ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Editor

തൃശൂർ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂർ രായംമരയ്‌ക്കാർ വീട്ടിൽ മഞ്ഞിയിൽ ഖാദർ ,ഐഷ ദമ്പതികളുടെ പത്ത്‌ മക്കളിൽ ആറാമത്തവനായി 1959 ലാണ്‌ ജനനം.

തിരുനെല്ലൂർ പൗര പ്രമുഖനായിരുന്ന രായം മരക്കാർ വീട്ടിൽ മഞ്ഞിയിൽ ബാപ്പുട്ടി സാഹിബിന്റെ മകൻ ഖാദർ മഞ്ഞിയിലാണ്‌ അബ്‌ദുൽ അസീസിന്റെ പിതാവ്‌ .1982 ൽ പിതാവ്‌ ഇഹലോക വാസം വെടിഞ്ഞു.പാരമ്പര്യ ഭിഷഗ്വരന്മാരിൽ പ്രസിദ്ധനായിരുന്ന തൊയക്കാവ്‌ ഏർ‌ച്ചം വീട്ടിൽ അമ്മുണ്ണി വൈദ്യരുടെ മകളാണ്‌ മാതാവ്‌ ഐഷ. 2017 ഒക്‌ടോബര്‍ 5 ന്‌ തൊണ്ണൂറ്റിയൊന്നാമത്തെ വയസ്സില്‍ നിര്യാതയായി. 

1985 ലായിരുന്നു വിവാഹം.1999 അവസാനം വരെ കുടും‌ബം ദോഹയിലുണ്ടായിരുന്നു.അഞ്ച്‌ മക്കളുടെ പിതാവ്‌.ഖത്തറിലെ മാഫ്‌കൊ എന്ന സ്ഥാപനത്തില്‍ ജോലി.മൂത്ത മകന്‍ അബ്‌സ്വാര്‍ പതിമൂന്നാമത്തെ വയസ്സില്‍ പരലോകം പൂകി.രണ്ടാമത്തെ മകന്‍ അന്‍സാര്‍ അന്തര്‍ ദേശീയ ഓണ്‍ലൈന്‍ സ്ഥാപനമായ ആമസോണ്‍ ചെന്നൈ ഓഫീസില്‍ ജോലി ചെയ്യുന്നു. മുന്നാമത്തെ മകള്‍ ഹിബ ഉപരി പഠനത്തിലേയ്‌ക്ക്‌ പ്രവേശിച്ചിരിക്കുന്നു.നാലമത്തെ മകന്‍ ഹമദ്‌ സിവില്‍ സര്‍വീസ്‌ പരിക്ഷക്ക്‌ ഒരുങ്ങുന്നു.താഴെയുള്ള മകള്‍ അമീന പുതുമനശ്ശേരി സര്‍‌സയ്യിദ്‌ ഇം‌ഗ്‌ളീഷ്‌ മീഡിയത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്നു.മക്കളെല്ലാവരും സര്‍ഗസിദ്ധികളാല്‍ അനുഗഹിക്കപ്പെട്ടവരാണ്‌.മുതിര്‍‌ന്ന മക്കള്‍ മൂന്നു പേരും ധാര്‍‌മ്മിക സനാതന മൂല്യങ്ങളിലൂന്നിയ പ്രസ്ഥാന പ്രവര്‍‌ത്തനങ്ങളുടെ ജില്ലാ പ്രാദേശിക ഉപ ഘടകങ്ങളില്‍ നേതൃസ്ഥാനം വഹിക്കുന്നു.

2000 മുതല്‍ മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിനു തൊട്ടാണ്‌ താമസം.വിശാല മഹല്ലിനും പ്രദേശത്തിനും വേണ്ടി സാധ്യമാകുന്ന സേവനങ്ങളില്‍ സഹകരിച്ചു വരുന്നു.2010 മുതല്‍ അധികവും നാട്ടിലാണ്‌.കമ്പനി ആവശ്യപ്പെടുമ്പോള്‍ മാത്രം ദോഹയിലുണ്ടാകാറുള്ളൂ.ഇസ്‌ലാം ഓണ്‍‌ലൈവിലും തൂലികയിലും സോഷ്യല്‍ മീഡിയകളിലും സജീവം. 

1966 മുതൽ 69 വരെ തിരുനെല്ലൂർ എ.എം.എൽ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. സെന്റ്‌ ആന്റണീസ്‌ പുവ്വത്തൂരിൽ അപ്പർ പ്രൈമറിയും,ഹൈസ്‌കൂൾ പഠനം 1974 - 76 കളിൽ വന്മേനാട്‌ എം.എ. എസ്.എം കലാലയത്തിലുമാണ്‌ അഭ്യസിച്ചത്‌.

1973 ൽ ഏഴാം തരം വരെയുള്ള മദ്രസാ പഠനത്തിനു വിരാമമിട്ടു.പിന്നീട്‌ ഏകദേശം ഒരു വർ‌ഷം കുടും‌ബ പേരിൽ അറിയപ്പെടുന്ന മഞ്ഞിയിൽ പള്ളിയിൽ പെരിഞ്ഞനം സുലൈമാൻ മുസ്‌ല്യാരുടെ ശിക്ഷണത്തിൽ ദർ‌സിൽ ചേർ‌ന്നു.ഇടക്ക്‌ വെച്ച്‌ പഠനം നിന്നു.വീണ്ടും 76/77 കളിൽ വന്മേനാട്‌ അബൂബക്കർ മുസ്‌ല്യാരുടെ ശിക്ഷണത്തിൽ പഠനം പുരോഗമിച്ചു.ഏകദേശം രണ്ട്‌ വർ‌ഷത്തിലധികം.ഇത്രയുമാണ്‌ മത പഠന രം‌ഗത്തെ പഴയ കാല ചരിത്രം.

1977 ൽ തിരുനെല്ലൂരിലേയും സമീപ പ്രദേശത്തേയും കലാകാരന്മാർ ഒരുക്കിയ ശാസ്‌ത്രീയ സംഗീത പ്രാധാന്യമുള്ള നാടകത്തിന്‌ ഗാനങ്ങളെഴുതാനുള്ള അവസരമാണ്‌ കലാ സാഹിത്യ രംഗത്തേയ്‌ക്കുള്ള കടന്നു വരവിന്റെ പ്രാരംഭം.രാഗം പുവ്വത്തൂരിലെ വേലായുധന്‍ വേപ്പുള്ളി ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്‌. സംഗീത സംവിധാന മേഖലയിൽ പ്രസിദ്ധനായ മോഹൻ സിത്താരയെപ്പോലെയുള്ള കലാകാരന്മരുടെ ആദ്യ കാല സംഗീതക്കളരിയായിരുന്നു രാഗം പുവ്വത്തൂര്‍.ഹൈസ്‌കൂൾ പഠനകാലത്ത് തന്നെ ഒട്ടേറെ രചനകൾ പ്രസിദ്ധ ഗായകൻ കെ.ജി സത്താറിന്റെ ശബ്‌ദത്തിൽ ആകശവാണി പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്.

ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ ശേഷം ബോംബയിൽ കച്ചവടം നടത്തിയിരുന്ന പിതാവിനൊപ്പം ചേർന്നു.ബോംബയിൽ സായാഹ്ന കോളേജിൽ പഠനം തുടര്‍‌ന്നു.

1980 ഫിബ്രുവരി 15 നായിരുന്നു പ്രവാസത്തിന്റെ പ്രാരം‌ഭം.എന്നാൽ കമ്പനി രൂപീകരണവും മറ്റും നടന്നത്‌ രണ്ട്‌ വർ‌ഷങ്ങൾ‌ക്ക് ശേഷമായിരുന്നു.അതുവരെയുള്ള കാലം ഉടമയുടെ റുവൈസിലുള്ള അതിഥി മന്ദിരത്തിൽ കഴിയാനായിരുന്നു നിയോഗം.ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിൽ നിന്നും നൂറിലേറെ കിലോമീറ്റർ ദൂരത്താണ്‌ റുവൈസ്‌ സ്ഥിതിചെയ്യുന്നത്.ഏകദേശം ബഹറൈനുമായി അഭിമുഖം നിൽ‌ക്കുന്ന പഴയ കാല ജനവാസ കേന്ദ്രങ്ങളിലൊന്നാണ്‌ റുവൈസ്.ഇവിടെ നിന്നും മൂന്നു കിലോമീറ്റർ കിഴക്കു ഭാഗത്ത്‌ കടലോരത്താണ്‌ പ്രസ്‌തുത അതിഥി മന്ദിരം.

1982 മാഫ്കോ എന്ന കമ്പനിയുടെ സെക്രട്ടറി തസ്ഥികയിലായിരുന്നു തുടക്കം.തുടർ‌ന്ന്‌ മാഫ്‌കോ എന്ന കമ്പനിയുടെ തന്നെ ഉപ ഘടകമായ അറബികൾ‌ക്കിടയിൽ ഏറെ പ്രസിദ്ധമായ തമീമ ട്രേഡിങിലും പിന്നീട്‌ ഈ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലും പ്രവർ‌ത്തിക്കാൻ അവസരം ലഭിച്ചിരുന്നു.സജീവ ബ്ളോഗ് എഴുത്തുകാരനും കേരളത്തിലെ പ്രസിദ്ധമായ ഡി 4 മീഡിയയുടെ ഇസ്‌ലാം ഓൺ‌ലൈവ്‌ എന്ന ഇന്റർനെറ്റ്‌ പോർട്ടലിൽ കോളമിസ്റ്റുമാണ്‌. 

1990 കളില്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി ഉദയം പഠനവേദിയ്‌ക്ക്‌ രൂപം കൊടുക്കുന്നതില്‍ പ്രദേശത്തെ സഹൃദയരോടൊപ്പം ഉണ്ടായിരുന്നു. നന്മയുടെ പ്രബോധകരില്‍ നിന്നും പ്രസാരകരില്‍ നിന്നും ഊര്‍ജവും ആര്‍ജവവും നേടിയെടുത്ത ഒരു കൊച്ചു സംഘമാണ് ഇതിന്റെ ബീജാവാപം നടത്തിയത്.

മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1993-ൽ പ്രതീക്ഷ തൃശ്ശൂർ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരൻ അഡ്വ:ഖാലിദ് അറയ്ക്കൽ എഴുതി അവതരിപ്പിച്ച നാടകങ്ങൾക്ക് വേണ്ടി ഗാനരചന നിർ‌വഹിച്ചിട്ടുണ്ട്‌.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുൾ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.

1980 കളിൽ ബോംബെയിൽ നിന്നിറങ്ങിയിരുന്ന ഗൾഫ് മലയാളിയിൽ നിന്നു തുടങ്ങി നിരവധി ഓൺലൈൻ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.1999 അവസാനത്തിൽ മധ്യേഷ്യയിൽ നിന്നുള്ള ആദ്യത്തെ ദ്വിഭാഷ വെബ്‌സൈറ്റ് (മലയാളം ഇംഗ്‌ളീഷ്‌)ലോഞ്ച് ചെയ്‌തുകൊണ്ടായിരുന്നു ഇന്റർനെറ്റ്‌ ലോകത്തേക്കുള്ള പടികയറ്റം.തൂലിക,കവിത,രചന,സാമൂഹികം എന്നീ തലക്കെട്ടുകളിൽ മഞ്ഞിയിൽ എന്ന ബ്ളോഗ്‌ ഓൺലൈൻ ലോകത്ത്‌ പ്രസിദ്ധമാണ്‌.

2003 ൽ കാലിക്കറ്റ്‌ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതിവഴി ഉപരി പഠനം പൂർത്തീകരിച്ചു വരുമ്പോഴായിരുന്നു ദീർഘകാല അവധിയിൽ നാട്ടിൽ കഴിയേണ്ട സാഹചര്യം ഉണ്ടായത്. തന്റെ കഴിവുകൾ കൊണ്ട്‌ സഹൃദയരെ അത്ഭുതപ്പെടുത്തിയ മൂത്ത പുത്രൻ അബ്‌സാർ എന്ന പ്രതിഭയുടെ ആകസ്‌മിക വിയോഗം.

പ്രസംഗം എഴുത്ത് എന്നീ രംഗങ്ങളിൽ അബ്‌സാർ നടത്തിയ മികവ്` സമാനതകളില്ലാത്തവയായിരുന്നു. മഞ്ഞിയിൽ കുടുംബത്തിനപ്പുറം സമൂഹത്തിനൊന്നടങ്കം ഇന്നും വേദനയൂറുന്ന ഓർമ്മയാണ്‌ അബ്‌സാർ.ഈ ബാലപ്രതിഭയുടെ ഓർമ്മകൾ രചനകൾ എന്നിവ പകർത്തിയ ബ്ളോഗ് ഏറെ വായനക്കാരുള്ള ഒന്നാണ്‌.

അബ്‌സാറിന്റെ രചനകള്‍ മണിദീപം എന്ന സമാഹാരം ഐ.പി.എച്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.2003ല്‍ കേരളപ്പിറവി ദിവസം ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നും ബാലചന്ദ്രന്‍ ചുള്ളിക്കാടും ചേര്‍‌ന്നായിരുന്നു പുസ്‌തകത്തിന്റെ പ്രകാശന കര്‍‌മ്മം നിര്‍‌വഹിച്ചത്.

സ്വന്തം ഗ്രാമമായ തിരുനെല്ലൂരിനെ അടുത്തറിയാനുതകുന്ന സൈറ്റും പ്രാദേശിക കൂട്ടായ്‌മയായ ഉദയം പഠനവേദിയുടെ പേജും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഓൺലൈൻ പ്രവർത്തനങ്ങളാണ്‌.പ്രാദേശിക സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിൽ വിശിഷ്യാ ഓൺലൈൻ രംഗത്തെ സംഭാവനകൾ നിരവധിയത്രെ.കൾ‌ച്ചറൽ ഫോറം തൃശൂരിനു വേണ്ടിയുള്ള ബ്ലോഗും ഒരുക്കിയിരിക്കുന്നു. 

വിവിധ തലത്തില്‍ നിന്നുള്ള അം‌ഗീകാരങ്ങള്‍ 1980 കളിലും തൊണ്ണൂറുകളിലും ലഭിച്ചിട്ടുണ്ട്‌.2017 ല്‍ തിരുനെല്ലൂര്‍ ആഗോള പ്രവാസി കൂട്ടായ്‌മയായ ഗ്ലോബല്‍ തിരുനെല്ലുരിന്റെ പ്രത്യേക പുരസ്‌കാരത്തിനും 2018 ല്‍ കലാകായിക സാം‌സ്‌കാരിക കൂട്ടായ്‌മയായ തിരുനെല്ലൂര്‍ മുഹമ്മദന്‍‌സിന്റെ ഖത്തര്‍ മുഖമായ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ സമഗ്ര സം‌ഭാവനക്കുള്ള എക്‌സലന്‍സി അവാര്‍‌ഡിനും അര്‍‌ഹനായിട്ടുണ്ട്‌.

സുബൈറയാണ് ഭാര്യ.അൻസാർ, ഹിബ, ഹമദ്, അമീന,പതിമൂന്നാം വയസ്സിൽ പൊലിഞ്ഞു പോയ ബാലപ്രതിഭ അബ്‌സ്വാർ എന്നിവരാണ് മക്കൾ.

azeezmanjiyil@gmail.com
Twitter
Manjiyil