നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 14 September 2024

മദ്രസ്സാ ഉദ്‌ഘാടനത്തിന്‌ ആശം‌സകള്‍

ദോഹ :  തിരുനെല്ലൂര്‍ മഹല്ലിലെ കിഴക്കേക്കരയിലെ നൂറുല്‍ ഹിദായ മദ്രസ്സാ പുനരുദ്ധാരണാനന്തരമുള്ള ഉദ്‌ഘാടനത്തിന്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ആശം‌സകള്‍ നേര്‍‌ന്നു.....

ഈ ധന്യ നിമിഷങ്ങളില്‍ ഹരിതാഭമായ ഓര്‍‌മ്മകള്‍‌ക്ക്‌ എന്തൊരു സുഗന്ധം. കിഴെക്കെക്കര  മദ്രസയുടെ ഉത്ഭവം 70 കളിലായിരുന്നു .

ബഹുമാന്യനായ കണ്ടംപറമ്പിൽ അഹമ്മദ് സാഹിബ്  സൗജന്യമായി നൽകിയ സ്ഥലത്താണ് മദ്രസ നിർമാണം തുടങ്ങിയത്. അന്നത്തെ മഹല്ല്‌  പ്രസിഡന്റ് കിഴക്കേ പുരയിൽ പരീത്‌ സാഹിബ്‌,ജനറൽ സെക്രട്ടറി തയ്യപ്പിൽ സെയ്‌‌തു,ഖജാഞ്ചി പന്തപ്പിലാക്കൽ മുഹമ്മദ് ഇവരോടപ്പം പ്രവര്‍‌ത്തക സമിതിയിലെ ജോയിന്റ് സെക്രട്ടറിമാരായി തട്ടു പറമ്പില്‍ ഹനീഫ , പാലപ്പറമ്പിൽ  ഹംസ, കാട്ടേ പറമ്പില്‍ മുസ്‌‌തഫ , വൈസ് പ്രസിഡന്റായി കൂടത്ത് മുഹമ്മുണ്ണി ഹാജിയും ഉണ്ടായിരുന്നു. 

നാലര പതിറ്റാണ്ടുകള്‍‌ക്ക് ശേഷം കിഴക്കേകരയിലെ മദ്രസ പുനരുദ്ധരിച്ചതിന്റെ ശേഷമുള്ള ഉദ്‌ഘാടനത്തിന്‌ ആശം‌സകള്‍ നേരുന്നു.ഈ സം‌രം‌ഭത്തിന്‌ ഇടപെടുകയും  നേതൃത്വം നല്‍‌കുകയും യഥാവിധി പൂര്‍‌ത്തീകരിക്കുകയും ചെയ്‌ത മഹല്ല് നേതൃത്വത്തിനും പ്രവര്‍‌ത്തകര്‍‌ക്കും കൂടെ നിന്നവര്‍‌ക്കും സഹകരിച്ചവര്‍‌ക്കും വേണ്ടി പ്രാര്‍‌ഥിക്കുന്നു.

നാടിന്റെ മത സാമൂഹിക സാം‌സ്‌ക്കാരിക രം‌ഗങ്ങളില്‍ സേവന നിരതരായി വിടപറഞ്ഞവര്‍‌ക്കും ഇന്നും സജീവമായി നിലകൊള്ളുന്നവര്‍‌ക്കും ആയുരാരോഗ്യങ്ങള്‍ നേരുന്നു.

നമ്മുടെ കര്‍‌മ്മങ്ങള്‍ ഓരോന്നും സ്വീകര്യമായി ഈ ലോകത്ത് പ്രതിഫലനം സൃഷ്‌ടിക്കുന്നതും പരലോകത്ത് പ്രതിഫലാര്‍‌ഹവുമാകട്ടെ. എന്ന മനസ്സ് തൊട്ട പ്രാര്‍‌ഥനയോടെ...

ഈ സന്തോഷത്തില്‍ പങ്കുചേര്‍‌ന്നു കൊണ്ട് ....
ഹൃദയ പൂര്‍‌വം

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍

14.09.2024
--------------------

Tuesday 7 May 2024

മഞ്ഞു തുള്ളികള്‍

അസീസ് മഞ്ഞിയിലിന്റെ കവിതാ സമാഹാരം മഞ്ഞു തുള്ളികള്‍ കവി സച്ചിതാനന്ദന്‍ പ്രകാശനം ചെയ്യും.2024 മെയ് 20 വൈകുന്നേരം 5 മണിക്ക് തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ഡോ. സലീൽ ഹസൻ, പി.ടി. കുഞ്ഞാലി.സിദ്ദീഖ് വചനം,സക്കീര്‍ ഹുസൈൻ (തനിമ),സുലൈമാന്‍ അസ്‌ഹരി (തനിമ ചാവക്കാട്), അഡ്വ.ഖാലിദ് അറക്കല്‍, എ.വി.എം ഉണ്ണി, റഹ്‌മാന്‍ തിരുനെല്ലൂര്‍, സൈനുദ്ദീന്‍ ഖുറൈഷി, ഇർഫാന കല്ലയിൽ തുടങ്ങിയവര്‍ പങ്കെടുക്കും.വചനം പബ്ളിഷിംഗ് ഹൗസാണ് പ്രസാധകർ.

മഞ്ഞിയിലിൻ്റെ കാവ്യലോകം കൂടുതൽ ആസ്വാദ്യകരമാകുന്നത് അത് അനുഭവ തീക്ഷണതയിൽ ആവിഷ്കാരമായത് കൊണ്ടാണ്.കവിയുടെ സഹജമായ ജീവിത പരിസരവും സാമൂഹിക അന്തരീക്ഷവും തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോൾ അത് അരാഷ്ട്രീയമാവുക അസാധ്യം തന്നെയാവും.വായനയേയും എഴുത്തിനേയും അഗാധമായി പ്രണയിച്ച് അതിൽ അടവെച്ച് വിരിയിച്ച ഈ കവിതകൾക്കൊക്കെയും അത് കൊണ്ട് തന്നെ ഒരു പ്രത്യേക ചാരുതയുണ്ട്. പ്രസാദകര്‍ അഭിപ്രായപ്പെട്ടു.ഈ കൃതിയിലെ അറുപതോളം വരുന്ന കവിതകളും അത്യന്തം വായനക്ഷമമാണ്.

വചനം പബ്ളിഷിംഗ് ഡയറക്‌ടരക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ മുഖവചനത്തില്‍ കുറിച്ചു.

കവിതകള്‍‌ക്ക്  രേഖാചിത്രം വരച്ച് ആശയത്തെ കൂടുതൽ വെടിപ്പാക്കിയത് ചിത്രകാരൻ നൗഷാദ് വെള്ളലശ്ശേരിയാണ്‌.പ്രൗഢമായ അവതാരികയെഴുതി സമാഹാരത്തെ സമ്പന്നമാക്കിയത് നിരൂപകൻ പി.ടി. കുഞ്ഞാലി മാഷും,ലേ ഔട്ട് നിർവഹിച്ചത് എം. ഇല്യാസുമാണ്‌.

Monday 8 April 2024

ഖ്യുമാറ്റ് ഇഫ്‌താര്‍ സം‌ഗമം

തിരുനെല്ലൂര്‍:-കെട്ടുറപ്പുള്ള സം‌ഘാടന മികവില്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ഇഫ്‌ത്വാര്‍ വിരുന്ന് ധന്യമായി.ഷറഫു ഹമീദ്, കെ.ജി റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഖ്യുമാറ്റ് ഏറെ ശ്ലാഘനീയമായ പ്രവര്‍‌ത്തനങ്ങള്‍ കൊണ്ട് പ്രവര്‍‌ത്തനക്ഷമാണെന്ന് സദസ്സില്‍ ഓര്‍‌മ്മിപ്പിക്കപ്പെട്ടു.മഹല്ല്‌ പ്രസിഡണ്ട് ജനാബ് ഉമര്‍ കാട്ടില്‍,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതിനിധി ഷാഹിദ് ഹുസൈന്‍,മഹല്ല് ഖതീബ് അബ്‌‌ദുല്ല അഷ്‌റഫി തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.

തിരുനെല്ലൂര്‍ മഹല്ലിലെ വിവിധ സം‌ഘങ്ങളും സം‌ഘടനാ പ്രതിനിധികളും അം‌ഗങ്ങളും പങ്കെടുത്ത സം‌ഗമം ഹൃദ്യമായ അനുഭവമായി അടയാളപ്പെടുത്തപ്പെട്ടു.യുവാക്കളുടെ നിറ സാന്നിധ്യം ഇഫ്‌‌ത്വാര്‍ സം‌ഗമത്തെ കൂടുതല്‍ മികവുള്ളതാക്കി.സ്വാദിഷ്‌ടമായ വിഭവങ്ങളുടെ രുചി പോലെ എല്ലാ അര്‍‌ഥത്തിലും കെട്ടിലും മട്ടിലും മികച്ചു നിന്ന സൗഹൃദ സദസ്സായിരുന്നു ഇഫ്‌ത്വാര്‍ സം‌ഗമം എന്നു വിലയിരുത്തപ്പെട്ടു.

------------
കേരള സമൂഹത്തില്‍ ഗള്‍‌ഫ് പ്രവാസം ത്വരിതഗതിയില്‍ പുരോഗമിച്ചു കൊണ്ടിരുന്ന 60 കളില്‍ തന്നെ ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ ഒരു സം‌ഘവും സം‌ഘടനയുമായി പ്രവര്‍‌ത്തിച്ചു പോന്നിരുന്നു.ഇടക്കാലത്ത് വെച്ച് നിശ്ചലാവസ്ഥയിലായിരുന്ന പ്രസ്‌തുത സം‌ഘം 2006 ലാണ്‌ പുനഃസം‌ഘടിപ്പിക്കപ്പെട്ടത്.

അറുപതുകളുടെ അവസാനത്തില്‍ നിസ്വാര്‍‌ഥരായ നാട്ടുകാര്‍ നട്ടു തലോടി വളര്‍‌ത്തിയ സം‌ഘം ഘട്ടം ഘട്ടമായി പുരോഗമിച്ചു.എഴുപതുകളിലും എമ്പതു കളിലും ക്രിയാത്മകമായ ഒട്ടേറെ പ്രവര്‍‌ത്തനങ്ങള്‍‌ക്ക് നേതൃത്വം നല്‍കപ്പെട്ടിരുന്നു.തുടര്‍‌ന്നും സാമൂഹ്യ സേവന രം‌ഗത്തെ സജീവമാക്കിയ ആദരണിയരായവര്‍ നേതൃ പദം അലങ്കരിച്ചിട്ടുണ്ട്‌.2006 മുതല്‍ പുതിയ കെട്ടിലും മട്ടിലും ഈ കൂട്ടായ്‌മ വളരാന്‍ തുടങ്ങി.2015 - 2016 പ്രവര്‍‌ത്തക വര്‍‌ഷം മുതല്‍ ഏറെക്കുറെ പുതിയ തലമുറയിലേക്ക് സാരഥ്യം കൈമാറ്റം ചെയ്യപ്പെട്ടു.

മഹാമാരിയുടെ നിശ്ചലാവസ്ഥയില്‍ പോലും ഖ്യുമാറ്റ് പരിമിതികള്‍‌ക്കുള്ളില്‍ നിന്നും സജീവമായിരുന്നു.നാട്ടിലെ സാന്ത്വന സന്നദ്ധ സേവന ആതുര സേവന രം‌ഗത്ത് ഖ്യുമാറ്റ് ശ്ലാഘനീയമായ പ്രവര്‍‌ത്തനങ്ങള്‍ കൊണ്ട് ധന്യമാക്കി.തെരഞ്ഞെടുക്കപ്പെട്ട കുടും‌ബം‌ഗങ്ങള്‍‌ക്കുള്ള മാസാന്ത സഹായം,രോഗികള്‍‌ക്കുള്ള അടിയന്തിര സഹായം,വിവാഹം മറ്റു പ്രാരാബ്‌ദങ്ങള്‍ തുടങ്ങിയവക്കുള്ള സഹായം,പ്രവാസി അം‌ഗങ്ങള്‍‌ക്ക് വേണ്ടിയുള്ള പ്രത്യേക സഹായം  തുടങ്ങി എല്ലാ രം‌ഗങ്ങളിലും അസോസിയേഷന്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ചതുര്‍‌വര്‍‌ഷത്തില്‍ മാത്രം ഭീമമായ തുക വിവിധ സഹായങ്ങള്‍‌ക്കായി അനുവദിക്കാന്‍ സാധിച്ചതിലുള്ള ചാരിതാര്‍‌ഥ്യത്തിലാണ്‌ ഈ സം‌ഘംവും നേതൃത്വവും.
------------
തിരഞ്ഞെടുക്കപ്പെട്ട കുടും‌ബങ്ങള്‍‌ക്ക്‌ റമദാന്‍ അവസാനത്തില്‍ പ്രത്യേകമായി വിതരണം ചെയ്യാറുള്ള പെരുന്നാള്‍ വിഭവങ്ങളും മാം‌സവും അടങ്ങിയ കിറ്റ് വിതരണത്തിന്റെ ഉദ്‌‌ഘാടനം കാലത്ത് നടന്നു.തിരുനെല്ലൂര്‍ മഹല്ല് അങ്കണത്തില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ മഹല്ല്‌ ഖത്വീബ് അബ്‌ദുല്ല അഷ്‌റഫി,മഹല്ല്‌ പ്രസിഡണ്ട് ഉമര്‍ കാട്ടില്‍,ഖ്യുമാറ്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.മഹല്ലിലെ രണ്ട് കരകളിലെയും,മുള്ളന്തറ,മുല്ലശ്ശേരി കുന്നത്ത് എന്നിവിടങ്ങളിലേയും തിരഞ്ഞെടുക്കപ്പെട്ട  കുടും‌ബങ്ങളാണ്‌ ഇതിന്റെ ഗുണഭോക്താക്കള്‍.

Thursday 21 March 2024

സൗഹൃദയാത്രയുടെ അവലോകനം

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.ദീര്‍‌ഘ കാലത്തെ ഇടവേളക്ക് ശേഷം സം‌ഘടിപ്പിച്ച സൗഹൃദ യാത്രയുടെ വിലയിരുത്തലും കണക്കുകള്‍ അവതരിപ്പിക്കുകയും എന്നതായിരുന്നു പ്രഥമ അജണ്ട.
 
പ്രവാസികളായി കഴിയുന്ന നാട്ടുകാരില്‍ കൂടുതല്‍ ഇഴയടുപ്പം സൃഷ്‌ടിക്കാനും അം‌ഗങ്ങളെ കൂടുതല്‍ ഊര്‍‌ജ്ജസ്വലരാക്കാനും സം‌ഗമം പ്രയോജനപ്പെട്ടതായി വിലയിരുത്തപ്പെട്ടു.കൃത്യവും വ്യക്തവുമായ അജണ്ടയോടെ ഏല്‍‌പിക്കപ്പെട്ട പ്രവര്‍‌ത്തികളില്‍ പുതിയ തലമുറയിലെ മിടുക്കന്മാരുടെ കഴിവും മികവും പ്രശം‌സനീയമായിരുന്നു എന്നും സദസ്സ് അഭിപ്രായപ്പെട്ടു.

ഇടവേളകളില്ലാത്ത വിധം സാമൂഹ്യ സേവന മനസ്സോടെയുള്ള ഖ്യുമാറ്റിന്റെ പ്രവര്‍‌ത്തന നൈരന്തര്യം ശാന്ത ഗം‌ഭീരമായി മുന്നോട്ടു പോകുന്നതില്‍ സമിതി അം‌ഗങ്ങളുടെ പ്രതിജ്ഞാബദ്ധത ശ്ലാഘിക്കപ്പെട്ടു.

സന്ദര്‍‌ശനാര്‍‌ഥം ദോഹയിലെത്തിയ ഖ്യുമാറ്റ് മുന്‍ എക്‌സിക്യൂട്ടീവ് താജുദ്ദീന്‍ എന്‍.വി വിശിഷ്‌ടാതിഥിയായി യോഗത്തില്‍ പങ്കെടുത്തു.അദ്ദേഹത്തിന്റെ ബഹുമാനാര്‍‌ഥം സാന്ത്വനം ചെയര്‍‌മാന്‍ യൂസുഫ് ഹമീദ് ഉപഹാരം കൈമാറി.

റമദാനില്‍ എല്ലാവര്‍‌ഷവും വിശാല മഹല്ലില്‍ നടത്തിവരുന്ന മാം‌സമടങ്ങിയ കിറ്റു വിതരണം,ഇഫ്‌താര്‍ സം‌ഗമം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് വിശദീകരിച്ചു.വിതരണവുമായി ബന്ധപ്പെട്ട ലിസ്റ്റുകള്‍ പുനഃക്രമീകരിക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു.ഏപ്രില്‍ 9 ചൊവ്വാഴ്‌ച സം‌ഘടിപ്പിക്കുന്ന സം‌ഗമത്തില്‍ ഖ്യുമാറ്റിന്റെ ബഹുമുഖ പ്രവര്‍‌ത്തനങ്ങളുടെ സം‌ക്ഷിപ്‌ത ചിത്രം അവതരിപ്പിക്കാന്‍ മീഡിയ സെക്രട്ടറിയെ ഉത്തരവാദപ്പെടുത്തി.

സെക്രട്ടറിമാരായ അനസ് ഉമര്‍,ഫൈസല്‍ കാരീം,ഷബീര്‍ ആര്‍.എ എന്നിവര്‍‌ക്കൊപ്പം അനീസ് അബ്ബാസിനെയും സെക്രട്ടറിയായി പ്രമോട്ട് ചെയ്‌തതായി സദസ്സിന്റെ അനുവാദത്തോടെ അധ്യക്ഷന്‍ അറിയിച്ചു.

ഖത്തറില്‍ ഇഫ്‌താര്‍ സം‌ഗമം സം‌ഘടിപ്പിക്കുന്നതിന്റെ ഭാഗമായി വൈസ് പ്രസിഡണ്ട് ഷൈദാജ് മൂക്കലെയുടെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ചു.റഈസ് സഗീര്‍,അനസ് ഉമര്‍,അനീസ് അബ്ബാസ്,ജാസിം ഹനീഫ എന്നിവര്‍ പ്രത്യേക സമിതിയിലെ അം‌ഗങ്ങളായിരിയ്‌ക്കും.
 
പ്രവാസ ഭൂമികയില്‍ വാര്‍ത്തെടുക്കപ്പെടുന്ന പുതിയ തലമുറ നാളത്തെ വാഗ്ദാനങ്ങളാണ്‌.ഈ സങ്കല്‍‌പത്തെ അക്ഷരാര്‍‌ഥത്തില്‍ സഫലമാക്കുക എന്നത് ഖ്യുമാറ്റ് സ്വീകരിച്ചിരിക്കുന്ന നയനിലപാടിന്റെ പ്രസക്തമായ ഭാഗമാണെന്ന ഓര്‍‌മ്മപ്പെടുത്തലോടെ യോഗം സമാപിച്ചു.


പ്രസിഡണ്ടിന്റെ വസതിയില്‍ ചേര്‍‌ന്ന യോഗത്തില്‍ സ്വാദിഷ്‌ടമായ സുഹൂറും ഒരുക്കിയിരുന്നു.
===============







Saturday 2 March 2024

സൗരഭ്യം പരത്തിയ സൗഹൃദ യാത്ര

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച സൗഹൃദ സം‌ഗമം നിസ്വാര്‍‌ഥ സേവന സഹൃദയ സഞ്ചാരം കൊണ്ട് സര്‍‌ഗാത്മകത കൈവരിച്ചതിന്റെ ഹാവ ഭാവങ്ങളില്‍ പൂത്തുലഞ്ഞ  പൊന്‍ വസന്തം തീര്‍‌ത്തുവെന്നു പ്രിയപ്പെട്ടവര്‍ രേഖപ്പെടുത്തി.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രവര്‍‌ത്തക സമിതി അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വിട്ടിലെന്റെ ആസ്വാദന കുറിപ്പ്.

സൗരഭ്യം പരത്തിയ സൗഹൃദ യാത്ര

🔸🔸🔸🔸🔸🔸🔸🔸

ഇന്നലെ ഞാനും പോയി ശഹാനിയ ഗ്രാമാന്തരീക്ഷത്തിലെ “പാടത്തെ പീടിക”യിൽ. ഒരു ചായ കുടിക്കാം, പരിചയമുള്ളവരുമായി അൽപ്പം സല്ലപിക്കാം എന്നുമാണ് കരുതിയത്. പക്ഷേ, അവിടെയെത്തിയപ്പോൾ, അവിടത്തെ വിശേഷങ്ങളും,കളിവിനോദങ്ങളും, ഗൗരവതലത്തിലുള്ള ചർച്ചകളും, ഭാവി പ്രർത്തനത്തിലേക്കുള്ള പ്ലാനിങ്ങുകളും, ആദരിക്കൽ ചടങ്ങുകളും, പുസ്തക പ്രകാശനവും, സമ്മാനദാനങ്ങളും, സ്പെഷ്യൽ ഗിഫ്റ്റ് ഓഫറുകളും, ഇതുവരെ പാടിയിട്ടില്ലാത്തവർ പോലും മൈക്ക് കിട്ടിയപ്പോൾ സ്വയംമറന്ന് പാടിപ്പോയതും, യുവാക്കളുടെ അതിപ്രസരവും, സർവ്വോപരി തട്ടുകടയിലെ രസച്ചരട് പൊട്ടിപ്പോകുന്ന ഭക്ഷണക്കൂമ്പാരവും എല്ലാം കൂടിയായപ്പോൾ മണിക്കൂറുകൾ കഴിഞ്ഞു പാതിരാത്രി വരെ നീണ്ടു പോയതറിഞ്ഞില്ല. ജുമുഅ നമസ്കാരം കഴിഞ്ഞു 12.30 ന് പുറപ്പെട്ട് രാവേറെ കഴിഞ്ഞു 12 മണിയോടടുത്തിരുന്നു തിരിച്ചു വീട്ടിലെത്താൻ.

നാട്ടിൽ നിന്നും അതിഥിയായെത്തിയ അസോസിയേഷന്‍ മുൻ സാരഥി കാട്ടിൽ അബുക്കയുടെ സാന്നിദ്ധ്യം വളരെ ആവേശമുയർത്തി. ഖുർആൻ ദർസോടെ ആരംഭിച്ച "സൗഹൃദ യാത്ര" പരിപാടി സെക്രട്ടറി കെജി റഷീദിന്റെ ആമുഖവും പ്രസിഡണ്ട് ഷറഫു ഹമീദിന്റെ ആശയ ഗാംഭീര്യത്തോടെയുള്ള പ്രസംഗത്തിനും ശേഷം അബുക്കയുടെ ഉള്ളുണർത്തുന്ന ഉപദേശ നിർദ്ദേശങ്ങൾ യുവാക്കളുടെ വൻസാന്നിദ്ധ്യമുള്ള സദസ്സ് സാകൂതം ശ്രദ്ധിച്ചിരുന്നു. തിരുനെല്ലൂരിൻറെ അനുഗൃഹീത കഥാകാരൻ റഹ്‌മാൻ തിരുനെല്ലൂരിൻറെ ഏറ്റവും പുതിയ കൃതിയായ "പുരാഗന്ധം" ഖത്തറിലെ പ്രകാശനം, നിറഞ്ഞ സദസ്സിൽ ഹർഷാരവത്തോടെ നടന്നു.ആദ്യസെഷൻ പൂർത്തിയായി.

അസ്വർ നമസ്കാരശേഷം തുടങ്ങിയ കായിക - വിനോദ പരിപാടികൾ ആവേശത്തിരമാലകളുയർത്തി. വിജ്ഞാനവും അതോടൊപ്പം വിനോദവും അനുഭവിപ്പിക്കുന്ന ക്വിസ് പരിപാടിയായിരുന്നു ആദ്യത്തേത്. തുടർന്ന് മെസേജ് പാസിംഗ്, ഷൂട്ട് ഔട്ട്, ഫുട്ബാൾ, കമ്പവലി തുടങ്ങിയവയും. കമ്പവലിയിൽ ഏറെ വാശിയേറിയ മത്സരമാണ് നടന്നത്. കായിക വിനോദങ്ങൾക്ക് ശേഷം മജ്‌ലിസിൽ വീണ്ടും ഒത്തുകൂടി അംഗങ്ങൾ യാത്രാ പരിപാടിയെ വിലയിരുത്തുകയും വിശകലനം ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പരസ്പരം അറിയാനും അടുക്കാനും തലമുറകളെ തമ്മിൽ കണ്ണിചേർക്കാനും ഇത്തരം പരിപാടികളിലൂടെ സാധിക്കുന്നു,എന്ന് അധികപേരും അഭിപ്രായപ്പെട്ടു.

എത്ര പറഞ്ഞാലും മതിവരാത്ത വിശേഷങ്ങളാണ് "പാടത്തെപീടിക തട്ട് കട"യെ കുറിച്ച് പറയാനുള്ളത്. ഉച്ചഭക്ഷണത്തിന് സ്വാദേറിയ മട്ടൻ ബിരിയാണി കൊണ്ട് പോയിരുന്നെങ്കിലും, അത് വേണ്ടപോലെ വിളമ്പിക്കൊടുക്കുന്നത് മുതൽ, നാടൻ പലഹാരങ്ങളായ ബജയും, മുട്ടബജയും, പൊട്ടാറ്റോ ബജയും, മുളക് ബജയും മറ്റും എന്തിനേറെ, നമ്മുടെ ഇഷ്ടവിഭവമായ കൊള്ളിഷ്ട്ടു വരെ വിവിധ രുചിഭേദങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കിയ ഒരുപിടി കലാകാരന്മാരുടെ കർമ്മനിരതമായ മണിക്കൂറുകൾ. യാതൊരു പ്രതിഫലേച്ഛയും കൂടാതെ എല്ലാവരെയും മതിവരും വരെ സംതൃപ്‌തമാക്കിയ അവരുടെ കർമ്മാവേശം നന്ദിപ്രകടനങ്ങൾക്കും അപ്പുറമാണ്.സർവ്വശക്തൻ തന്നെ അവർക്ക് പ്രതിഫലം നൽകട്ടെ.പേരുകൾ മനഃപൂർവ്വം കുറിക്കുന്നില്ല. 

വെയിൽ തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോഴേക്കും അരിച്ചിറങ്ങിത്തുടങ്ങിയ തണുപ്പിനെ ശമിപ്പിക്കാൻ ആവിപറക്കുന്ന ചുടുചായ തട്ടുകടയിൽ തയാറായിരുന്നു. തട്ടുകടക്ക് അലങ്കാരമായി വിവിധ നാടൻ മിട്ടായി ഭരണികളും അച്ചാർ മാലകളും കൂടിയായപ്പോൾ പാടത്തെ പീടികയിൽ തന്നെ എത്തിയോ എന്ന് തോന്നിപ്പോകും. ആവർത്തിച്ചു കൊണ്ടിരിക്കുന്ന ദൈനംദിനചര്യകളിൽ വിരസമായ മനസ്സും ശരീരവും ഒരു പുതുജീവൻ വീണ്ടെടുത്ത പ്രതീതി. കണ്ടുമറന്നവരും, കാണാൻ കൊതിക്കുന്നവരും, കാണാമറയത്തിരിക്കുന്നവരും,ഇനിയും കണ്ടിട്ടില്ലാത്തവരുമായ  സുഹൃത്തുക്കളെയും അയൽവാസികളെയും നേരിൽ കണ്ടപ്പോഴുള്ള നിർവൃതിയുടെ പ്രതിഫലനം എല്ലാ മുഖങ്ങളിലും പ്രകാശിച്ചിരുന്നു.

മന്‍‌സൂര്‍ അബൂബക്കര്‍,യൂസുഫ് പി ഹമീദ്,അബ്‌ദുല്‍ ഖാദര്‍ പി.വി,റാഫി ഖാസിം എന്നിവരുടെ നേതൃത്വത്തില്‍ നാല് ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമുകൾക്ക് വലിയ ട്രോഫികൾ സമ്മാനമായി നൽകി. വിവിധ സമ്മാനങ്ങൾ വേറെയും.പ്രസിഡണ്ടിന്റെ ഗിഫ്റ്റ് ഓഫറുകൾ അതും വേണ്ടുവോളമുണ്ട്.

എന്നുമെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി ഓർമ്മകളുമായാണ് ശഹാനിയ പാർക്കിനോട് യാത്ര പറഞ്ഞിറങ്ങിയത്.

ഇനിയും ഇടയ്ക്കിടെ ഇത്തരം യാത്രകൾ സംഘടിപ്പിക്കണമെന്നും അത് മനസ്സിനും ശരീരത്തിനും നവോന്മേഷം പകരുമെന്നും എല്ലാവരും ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നത് കേൾക്കാമായിരുന്നു ഒരു മഹല്ലിലെ യുവാക്കളടങ്ങുന്ന 70 ഓളം പേരെ ഒരു കുടക്കീഴിൽ സംഘടിപ്പിക്കുക എന്നത് ഏറെ ശ്രമകരമാണ്. ഇതിൻറെ വിജയത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത സഹോദരങ്ങൾക്ക് അല്ലാഹു ഖൈർ പ്രധാനം ചെയ്യട്ടെ, സദുദ്ദേശത്തോടെ സംഘടിപ്പിക്കുന്ന സദുദ്യമങ്ങൾ അല്ലാഹു സ്വീകരിക്കുകയും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീൻ!

 അബ്‌ദുല്‍ ഖാദർ പുതിയവീട്ടിൽ







Thursday 22 February 2024

മുഹമ്മദന്‍‌സ് കായിക മാമാങ്കം

തിരുനെല്ലൂര്‍:മുഹമ്മദന്‍‌സ് ആര്‍‌ട്‌‌സ് & സ്‌പോര്‍‌ട്‌സ്‌ ക്ലബ്ബ്‌ തിരുനെല്ലൂരിന്റെ അമ്പതാം വാര്‍‌ഷികത്തോടനുബന്ധിച്ച് കായിക മത്സരങ്ങള്‍‌ക്കുള്ള ഒരുക്കത്തിലാണ്‌ തിരുനെല്ലൂര്‍ പാടത്തെ കളി മൈതാനം.

2024 ഫെബ്രുവരി 25 വൈകുന്നേരം പ്രാരം‌ഭം കുറിക്കുന്ന കായിക മത്സരങ്ങളുടെ ഉദ്‌ഘാടനം ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുന്ദരന്‍ സി നിര്‍‌വഹിക്കും.പ്രസിഡന്റ്‌ ഹനീഫ എന്‍.എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ വൈസ്‌ പ്രസിഡന്റ്‌ സൈനുദ്ദീന്‍ ഖുറൈഷി സ്വാഗതമാശം‌സിക്കും.

ഷരീഫ് ചിറക്കല്‍,റഹ്‌മാന്‍ തിരുനെല്ലൂര്‍,ഉമ്മര്‍ കാട്ടില്‍,ഇസ്‌മായില്‍ ബാവ,ഉസ്‌മാന്‍ മഞ്ഞിയില്‍,സൈയ്‌തു മുഹമ്മദ് ചാങ്കര,ഹുസ്സൈന്‍ ഹാജി,കബീര്‍ ആര്‍.വി,താജുദ്ദീന്‍ എന്‍.വി,വാസിം അക്രം,മുസ്‌തഫ എം.എ എന്നിവര്‍ വേദിയെ ധന്യമാക്കും. 

സെവന്‍‌സ് ഫുട്‌ബോള്‍,ക്രിക്കറ്റ് മത്സരങ്ങളിലാണ്‌ ടീമുകള്‍ മാറ്റുരക്കപ്പെടുക.പ്രദേശത്തെ പ്രഗത്‌ഭ ടീമുകള്‍ പങ്കെടുക്കുന്ന മത്സര മാമാങ്കത്തെ വരവേല്‍‌ക്കുന്ന ലഹരിയിലാണ്‌ നാടും വിശിഷ്യാ കളിപ്രേമികളും.

ഫ്രണ്ട്‌‌സ് അസോസിയേഷന്‍ തിരുനെല്ലൂര്‍,അല്‍ തുറൈഫി ഖത്തര്‍,മുഹമ്മദന്‍‌സ് ഖത്തര്‍ യഥാക്രമം വിന്നേഴ്‌സ് ട്രോഫി,ക്യാഷ്‌ അവാര്‍‌ഡ്, റണ്ണേഴ്‌‌സ് ട്രോഫിയും ക്യാഷ്‌ അവാര്‍‌ഡും സമ്മാനിക്കുന്ന മുഹമ്മദന്‍‌സിന്റെ പ്രായോജകരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബ്ലു മൂണ്‍ സ്‌പോര്‍‌ട്ടിങ് എഫ്.സി തളിക്കുളം,സിറ്റി എക്‌സ്‌ചേഞ്ച് റിക്രിയേഷന്‍ ക്ലബ്ബ് ഖത്തര്‍,സിദ്ധാന്‍ ബോയ്‌സ് കരുവന്തല,മാസ്സ് പാടൂര്‍,ഗ്രാമവേദി അഞ്ചങ്ങാടി,സോക്കര്‍ സിറ്റി തൃശൂര്‍,സ്‌പാര്‍‌‌ക്‌സ് പറപ്പൂര്‍,മുഹമ്മദന്‍‌സ് തിരുനെല്ലൂര്‍ എന്നീ ടീമുകളാണ്‌ കാല്‍‌പന്തുത്സവത്തില്‍ പോരിനിറങ്ങുന്നത്

ഹനീഫ എന്‍.എ,മുസ്‌തഫ എം.എ,യാക്കൂബ് എം.കെ,സാരഥി ഫ്യൂവല്‍,മന്‍‌സൂര്‍ അബൂബക്കര്‍,ആസിഫ് ആര്‍.വി,മന്‍‌സൂര്‍ ആര്‍.എം,ഇര്‍‌ഫാന്‍ ഇസ്‌മായില്‍, നാനാന ബസാര്‍ പുവ്വത്തൂര്‍,പാച്ചു,വിനു ഗ്രോസറി തിരുനെല്ലൂര്‍, അജ്‌മല്‍, ഹാരിസ് ഹം‌സ, നജീബ്, റാഫി&നിസാര്‍, ഫൈസല്‍ അബൂബക്കര്‍ തുടങ്ങിയവരാണ്‌ കാല്‍‌പന്തിന്റെ പ്രായോജകര്‍.

സ്‌കൈപ് മെഡിക്കല്‍ സെന്റര്‍ പുവ്വത്തൂര്‍,ഹനീഫ എം.കെ,സിറാജ് മൂക്കലെ,ഷൈജു തിരുനെല്ലൂര്‍ തുടങ്ങിയവര്‍ മുഹമ്മദന്‍‌സ് കളിയുത്സവത്തില്‍ സഹകരിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ബസ്റ്റ് പ്ലേയര്‍,ബസ്റ്റ് ഡിഫന്റര്‍,ബസ്റ്റ് ഗോള്‍ കീപര്‍,ബസ്റ്റ് ടീം എന്നീ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍‌ക്കുള്ള ട്രോഫികളുടെ പ്രായോജകര്‍ യഥാ ക്രമം അസീസ് പുത്തന്‍ പുരയില്‍,ഉമ്മര്‍ കാട്ടില്‍,സായന്‍ കാറ്ററിങ്,റഹ്‌മാന്‍ തിരുനെല്ലൂര്‍ തുടങ്ങിയവരാണ്‌.

-----------

ബ്ലാക് ഒലീവ്,ബല്‍‌ഗാര്‍‌ഡ്,ബര്‍‌ഗര്‍ സോണ്‍,ബിബിസി ബില്‍‌ഡേഴ്‌സ് &ഡവലപ്പേഴ്‌സ്,ബിസ്‌മി എന്നീ സ്ഥാപനങ്ങളും,മനാഫ് സുലൈമാന്‍ ദോഹ ഖത്തര്‍,ഖമറുദ്ധീന്‍ എറണാങ്കുളം,അസീസ് മഞ്ഞിയില്‍ തുടങ്ങിയ സഹൃദയരും മുഹമ്മദന്‍‌സ് അമ്പതാം വാര്‍‌ഷിക പരിപാടികളില്‍ സഹകരിക്കുന്നുണ്ട്.



Saturday 17 February 2024

കായിക തിരുനെല്ലൂരിലെ മുഹമ്മദന്‍‌സ്

മുഹമ്മദന്‍സിന്റെ അമ്പതാം പിറന്നാള്‍ നിറവില്‍ ഒരു തിരിഞ്ഞു നോട്ടം.എഴുപതുകളുടെ ആദ്യത്തിലായിരുന്നു മുഹമ്മദന്‍‌സ്  കായിക സം‌സ്‌കാരത്തിന്റെ വ്യവസ്ഥാപിതമായ രൂപീകരണം. കാല്‍‌പന്തുകളിയില്‍ പ്രദേശത്തെ പ്രസിദ്ധമായ ടീമായിരുന്നു മുഹമ്മദന്‍സ്‌ തിരുനെല്ലൂര്‍. ജില്ലാതലത്തില്‍ അറിയപ്പെട്ടിരുന്ന കാല്‍ പന്തു മാന്ത്രികരില്‍ തിരുനെല്ലൂര്‍‌ക്കാരന്‍ അബ്‌ദുല്‍ അസീസ് പുത്തന്‍ പുരയുടെ പേരും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.

കളിയിലും കഥയിലും ഒരു പോലെ ഒരേസമയം കളത്തിലിറങ്ങിയ റഹ്‌മാന്‍ തിരുനെല്ലൂരും മുഹമ്മദന്‍സിന്റെ ആദ്യകാല സാരഥികളിലൊരാളായിരുന്നു. പ്രാദേശിക ജില്ലാതല കളികളില്‍ തിളങ്ങിയ പ്രതിഭകളില്‍ പ്രവാസകാലത്ത്‌ വിടപറഞ്ഞ കൂടത്തെ അബ്‌ദുല്‍ മജീദിന്റെ പേരും പ്രസിദ്ധമാണ്‌.പ്രാദേശിക ജില്ലാതല മത്സരക്കപ്പുകളും പതക്കങ്ങളും മുഹമ്മദന്‍സിന്റെ ചരിത്രത്തെ തിളക്കം കൂട്ടുന്നുണ്ട്‌.നാട്ടിലെ യുവ പ്രതിഭകള്‍ കൂട്ടത്തോടെ എന്ന പോലെ പ്രവാസലോകത്തേയ്‌ക്ക്‌ പറന്നതിന്റെ തിക്തഫലങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമങ്കിലും മുഹമ്മദന്‍‌സ്‌ ഇന്നും പ്രൗഡിയോടെ നില നില്‍‌ക്കുന്നുണ്ട്‌. എഴുതപതുകളുടെ രണ്ടാം പകുതിയില്‍ മുഹമ്മദന്‍സ്‌ കൈവരിച്ച നേട്ടങ്ങള്‍ താജുദ്ധീന്‍ എന്‍.വിയും എമ്പതുകളുടെ ആദ്യ പാദം മുതലുള്ള കഥകള്‍ അഷ്‌റഫ്‌ സെ്‌തു മുഹമ്മദും ക്ലബ്ബിന്റെ നിഷ്‌കളങ്കമായ പ്രവര്‍ത്തന നൈരന്തര്യം സൈനുദ്ധീന്‍ ഖുറൈഷിയും പങ്കു വെച്ചു.

മുഹമ്മദന്‍‌സിന്റെ പ്രതാഭകാലം പറയാനൊരുങ്ങി താജുദ്ധീന്‍ എന്‍.വിയുടെ വാചാലത അണപൊട്ടിയൊഴുകി.എഴുപതുകളിലും എമ്പതുകളിലും ക്ലബ്ബ്‌ കൈവരിച്ച പേരും പ്രശസ്‌തിയും വാനോളം വാഴ്‌ത്തിക്കൊണ്ടായിരുന്നു ഈ കാല്‍ പന്ത് ജ്വരക്കാരന്റെ വിവരണം.വീറും വാശിയും കത്തിച്ചു പിടിച്ച്‌ കപ്പും പതക്കങ്ങളും വാരിക്കോരി കൊണ്ടു വന്ന സുവര്‍‌ണ്ണകാലം ഒന്നൊന്നായി വിശദീകരിക്കപ്പെട്ടു.പഞ്ചവടിയിലും,തിരുവത്രയിലും,പുവ്വത്തൂരിലും, ചേറ്റുവയിലും ഒക്കെ മുഹമ്മദന്‍സിന്‌ നല്ല ആരാധക വൃന്ദം തന്നെയുണ്ടായിരുന്നു.അക്കാലത്ത്‌ ചില മത്സരങ്ങളില്‍ മുഹമ്മദന്‍‌സിന്റെ സാന്നിധ്യമറിയിച്ചു കൊണ്ടായിരുന്നു കളിക്കളങ്ങളെ ആവേശം കൊള്ളിച്ചിരുന്നത്.അതു പോലെത്തന്നെ മുഹമ്മദന്‍‌സിന്റെ സാന്നിധ്യമില്ലാതിരിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ നടന്നതിനും എഴുപതുകള്‍ സാക്ഷിയാണ്‌.ചേറ്റുവയില്‍ സം‌ഘടിപ്പിക്കപ്പെട്ട ടൂര്‍‌ണമന്റില്‍ കളിയുറപ്പിക്കാന്‍ ചില നാട്ടു പ്രമാണിമാരുടെ മധ്യസ്ഥ ശ്രമം പോലും വേണ്ടി വന്നിട്ടുണ്ട്‌.ഒടുവില്‍ മധുര പ്രതികാരമായി ട്രോഫിയും നേടി ജേതാക്കളായാണ്‌ തിരിച്ചത്.തിരുനെല്ലൂര്‍ കടവില്‍ വള്ളമടുക്കുന്നതും കാത്ത്‌ ജനാവലിതന്നെ കാത്ത്‌ നില്‍‌പുണ്ടായിരുന്നതും എന്‍.വി ഓര്‍ത്തെടുത്തു.

മാന്ത്രികമായി പന്തുരുട്ടിപ്പായുന്ന അസീസ്‌ പുത്തന്‍ പുര,പ്രാപിടിയനെപ്പോലെ പറന്നടുക്കുന്ന മൊയ്‌തുണ്ണി ചാങ്കര,സര്‍ഗാത്മകമായി കളം രചിക്കുന്ന റഹ്‌മാന്‍ തിരുനെല്ലൂര്‍,ഗോള്‍ വലയത്തിലെ അക്ഷരാര്‍ഥ കാവല്‍ ഭടന്മാരായ ഹസ്സന്‍ ചിറക്കലും ഷംസുദ്ധീന്‍ തറയിലും ശക്തമായ പ്രതിരോധത്തിന്റെ ആള്‍ രൂപമായിരുന്ന മജീദ്‌ കൂടത്ത്‌,സൂര്യ സുരോഷ്‌ ബാബു,ഹരിഹരന്‍,സോമന്‍ കടവത്ത്‌,ഒന്നിനൊന്നു മികച്ച കുമാരനും,പോള്‍ കൊമ്പനും ഒക്കെ മുഹമ്മദന്‍സിന്റെ തൊപ്പിയില്‍ തുവലുകള്‍ തുന്നിയവരാണ്‌.

അക്കാലത്ത്‌ അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന ലീഡര്‍‌മാര്‍ എന്നതിലുപരി അനുസരണ ശീലരായ അണികളായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ഭം‌ഗി.

കേവലം തിരുനെല്ലൂര്‍ കളിക്കൂട്ടം മുഹമ്മദന്‍സായി വളരുകയും പരിപാലനവും,പരിപോഷണവും യഥോചിതം നല്‍‌കപ്പെടാനാവാതിരുന്ന കാലം  പ്രവര്‍ത്തനം തിര്‍ത്തും നിര്‍‌ജീവമായിപ്പോയി.1986 ല്‍ പെരിങ്ങാട്‌ കിഴക്കേകരയില്‍ സഹൃദയ സം‌ഘമാണ്‌ ആര്‍‌ട്ട്‌സ്‌ സെന്റര്‍ എന്ന പേരില്‍ സജീവമായി പ്രവര്‍‌ത്തന നിരതമായത്‌.അതിന്റെ മുന്നില്‍ നടന്നത്‌ സൈനുദ്ധീന്‍ ഖുറൈഷിയായിരുന്നു.അഷറഫ്‌ സെയ്‌തു മുഹമ്മദ്‌,ഷം‌സുദ്ധീന്‍ തെക്കെയില്‍,ഉവൈസ്‌ മഞ്ഞിയില്‍,അബ്‌ദുല്‍ കബീര്‍ വി.എം,ഹമീദ് സെയ്‌തു മുഹമ്മദ്‌,സലീം കൂടത്ത്‌,ഹാരിസ്‌ കൂടത്ത്‌,റഫീഖ്‌ ഹം‌സ,ഖമറു തെക്കെയില്‍ തുടങ്ങിയവരും സഹകാരികളായി കൂടെ ഉണ്ടായിരുന്നു.ആര്‍‌ട്ട്‌സ്‌ സെന്ററിന്റെ ആദ്യ പ്രസിഡണ്ട്‌ എ.കെ ഹുസൈനും സെക്രട്ടറി ഷംസുദ്ധീന്‍ കെ.കെ യുമായിരുന്നു.

സെന്ററിന്റെ പ്രാരംഭ ദിശയില്‍ സഹൃദയരായ നാട്ടുകാരുടെ സഹകരണത്തോടെ നടത്തപ്പെട്ട സം‌ഭാവന സമാഹരണം വലിയ വിജയമായിരുന്നു.കിഴക്കേകരയിലെ ആര്‍.ഒ.കെ വീടൊനോട്‌ ചേര്‍ന്നുള്ള സ്ഥലത്തെ കൊച്ചു കെട്ടിടത്തില്‍ ഒരു മുറി 50 രൂപ മാസ വാടകക്കായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്.അംഗങ്ങളില്‍ നിന്നുള്ള മാസാന്ത വരിസം‌ഖ്യയും കാരം‌സ്‌ കളിക്കാരില്‍ നിന്നും ഈടാക്കിയിരുന്ന വളരെ ലളിതമായ സംഭാവനയും ചേര്‍‌ത്തു വെച്ചു കൊണ്ടായിരുന്നു ദൈനം ദിന കാര്യങ്ങള്‍ നീങ്ങിയിരുന്നത്.പ്രവാസികളായ ചെറുപ്പക്കാര്‍ അവധിയില്‍ വരുമ്പോള്‍ കാര്യമായ ഒരു സം‌ഭാവന ഈടാക്കി പോന്നിരുന്നു.കൂടാതെ വിവാഹത്തിനായെത്തുന്ന ചെറുപ്പക്കാരെ ആര്‍‌ട്ട്‌സെന്റര്‍ കുട്ടികള്‍ കല്ല്യാണ നാളുകളില്‍ നന്നായി പരിചരിക്കുകയും പരിഗണിക്കുകയും  അവരെക്കൊണ്ട്‌ പ്രത്യുപകാരമായി സെന്ററിന്റെ നടത്തിപ്പിലേയ്‌ക്ക്‌ സഹകരിപ്പിക്കുകയും ചെയ്‌തു പോന്നിരുന്നു. മുഹമ്മദന്‍‌സിന്റെ പ്രാരം‌ഭ ഘട്ടത്തില്‍ ദിനേനയുള്ള വായനാ സൗകര്യങ്ങളുടെ പ്രായോജകന്‍ അസീസ്‌ മഞ്ഞിയില്‍ ആയിരുന്നു.

1987ല്‍ വിപുലമായ വാര്‍ഷിക പരിപാടിയും സം‌ഘടിപ്പിച്ചിരുന്നു.താജുദ്ധീന്‍ കുഞ്ഞാമു,അബ്‌ദുല്‍ റഹിമാന്‍ ഹം‌സ,കലാം കണ്ടം പറമ്പില്‍ തുടങ്ങിയ മുഹമ്മദന്‍‌സിന്റെ ഉത്തരവാദപ്പെട്ടവര്‍ ആര്‍‌ട്‌സ്‌ സെന്റര്‍ ഭാരവാഹികളുമായി നടത്തിയ സൗഹൃദ ചര്‍ച്ചയിലൂടെയാണ്‌, ഫലത്തില്‍ നിര്‍‌ജീവമായിരുന്നു മുഹമ്മദന്‍‌സും പ്രവര്‍‌ത്തന നിരതമായിരുന്ന ആര്‍‌ട്ട്‌സ്‌ സെന്ററും തമ്മിലുള്ള ലയനം നടന്നത്‌.പിന്നീട്‌ മുഹമ്മദന്‍‌സ്‌ ആര്‍‌ട്ട്‌സ്‌ സെന്റര്‍ & സ്പോര്‍‌ട്‌സ്‌  എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.ആത്മാര്‍‌പ്പണം ചെയ്‌ത നേതൃനിരയും അതിനിണങ്ങിയ അണികളും തുടങ്ങി വെച്ച ആര്‍ട്ട്‌സ്‌ സെന്റര്‍ ബാനറില്‍ മുഹമ്മദന്‍സ്‌ തിളക്കം മായാതെ നിന്നു എന്നതാണ്‌ പരമാര്‍ഥം.

ലയനം നടന്നതിനു ശേഷം കേരളത്തില്‍ അറിയപ്പെടുന്ന പല മത്സരങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്‌. കേരളോത്സവത്തില്‍ ജില്ലാ പ്രാദേശിക തലങ്ങളില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പഴയകാല സാരഥി കെ.എസ്‌ പങ്കുവെച്ചു.നഗ്ന പാദരായി കളിച്ചിരുന്നവര്‍ കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ബൂട്ട്‌ ധരിച്ച്‌ കളിക്കാന്‍ പരിശീലിച്ചത്.പ്രഗത്ഭരായ താരങ്ങളെ കായിക തിരുനെല്ലൂരിന്‌ സം‌ഭാവന ചെയ്യാന്‍ ക്ലബ്ബിന്‌ സാധിച്ചിട്ടുണ്ട്‌.റഫി കുഞ്ഞാമു,ഹാരിസ്‌ കുഞ്ഞുമോന്‍,ഷരീഫ്‌ കുഞ്ഞാമു,ഷറഫു മൊയ്തുണ്ണീ,സാഫര്‍ പൂത്തോക്കില്‍,ഹിഷാം മഞ്ഞിയില്‍ തുടങ്ങിയവര്‍ നല്ല കായിക പ്രതിഭകളായി ശോഭിച്ചവരായിരുന്നെന്നും അഷ്‌റഫ്‌ വിശദീകരിച്ചു.കേരളോത്സവത്തില്‍ മുല്ലശ്ശേരി പഞ്ചായത്തിലെ ഓവറോള്‍ ചാമ്പ്യന്മാരായി ഉയരാന്‍ കഴിഞ്ഞതും മുഹമ്മദന്‍‌സ്‌ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായം തന്നെ.വിവിധ മത്സരങ്ങളിലൂടെ പോയിന്റ്‌ നില ഉയര്‍‌ത്തുന്നതില്‍ മണ്‍മറഞ്ഞ പുതിയ പുരയില്‍ മുജീബിന്റെ പ്രകടനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്‌.ഇ.കെ റഫീഖ്‌ ഓട്ടത്തില്‍ മിന്നല്‍ പ്രകടനം നടത്തിയതും സ്‌മരണീയം.ജാവ്‌ലിന്‍,ഷോര്‍‌ട്ട്‌ പുട്ട്‌ എന്നിവയില്‍ ഫാരിസ്‌ മുഹമ്മദ്‌ മഞ്ഞിയില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടിത്തന്നിട്ടുണ്ട്‌.

പുതിയ പുരയില്‍ ഖമറുദ്ധീന്‍,ഇബ്രാഹീം വി.കെ,അബ്‌ദുല്‍ മജീദ്‌ അബ്‌ദുല്ല തുടങ്ങിയവര്‍ നമ്മുടെ നാടിന്റെ കായിക തിരുനെല്ലുരിനെ നെഞ്ചോട്‌ ചേര്‍ത്ത വ്യക്തിത്വങ്ങളാണ്‌.മുഹമ്മദന്‍സ്‌ സില്‍‌വവര്‍ ജൂബിലി സം‌ഘടിപ്പിക്കപ്പെട്ടതിന്റെ അണിയിലും അണിയറയിലും പ്രവര്‍‌ത്തിച്ചത് അബ്‌ദുല്‍ മജിദ്‌ അബ്‌ദുല്ലയായിരുന്നു.

1990 കള്‍ മുതല്‍ 2000 വരെ മികച്ച ഒരു ഫുട്‌ബോള്‍ ടീം മുഹമ്മദന്‍‌സിനുണ്ടായിരുന്നു.സൈനുദ്ധീന്‍ ഖുറൈഷി ,ഉവൈസ്‌ മഞ്ഞിയില്‍,കബിര്‍.വി.എം,റഫീഖ്‌ പി.കെ,ഖമറു തെക്കെയില്‍,സലീം വി.എച്‌,ഫാരിസ്‌ കൂടത്ത്‌,ഹിഷാം മഞ്ഞിയില്‍,സലാം പി.കെ,ഹാരിസ്‌ ആര്‍.കെ,താജു ഖാദര്‍,അബ്‌ദുല്‍ റഹിമാന്‍ ആര്‍.എച്,ഷൈദാജ്‌ മൂക്കലെ,സാഫര്‍ പൂത്തോക്കില്‍,അഷറഫ്‌ മൊയ്‌തു എന്നിവരായിരുന്നു കളിക്കാര്‍.ഹമീദ്‌ സെയ്‌തു മുഹമ്മദ്‌,ഷംസുദ്ധീന്‍ തറയില്‍ എഴുപതുകളില്‍ അരങ്ങിലും അണിയറയിലും  നിറഞ്ഞു നിന്നവരായിരുന്നു.

1990 കളിലാണ്‌ തിരുനെല്ലൂരില്‍ ക്രിക്കറ്റ് ടീം വളര്‍ന്നു വന്നത്‌.ഉവൈസ്‌ മഞ്ഞിയില്‍,കബീര്‍ ആര്‍.വി,ഷം‌സു തെക്കെയില്‍,ഫാരിസ്‌ കൂടത്ത്,സലീം കൂടത്ത്‌,സാബു ഖാദര്‍ മോന്‍,ഷാജു ഖാദര്‍ മോന്‍,ഹനീഫ അബു,ഹാരിസ്‌ ആര്‍.കെ,ഹിഷാം മഞ്ഞിയില്‍,ഷിഹാബ്‌ ആര്‍.കെ,ഇര്‍‌ഷാദ്‌ ഉമര്‍ ഒക്കെയായിരുന്നു കളിക്കാര്‍.

1992 മുതല്‍   കായിക തിരുനെല്ലൂരിന്റെ ഭൂപടത്തില്‍ ക്രിക്കറ്റ്‌ ബാറ്റുകള്‍ അടയാളപ്പെടുത്തലുകള്‍ നടത്തിത്തുടങ്ങി.

1995 മുതല്‍ 2000 വരെ  മുഹമ്മദന്‍‌സ്‌ ക്രിക്കറ്റ് കേപ്‌റ്റന്‍ പദവി ഷിഹാബ്‌ ആര്‍.കെയുടെ കൈകളില്‍ ഭദ്രമായിരുന്നു.ഇക്കാലയളവില്‍ ഒട്ടേറെ വിജയ ഗാഥകള്‍ മുഹമ്മദന്‍‌സിന്‌ രചിക്കാന്‍ കഴിഞ്ഞു. തന്റെ സമ പ്രായക്കാര്‍‌ക്കും ശേഷം വന്ന ജൂനിയര്‍‌കള്‍‌ക്കും ക്രിക്കറ്റ് ടീമില്‍ നേതൃത്വം നല്‍‌കാന്‍ ഷിഹാബിന്‌ അവസരം ഉണ്ടായി.രണ്ട്‌ തലമുറകളിലും തിരുനെല്ലൂര്‍ ക്രിക്കറ്റില്‍ ശോഭിച്ചവരുടെ പേരുകള്‍ കേപ്‌റ്റന്‍ പങ്കുവെച്ചത്‌ ഇവിടെ പകര്‍‌ത്താം.സാബു ഖാദര്‍ മോന്‍ ,ഷാജു ഖാദര്‍ മോന്‍,താരിസ്‌ കൂടത്ത്‌,ഷാരിസ്‌ കൂടത്ത്‌,മുജീബ്‌ റഹ്‌മാന്‍ കെ.എസ്‌,മുബാറക്‌ കെ.എസ്‌,നാസര്‍ മൊയ്‌തു,ഹിഷാം മഞ്ഞിയില്‍,ഷബീര്‍ മഞ്ഞിയില്‍,ഹാരിസ്‌ ആര്‍.കെ,ഷറഫു കെ.എസ്‌,മുജീബ്‌ കെ.എസ്‌,ഫൈസല്‍ കുഞ്ഞാമു,നൗഷാദ്‌  ഉമര്‍,ഷഫീഖ്‌ പൊന്നേങ്കടത്ത്‌,സ്വാലിഹ്‌ പൊന്നേങ്കടത്ത്‌,കരീംമോന്‍ നാലകത്ത്‌,ഫാഇദ്‌ നാലകത്ത്‌ ,ഫാഇസ്‌ നാലകത്ത്‌ , റമീസ്‌ മഞ്ഞിയില്‍, റഹീസ്‌ മഞ്ഞിയില്‍,ബാബു വടക്കന്‍,രാജു വടക്കന്‍,മുബാറക്‌ അബ്‌ദുല്ലക്കുട്ടി,ഫബി അബ്‌ദുല്ലക്കുട്ടി,ഷഫീഖ്‌ അബ്‌ദുല്ലക്കുട്ടി, ഷമീര്‍‌ അബ്‌ദുല്ലക്കുട്ടി, ഇര്‍‌ഷാദ്‌ ഇസ്‌മാഈല്‍, ഇര്‍‌ഫാന്‍ ഇസ്‌മാഈല്‍,തുടങ്ങിയവരാണ്‌ ക്രിക്കറ്റ്‌ തിരുനെല്ലൂരിന്റെ താരങ്ങള്‍.

ഒരിക്കല്‍ മുഹമ്മദന്‍‌സിന്റെ വാര്‍ഷിക പരിപാടിയിലേയ്‌ക്ക്‌ തൃശൂര്‍ ജില്ലാ സ്‌പോര്‍‌ട്ട്‌സ്‌ കൗണിസില്‍ പ്രസിഡണ്ടിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഒരു നിമിത്തമെന്നോണം ജില്ലാ പൊലീസ്‌ കോച്ചായിരുന്ന ചാത്തുണ്ണി സാറിനെ പരിചയപ്പെടുകയും അദ്ധേഹവും നമ്മുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്‌തു.ഗ്രാമീണ മേഖലയിലെ കുട്ടികളുടെ കായിക വീര്യത്തെ ഏറെ താല്‍പര്യപൂര്‍‌വ്വം വീക്ഷിച്ചിരുന്ന ചാത്തുണ്ണി സാറിന്‌ തിരുനെല്ലൂരും ഏറെ ഇഷ്‌ടപ്പെട്ടു.ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ തൃശുരില്‍ നടന്നു കൊണ്ടിരുന്ന കോച്ചിങില്‍ മുഹമ്മദന്‍സിന്റെ 6 പേര്‍‌ക്ക്‌ അവസരം നല്‍‌കപ്പെട്ടിരുന്നു.ചാത്തുണ്ണി സാറിനൊപ്പം പിതാം‌ബരന്‍ സാറും കോച്ചിങില്‍ ഉണ്ടായിരുന്നു.രണ്ട്‌ പേരും കേരളത്തിന്റെ കോച്ചുകളായി സ്ഥലം മാറിപ്പോയി.തൃശൂരില്‍ വടക്കെ സ്റ്റാന്റിനടുത്തായിരുന്നു ക്യാമ്പ്‌.സാഫര്‍ പുത്തോക്കില്‍,ഷറഫു മൊയ്‌തുണ്ണി,ഹിഷാം മഞ്ഞിയില്‍,ഹാരിസ്‌ ആര്‍.കെ,ഷരീഫ്‌ എന്‍.വി,ഷൈദാജ്‌ മൂക്കലെ തുടങ്ങിയവര്‍ പ്രസ്‌തുത ക്യാമ്പില്‍ പങ്കെടുത്തിരുന്നു.പക്ഷെ തുടര്‍‌ച്ചയുണ്ടായില്ല.ആറം‌ഗ സം‌ഘത്തിലെ  3 പേരെ പ്രത്യേകം നോട്ടമിട്ടിരുന്നതായി പിന്നീട്‌ ചാത്തുണ്ണി സാര്‍ പങ്കുവെച്ചിരുന്നു.ഏതായാലും കേരളം അറിയപ്പെടുന്ന കളിക്കാരുടെ കൂട്ടത്തില്‍ തിരുനെല്ലൂര്‍‌ക്കാരും ഉണ്ടാകാനുള്ള സുവര്‍‌ണ്ണാവസരം പാഴായത്‌ ഖേദത്തോടെ കെ.എസ് പങ്കു വെച്ചു.

വ്യവസ്ഥാപിതത്വമുള്ള കലാ കായിക കേന്ദ്രം എന്ന നിലയില്‍ ഔദ്യോഗികമായി റജിസ്റ്റ്രര്‍ ചെയ്യപ്പെട്ടത്‌ ഹുസൈന്‍ എ.കെ യുടെ ശ്രമ ഫലമയിട്ടായിരുന്നു.അബ്‌ദുറഹിമാന്‍ ആര്‍.എച്,ഹനീഫ മൊയ്‌തു തുടങ്ങിയവരും ഇവ്വിഷയത്തില്‍ കാര്യമായി രം‌ഗത്തുണ്ടായിരുന്നു.തുടര്‍‌ന്ന്‌ യഥാ സമയം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടു പോന്നിരുന്നു.ഇടക്കാലത്ത്‌ വെച്ച്‌ നിശ്ചലമാകുകയും ചെയ്‌തു.

നല്ല അച്ചടക്കം പാലിച്ചിരുന്നു എന്നത്‌ എടുത്ത്‌ പറയേണ്ട കാര്യമാണ്‌.സമീപ പ്രദേശത്തെ ഗ്രാമീണ സം‌ഘങ്ങള്‍‌ക്കിടയില്‍ മുഹമ്മദന്‍‌സിനെ കുറിച്ച്‌ നല്ല മതിപ്പ്‌ നില നിര്‍ത്താനും സാധിച്ചിട്ടുണ്ട്‌.വാഹന സൗകര്യമൊക്കെ വളരെ പരിമിതമായിരുന്ന എമ്പതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും കിഴക്കേകരയിലേക്കുള്ള ഗതാഗതം ഏറെ ദുഷ്‌കരമായിരുന്നു.ടാക്‌സികള്‍ വിളിച്ചാല്‍ കിഴക്കേകരയിലേക്കാണെന്നു പറഞ്ഞാല്‍ വിസമ്മതിച്ചിരുന്ന നാളുകളും ഉണ്ടായിട്ടുണ്ട്‌.അപ്പോഴെക്കെ ഗതാഗതയോഗ്യമാക്കാനുതകും വിധം പാകപ്പെടുത്തുന്നതിലും മണ്ണും കല്ലും അടിച്ച്‌ താല്‍‌കാലിക അറ്റകുറ്റപണികളിലും മുഹമ്മദന്‍‌സിന്റെ പഴയകാല പ്രവര്‍‌ത്തകര്‍ മാതൃക കാട്ടിയിട്ടുണ്ട്‌.അധികാരികളുടെ അവഗണന തുടര്‍ന്നപ്പോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണത്തിന്‌ ആഹ്വാനം ചെയ്‌തതിന്റെ ചരിത്രവും മുഹമ്മദന്‍സിനുണ്ട്‌.ആഹ്വാനം അക്ഷരാര്‍ഥത്തില്‍ ഫലിക്കും എന്നുറപ്പായപ്പോള്‍ ഇരു മുന്നണികളും ഒത്തു തീര്‍പ്പിനെത്തുകയും കിഴക്കേകര റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലായിരുന്നു ബഹിഷ്‌കരണം പിന്‍ വലിക്കപെട്ടത്‌.

സന്നദ്ധ സേവന രം‌ഗത്ത്‌ മുഹമ്മദന്‍‌സിന്റെ പ്രവര്‍‌ത്തനങ്ങള്‍ മാതൃകാ പരമായ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നു.രോഗികളെ സന്ദര്‍‌ശിക്കുക,പ്രയാസമുള്ളവരെ കഴിയും വിധം സഹായിക്കുക ഒക്കെയായിരുന്നു പ്രധാനം.രക്തദാനം അതില്‍ ഏറെ ശ്ലാഘിക്കപ്പെട്ട ഒന്നായി വിലയിരുത്തപ്പെടുന്നു.മരണ വീടുകളില്‍ ആദ്യമാദ്യം മുഹമ്മദന്‍‌സ്‌ കുട്ടികളാണ്‌ എത്തുക.അതിനു ശേഷമായിരിക്കും നാട്ടുകാരൊക്കെ അറിയുന്നതു തന്നെ.പഴയ സാരഥി വിശദീകരിച്ചു.

2000 ന്‌ ശേഷം ഒരിടവേളയില്‍ ക്ലബ്ബ്‌ പ്രവര്‍‌ത്തനങ്ങള്‍ തികച്ചും താറുമാറായ കാലത്താണെങ്കില്‍ പോലും നല്ലൊരു കാല്‍ പന്തുകളി ടീം തിരുനെല്ലുരിനുണ്ടായിരുന്നു.തൗഫീഖ്‌ താജുദ്ധീന്‍,ഷഹീര്‍ ഇസ്‌ഹാഖ്‌,ഫാരിസ്‌ മഞ്ഞിയില്‍,റമീസ്‌ മഞ്ഞിയില്‍,ആസിഫ്‌ ചിറക്കല്‍,മുസ്‌തഫ ചിറക്കല്‍,ഫൈസല്‍ ഫാറൂഖ്‌ തുടങ്ങിയ ഈ പ്രതിഭകള്‍ കാല്‍‌പന്തു കളിയിലെ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്‌ചവെച്ചവരാണ്‌.

നാട്ടിലെ സഹൃദയരായ വ്യക്തിത്വങ്ങള്‍ വിവിധ തലങ്ങളിലും രീതികളിലും മുഹമ്മദന്‍‌സുമായി സഹകരിച്ചത് സ്‌മരണീയമാണ്‌.2017 ല്‍ ക്ലബ്ബ്‌ പ്രവര്‍‌ത്തനങ്ങള്‍ തട്ടിയുണര്‍ത്തപ്പെട്ടപ്പോഴും പ്രസ്‌തുത വ്യക്തിത്വങ്ങളുടെ സഹകരണം നിര്‍‌ലോഭം ഉണ്ടായിട്ടുണ്ട്‌.

നാട്ടിലെ കാല്‍‌പന്ത് കളികൂട്ടങ്ങളോടൊപ്പം അവരെക്കാള്‍ കളി ജ്വരം ബാധിച്ച കാരണവന്മാരെയും ഇത്തരുണത്തില്‍ സ്‌മരിക്കാതിരിക്കാന്‍ കഴിയില്ല.പരേതരായ രണ്ട് കുഞ്ഞാമുമാര്‍,കണ്ടത്തില്‍ മമ്മുക്ക, എല്ലാകാര്യങ്ങള്‍‌ക്കും നാടിനോടൊപ്പം എന്ന പോലെ ഓടി നടന്നിരുന്ന അധികാരി ഖാദര്‍ സാഹിബ് തുടങ്ങിയവരാണ്‌ ഓര്‍‌മ്മയിലെത്തിയ ഈ കളി ഭ്രമക്കാര്‍.

ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ മുഹമ്മദന്‍സ്‌ ഖത്തര്‍ എന്ന പേരില്‍ ഒരു കലാകായിക വിഭാഗത്തിന്‌ രൂപം കൊടുത്തിട്ടുണ്ട്‌.തിരുനെല്ലൂരിലെ നല്ലൊരു ശാതമാനം യുവാക്കളെ കര്‍മ്മ സജ്ജരാക്കാനുള്ള ക്രിയാത്മകമായ ഉദ്യമമായി ഈ ചുവടുവെപ്പ്‌ വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.ചുരുങ്ങിയ കാലം കൊണ്ട്‌ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ പ്രസിദ്ധമായ ഒരു കായിക വിഭാഗമായി വളരാന്‍ മുഹമ്മദന്‍‌സ്‌ ഖത്തറിന്‌ സാധിച്ചിട്ടുണ്ട്‌.

താജുദ്ദീന്‍ എന്‍.വിയുടെ നേതൃത്വത്തില്‍ ഹനീഫ,മുസ്‌തഫ എം.എം,നിസാം നസീര്‍,സൈനുദ്ദീന്‍ ഖുറൈഷി,മുജീബ് കെ.എസ്,വാസിം അക്രം, അബ്ബാസ്,അന്‍‌ശദ്,കബീര്‍ ആര്‍.വി,ഇസ്‌മാഈല്‍ ബാവ,ഹുസ്സൈന്‍,യ‌അ്‌കൂബ് എന്നിവരാണ്‌ മുഹമ്മദന്‍‌‌സ് തിരുനെല്ലൂരിനെ നയിക്കുന്നത്. 

സലീം നാലകത്തിന്റെ നേതൃത്വത്തില്‍  ഷൈദാജ്‌ മൂക്കലെ (ടീം മാനേജര്‍ ) റഷീദ്‌ ഖുറൈഷി (ജനറല്‍ സെക്രട്ടറി)ഷറഫു സെ്‌യ്‌തു മുഹമ്മദ് (അസി.സെക്രട്ടറി),റഹ്‌മാന്‍ സഗീര്‍ (അസി.സെക്രട്ടറി‌) ഷഹീര്‍ അഹമ്മദ്‌ (ട്രഷറര്‍ ) ഹാരിസ്‌ അബ്ബാസ്‌(കോഡിനേറ്റര്‍) ഫാസില്‍ അഹമ്മദ്‌ (ടീം കോച്ച്‌) ഷിഹാബ്‌ കുഞ്ഞു മോന്‍ (ടീം ക്യാപ്‌റ്റന്‍) തൗഫീഖ്‌ താജുദ്ധീന്‍ (വൈസ്‌ ക്യാപ്‌റ്റന്‍)  എന്നിവരാണ്‌ മുഹമ്മദന്‍‌സ് ഖത്തറിന്റെ പ്രവര്‍‌ത്തക സമിതി.


തിരുനെല്ലൂര്‍ മഹല്ലില്‍ നിന്നും പ്രവാസികളായി ഖത്തറിലെത്തിയവരുടെ കലാ കായിക കൂട്ടായ്‌മയാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തര്‍.വിശാല തിരുനെല്ലൂര്‍ മഹല്ലിനെ പ്രതിനിധീകരിച്ച്‌ ഖത്തറില്‍ പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ സഹകാരികളും സഹചാരികളുമാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ സജീവാം‌ഗങ്ങള്‍.

===========

സ്‌പോര്‍‌ട്ട്‌സ്‌ ഡസ്‌ക്‌

മഞ്ഞിയില്‍  

 

2021 നവം‌ബര്‍ 14 നാണ്‌ തിരുനെല്ലൂര്‍ സെന്ററിലേക്ക് മുഹമ്മദന്‍‌സിന്റെ ആസ്ഥാനം മാറ്റിപ്പണിതത്.

 




 

Tuesday 30 January 2024

എന്‍.കെ മുഹമ്മദാലി നിര്യാതനായി

തിരുനെല്ലൂര്‍: എന്‍.കെ മുഹമ്മദാലി സാഹിബ് (മുറാദ്) നിര്യാതനായി.ദീര്‍‌ഘ കാലമായി രോഗശയ്യയിലായിരുന്നു. മഹല്ലിന്റെ നേതൃനിരയില്‍ പലഘട്ടങ്ങളിലും അദ്ദേഹം സേവനം ചെയ്‌തിട്ടുണ്ട്. മുഹമ്മദാലി സാഹിബിന്റെ നേതൃത്വത്തില്‍ സമിതി നിലവിലുള്ളപ്പോഴാണ്‌ കിഴക്കേകര ത്വാഹാ മസ്‌ജിദിന്റെ പുനര്‍ നിര്‍‌മ്മാണാനന്തരമുള്ള ഉദ്‌ഘാടനം നടന്നത്.പള്ളിയുടെ പുനര്‍‌ നിര്‍‌മ്മാണ ഘട്ടത്തില്‍ ആദ്യാന്തമുള്ള എന്‍.കെ യുടെ സേവനം ഏറെ പ്രകീര്‍‌ത്തിക്കപ്പെട്ടിരുന്നു.2013ല്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങളായിരുന്നു ത്വാഹാ മസ്‌ജിദിന്റെ ഉദ്‌ഘാടനം നിര്‍‌വഹിച്ചത്.പെരിങ്ങാട് ഏറെ പഴക്കമുള്ള മഞ്ഞിയില്‍ പള്ളി തഖ്‌വ മസ്‌ജിദ് എന്ന് പുനര്‍ നാമകരണം നടന്നതും ഇതേ അവസരത്തില്‍ തന്നെയായിരുന്നു.

മഹല്ലിന്റെ ഔദ്യോഗികമായ ഉത്തരവാദിത്തം ഉണ്ടായാലും ഇല്ലെങ്കിലും മഹല്ലിന്റെ സകല കാര്യങ്ങളിലും മുഹമ്മദാലി സാഹിബിന്റെ താല്‍‌പര്യവും സേവന നിരതയും എന്നും ഓര്‍‌മ്മിക്കപ്പെടും.നാടിന്റെയും നാട്ടുകാരുടെയും പൊതു നന്മയുള്ള എന്തിലും അദ്ദേഹത്തിന്റെ സഹകരണവും സാന്നിധ്യവും സ്‌മരണീയമാണ്‌.

Saturday 27 January 2024

ആര്‍.ഒ.കെ വിടവാങ്ങി

തിരുനെല്ലൂര്‍:ഊരോത്ത് കുഞ്ഞു ബാവു ഹാജി വിടവാങ്ങി.ആര്‍.ഒ.കെ എന്ന ചുരുക്കപ്പേരിലാണ്‌ മുന്‍ ഖത്തര്‍ പ്രവാസിയായിരുന്ന ഹാജി അറിയപ്പെട്ടിരുന്നത്. പാലുവായിയാണ്‌ ജന്മസ്ഥലമെങ്കിലും പെരിങ്ങാടുമായുള്ള അദ്ദേഹത്തിന്റെ ഇഴയടുപ്പം സുവിദിതമാണ്‌. ഹാജിയുടെ കുടുംബിനി പെരിങ്ങാട്ടുകാരിയാണ്‌ എന്നതിനപ്പുറം,ശക്തമായ കുടും‌ബ വേരുകള്‍ പെരിങ്ങാടുമായി ഉണ്ട്.

പ്രവാസം മതിയാക്കി തിരിച്ചെത്തിയ അദ്ദേഹം സ്ഥിരതാമസത്തിന്‌ പെരിങ്ങാട് തെരഞ്ഞെടുക്കുവോളം മാനസിക അടുപ്പം പരിപാലിച്ചു പോന്നിരുന്നു.നാടിനോടുള്ള അദ്ദേഹത്തിന്റെ താല്‍‌പര്യത്തെ മാനിച്ചു കൊണ്ടാകാം മഹല്ലിന്റെ സാരഥ്യത്തിലേക്ക് തെരഞ്ഞെടുക്കാനുണ്ടായതിന്റെ കാരണം.

ഹാജി മഹല്ലിന്റെ പ്രസിഡന്റായിരിക്കെ ക്രിയാത്മകമായ പല ചുവടുവയ്‌പുകള്‍‌ക്കും നേതൃത്വം നല്‍‌കിയിരുന്നു.പള്ളിപ്പറമ്പിന്റെ അതിരുകള്‍ കൃത്യമാക്കി അടയാളപ്പെടുത്തിയതും പള്ളിയിലേക്കുള്ള വഴി വികസിപ്പിച്ചതും ചിരപുരാതനമായ പള്ളിക്കുളം കെട്ടിയൊതുക്കിയതുമൊക്കെ അഭിനന്ദനീയമായ ഇടപെടലുകളായി എന്നും ഓര്‍‌മ്മിക്കപ്പെടും.

നാടിന്റെയും നാട്ടുകാരുടേയും പൊതുവെ വ്യവഹരിക്കപ്പെടുന്ന എല്ലാ കാര്യങ്ങളിലും നിര്‍‌വഹിച്ച സ്‌തുത്യര്‍‌ഹമായ സേവന പാരമ്പര്യം എന്നും സ്‌മരിക്കപ്പെടും.

Friday 10 November 2023

വിജയത്തിളക്കത്തില്‍ ഹില്‍‌മ

തിരുനെല്ലൂർ:ഹിൽമ സുബൈർ തമിൾനാട് അഗ്രികള്‍‌ചറല്‍ യൂണിവേഴ്‌സിറ്റി (കോയമ്പത്തൂർ) യിൽ നിന്ന് എം.എസ്.സി അഗ്രികള്‍‌ചറല്‍ വിഭാഗത്തിൽ ഉന്നത നിലവാരത്തിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കി.കിഴക്കേപുര അബൂബക്കർ മാസ്റ്ററുടെ പേര മകൾ ആണ് ഹിൽമ സുബൈർ.2017 ലെ നീറ്റ് എൻട്രൻസ് പരീക്ഷയിലൂടെ 2116 റാങ്കിൽ ഉൾപ്പെട്ടതിന് ശേഷം അഗ്രിക്കൾചർ കോഴ്‌സ് തിരഞ്ഞെടുക്കുകയായിരുന്നു.

കേരള അഗ്രികൾചർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്.സി അഗ്രികൾചർ ഹോർണെഴ്‌സ് ഡിഗ്രി കരസ്ഥമാക്കിയ ശേഷം ഉപരി പഠനത്തിനായി തമിഴ്‌നാട് അഗ്രികള്‍‌ചറല്‍ യൂണിവേഴ്‌സിറ്റിയിൽ ഐ.സി.എ.ആര്‍ പി.ജി എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം നേടുകയായിരുന്നു.

ഹില്‍‌മയുടെ ആഗ്രഹപ്രകാരം MSc Agri Statistics (Data Science ) പഠനം പൂർത്തിയാക്കി 88.40% മാർക്കോടെ മാസ്റ്റർ ബിരുദം കരസ്ഥമാക്കി.

ഉന്നത വിദ്യാഭ്യാസ രം‌ഗത്തെ മികവ് നേടിയ ഹില്‍‌മ സുബൈറിനെ നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക വേദി,ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക സാം‌സ്‌കാരിക കുട്ടായ്‌മകള്‍ അഭിനന്ദിച്ചു.

സാന്ത്വന സേവന സരണിയില്‍

ദോഹ:സാന്ത്വന സേവന പാതയില്‍ പുതിയ തുടക്കം കുറിച്ച ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സംഗമം ധന്യമായി.ഖ്യുമാറ്റ് പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ഏഷ്യന്‍ റസ്റ്റോറന്റില്‍ വിളിച്ചു ചേര്‍‌ത്ത യോഗത്തില്‍ മഹല്ല്‌ കൂട്ടായ്‌മയുടെ പഴയകാല ചരിത്രങ്ങളും പൂര്‍‌വ്വികരുടെ സം‌ഭാവനകളും അനുസ്‌മരിക്കപ്പെട്ടു.ഖ്യുമാറ്റ് പ്രാരം‌ഭകാല സാരഥികളില്‍ പ്രമുഖനായ ഹാജി അബ്‌‌ദുറഹിമാന്‍ സാഹിബിന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍‌ത്ത യോഗം അം‌ഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായിരുന്നു.

പ്രവാസത്തോളം പഴക്കമുള്ള സം‌വിധാനമാണ്‌ പ്രവാസി തിരുനെല്ലൂര്‍ കൂട്ടായ്‌മ.പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് പടുത്തുയര്‍‌ത്തിയ പ്രവാസി സം‌ഘത്തിന്റെ ദീര്‍‌ഘകാല പ്രവര്‍‌ത്തനങ്ങളും ഘട്ടം ഘട്ടമായുണ്ടായ കുതിപ്പും കിതപ്പും വളര്‍‌ച്ചയും വികസനവും വിലയിരുത്തപ്പെട്ടു.തുടര്‍‌ന്ന്‌ ഹാജിയുടെ ബഹുമാനാര്‍‌ഥം ഖ്യുമാറ്റ് മൊമെന്റൊ നല്‍‌കി ആദരിച്ചു.

മധേഷ്യയിലെ പുതിയ സാഹചര്യത്തിലെ സം‌ഭവ വികാസങ്ങള്‍ ഓര്‍‌മ്മിപ്പിച്ചു കൊണ്ടും യുദ്ധക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്ന ഫലസ്‌തീന്‍ ജനതക്ക് വേണ്ടി പ്രാര്‍‌ഥിച്ചു കൊണ്ടുമായിരുന്നു അജണ്ടയിലെ ഇതര പരിപാടികളിലേക്ക്‌ കടന്നത്.ഖ്യുമാറ്റ് സാന്ത്വനം ചെയര്‍‌മാന്‍ യൂസുഫ് ഹമീദ്,മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍,പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളായ കെ.ജി റഷാദ്,ആരിഫ് ഖാസ്സിം തുടങ്ങിയവര്‍  ആശം‌സകള്‍ നേര്‍‌ന്നു.

ഹാജി അബ്‌ദു‌റഹിമാന്‍ സാഹിബ് മറുപടി പ്രസം‌ഗം നടത്തി.പൂര്‍‌വ്വികരുടെ സങ്കല്‍‌പങ്ങളെ കെടാതെ സൂക്ഷിക്കുന്ന പുതിയ തലമുറയുടെ കര്‍‌മ്മ നൈരന്തര്യത്തെ അദ്ദേഹം പ്രശം‌സിച്ചു.സാന്ത്വന സേവന രം‌ഗത്ത് ഒരു പടി കൂടെ മുന്നിടാനും അദ്ദേഹം അഭ്യര്‍‌ഥിച്ചു.അഥവാ  പ്രദേശത്ത് ഒരു പാലിയേറ്റീവ് ക്ലിനിക് ഒപ്പം ആം‌ബുലന്‍‌സ് സേവനവും ഈ കൂട്ടായ്‌മയുടെ അജണ്ടയിലുണ്ടായിരിക്കണമെന്ന്‌ അടിവരയിട്ടുകൊണ്ടായിരുന്നു വാക്കുകള്‍ ഉപസം‌ഹരിച്ചത്.നമ്മുടെ ചിരകാലാഭിലാഷം സഫലമാക്കാനാകും എന്ന്‌ അധ്യക്ഷന്‍ ഷറഫു ഹമീദ് പ്രത്യാശ പ്രകടിപ്പിച്ചു.പ്രസ്‌തുത പദ്ധതിയുടെ തുടര്‍ ചലനങ്ങള്‍ ഹാജിയുടെ നേതൃത്വത്തിലായിരിക്കുമെന്നും അധ്യക്ഷന്‍ സദസ്സില്‍ അറിയിച്ചു.ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് സ്വാഗതവും ജോ.സെക്രട്ടറി ഫൈസല്‍ അബ്‌ദുല്‍ കരീം നന്ദിയും പ്രകാശിപ്പിച്ചു.



Saturday 19 August 2023

നന്മക്ക് പുതിയ സമിതി

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിക്ക് പുതിയ നേതൃത്വവും പ്രവര്‍‌ത്തക സമിതിയും നിലവില്‍ വന്നു.

കെ.വി ഹുസൈന്‍ ഹാജിയുടെ വസതിയില്‍ ആര്‍.കെ ഹമീദ്‌ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍‌ന്ന പ്രത്യേക യോഗത്തില്‍ വെച്ചായിരുന്നു പുതിയ പ്രവര്‍‌ത്തക സമിതിയുമായി ബന്ധപ്പെട്ട വിശദാം‌ശങ്ങള്‍  പ്രഖ്യാപിക്കപ്പെട്ടത്.

റഹ്‌‌മാന്‍ പി.തിരുനെല്ലൂർ വീണ്ടും നന്മ തിരുനെല്ലൂര്‍ സാം‌സ്‌‌ക്കാരിക സമിതിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.ജനറല്‍ സെക്രട്ടറിയായി പി.എം ഷം‌സുദ്ദീനും ട്രഷറര്‍ സ്ഥാനത്ത് ഇസ്‌‌മാഈല്‍ ബാവയും തുടരും.

വൈസ് പ്രസിഡണ്ടുമാരായി ഹമീദ് കുട്ടി ആർ.കെ,അബ്‌‌ദുല്‍ ജലീൽ വി.എസ്, അബൂ ഹനീഫ തട്ടുപറമ്പിൽ,സെക്രട്ടറിമാരായി ഷിഹാബ് എം.ഐ,റഷീദ് മതിലകത്ത്,ആസിഫ്‌ പാലപ്പറമ്പില്‍,ഹാരിസ് ആർ.കെ എന്നിവരേയും തെരഞ്ഞെടുത്തു.

മീഡിയ സെക്രട്ടറിയായി അബ്‌‌ദുല്‍ അസീസ് മഞ്ഞിയിലും കോ- ഓർഡിനേറ്റർ‌മാരായി സുബൈർ പി.എം,ഹനീഫ കെ.എം എന്നിവരും നിയുക്തരായി.

ഉസ്‌‌മാന്‍ കടയിൽ,നാസർ വി.എസ്,നസീർ മുഹമ്മദ്, ഹംസക്കുട്ടി ആർ.വി തുടങ്ങിയവരാണ്‌ പുതിയ സമിതിയിലെ ക്യാബിനറ്റ് അം‌ഗങ്ങള്‍.

ഹാജി ഹുസൈൻ കെ.വി,ബഷീർ വി.എം,മുസ്‌‌തഫ ആർ.കെ എന്നിവര്‍ നന്മ തിരുനെല്ലൂര്‍ സാം‌സ്‌‌ക്കാരിക സമിതിയുടെ രക്ഷാധികാരികളായിരിക്കും. 

Sunday 13 August 2023

മെറിറ്റ്‌ഡെ സം‌ഗമം ധന്യമായി

തിരുനെല്ലൂര്‍:വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും അത് സമൂഹത്തില്‍ സൃ‌ഷ്‌ടിക്കുന്ന മാറ്റങ്ങളേയും ചരിത്രപരമായ നേട്ടങ്ങളേയും അടിവരയിട്ട് നന്മതിരുനെല്ലൂര്‍ മെറിറ്റ്ഡെ സം‌ഗമം ധന്യമായി. 

നന്മ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച മെറിറ്റ്ഡെ 2023,ആഗസ്റ്റ് 13 ന്‌  വൈകീട്ട് എ.എം.എല്‍.പി സ്‌‌ക്കൂളില്‍ വെച്ച് നടന്നു.നന്മതിരുനെല്ലൂര്‍ സാം‌സ്‌‌ക്കാരിക സമിതി പ്രസിഡണ്ട് റഹ്‌‌മാന്‍ തിരുനെല്ലുരിന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന ചടങ്ങ്‌ സാമൂഹ്യ പ്രവർത്തകയും പ്രഭാഷകയുമായ ഡോ.സോയ ജോസഫ്  ഉദ്‌‌ഘാടനം ചെയ്‌തു.

2022 - 23 അധ്യയന വര്‍‌ഷത്തില്‍ വിവിധ ശ്രേണികളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച പ്രതിഭകള്‍‌ക്ക്‌ പുരസ്‌‌ക്കാരങ്ങള്‍ നല്‍‌കി.സാന്ത്വന സേവന കര്‍‌മ്മ പാതയില്‍ വ്യക്തിമുദ്രപതിപ്പിച്ച ഹാജി മുഹമ്മദ് മോന്‍ കെ.വിയെ ഈ വിശേഷാല്‍ ചടങ്ങില്‍ നന്മ തിരുനെല്ലൂര്‍ രക്ഷാധികാരി ആര്‍.കെ ഹമീദ് കുട്ടി സാഹിബ്  ഷാള്‍ അണിയിച്ചു ആദരിച്ചു.ഹാജിയുടെ കര്‍‌മ്മ സരണികളിലെ പ്രസക്തമായ ഭാഗം മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍ ശബ്‌‌ദലേഖനത്തിലൂടെ അവതരിപ്പിച്ചു.

നന്മ തിരുനെല്ലൂര്‍ സാം‌സ്‌‌ക്കാരിക സമിതി  സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം സ്വാഗതമാശം‌സിച്ചു.എ.എം.എല്‍.പി സ്‌‌ക്കൂള്‍ഹെഡ്‌‌മിസ്റ്റ്രസ് ആനിപോള്‍, സുബൈര്‍ പി.എം,സെയ്‌തു എം.ബി,മുഹമ്മദലി തച്ചമ്പാറ തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു സം‌സാരിച്ചു.നന്മയുടെ നേതൃനിരയിലുള്ള ഇസ്‌‌മാഈല്‍ ബാവ,റഷീദ് മതിലകത്ത്,ഉസ്‌‌മാന്‍ കടയില്‍,ഹനീഫ കെ.എം, നൗഷാദ് പി.ഐ,നാസര്‍ വി.എസ്,ഷിയാസ് അബൂബക്കര്‍ തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.സെക്രട്ടറി ഹാരിസ് ആര്‍.കെ നന്ദി പ്രകാശിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി.എം ഷം‌സുദ്ദീന്‍  പരിപാടികള്‍ നിയന്ത്രിച്ചു.

--------

ഉന്നത വിദ്യാഭ്യാസത്തില്‍ മികവ്‌ പുലര്‍‌ത്തിയ പ്രദേശത്തെ പ്രതിഭകളായ ഡോ.ടിജൊ തോമസ്,നീറ്റ് പരീക്ഷയില്‍ ഉയര്‍‌ന്ന റാങ്ക് നേടിയ അഞ്ചും സിതാര ജമാൽ, ആയിഷ നസ്‌റിൻ,എം.എസ്.സി മൈക്രൊ ബയോളജിയില്‍ ഉയര്‍‌ന്ന റാങ്ക് നേടിയ ഷഹമ ആര്‍.എം തുടങ്ങിയവരെ നന്മ തിരുനെല്ലൂര്‍ സാം‌സ്‌‌ക്കാരിക സമിതി ആദരിച്ചു.

കൂടാതെ ഡിഗ്രി പഠനത്തില്‍ മികവ് പുലര്‍‌ത്തിയ സഹല അബ്ബാസ്, റഹ്‌‌മത്തുന്നിസ,റമീസ നസ്‌റിന്‍, ഹനീഷ ഖമറുദ്ധീൻ,ഫഹ്‌‌മ ഫൈസല്‍,വിപിന്‍ ടി.സി,ശദീദ കലാം,ഹുസ്‌‌ന വി.എ തുടങ്ങിയവര്‍‌ക്ക്‌ ബാല പ്രതിഭ അബ്‌സ്വാറിന്റെ സ്‌‌മരണാര്‍‌ഥമുള്ള അവാര്‍‌ഡ് സമ്മാനിച്ചു.

പ്ലസ് ടുവില്‍ മികച്ച വിജയം കൈവരിച്ച അലീന റഷീദ്,ഷഹന ഹം‌സ,ഇഫ്‌‌താഹ് ഇസ്‌‌മാഈല്‍,ഹിബ മില്ലത്ത് ഹരീസ്,മുഹമ്മദ് ഫാഇസ് വി.എ,നിഹാല്‍ ഹുസൈന്‍,നഹല അബ്ബാസ്, നഹല നാസർ,ഹന്ന ഫൈസല്‍,മര്‍‌വ ഖമറുദ്ദീന്‍,കിരണ്‍ ആര്‍ വിഭാസന്‍,മുഹമ്മദ് ഷാഫി,ഷിനാദ്,മുഹമ്മദ് സിനാന്‍,മിസ്‌‌റിന്‍ പി.എ എന്നിവര്‍‌ക്കും അവാര്‍‌ഡ് നല്‍‌കി.

പത്താം തരത്തില്‍ വിജയശ്രീലാളിതരായ ഫാത്വിമ റിസ്‌വാന,ദില്‍‌ന വി.എസ്,മുഹമ്മദ് നിഹാല്‍ ഷിയാസ്,തമന്ന അഷ്‌‌റഫ്,മുഹമ്മദ് സാലിഹ്,മുഹമ്മദ് ഷാഹിര്‍,നജ ഷഹബാനത്ത്,ഫാത്വിമ ഹന,മുഹമ്മദ് തമീം,മുഹ്‌‌സിന്‍ വി.ആര്‍,മിന്ന മറിയം, ഉമർ ഫാരിസ്,ശിവ ശങ്കര്‍ പി.ജെ,ദേവാനന്ദ എം.ബി,മുബശ്ശിറ,ഷം‌സുദ്ദീന്‍,മുഹമ്മദ് സഫ്‌‌വാന്‍ എന്‍.കെ,ഐഷ നസ്‌‌വ എന്നിവരാണ്‌ നന്മ തിരുനെല്ലൂരിന്റെ സ്നേഹോപഹാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍.

മദ്രസ്സാ പഠനത്തിലെ പൊതു പരീക്ഷയില്‍ മികച്ച പ്രതിഭകളായ ഫാത്വിമ റിസ്‌‌വാന ഷിഹാബ്, ആയിഷ ഖമറുദ്ദീന്‍ (നൂറുല്‍ ഹിദായ പത്താംതരം), സഫ്‌‌വാന്‍ (മുള്ളന്തറ),ആയിശ റഹ്‌‌ഫ ഷിഹാബ്,മന്‍‌ഹ ഫാത്വിമ റഷീദ് (നൂറുല്‍ ഹിദായ ഏഴാംതരം), അബ്‌‌ദുന്നാഫി,മുഹമ്മദ് റിഹാന്‍ (ഫുര്‍‌ഖാന്‍ മദ്രസ്സ),മിസ്‌‌ന ഫാത്തിമ,റിന്‍‌സില അസ്‌‌ഹര്‍ (മുള്ളന്തറ),ഹല അഫ്‌സല്‍, സഹറ ഷിഹാബ് (നൂറുല്‍ ഹിദായ അഞ്ചാംതരം), മുഹമ്മദ് പി,മുഹമ്മ്ദ് പി.എന്‍ (ഫുര്‍‌ഖാന്‍ അഞ്ചാംതരം),സയാന്‍ കെ.എ,ആയിഷ ഹയ,ഐഷ ഫര്‍‌ഹ (മുള്ളന്തറ) എന്നീ പ്രതിഭകള്‍‌ക്ക് മുഹമ്മദ് അനീസിന്റെ സ്‌‌മരണാര്‍‌ഥമുള്ള അവാര്‍‌ഡ് നല്‍‌കി ആദരിച്ചു.

========











Thursday 10 August 2023

ഹാജി മുഹമ്മദ് മോന്‍ കെ.വി.

അതിരുകളില്ലാത്ത ഗ്രാമീണ   നന്മയുടെ പ്രസാരണവും പ്രചാരണവും തിരുനെല്ലൂര്‍ എന്ന നന്മ ഗ്രാമത്തിന്റെ പൈതൃകമാണ്‌. പൂര്‍‌വ്വികരില്‍ നിന്നുള്ള ഈ പരമ്പരാഗത പൈതൃകം ഏറ്റെടുക്കാന്‍ നിയുക്തരായവരായിരിക്കണം നന്മ തിരുനെല്ലൂര്‍ എന്ന കൊച്ചു സം‌ഘം.അതിനാല്‍ തന്നെ സാന്ത്വന സേവന സന്നദ്ധ പ്രവര്‍‌ത്തനങ്ങളില്‍ നൈരന്തര്യം കാത്തു സൂക്ഷിക്കുന്നവരെ അം‌ഗീകരിക്കലും ആദരിക്കലും നന്മ തിരുനെല്ലൂര്‍ സാം‌സ്‌‌ക്കാരിക സമിതിയുടെ ബാധ്യതയാണെന്നു മനസ്സിലാക്കുന്നു.

ഒരു പ്രദേശത്തിന്റെ മത സാമൂഹിക സാം‌സ്‌ക്കരിക ഭൂമികയെ യഥാവിധി ദീര്‍‌ഘവീക്ഷണത്തോടെ മെരുക്കിയെടുക്കുന്നതിലും ഒരുക്കിയെടുക്കുന്നതിലും മുന്‍പന്തിയില്‍ നിന്ന വ്യക്തിത്വമാണ്‌ ഹാജി മുഹമ്മദ് മോന്‍ കെ.വി.വളരെ ചെറുപ്രായം മുതൽക്കേ ബോംബെയിൽ ഉള്ളകാലഘട്ടം മുതൽ, സാമൂഹിക സേവന രം‌ഗത്ത് പ്രവര്‍‌ത്തന നിരതനായ വ്യക്തിയാണ്‌. 

എഴുപതുകള്‍ക്ക്‌ ശേഷം പെരിങ്ങാട്‌ വികസിക്കാന്‍ തുടങ്ങി എന്നു പറയാം.വികസനം എന്നതു കൊണ്ടുദ്ധേശിച്ചത് ഭൗതിക സാഹചര്യങ്ങളുടെ വളര്‍‌ച്ച എന്ന അര്‍‌ഥത്തില്‍ മാത്രമല്ല വീടുകളുടെ വര്‍‌ദ്ധനയും നമ്മുടെ അതിരുകളുടെ വികസനവും കൂടെയാണ്‌.പുവ്വത്തൂരിന്റെ കിഴക്കു വശം പണ്ടത്തെ കോഴിത്തോടിനോട്‌ ചേര്‍ന്ന അമ്പാട്ടു പറമ്പെന്നറിയപ്പെട്ടിരുന്ന സ്ഥലത്തും പരിസരത്തും നാമമാത്ര വീടുകളേ ഉണ്ടായിരുന്നുള്ളൂ. എമ്പതുകളില്‍ പുവ്വത്തൂര്‍ മുല്ലശ്ശേരി മെയിന്‍ റോഡിന്റെ ഇരു വശങ്ങളിലേയ്‌ക്കും മുള്ളന്തറയിലും പെരിങ്ങാട്ടുകാരുടെ വീടു വെയ്‌ക്കല്‍ ഘട്ടം ഘട്ടമായി അതികരിച്ചു.ഈ സാഹചര്യത്തിലാണ്‌ കൊട്ടിന്റെകായില്‍ മുഹമ്മദു മോന്‍ ഹാജിയുടെ നേതൃത്വത്തില്‍ ഒരു പള്ളിയും മദ്രസ്സയും എന്ന ആശയം മുളപൊട്ടിയത്.പിന്നീട് ക്രമപ്രവൃദ്ധമായി സം‌ഭവിച്ച മാറ്റങ്ങളോരോന്നും വിവരിക്കാതെ തന്നെ സുവ്യക്തമായി നമ്മുടെ മുന്നിലുണ്ട്.

ഇതു പോലെ കൃത്യമായി അറിവുള്ളതും അല്ലാത്തതുമായ ഒട്ടേറെ കര്‍‌മ്മ പദ്ധതികളെ കൊട്ടിഘോഷങ്ങളില്ലാതെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്‌തു കൊണ്ടേയിരിക്കുന്ന ഹാജിയുടെ കര്‍‌മ്മ ജീവിതം ധന്യമാകട്ടെ.






Tuesday 8 August 2023

സ്നേഹോപഹാരങ്ങള്‍‌

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ സം‌ഘടിപ്പിക്കുന്ന മെറിറ്റ്ഡെ 2023,ആഗസ്റ്റ് 13 ന്‌  വൈകീട്ട് എ.എം.എല്‍.പി സ്‌‌ക്കൂളില്‍ വെച്ച് നടക്കും.നന്മതിരുനെല്ലൂര്‍ സാം‌സ്‌‌ക്കാരിക സമിതി പ്രസിഡണ്ട് റഹ്‌‌മാന്‍ തിരുനെല്ലുരിന്റെ അധ്യക്ഷതയില്‍ കൂടുന്ന അനുമോദന ചടങ്ങ്‌ തൃശൂര്‍ ജില്ലാ അസിറ്റന്റ് കളക്‌ടര്‍ കാര്‍‌ത്തിക് പാണിഗ്രഹി ഐ.എ.എസ് ഉദ്‌‌ഘാടനം നിര്‍‌വഹിക്കും.സാമൂഹ്യ പ്രവർത്തകയും പ്രഭാഷകയുമായ ഡോ.സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

2022 - 23 അധ്യയന വര്‍‌ഷത്തില്‍ വിവിധ ശ്രേണികളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച പ്രതിഭകള്‍‌ക്ക്‌ പുരസ്‌‌ക്കാരങ്ങള്‍ നല്‍‌കും.സാന്ത്വന സേവന കര്‍‌മ്മ പാതയില്‍ വ്യക്തിമുദ്രപതിപ്പിച്ച ഹാജി മുഹമ്മദ് മോന്‍ കെ.വിയെ ഈ വിശേഷാല്‍ ചടങ്ങില്‍ ആദരിക്കുമെന്നും നന്മ പത്രകുറിപ്പി അറിയിച്ചു.

നന്മ തിരുനെല്ലൂര്‍ സാം‌സ്‌‌ക്കാരിക സമിതി ജനറല്‍ സെക്രട്ടറി പി.എം ഷം‌സുദ്ദീന്‍ സ്വാഗതമാശം‌സിക്കും.എ.എം.എല്‍.പി സ്‌ക്കൂള്‍ മാനേജര്‍ അബുകാട്ടില്‍,ഹെഡ്‌‌മിസ്റ്റ്രസ് ആനിപോള്‍ തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു സം‌സാരിക്കും.സെക്രട്ടറി ഹാരിസ് ആര്‍.കെ നന്ദി പ്രകാശിപ്പിക്കും.

ഉന്നത വിദ്യാഭ്യാസത്തില്‍ മികവ്‌ പുലര്‍‌ത്തിയ പ്രദേശത്തെ പ്രതിഭകളായ ഡോ.ടിജൊ തോമസ്,നീറ്റ് പരീക്ഷയില്‍ ഉയര്‍‌ന്ന റാങ്ക് നേടിയ അഞ്ചും സിതാര ജമാൽ, ആയിഷ നസ്‌റിൻ,എം.എസ്.സി മൈക്രൊ ബയോളജിയില്‍ ഉയര്‍‌ന്ന റാങ്ക് നേടിയ ഷഹമ ആര്‍.എം തുടങ്ങിയവരെ നന്മ തിരുനെല്ലൂര്‍ സാം‌സ്‌‌ക്കാരിക സമിതി ആദരിക്കും.

കൂടാതെ ഡിഗ്രി പഠനത്തില്‍ മികവ് പുലര്‍‌ത്തിയ സഹല അബ്ബാസ്, റഹ്‌‌മത്തുന്നിസ,റമീസ നസ്‌റിന്‍, ഹനീഷ ഖമറുദ്ധീൻ,ഫഹ്‌‌മ ഫൈസല്‍,വിപിന്‍ ടി.സി,ശദീദ കലാം,ഹുസ്‌‌ന വി.എ തുടങ്ങിയവര്‍‌ക്ക്‌ ബാല പ്രതിഭ അബ്‌സ്വാറിന്റെ സ്‌‌മരണാര്‍‌ഥമുള്ള അവാര്‍‌ഡ് സമ്മാനിക്കും.

പ്ലസ് ടുവില്‍ മികച്ച വിജയം കൈവരിച്ച അലീന റഷീദ്,ഷഹന ഹം‌സ,ഇഫ്‌‌താഹ് ഇസ്‌‌മാഈല്‍,ഹിബ മില്ലത്ത് ഹരീസ്,മുഹമ്മദ് ഫാഇസ് വി.എ,നിഹാല്‍ ഹുസൈന്‍,നഹല അബ്ബാസ്, നഹല നാസർ,ഹന്ന ഫൈസല്‍,മര്‍‌വ ഖമറുദ്ദീന്‍,കിരണ്‍ ആര്‍ വിഭാസന്‍,മുഹമ്മദ് ഷാഫി,ഷിനാദ്,മുഹമ്മദ് സിനാന്‍,മിസ്‌‌റിന്‍ പി.എ എന്നിവര്‍‌ക്കും അവാര്‍‌ഡ് നല്‍‌കും

പത്താം തരത്തില്‍ വിജയശ്രീലാളിതരായ ഫാത്വിമ റിസ്‌വാന,ദില്‍‌ന വി.എസ്,മുഹമ്മദ് നിഹാല്‍ ഷിയാസ്,തമന്ന അഷ്‌‌റഫ്,മുഹമ്മദ് സാലിഹ്,മുഹമ്മദ് ഷാഹിര്‍,നജ ഷഹബാനത്ത്,ഫാത്വിമ ഹന,മുഹമ്മദ് തമീം,മുഹ്‌‌സിന്‍ വി.ആര്‍,മിന്ന മറിയം, ഉമർ ഫാരിസ്,ശിവ ശങ്കര്‍ പി.ജെ,ദേവാനന്ദ എം.ബി,മുബശ്ശിറ,ഷം‌സുദ്ദീന്‍,മുഹമ്മദ് സഫ്‌‌വാന്‍ എന്‍.കെ,ഐഷ നസ്‌‌വ എന്നിവരാണ്‌ നന്മ തിരുനെല്ലൂരിന്റെ സ്നേഹോപഹാരങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍.

മദ്രസ്സാ പഠനത്തിലെ പൊതു പരീക്ഷയില്‍ മികച്ച പ്രതിഭകളായ ഫാത്വിമ റിസ്‌‌വാന ഷിഹാബ്, ആയിഷ ഖമറുദ്ദീന്‍ (നൂറുല്‍ ഹിദായ പത്താംതരം), സഫ്‌‌വാന്‍ (മുള്ളന്തറ),ആയിശ റഹ്‌‌ഫ ഷിഹാബ്,മന്‍‌ഹ ഫാത്വിമ റഷീദ് (നൂറുല്‍ ഹിദായ ഏഴാംതരം), അബ്‌‌ദുന്നാഫി,മുഹമ്മദ് റിഹാന്‍ (ഫുര്‍‌ഖാന്‍ മദ്രസ്സ),മിസ്‌‌ന ഫാത്തിമ,റിന്‍‌സില അസ്‌‌ഹര്‍ (മുള്ളന്തറ),ഹല അഫ്‌സല്‍, സഹറ ഷിഹാബ് (നൂറുല്‍ ഹിദായ അഞ്ചാംതരം), മുഹമ്മദ് പി,മുഹമ്മ്ദ് പി.എന്‍ (ഫുര്‍‌ഖാന്‍ അഞ്ചാംതരം),സയാന്‍ കെ.എ,ആയിഷ ഹയ,ഐഷ ഫര്‍‌ഹ (മുള്ളന്തറ) എന്നീ പ്രതിഭകള്‍‌ക്ക് മുഹമ്മദ് അനീസിന്റെ സ്‌‌മരണാര്‍‌ഥമുള്ള അവാര്‍‌ഡ് നല്‍‌കി ആദരിക്കും.