നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 22 July 2017

ദിക്‌ര്‍ മാഹാത്മ്യം

ഏകദേശം 30 വർഷങ്ങൾക്ക് ശേഷം പെരിങ്ങാട്ടെ പള്ളിയിലെ ( തിരുനെല്ലൂർ ജുമാ മസ്ജിദ്) ശ്രേഷ്ഠമായ ദിക്ർ ഹൽഖയിൽ ഇന്നലെ പങ്കെടുത്തു. വിളിച്ചാൽ വിളിപ്പുറത്തുണ്ടെന്ന് ഇതരമതസ്ഥർ പോലും നെഞ്ചോടു ചേർത്ത് പറയുന്ന പുണ്യമുള്ള ഒരു സദസ്സ് ഇന്നലെകളുടെ നിഷ്കളങ്കമായ ജീവിതത്തെയും മണ്മറഞ്ഞു പോയ നിസ്വരായ കുറേ പച്ച മനുഷ്യരുടെ മുഖങ്ങളും മനസ്സിന്റെ കണ്ണാടിയിൽ സുവ്യക്തമായി തെളിയിച്ചു.
 
പുതുക്കത്തിന് മുമ്പുള്ള പഴയ പള്ളിയുടെ ബാൽക്കണിയിൽ ഉറക്കം കടന്നാക്രമിക്കുന്ന കണ്ണുകളോടെ ഇരിക്കുന്നതും ഹാലിളകി സ്വയം മറന്നു ദിക്കർ ചൊല്ലുന്ന സെയ്‌തോമതിക്കയും, കുഞ്ഞാമുക്കമാരും മമ്മാലിക്കയും തുടങ്ങി നിരവധി ആളുകൾ ധവളാങ്കിത പ്രോജ്വല മജ്‌ലിസിൽ നിറഞ്ഞു നില്ക്കുന്നതും എത്ര വ്യക്തതയോടെയാണ് കാണാനാകുന്നത്. കോരിച്ചൊരിയുന്ന പെരുമഴയത്ത് ദിക്കറിന്റെ പാവനമായ ശബ്ദവും നെയ്‌ച്ചോറിനുള്ള വെളളം തിളയ്ക്കുന്ന അടുപ്പിൽ നിന്നുയരുന്ന പുകയും അന്തരീക്ഷത്തിൽ എഴുതി ചേർത്തത് ഒരു നാടിന്റെ , ഒരു സമുദായത്തിന്റെ , ഒരു സംസ്കാരത്തിന്റെ സ്നേഹവും സാഹോദര്യവും ആയിരുന്നു .
 
ഇന്നലെ കഴിഞ്ഞ ദിക്ർ ഹൽഖയും വേരറ്റു പോകാത്ത ഒരു മഹാ സംസ്കൃതിയെ പുണ്യം കൊണ്ട്‌ അടയാളപ്പെടുത്തുകയായിരുന്നു.മഴ നനഞ്ഞ പള്ളിക്കാടിൻ നെഞ്ചിലെ പച്ചില ചാർത്തുകളിൽ വൈദ്യുത വിളക്കുകളുടെ പ്രകാശം ഖബറാളികളുടെ പുഞ്ചിരിയായി തെളിഞ്ഞു നിന്നിരുന്നു.ഞങ്ങൾ തുടങ്ങി വെച്ച നന്മകൾ പുതു തലമുറയിലൂടെ തുടരുന്നുണ്ടെന്ന സംതൃപ്തിയുടെ പൊട്ടിച്ചിരികളായി അവ രൂപാന്തരപെടുന്നതും സൂക്ഷിച്ച്‌ നോക്കിയാൽ കാണാനാകും.അതുല്യമായ സേവനം കാഴ്ച വച്ച മഹല്ലു കമ്മിറ്റിയും അഹോരാത്രം അദ്ധ്വാനിച്ച യുവാക്കളും പ്രായമുള്ളവരും ഒക്കെ ഏറെ പ്രശംസയർഹിക്കുന്നു .അല്ലാഹു അർഹമായ പ്രതിഫലം നല്‍കട്ടെ. ആമീൻ.
കടപ്പാട് ...സൈനുദ്ധീൻ ഖുറൈഷി