ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Saturday, 3 October 2015

സാഹോദര്യവും സൗഹൃദവും പൂത്തുലഞ്ഞ സം‌ഗമം

ദോഹ:സ്‌നേഹോഷ്‌മളമായ സാഹോദര്യവും സൗഹൃദവും പൂത്തുലഞ്ഞ സം‌ഗമം അം‌ഗങ്ങള്‍‌ക്കിടയില്‍ പുതിയ ഉണര്‍‌വും ഉന്മേഷവും പകര്‍‌ന്നു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ദോഹയില്‍ സം‌ഘടിപ്പിച്ച പെരുന്നാള്‍ സം‌ഗമം പെരുത്ത്‌ സന്തോഷത്തോടെ നെഞ്ചിലേറ്റിയവര്‍ ഒരേസ്വരത്തില്‍ പ്രഖ്യാപിച്ചു.


ഖ്യുമാറ്റ്‌ സാരഥി ഷറഫു ഹമീദിന്റെ നേതൃത്വത്തില്‍ ഡിബേക്കി സ്‌കൂളില്‍ സം‌ഘടിപ്പിച്ച കലാ കായിക പരിപാടികളില്‍ കളിയും കാര്യവും കലയും കവിതയും വിനോദവും സം‌ഗീത സാന്ദ്രമാക്കിയ നിമിഷങ്ങളാല്‍ ധന്യമായിരുന്നു.ഒക്‌ടോബര്‍ 2 വെള്ളിയാഴ്‌ച കാലത്തു തന്നെ ഖ്യുമാറ്റ്‌ നിര്‍‌വാഹക സമിതി അം‌ഗങ്ങള്‍ വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ സിറ്റി പരിസരത്ത്‌ ഒത്തു കൂടുകയും യഥോചിതമായ നിര്‍‌ദേശങ്ങള്‍ നല്‍‌കുകയും ചെയ്‌തിരുന്നു.സം‌ഗമ വേദി ഒരുക്കുന്നതിലും ചിട്ടപ്പെടുത്തുന്നതിലും സലിം നാലകത്തും സം‌ഘവും ബദ്ധശ്രദ്ധരായിരുന്നു.

ഒരുമിച്ചിരിന്നു പ്രാതല്‍ കഴിച്ചു ഒരുമിച്ചു പള്ളിയില്‍ പോയി ഒരുമിച്ചിരിന്നു ഭക്ഷണം വിളമ്പി വീണ്ടും ഒരുമിച്ച് തന്നെ സന്തോഷ സന്താപങ്ങള്‍ പങ്കിട്ട വേദി അനുഗ്രഹീതമായിരുന്നു.

ഈയിടെ മണ്‍‌മറഞ്ഞ അനുഗ്രഹീത ഗായകന്‍ കെ.ജി സത്താര്‍ അനുസ്‌മരണവും ഒപ്പം മാപ്പിള കലയില്‍ പ്രസിദ്ധനായ കലയുടെ കുലപതി പരീദ് സാഹിബിന്റെ അരുമ ശീഷ്യരായ തിരുനെല്ലൂരിന്റെ മക്കള്‍ ഒരുക്കിയ കലാവിരുന്നും അരങ്ങ്‌ തകര്‍‌ത്തു.

പരസ്‌പരം ആദരിച്ചും അം‌ഗീകരിച്ചും അനുഭവിപ്പിച്ചും ആസ്വദിപ്പിച്ചും നടത്തപ്പെട്ട മത്സരങ്ങള്‍ ആവേശകരമായിരുന്നു.കലാ കായിക മത്സരങ്ങളിലും ജയപരാജയങ്ങളിലും എല്ലാവരും ജയിക്കുക്കയും അതല്ലെങ്കില്‍ എല്ലാവരും തോല്‍‌ക്കുകയും ചെയ്യുന്ന അന്തരീക്ഷം ഈ സൗഹൃദ സം‌ഗമത്തിലെ സവിശേഷതയായിരുന്നു.

അബു മുഹമ്മദ്‌മോന്‍,അസ്‌ലം ഖാദര്‍മോന്‍,ഹാരിസ്‌ അബ്ബാസ്‌,ഷൈദാജ്‌,തൗഫീഖ്‌ താജുദ്ധീന്‍,ജാബിര്‍ അഹമ്മദ്‌,റഷീദ്‌ കെ.ജി,ഫൈസല്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സൗഹൃദ സം‌ഗമത്തിന്റെ ഓരോ അടക്ക അനക്കങ്ങളിലും നിതാന്ത ജാഗ്രത പുലര്‍‌ത്തിയിരുന്നു.യൂസഫ്‌ ഹമീദ്‌,അബ്‌ദുല്‍‌ഖാദര്‍ പുതിയവീട്ടില്‍,ഹാജി ഹുസൈന്‍ കെ.വി തുടങ്ങിയ സീനിയര്‍ അം‌ഗങ്ങള്‍ വേദിയിലും സദസ്സിലും സജീവ സാന്നിധ്യമായിരുന്നു.

പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന സം‌ഗമം യൂസഫ്‌ ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു.അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ സുബൈര്‍ പാടൂര്‍,ഷൈദാജ്‌,അബ്‌ദുല്‍ നാസര്‍, സിദ്ധീഖ്‌ എന്നിവര്‍ ആശംസകള്‍ നേര്‍‌ന്നു സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ സ്വാഗതം ആശംസിച്ചു.സലീം നാലകത്ത്‌ നന്ദി പ്രകാശിപ്പിച്ചു.

എല്ലാം സമ‌ഗളം സമാപിക്കുന്നതുവരെ പ്രാര്‍‌ഥനാ നിര്‍‌ഭരമായ മനസ്സോടെ ജനറല്‍ സെക്രട്ടറി എം.ഐ ഷിഹാബിനു വിശ്രമമുണ്ടായിരുന്നില്ല.