നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 15 January 2016

ഖ്യുമാറ്റിനു പുതിയ നേതൃത്വം

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂന്‌ പുതിയ 24 അം‌ഗ പ്രവര്‍‌ത്തക സമിതി നിലവില്‍ വന്നിരിക്കുന്നു.ഷറഫു ഹമീദ്‌ വീണ്ടും പ്രസിഡണ്ട് സ്ഥാനത്തേയ്‌ക്ക്‌ ബഹു ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.ജനറല്‍ സെക്രട്ടറിയായി ഷിഹാബ്‌ എം.ഐ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നു.ട്രഷറര്‍ സ്ഥാനത്ത്‌ ഇസ്‌മാഈല്‍ ബാവ വീണ്ടും തുടരും.വൈസ്‌ പ്രസിഡണ്ടായി സലീം നാലകത്തും അസി.സെക്രട്ടറിയായി ശൈദാജ്‌ കുഞ്ഞു ബാവുവും തെരഞ്ഞെടുക്കപ്പെട്ടു

തെരഞ്ഞെടുക്കപ്പെട്ട പുതിയ സമിതിയെ അഭിനന്ദിച്ചു കൊണ്ടും ആശം‌സകള്‍ അറിയിച്ചു കൊണ്ടും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്‌.തിരുനെല്ലൂര്‍ മഹല്ലു സമിതിയ്ക്ക്‌വേണ്ടി പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പി ആശം‌സകള്‍ അറിയിച്ചു.

നന്മയുടെ മാര്‍‌ഗത്തില്‍ ഒരു സം‌ഘത്തോടൊപ്പം ചേര്‍‌ന്നു നിന്നു നേതൃത്വം കൊടുക്കുന്നതില്‍ ഒരു പരിധിവരെ വിജയിക്കാന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധിച്ചിരിക്കുന്നു. ഒരുമയുടെ കുറേ നല്ല സന്ദേശങ്ങള്‍ ഈ സമിതിയുടെ കൂട്ടുത്തര വാദത്തോടെയുള്ള പ്രവര്‍‌ത്തനങ്ങളില്‍ നിന്നും പഠിക്കാന്‍ സാധിച്ചു.ഷറഫു ഹമീദ്‌ പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഗ്രാന്റ്‌ ഖത്തര്‍ പാലസ്‌ ഹോട്ടലില്‍ സം‌ഘടിപ്പിച്ച വാര്‍‌ഷിക ജനറല്‍ ബോഡിയില്‍ അധ്യക്ഷ പ്രസം‌ഗം നടത്തുകയായിരുന്നു ഷറഫു. ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ യുടെ റിപ്പോര്‍‌ട്ട്‌ അരമണിക്കൂറിലധികം നീണ്ടു നിന്നു.ട്രഷറര്‍ ഇസ്‌മാഈല്‍ ബാവ സാമ്പത്തിക സമാഹരണ വിനിമയ കണക്കുകളും സദസ്സിനെ ബോധിപ്പിച്ചു.റിപ്പോര്‍‌ട്ടുകളിന്മേലുള്ള ചര്‍ച്ചകള്‍ക്കും അവലോകനങ്ങള്‍‌ക്കും ശേഷം അധ്യക്ഷന്‍ ഹൃസ്വ വിശദീകരണം നല്‍‌കി സദസ്സിന്റെ അം‌ഗീകാരത്തോടെ റിപ്പോര്‍‌ട്ട്‌ പാസ്സാക്കി.അസോസിയേഷന്‍ സീനിയര്‍ അം‌ഗങ്ങള്‍ അബു കാട്ടില്‍, ഹമീദ് ആര്‍.കെ എന്നിവര്‍ സദസ്സിനെ അഭിമുഖീകരിച്ചു സം‌സാരിച്ചു.അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം സ്വാഗതമാശം‌സിച്ച ആദ്യ സെഷന്‍ അസ്‌ലം ഖാദര്‍ മോന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.

രണ്ടാമത്തെ സെഷന്‍ 03.15 ന്‌ തെരഞ്ഞെടുപ്പ്‌ സമിതി അധ്യക്ഷന്‍ അസിസ്‌ മഞ്ഞിയിലിന്റെ വിശദീകരണത്തോടെ ആരം‌ഭിച്ചു.2016 കാലയളവിലേയ്‌ക്കുള്ള 24 അം‌ഗ സമിതിയെ ശബ്‌ദ വോട്ടോടെ തെരഞ്ഞെടുത്ത ശേഷം പ്രസിഡണ്ട്‌,ജനറല്‍ സെക്രട്ടറി,ട്രഷറര്‍,വൈസ്‌ പ്രസിഡണ്ട്‌,അസി.സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പിനു തുടക്കമായി.ഹാജറായ അം‌ഗങ്ങള്‍ ഓരോരുത്തരായി പേര്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഓരോ പദവിയേയും പ്രതിനിധാനം ചെയ്യുന്ന 5 വ്യത്യസ്‌ത നിറങ്ങളിലുള്ള കാര്‍‌ഡുകള്‍ അനുവദിച്ചു.അതില്‍ ഓരോ കാര്‍‌ഡിലും തങ്ങള്‍‌ അനുകൂലിക്കുന്നവരുടെ പേര്‍ എഴുതി ബാലറ്റു പെട്ടിയില്‍ നിക്ഷേപിക്കണം.ഇതായിരുന്നു വോട്ടെടുപ്പ്‌ രീതി.എല്ലാവരും തങ്ങളുടെ സമ്മദിദാനാവകാശം രേഖപ്പെടുത്തിയെന്നു ഉറപ്പാക്കിയ ശേഷം.5 നിറങ്ങളേയും അഥവ 5 പദവികളേയും തരം തിരിച്ചു എണ്ണല്‍ തുടങ്ങി.ഈ പ്രക്രിയകളില്‍ ശൈദാജ്‌ കുഞ്ഞു ബാവുവും ഹാരിസ്‌ അബ്ബാസും സഹായത്തിനുണ്ടായിരുന്നു.തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ മാത്രം പ്രഖ്യാപിക്കുന്ന രീതിയും ഓരോ പദവിയിലേയ്‌ക്കും വേറെ വേറെ തെരഞ്ഞെടുപ്പ്‌ നടക്കുന്നു എന്നതും ഈ തെരഞ്ഞെടുപ്പ്‌ സമ്പ്രദായത്തിലെ ശ്‌ളാഘനീയമായ വശമായിരിക്കാം.

വോട്ടെണ്ണല്‍ നടക്കുമ്പോള്‍ സദസ്സിനെ മുഷിപ്പിക്കാതിരിക്കാന്‍ തിരുനെല്ലൂരിന്റെ കലാകാരന്മാര്‍ ശബ്‌ദ മാധുര്യത്തോടെ തങ്ങളുടെ നാട്ടുകാര്‍ക്ക്‌വേണ്ടി ഹൃദ്യമായി ഗാനാലാപനം നടത്തി.ഖത്തര്‍ സമയം 04.30 ന്‌ തെരഞ്ഞെടുപ്പ്‌ സമിതി അധ്യക്ഷന്‍ വിജയികളെ പ്രഖ്യാപിച്ചു. 

തെരഞ്ഞെടുപ്പ്‌ പ്രക്രിയകളില്‍ ആദ്യാന്തം സഹകരിച്ച അം‌ഗങ്ങളെ തെരഞ്ഞെടുപ്പ്‌ സമിതി അം‌ഗങ്ങളായ അസീസ്‌ മഞ്ഞിയില്‍ ,സലീം നാലകത്ത്‌ ഉമര്‍ പൊന്നേങ്കടത്ത്‌ എന്നിവര്‍ അഭിനന്ദിച്ചു.