ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Editor

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂര്‍ ,രായംമരയ്‌ക്കാര്‍ വീട്ടില്‍  മഞ്ഞിയില്‍ ഖാദര്‍ ,ഐഷ ദമ്പതികളുടെ പത്ത്‌ മക്കളില്‍ ആറാമത്തവനായി 1959 ലാണ്‌ ജനനം. 1966 മുതല്‍ 69 വരെ തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം .സെന്റ്‌ ആന്റണീസ്‌ പുവ്വത്തൂരില്‍ അപ്പര്‍ പ്രൈമറിയും,ഹൈസ്‌കൂള്‍ പഠനം 1974 - 76 കളില്‍  വന്മേനാട്‌ എം.എ. എസ്.എം കലാലയത്തിലുമാണ്‌ അഭ്യസിച്ചത്‌.

1973 ല്‍ ഏഴാം തരം വരെയുള്ള മദ്രസാ പഠനത്തിനു വിരാമമിട്ടു.പിന്നീട്‌ ഏകദേശം ഒരു വര്‍‌ഷം കുടും‌ബ പേരില്‍ അറിയപ്പെടുന്ന മഞ്ഞിയില്‍ പള്ളിയില്‍ പെരിഞ്ഞനം സുലൈമാന്‍ മുസ്‌ല്യാരുടെ ശിക്ഷണത്തില്‍ ദര്‍‌സില്‍ ചേര്‍‌ന്നു.ഇടക്ക്‌ വെച്ച്‌ പഠനം നിന്നു.വീണ്ടും 76/77 കളില്‍ വന്മേനാട്‌ അബൂബക്കര്‍ മുസ്‌ല്യാരുടെ ശിക്ഷണത്തില്‍ പഠനം പുരോഗമിച്ചു.ഏകദേശം രണ്ട്‌ വര്‍‌ഷത്തിലധികം.ഇത്രയുമാണ്‌ മത പഠന രം‌ഗത്തെ പഴയ കാല ചരിത്രം.

1977 ല്‍ തിരുനെല്ലൂരിലേയും സമീപ പ്രദേശത്തേയും കലാകാരന്മാര്‍ ഒരുക്കിയ ശാസ്‌ത്രീയ സംഗീത പ്രാധാന്യമുള്ള നാടകത്തിന്‌ ഗാനങ്ങളെഴുതാനുള്ള അവസരമാണ്‌ കലാ സാഹിത്യ രംഗത്തേയ്‌ക്കുള്ള കടന്നു വരവിന്റെ പ്രാരംഭം.വേലായുധന്‍ കൈരളി ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്‌. സംഗീത സംവിധാന മേഖലയില്‍ പ്രസിദ്ധനായ മോഹന്‍ സിത്താരയെപ്പോലെയുള്ള കലാകാരന്മരുടെ ആദ്യ സംഗീതക്കളരിയായിരുന്നു കൈരളി.ഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ ഒട്ടേറെ രചനകള്‍   പ്രസിദ്ധ ഗായകന്‍ കെ.ജി സത്താറിന്റെ ശബ്‌ദത്തില്‍ ആകശവാണി പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്.

ഹൈസ്‌കൂള്‍  വിദ്യാഭ്യാസത്തിന്‌ ശേഷം ബോംബയില്‍ ബിസിനസ്സ്‌ നടത്തിയിരുന്ന പിതാവിനൊപ്പം ചേര്‍ന്നു.ബോംബയില്‍ സായാഹ്ന കോളേജില്‍ നിന്ന്‌ ഇംഗ്‌ളീഷില്‍ പ്രാവീണ്യം നേടി.

1980 ഫിബ്രുവരി 15 നായിരുന്നു പ്രവാസത്തിന്റെ പ്രാരം‌ഭം.എന്നാല്‍ കമ്പനി രൂപീകരണവും മറ്റും നടന്നത്‌ രണ്ട്‌ വര്‍‌ഷങ്ങള്‍‌ക്ക് ശേഷമായിരുന്നു.അതുവരെയുള്ള കാലം ഉടമയുടെ റുവൈസിലുള്ള അതിഥി മന്ദിരത്തില്‍ കഴിയാനായിരുന്നു നിയോഗം.ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയില്‍ നിന്നും നൂറിലേറെ കിലോമീറ്റര്‍ ദൂരത്താണ്‌ റുവൈസ്‌ സ്ഥിതിചെയ്യുന്നത്.ഏകദേശം ബഹറൈനുമായി അഭിമുഖം നില്‍‌ക്കുന്ന പഴയ കാല ജനവാസ കേന്ദ്രങ്ങളിലൊന്നാണ്‌ റുവൈസ്.ഇവിടെ നിന്നും  മൂന്നു കിലോമീറ്റര്‍ കിഴക്കു ഭാഗത്ത്‌ കടലോരത്താണ്‌ പ്രസ്‌തുത അതിഥി മന്ദിരം.

1982 മാഫ്കോ എന്ന കമ്പനിയുടെ സെക്രട്ടറി തസ്ഥികയിലായിരുന്നു തുടക്കം.തുടര്‍‌ന്ന്‌ അറബികള്‍‌ക്കിടയില്‍ ഏറെ പ്രസിദ്ധമായ തമീമ ട്രേഡിങിലും പിന്നീട്‌ ഈ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലും പ്രവര്‍‌ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു.സജീവ ബ്ളോഗ് എഴുത്തുകാരനും കേരളത്തിലെ പ്രസിദ്ധമായ ഡി 4 മീഡിയയുടെ ഇസ്‌ലാം ഓണ്‍‌ലൈവ്‌ എന്ന ഇന്റര്‍നെറ്റ്‌ പോര്‍ട്ടലില്‍ കോളമിസ്റ്റുമാണ്‌.

മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍‌വഹിച്ചിട്ടുണ്ട്‌.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.

1980 കളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.1999 അവസാനത്തില്‍ മധ്യേഷ്യയില്‍ നിന്നുള്ള ആദ്യത്തെ ദ്വിഭാഷ വെബ്‌സൈറ്റ് (മലയാളം ഇംഗ്‌ളീഷ്‌)ലോഞ്ച് ചെയ്‌തുകൊണ്ടായിരുന്നു ഇന്റര്‍നെറ്റ്‌ ലോകത്തേക്കുള്ള പടികയറ്റം.തൂലിക,കവിത,രചന,സാമൂഹികം എന്നീ തലക്കെട്ടുകളില്‍ മഞ്ഞിയില്‍ എന്ന ബ്ളോഗ്‌ ഓണ്‍ലൈന്‍ ലോകത്ത്‌ പ്രസിദ്ധമാണ്‌.

2003 ല്‍ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതിവഴി ഉപരി പഠനം  പൂര്‍ത്തീകരിച്ചു വരുമ്പോഴായിരുന്നു ദീര്‍ഘകാല അവധിയില്‍ നാട്ടില്‍ കഴിയേണ്ട സാഹചര്യം ഉണ്ടായത്. തന്റെ കഴിവുകള്‍ കൊണ്ട്‌ സഹൃദയരെ അത്ഭുതപ്പെടുത്തിയ മൂത്ത പുത്രന്‍ അബ്‌സാര്‍ എന്ന പ്രതിഭയുടെ ആകസ്‌മിക വിയോഗം.

പ്രസംഗം എഴുത്ത് എന്നീ രംഗങ്ങളില്‍ അബ്‌സാര്‍ നടത്തിയ മികവ്` സമാനതകളില്ലാത്തവയായിരുന്നു. മഞ്ഞിയില്‍  കുടുംബത്തിനപ്പുറം സമൂഹത്തിനൊന്നടങ്കം ഇന്നും വേദനയൂറുന്ന ഓര്‍മ്മയാണ്‌ അബ്‌സാര്‍.ഈ ബാലപ്രതിഭയുടെ ഓര്‍മ്മകള്‍ രചനകള്‍ എന്നിവ പകര്‍ത്തിയ ബ്ളോഗ് ഏറെ വായനക്കാരുള്ള ഒന്നാണ്‌.

സ്വന്തം ഗ്രാമമായ തിരുനെല്ലൂരിനെ അടുത്തറിയാനുതകുന്ന സൈറ്റും പ്രാദേശിക കൂട്ടായ്‌മയായ ഉദയം പഠനവേദിയുടെ പേജും വെന്മേനാട്‌ പൂര്‍വ വിദ്യാര്‍ഥി അദ്ധ്യാപക കൂട്ടായ്‌മയുടെ ബ്ളോഗും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളാണ്‌.പ്രാദേശിക സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളില്‍ വിശിഷ്യാ ഓണ്‍ലൈന്‍ രംഗത്തെ സംഭാവനകള്‍ നിരവധിയത്രെ.കള്‍‌ച്ചറല്‍ ഫോറം തൃശൂരിനു വേണ്ടിയുള്ള ബ്ലോഗും ഒരുക്കിയിരിക്കുന്നു.

സുബൈറയാണ് ഭാര്യ.അന്‍സാര്‍, ഹിബ, ഹമദ്, അമീന,പതിമൂന്നാം വയസ്സില്‍ പൊലിഞ്ഞു പോയ ബാലപ്രതിഭ അബ്‌സ്വാര്‍ എന്നിവരാണ് മക്കള്‍.

Chief Editor
Abdul Azeez Manjiyil
azeezmanjiyil@gmail.com
www.facebook.com/azeezmanjiyil