ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

ഇഹപര സൗഭാഗ്യത്തിനു നിമിത്തമാകട്ടെ

الْحَمْـدُ للهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحات
അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്റെ അനുഗ്രഹം കൊണ്ടാണ് നന്മകളും സല്‍ക്കര്‍മ്മങ്ങളും പൂര്‍ത്തിയാകുന്നത്.
അല്ലാഹുവിലേക്ക് പരമാവധി അടുക്കണെമെന്നാണ് നാമൊക്കെ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: എന്റെ അടിമ എന്നെ കുറിച്ച് എന്തു കരുതുന്നുവോ അങ്ങനെയാണ് ഞാന്‍. അവനെന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ട്. അവന്‍ ഏകനായി എന്നെ ഓര്‍ക്കുമ്പോള്‍ ഞാനും അവനെ ഓര്‍ക്കുന്നു. ഒരു കൂട്ടത്തിനിടയില്‍ എന്നെ ഓര്‍ക്കുമ്പോള്‍ അവരേക്കാള്‍ ഉത്തമരായ ഒരു കൂട്ടത്തോടൊപ്പം ഞാന്‍ അവരെ ഓര്‍ക്കുന്നു. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുക്കുമ്പോള്‍, ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കുന്നു. അവന്‍ ഒരു മുഴം എന്നിലേക്കടുത്താല്‍ ഞാന്‍ അവനിലേക്ക് ഞാന്‍ ഒരടി അടുക്കുന്നു. അവന്‍ എന്നിലേക്ക് നടന്നടുത്താല്‍ ഞാന്‍ അവനിലേക്ക് ഓടിയടുക്കും. (ബുഖാരി 502)
അനുശാസിക്കപ്പെട്ട നിര്‍‌ബന്ധ കര്‍‌മ്മങ്ങള്‍ അനുഷ്‌ടിക്കുന്നതു വഴി അല്ലാഹുവിലേയ്‌ക്ക്‌ കൂടുതല്‍ അടുക്കാനുള്ള വഴികളും സാഹചര്യങ്ങളും തുറക്കപ്പെടും.സാമൂഹിക ക്ഷേമ സേവന സാന്ത്വന കര്‍മ്മരംഗങ്ങളില്‍ സജീവമാകാനുള്ള സൗഭാഗ്യങ്ങള്‍ തുറക്കപ്പെടും.അതു വഴി ഇഹ പര വിജയത്തിനുള്ള മഹത്തായ സൗഭാഗ്യത്തിന്‌ കാരണമാകുകയും ചെയ്യും.
കൂടുതല്‍ കൂടുതല്‍ സല്‍‌കര്‍മ്മങ്ങളനുഷ്‌ടിക്കാനുള്ള അനുഗ്രഹത്തിനു പാത്രീഭൂതരാകാന്‍ അല്ലാഹു കനിഞ്ഞരുളുമാറാകട്ടെ.എന്ന പ്രാര്‍ഥനയോടെ വിരമിക്കുന്നു.
മഹല്ലില്‍ പടുത്തുയര്‍‌ത്തപ്പെട്ട സൗധം നമ്മുടെ ഇഹപര നേട്ടങ്ങള്‍ക്ക്‌ കാരണമാകട്ടെ.നാളെ ഹബീബായ മുത്ത്‌ റസൂലിനോടൊപ്പം, സജ്ജനങ്ങളോടൊപ്പം,ശുഹദാക്കളോടൊപ്പം ശാശ്വതമായ ഗേഹത്തില്‍ സ്വര്‍ഗീയാരാമത്തില്‍ ഒത്തൊരുമിക്കാനുള്ള സൗഭാഗ്യം നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ.
 എന്നാശിച്ചു കൊണ്ട്‌.ആശംസിച്ചു കൊണ്ട്‌.പ്രാര്‍ഥിച്ചു കൊണ്ട്‌.
നൗഷാദ്‌ പി.ഐ
സെക്രട്ടറി
നൂറുല്‍ ഹിദായ മദ്രസ്സ
തിരുനെല്ലൂര്‍.