നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 23 April 2016

സംഗമം ധന്യമായി

ദോഹ:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സം‌ഗമം സൗഹൃദത്തിന്റെ പുതിയ അധ്യായം രചിച്ച്‌ ധന്യമായി.തിരുനെല്ലൂര്‍ക്കാരുടെ ഈ കൂട്ടായ്‌മയെ കോര്‍‌ത്തിണക്കുന്നതിലും പ്രവര്‍‌ത്തന നിരതമാക്കുന്നതിലും ഏറെ സഹായിക്കുന്ന സൗഹൃദയാത്ര ആവേശകരമായ അനുഭവമായിരുന്നു എന്ന്‌ അം‌ഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 22 വെള്ളിയാഴ്‌ച ഷഹാനിയ്യയിലെ മ്യൂസിയം പരിസരത്ത്‌ സം‌ഘടിപ്പിച്ച സംഗമത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍‌കൊണ്ട്‌ സമ്പന്നമായി.

ഏപ്രില്‍ 22 വെള്ളിയാഴ്‌ച കാലത്ത്‌  സിറ്റി പരിസരത്ത് ഒത്തു കൂടി സംഗമ വേദിയായ ഷഹാനിയ പാര്‍‌ക്കിലേയ്‌ക്ക്‌ പുറപ്പെട്ടു.രണ്ട്‌ സെഷനുകളിലായി പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു .അസോസിയേഷന്‍ വാര്‍‌ഷിക പ്രവര്‍‌ത്തക രൂപ രേഖ അം‌ഗങ്ങള്‍‌ക്കിടയില്‍ സവിസ്‌തരം വിശദീകരിക്കുകയും ചര്‍‌ച്ചയ്‌ക്ക്‌ വിധേയമാക്കുകയും ചെയ്‌തു.പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സം‌ഗമത്തില്‍ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ വിഷയം അവതരിപ്പിച്ചു.

ജുമ‌അ നമസ്‌കാരാനന്തരം അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടിലിന്റെ ഖുര്‍‌ആന്‍ പഠനത്തോടെ സംഗമം പ്രാരം‌ഭം കുറിച്ചു.ശേഷം കലാ കായിക സാംസ്‌കാരിക സം‌ഗമം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ സമ്പന്നമായി.

നാല്‌ പതിറ്റാണ്ട്‌ കാലം ഖത്തറില്‍ പ്രവാസ ജിവിതം നയിച്ച്‌ നാട്ടിലേയ്‌ക്ക്‌ തിരിക്കുന്ന മുന്‍ പ്രസിഡന്റ്‌ അബു കാട്ടിലിന്‌ സമുചിതമായ യാത്രയയപ്പ്‌ നല്‍‌കി. ഖത്തര്‍ മഹല്ലു അസോസിയേഷന്‍ എന്ന പുതിയ രൂപ ഭാവ സമിതിയുടെ പ്രഥമ അധ്യക്ഷന്‍,ദീര്‍‌ഘ കാലത്തെ പ്രസിഡന്റ്‌,ഖത്തറിലെ സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗത്ത്‌ സജീവ സാന്നിധ്യവുമായിരുന്നു അബു കാട്ടില്‍.തിരക്ക്‌ പിടിച്ച തന്റെ പ്രവാസ ജിവിതത്തില്‍ മഹല്ലിന്റെയും നാട്ടുകാരുടേയും വിഷയം വരുമ്പോള്‍ പ്രഥമ പരിഗണന തന്റെ ഗ്രാമത്തിനും ഗ്രാമവാസികള്‍‌ക്കും എന്ന പ്രതിജ്ഞാബന്ധമായ കാഴ്‌ചപ്പാട്‌ കാത്തു സൂക്ഷിച്ചു പോന്ന ആദരണീയനായ അബു കാട്ടിലിന്‌ സമുചിതമായ യാത്രയയപ്പ്‌ നല്‍‌കി. മണലാരണ്യത്തിലാണെങ്കിലും പ്രകൃതിരമണീയമായ പ്രദേശത്ത്‌ അവിസ്‌മരണീയമായ സാം‌സ്‌കരിക വിരുന്നാണിത്.അധ്യക്ഷന്‍ ഷറഫു ഹമീദ്‌ പറഞ്ഞു.ആശം‌സകള്‍ നേര്‍ന്നു കൊണ്ട്‌ ഹമീദ്‌ ആര്‍.കെ,ഇസ്‌മാഈല്‍ ബാവ,യൂസഫ്‌ ഹമിദ്‌,സലിം നാലകത്ത്‌,ആരിഫ്‌ ഖാസ്സിം,റഷീദ്‌ കെ.ജി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന്‌ വിജ്ഞാന സദസ്സ്‌,ക്വിസ്സ്‌ പ്രോഗ്രാം,കലാ കായിക മത്സരങ്ങള്‍ തുടങ്ങിയവയും അരങ്ങേറി.വൈവിധ്യമാര്‍‌ന്ന മത്സര ഇനങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്നു.ഹംദാന്‍,ഇസ്‌മാഈല്‍,റഷിദ്‌ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മാപ്പിള ഗാനങ്ങള്‍  സം‌ഗമത്തെ ഏറെ ഹൃദ്യമാക്കി.

സൗഹൃദ സം‌ഗമത്തെ അവിസ്‌മരണീയമാക്കാന്‍ ജാഗ്രതയോടെ സജീവ സാന്നിധ്യമായി .അബു മുഹമ്മദ്‌ മോന്‍,അസ്‌ലം ഖാദര്‍ മോന്‍,ജാസിര്‍ അസീസ്‌ ഇസ്‌മാഈല്‍ ,തൗഫീഖ്‌ താജുദ്ധീന്‍,നസീര്‍ എം.എം,ഷമീര്‍ കുഞ്ഞു,റഷീദ്‌,റഷാദ്‌ തുടങ്ങിയ യുവ നിര തന്നെയുണ്ടായിരുന്നതായി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍‌ത്തു.

വിജയികള്‍‌ക്കുള്ള ഉപഹാരങ്ങള്‍ ഹമീദ്‌ ആര്‍.കെ,താജുദ്ധീന്‍,യൂസഫ്‌ ഹമീദ്‌ എന്നിവര്‍ നിര്‍വഹിച്ചു.മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ ഉപഹാര സമര്‍‌പ്പണം ഔദ്യോഗിക ഭാരവാഹികളായ സലീം ഖാദര്‍ മോന്‍,ശൈതാജ്‌,ഷിഹാബ്‌ ആര്‍.കെ,റഷീദ്‌ കെ.ജി എന്നിവര്‍ സമര്‍‌പ്പിച്ചു.  

ആരിഫ്‌ ഖാസ്സിം,ഹൈഥം കാട്ടില്‍,ഇസ്‌മാഈല്‍ നാലകത്ത്‌ എന്നിവരെ പ്രവര്‍‌ത്തക സമിതിയില്‍ ഉള്‍പെടുത്താനുള്ള തിരുമാനം ജനറല്‍ബോഡി സ്വാഗതം ചെയ്‌തു.

ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ സ്വാഗതവും സെക്രട്ടറി അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം നന്ദിയും പ്രകാശിപ്പിച്ചു.