നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 16 September 2018

കാര്‍‌മേഘങ്ങള്‍ പെയ്‌തൊഴിയട്ടെ

ദോഹ:മനുഷ്യരെ സങ്കീര്‍‌ണ്ണമായ പരീക്ഷണങ്ങള്‍‌ക്ക്‌ വിധേയമാക്കുക തന്നെ ചെയ്യും എന്ന പടച്ച തമ്പുരാന്റെ താക്കീതിലെ അക്ഷരാര്‍‌ഥ ഭാവം മുഖാ മുഖം കണ്ടതിന്റെ പേടിയില്‍ നിന്നും നാട്‌ ഇപ്പോഴും പൂര്‍‌ണ്ണമായും മുക്തമായിട്ടില്ല.ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിലേയ്‌ക്ക്‌ കൂടുതല്‍ അടുക്കാനും ഒരു പുനര്‍ വിചിന്തനത്തിന്‌ വിധേയമാകാനും വിശ്വാസികള്‍ സന്നദ്ധമാകണം.കണ്ടാലും കൊണ്ടാലും പാഠം ഉള്‍‌കൊള്ളാത്ത മനുഷ്യന്റെ ദുരവവസ്ഥ ഖേദകരമത്രെ.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതിയുടെ പ്രാരംഭം കുറിച്ചു കൊണ്ടുള്ള സന്ദേശത്തില്‍ സീനിയര്‍ അംഗം അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ ഉദ്‌ബോധിപ്പിച്ചു.

ആള്‍‌കുട്ട ബഹളത്തിനപ്പുറം ആദര്‍‌ശ പ്രതിബദ്ധതയുള്ള വ്യവസ്ഥാപിതത്വമുള്ള ഒരു സം‌ഘം സജീവമായി നില നില്‍‌ക്കുന്നു എന്നതിനെ അടിവരിയിടാനാകുന്നതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്‌.ഷറഫു ഹമീദ്‌ പറഞ്ഞു.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,സിറ്റി എക്‌ചേഞ്ച്‌ ചേംബറില്‍ വിളിച്ചു കൂട്ടിയ അടിയന്തിര പ്രവര്‍‌ത്തക സമിതിയില്‍ അധ്യക്ഷത വഹിച്ച്‌ സം‌സാരിക്കുകയായിരുന്നു പ്രസിഡന്റ്‌.അവധിയില്‍ നാട്ടിലുള്ള സമിതി അം‌ഗങ്ങളൊഴിച്ച് ബാക്കി എല്ലാ അം‌ഗങ്ങളും ഇത്തരം പ്രത്യേക സ്വഭാവമുള്ള യോഗത്തില്‍ ഹാജറാകാന്‍ കാണിച്ച ശുഷ്‌കാന്തി അഭിനന്ദനീയമാണെന്നും അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

കേവലം ഒരു പ്രവാസി സം‌ഘം എന്നതിനപ്പുറം തിരുനെല്ലൂരിന്റെ ഒരു പരിഛേദം പോലെ പ്രവര്‍‌ത്തിക്കുന്ന ഒരു സമിതിയാണ്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍.ഈ സം‌വിധാനത്തിനേല്‍ക്കുന്ന ചെറിയ പോറലുകള്‍ പോലും സമൂഹത്തെ ബാധിക്കും.നമ്മുടെ സീനിയറുകള്‍ ദീര്‍ഘ വീക്ഷണത്തോടെ കൈമാറിയ വ്യക്തവും കൃത്യവുമായ രൂപ രേഖയെ കയ്യൊഴിയുന്ന സാഹചര്യം ആത്മഹത്യാപരമാണെന്നും അധ്യക്ഷന്‍ ഓര്‍‌മ്മിപ്പിച്ചു.

പ്രളയത്തിന്റെ ആദ്യ നാളുകളില്‍ പ്രവാസികളും നാട്ടുകാരും ഒക്കെയുള്ള ഗ്രൂപ്പ്‌ ക്രിയേറ്റ് ചെയ്യപ്പെട്ടു.പ്രളയവുമായി ബന്ധപ്പെട്ട ഓരോ ചലനവും പ്രവര്‍‌ത്തനവും പങ്കു വയ്‌ക്കും വിധം ഗ്രൂപ്പ്‌ സജീവമായിരുന്നു.പ്രസ്‌തുത ഗ്രൂപ്പിലെ സജീവതയുടെ ആത്മാവുള്‍‌കൊണ്ട്‌  പ്രത്യേക ജി.സി.സി കൂട്ടായ്‌മ എന്ന ആശയം പ്രാബല്യത്തില്‍ വന്നു.എല്ലാ പ്രവാസി കൂട്ടായ്‌മകളില്‍ നിന്നും നിശ്ചിത അനുപാതത്തിലുള്ള പ്രാധിനിത്യം ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ടു.ദുബൈ കൂട്ടായ്‌മ വിട്ടു നിന്നപ്പോള്‍ ക്രിയാത്മകമായ മറ്റൊരു രീതിയില്‍ പ്രാധിനിത്യം ഉറപ്പ്‌ വരുത്തുകയും ചെയ്‌തു.വ്യവസ്ഥാപിതമായി കൂട്ടായ്‌മകള്‍ ഇല്ലാത്ത ഗള്‍‌ഫ്‌ രാജ്യങ്ങളില്‍ നിന്നും തദ്‌ വിഷയത്തില്‍ സജീവമായി നിലകൊണ്ടവരെ ഉള്‍പ്പെടുത്തിയായിരുന്നു ചര്‍‌ച്ചകള്‍ പുരോഗമിച്ചത്.

പ്രളയാനന്തര നിര്‍‌മ്മാണ ചര്‍‌ച്ചകളില്‍ പ്രഥമ പ്രാധാന്യം നല്‍‌കപ്പെട്ട അന്വേഷണങ്ങളും അഭിപ്രായങ്ങളും പുരോഗമിച്ചു കൊണ്ടിരിന്നു. ഇതിന്നിടയില്‍ ഭവന നിര്‍‌മ്മാണങ്ങളുടെ പട്ടികയില്‍ ജി.സി.സി യുടെ പരിഗണനയില്‍ ഉള്ള ഒരു വ്യക്തിയുടെ വീടിന്റെ നിര്‍‌മ്മാണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വിവിധ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.തികച്ചും ദൗര്‍‌ഭാഗ്യകരമായ ഈ പ്രഖ്യാപന വിശേഷമാണ്‌ അനാരോഗ്യകരമായ ചര്‍‌ച്ചകള്‍‌ക്കും തുടര്‍‌ന്ന്‌ ഷിഹാബ്‌ എം.ഐ യുടെ രാജിയിലേയ്‌ക്കും നയിച്ചത്.അധ്യക്ഷന്‍ സവിസ്‌തരം വിശദീകരിച്ചു.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ രാജി പ്രഖ്യാപനത്തെ തുടര്‍‌ന്ന്‌ നിര്‍‌വാഹക സമിതി ചേര്‍‌ന്നതും പ്രവര്‍‌ത്തക സമിതി ചേരാനുള്ള സാഹചര്യവും യോഗത്തില്‍ വിശദീകരിക്കപ്പെട്ടു.അസോസിയേഷന്റെ ചരിത്രത്തോളം നേതൃ പദവികള്‍ പലതും വഹിച്ച പ്രാവീണ്യം തെളിയിച്ച ഒരു വ്യക്തിയില്‍ നിന്നും തീര്‍‌ത്തും അനവസരത്തിലുണ്ടായ സം‌ഭവ വികാസങ്ങള്‍ ദൗര്‍‌ഭാഗ്യകരമായി എന്ന്‌ യോഗം വിലയിരുത്തി.

രാജിയിലേയ്‌ക്ക്‌ നയിച്ച സാഹചര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഷിഹാബ്‌ എം.ഐ യുടെ വിശദീകരണം സദസ്സില്‍ വായിച്ചു.പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രക്രിയയുമായി ജി.സി.സി കൂട്ടായ്‌മ രം‌ഗത്തുള്ളപ്പോള്‍ തിരുനെല്ലുരിലെ തന്നെ താനും കൂടെ അം‌ഗമായ മറ്റൊരു കൂട്ടായ്‌മ ചില നിര്‍‌മ്മാണ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ തുടക്കം കുറിച്ചു എന്ന കൃത്യം ഇത്രമാത്രം ഭീമാബദ്ധമായതായി കരുതുന്നില്ലെന്നായിരുന്നു വിശദികരണത്തിലെ ധ്വനി.ഇവ്വിഷയവുമായി ബന്ധപ്പെട്ട്‌ വ്യക്തിഹത്യവരെ സഹ പ്രവര്‍‌ത്തകരില്‍ നിന്നും നേരിടാനായതിലെ മാനസിക സം‌ഘര്‍‌ഷവും ഷിഹാബിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കപ്പെട്ടു.

വ്യക്തി ഹത്യയും അസഹിഷ്‌ണുതാ പരമായ പ്രയോഗങ്ങളും ഖേദകരമാണെന്നും അവിവേകപരമായ പ്രവണതയാണെന്നും വിലയിരുത്തപ്പെട്ടു.എന്നാല്‍ കൂട്ടായ ഒരുക്കങ്ങള്‍‌ക്കിടയില്‍ മറ്റൊരു പ്രവര്‍ത്തന ദൗത്യവുമായി നീങ്ങിയ ദൗര്‍‌ഭാഗ്യകരമായ പ്രവണത അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്ന സ്വരമായിരുന്നു ഓരോ അംഗത്തിന്റെയും പ്രതികരണത്തിലെ മര്‍‌മ്മം.നിര്‍‌മ്മാണാത്മകമായ പ്രവര്‍‌ത്തനങ്ങളില്‍ ഏര്‍‌പ്പെട്ടു എന്നതിനോട്‌ ആര്‍‌ക്കും വിയോജിപ്പില്ല.ഒരുമിച്ചുള്ള പ്രവാഹത്തില്‍ നിന്നും ക്രിത്രിമമായി വഴിപിരിയുന്ന പ്രവണത അനാര്യോഗകരമായ ഒരു സന്ദേശം സമൂഹത്തില്‍ നല്‍‌കുന്നുണ്ട്‌ എന്നാണ്‌ നിരീക്ഷിക്കപ്പെട്ടത്‌ എന്ന്‌ വിശദീകരിക്കപ്പെട്ടു.

സം‌ഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചപ്പോള്‍ പെട്ടെന്നുണ്ടായ പ്രതികരണം മാത്രമായിരുന്നു തന്നില്‍ നിന്നും സം‌ഭവിച്ചത്.ഉത്തരവാദപ്പെട്ടവര്‍ ഇടപെട്ടതോടെ തുടര്‍ പ്രതികരണങ്ങളില്‍ നിന്നും പിന്മാറിയെന്നും സെക്രട്ടറി ഷൈതാജ്‌ വിശദീകരിച്ചു.

മുന്‍ കഴിഞ്ഞ കാരണവന്മാര്‍ കാട്ടിത്തന്ന പാതയിലൂടെ നിസ്വാര്‍‌ഥമായി നീങ്ങിയാല്‍ ശുഭകരമായി കാര്യങ്ങള്‍ നീങ്ങും.പ്രളയ കാലത്തെ പ്രേമമെല്ലാം പ്രളയത്തിലൂടെ ഒലിച്ചുപോകരുതായിരുന്നു എന്ന പ്രയാസവും പങ്കുവെക്കപ്പെട്ടു.ഖ്യുമാറ്റുമായി ഒരു ബന്ധവുമില്ലാത്ത ഗ്രൂപ്പില്‍ നടന്ന ചര്‍‌ച്ചകളും തുടര്‍‌ന്നുണ്ടായ പ്രതികരണങ്ങളും ദൗര്‍‌ഭാഗ്യകരം എന്നതില്‍ തര്‍‌ക്കമില്ല.വ്യക്തിപരമായ കാരണങ്ങളെ സം‌ഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂട്ടിക്കലര്‍ത്തപ്പെട്ട സാഹചര്യം ദൗര്‍‌ഭാഗ്യകരമത്രെ.അനവസരത്തിലെ രാജിയും പിന്മാറലും അസോസിയേഷന്റെ പ്രതിഛായയെ സാരമായി ബാധിച്ചതായും വിലയിരുത്തപ്പെട്ടു.എഴുത്ത്‌ ശീലമാക്കിയവര്‍ സുക്ഷ്‌മത കാണിക്കാത്ത അവസ്ഥ ദൗര്‍‌ഭാഗ്യകരമാണെന്നും ഖ്യുമാറ്റുമായി ബന്ധമില്ലാത്ത സം‌വിധാനങ്ങളില്‍ വന്ന ചര്‍‌ച്ചയുടെ മറവില്‍ അസോസിയേഷനില്‍ നിന്നും രാജിവെയ്‌ക്കാനുള്ള തീരുമാനം ഔചിത്യ പൂര്‍‌വമായിരുന്നില്ലെന്നും അംഗങ്ങള്‍ വിശദീകരിച്ചു.ഖ്യുമാറ്റ്‌ നമ്മുടെ നാടിന്റെ അഭിമാനകരമായ ഒരു കൂട്ടായ്‌മയാണ്‌.അതിന്റെ നേതൃ പദവിയില്‍ നിന്നും വളരെ ലാഘവത്തോടെ പിന്മാറിയ സാഹചര്യം ദുഖകരമായിരുന്നു.വിവിധ കഴിവുകളാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ അവരവരുടെ കര്‍‌മ്മ മണ്ഡലത്തില്‍ ശോഭിച്ചു കൊണ്ടിരിക്കണം.തങ്ങള്‍ക്കനുവദിക്കപ്പെട്ട കര്‍‌മ്മ സരണികളില്‍ ഏതു സാഹചര്യത്തേയും നേരിടനാണ്‌ ശ്രമിക്കേണ്ടത്.പിന്മാറാനല്ല.സംഘടനകള്‍ ക്രിയാത്മകമായ പ്രവര്‍‌ത്തനങ്ങളില്‍ ദൈവ പ്രീതി മാത്രം കാം‌ക്ഷിച്ച്‌ മുന്നേറട്ടെ.അപരരോടുള്ള വീറും വാശിയും എന്ന്‌ പ്രത്യക്ഷത്തില്‍ തോന്നും വിധം പദ്ധതികളുടെ മുഖം തന്നെ മാറുന്നത് ആശാസ്യകരമല്ല.സം‌ഘടനകള്‍ എന്ന നിലക്കുള്ള പ്രചരണങ്ങളാണെങ്കില്‍ പോലും പരിതിയും പരിമിതിയും സൂക്ഷിക്കുന്നതിലും സൂക്ഷ്‌മത പുലര്‍‌ത്തേണ്ടതുണ്ട്‌.കൊട്ടി ഘോഷങ്ങളുടെ അന്തരീക്ഷം സൗഹൃദാന്തരീക്ഷം മലിനമാക്കും വിധം വളരുന്നതും അപകടരം തന്നെ.ഇവ്വിധമുള്ള രചനാത്മകമായ ചര്‍‌ച്ചകള്‍‌കൊണ്ട്‌ യോഗം ധന്യമായി.

വൈസ്‌ പ്രസിഡന്റ്‌ കെ.ജി റഷീദ്‌,ഫൈനാന്‍‌സ്‌ സെക്രട്ടറി സലീം നാലകത്ത്‌,സെക്രട്ടറി ഹാരിസ്‌ അബ്ബാസ്‌,സെക്രട്ടറി തൗഫീഖ്‌ താജുദ്ദീന്‍, ആരിഫ് ഖാസ്സിം,അബ്‌ദുല്‍ നാസര്‍ കരീം,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ യൂസഫ്‌ ഹമീദ്‌,ഷമീര്‍ പി.എം,ഫൈസല്‍ അബൂബക്കര്‍,ഷംസുദ്ദീന്‍ മഞ്ഞിയില്‍,അബ്‌ദുല്‍ ലത്വീഫ്‌, റഷാദ്‌ കെ.ജി,ഷഹീര്‍ അഹമ്മദ്‌,അനസ്‌ ഉമര്‍,ജാബിര്‍ ഉമര്‍,അബു മുഹമ്മദ്‌ മോന്‍  തുടങ്ങിയവരും പ്രത്യേക സാഹചര്യത്തിലെ അസ്വാഭാവിക പ്രവണതകളെ വിമര്‍‌ശന വിധേയമാക്കി.
ജി.സി.സി കൂട്ടായ്‌മയുടെ അനിവാര്യത അംഗങ്ങള്‍ ഒരേസ്വരത്തില്‍ അംഗീകരിച്ചു.ഈയിടെ ലഭിച്ച സഹായാഭ്യര്‍‌ഥനകളെ കഴിയും വിധം പരിഗണിക്കാനും തീരുമാനമായി.

ഓരോ അം‌ഗത്തിന്റെയും അഭിപ്രായ പ്രകടനങ്ങള്‍‌ക്കൊടുവില്‍ ഷിഹാബ്‌ എം.ഐ യുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നുള്ള രാജി അധ്യക്ഷന്‍ സ്വീകരിച്ചതായി പ്രഖ്യാപിച്ചു.എന്നാല്‍ പ്രവര്‍‌ത്തക സമിതി അംഗമായി തുടരണമെന്ന സമിതി അംഗങ്ങളുടെ അഭിപ്രായ സമന്വയവും അധ്യക്ഷന്‍ അം‌ഗീകരിക്കുകയും വിശദികരിക്കുകയും ചെയ്‌തു.

ജനറല്‍ ബോഡിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അസി.സെക്രട്ടറി ഷൈതാജിനെ ജനറല്‍ സെക്രട്ടറി പദത്തിലേയ്‌ക്ക്‌ നിര്‍‌ദേശിക്കപ്പെട്ടെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്ന്‌ ഹാരിസ്‌ അബ്ബാസിനെ പുതിയ ജനറല്‍ സെക്രട്ടറിയായി സമിതി ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നു.

ഖ്യുമാറ്റ്‌ ഉള്‍‌കൊള്ളുന്ന ജി.സി.സി കൂട്ടായ്‌മ ഏറ്റെടുത്ത നിര്‍‌മ്മാണ പ്രവര്‍‌ത്തനങ്ങളിലെ പ്രഥമ സംരം‌ഭം പ്രാരം‌ഭം കുറിച്ചു കഴിഞ്ഞു.ഈ സംരം‌ഭത്തില്‍ ഓരോ അംഗത്തിന്റെയും പ്രാധിനിത്യം ഉറപ്പ്‌ വരുത്തണം.ഇത്ര വിഹിതം എന്നതിലുപരി പങ്കാളിത്തം ഉറപ്പാക്കുക എന്നത് പരമ പ്രധാനമാണ്‌.നിര്‍ബന്ധമല്ലാതെയും ആരുടെയും പ്രേരണയില്ലാതെയും സ്വയം പ്രചോദിതരായി ഇത്തരം സല്‍ കര്‍‌മ്മങ്ങളില്‍ ഭാഗഭാക്കാകണം എന്നും ആഹ്വാനം ചെയ്യപ്പെട്ടു.

ഒരു സംഘത്തോടും സംഘടനയോടും അടുപ്പമോ അകല്‍ച്ചയോ നമ്മുടെ ശൈലിയല്ല.ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങളെ മാനിക്കാത്ത അവസ്ഥ സംഘടനയുടെ നില നില്‍‌പിനെ തന്നെ ബാധിക്കും.വിശിഷ്യാ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ നാടിന്റെ നന്മയും പ്രതീക്ഷയുമാണ്‌.ഒരു പ്രതിസന്ധി ഘട്ടം പോലും സര്‍‌ഗാത്മകമായി പരിണമിക്കണമെന്നതായിരുന്നു നമ്മുടെ തേട്ടം.ദൗര്‍‌ഭാഗ്യകരമായി രൂപം കൊണ്ട ഈ കാര്‍മേഘങ്ങള്‍ എല്ലാ അര്‍‌ഥത്തിലും പെയ്‌തൊഴിയും.പെയ്‌തൊഴിയണം അതിനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്‌.നാടിന്റെ പുരോഗമനപരമായ കാര്യങ്ങളില്‍ ഒറ്റക്കെട്ടായി പ്രവര്‍‌ത്തിക്കാനും പ്രാര്‍‌ഥിക്കാനുമുള്ള ആഹ്വാനത്തോടെ യോഗം സമാപിച്ചു.

സെക്രട്ടറി ഷൈതാജ്‌ സ്വാഗതവും സെക്രട്ടറി തൗഫിഖ്‌ താജുദ്ദീന്‍ നന്ദിയും പ്രകാശിപ്പിച്ചു.