരവ് പ്രകാരമാണ് പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വകുപ്പുകള്‍ തൊഴില്‍ കരാറില്‍ കൂടുതല്‍ സുതാര്യതയും വ്യക്തതയും കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. 764 നമ്പര്‍ ഉത്തരവനുസരിച്ച് രാജ്യത്തത്തെുന്നതിന് മുമ്പ് തന്നെ തൊഴിലാളിക്ക് തൊഴിലുടമ ഏകീകൃത കരാര്‍ പ്രകാരം ഓഫര്‍ ലെറ്റര്‍ നല്‍കിയിരിക്കണം. ഇത് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാവുകയും ഇതില്‍ തൊഴിലാളിയും തൊഴിലുടമയും ഒപ്പിടുകയും വേണം. ഓഫര്‍ ലെറ്ററിലെ നിബന്ധനകളില്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ മാറ്റം വരുത്താന്‍ പാടില്ല. തൊഴില്‍ കരാര്‍ പുതുക്കുന്നതും പുതിയ നിബന്ധനകള്‍ അനുസരിച്ചായിരിക്കണം. തൊഴില്‍ കരാറില്‍ പുതിയ നിബന്ധനകള്‍ കൂട്ടിച്ചേര്‍ക്കാന്‍ മന്ത്രാലയത്തിന്‍െറ അനുമതി നിര്‍ബന്ധമാണ്.
765 നമ്പര്‍ ഉത്തരവ് പ്രകാരം തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. രണ്ടുതരം തൊഴില്‍ കരാറുകളാണുണ്ടാവുക. നിശ്ചിത കാലത്തേക്കുള്ള കരാറും അനിശ്ചിതകാല കരാറും. രണ്ടുവര്‍ഷത്തേക്കുള്ള നിശ്ചിത കാല കരാര്‍, കാലാവധി കഴിയുമ്പോള്‍ അവസാനിക്കും. തൊഴിലാളിക്കും തൊഴിലുടമക്കും സമ്മതമാണെങ്കില്‍ കരാര്‍ നേരത്തെ അവസാനിപ്പിക്കാം. എന്നാല്‍ കുറഞ്ഞത് ഒരുമാസം മുമ്പ് ഇക്കാര്യം രേഖയാക്കണം. മൂന്ന് മാസം മുമ്പും എഴുതി രേഖയാക്കാം. തൊഴില്‍ നിയമത്തിലെ 120 ഖണ്ഡിക പ്രകാരം തൊഴിലാളി നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്താല്‍ പിരിച്ചുവിടാന്‍ അവകാശമുണ്ട്. അനിശ്ചിത കാല കരാര്‍ ഇരുകൂട്ടരുടെയും സമ്മതത്തോടെ അവസാനിപ്പിക്കാം. ഏറ്റവും കുറഞ്ഞത് ഒരുമാസം മുമ്പ് നോട്ടിസ് നല്‍കിയിരിക്കണം. ഏതെങ്കിലും ഒരുകക്ഷി ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും.
പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് 766 നമ്പര്‍ ഉത്തരവ്. പുതിയ തൊഴില്‍ ദാതാവ് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. മുന്‍ കരാര്‍ കാലാവധി അവസാനിച്ചാല്‍ പുതിയ തൊഴിലുടമക്ക് തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞത് ആറുമാസം ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ഇരുകൂട്ടരുടെയും സമ്മതത്തോടെ കരാര്‍ അവസാനിപ്പിക്കാനും പുതിയ പെര്‍മിറ്റിന് അപേക്ഷിക്കാനും സാധിക്കും. അല്ളെങ്കില്‍ മന്ത്രാലയം നിഷ്കര്‍ഷിച്ച യോഗ്യത തൊഴിലാളിക്ക് ഉണ്ടായിരിക്കണം. കാരണമില്ലാതെ പിരിച്ചുവിടപ്പെട്ട തൊഴിലാളി ജോലിയില്‍ ആറുമാസം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും പുതിയ പെര്‍മിറ്റ് അനുവദിക്കും. എന്നാല്‍ സര്‍വകലാശാല ഡിഗ്രി, പോസ്റ്റ് സെക്കന്‍ഡറി ഡിപ്ളോമ, ഹൈസ്കൂള്‍ ഡിപ്ളോമ എന്നിവ ഉള്ളവര്‍ക്ക് ആറുമാസ നിബന്ധന ബാധകമല്ല.
നിശ്ചിത കാല കരാറുകള്‍ അവസാനിപ്പിക്കാന്‍ മൂന്നുമുതല്‍ ഒരുമാസം മുമ്പ് വരെ നോട്ടിസ് നല്‍കണം. രണ്ടുതരം കരാറിലും 60 ദിവസത്തിലധികം വേതനം നല്‍കാതിരുന്നതിനാല്‍ തൊഴിലാളിക്ക് പുതിയ പെര്‍മിറ്റ് അനുവദിക്കും. രണ്ടോ അതിലധികമോ മാസം സ്ഥാപനം പ്രവര്‍ത്തിക്കാതിരിക്കുകയും തൊഴിലാളി വിവരം മന്ത്രാലയത്തെ അറിയിക്കുകയുമാണെങ്കില്‍ പുതിയ പെര്‍മിറ്റിന് അപേക്ഷിക്കാം. അന്യായമായി പിരിച്ചുവിടപ്പെടുകയും രണ്ടുമാസത്തെ ശമ്പള കുടിശ്ശിക ഉള്ളവരുമായ തൊഴിലാളികളുടെ കേസുകള്‍ തൊഴില്‍ മന്ത്രാലയം ലേബര്‍ കോര്‍ട്ടിന് കൈമാറുകയും തൊഴിലാളിക്ക് അനുകൂലമായി വിധി വരുകയും ചെയ്താല്‍ അവര്‍ക്കും പുതിയ പെര്‍മിറ്റ് അനുവദിക്കാന്‍ വകുപ്പുണ്ട്.
മാധ്യമം