നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 25 June 2017

സങ്കടപ്പെരുമഴയിലെന്നപോലെ.

തിരുനെല്ലൂര്‍:ശക്തമായ മഴയുടെ ആരവങ്ങളിലാണ്‌ റമദാനിന്റെ അവസാന രാവുകള്‍.കേരളം അക്ഷരാര്‍ഥത്തിലുള്ള വര്‍‌ഷകാലത്തേയ്‌ക്ക്‌ പ്രവേശിച്ചിരിക്കുന്നു.ആഴ്‌ചകള്‍‌ക്ക്‌ മുമ്പ്‌ വരെ ദാഹജലത്തിനു നെട്ടോട്ടമോടിയവര്‍‌ക്ക്‌ മഴയുടെ പ്രയാസങ്ങളോട്‌ മുറുമുറുക്കാന്‍ കഴിയുന്നില്ല എന്നതത്രെ യാഥാര്‍ഥ്യം.

തിരുനെല്ലൂര്‍ ഗ്രാമം മുങ്ങി നിവര്‍ന്നു നില്‍‌ക്കുന്ന പോലെയുള്ള കാഴ്‌ചയാണ്‌ പ്രഭാതത്തില്‍ അനുഭവപ്പെട്ടത്.പ്രസിദ്ധമായ മസ്‌ജിദ്‌ റോഡ്‌ അടയാളങ്ങള്‍ പോലും ദൃശ്യമാകാത്ത വിധം വെള്ളത്തിന്നടിയിലാണ്‌.കഴിഞ്ഞ ദിവസം ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ സംഘടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമത്തില്‍ ഒരു പക്ഷെ ജനപങ്കാളിത്തം കുറഞ്ഞു പോകുമോ എന്നു പോലും കാലാവസ്ഥയുടെ മാറ്റം ചിന്തിപ്പിച്ചിരുന്നു.എന്നാല്‍ സകല കണക്കു കൂട്ടലുകള്‍‌ക്കും അപ്പുറം സംഗമം ഗംഭീരമായി.റമദാന്‍ മുപ്പതു തികച്ച്‌ ജൂണ്‍ 26 ന്‌ പെരുന്നാള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ പ്രയാസപ്പെടും വിധം തിരുനെല്ലൂര്‍ മുങ്ങിക്കിടക്കുകയാണ്‌.ഇഫ്‌ത്വാര്‍ സംഗമവും പെരുന്നാളും പ്രമാണിച്ച്‌ അലങ്കാര ദിപങ്ങള്‍ മിഴി തുറന്നപ്പോള്‍ കണ്ണീരണിഞ്ഞ പ്രതീതിയിലായിരുന്നു പ്രശോഭിച്ചിരുന്നത്.പരിശുദ്ധമായ റമദാന്‍ വിടപറയുമ്പോള്‍ പുണ്യഗേഹങ്ങളും മണ്ണും വിണ്ണും സങ്കടപ്പെരുമഴയിലെന്നപോലെ.
ദിതിരുനെല്ലൂര്‍