Sangamam.

Aboo Kattil.

Winners.

Runners up Prize.

Election.

Audience.

Lin up.

ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 12 November 2018

പറമ്പന്‍തളി ഷഷ്‌ഠി മഹോത്സവം

മുല്ലശ്ശേരി: പറമ്പന്‍തളി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്‌ഠി മഹോത്സവം 2018 നവം‌ബര്‍ 12,13 തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ പൂര്‍‌വാധികം ആഘോഷത്തോടെ നടക്കും.വെങ്കിടങ്ങ്, എളവള്ളി, മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളിലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ വരുന്ന കാവടി സംഘങ്ങള്‍ മുല്ലശ്ശേരിയെ വര്‍ണാഭമാക്കും. രാവിലെ പത്ത് മണിയോടെ ശൂലങ്ങള്‍ കാവടി പന്തലിലൂടെ ക്ഷേത്രാങ്കണത്തില്‍ എത്തിത്തുടങ്ങും.

അമ്പലനടയില്‍ വര്‍ണ്ണ മനോഹരമായ കാവടി പന്തല്‍ ഒരുങ്ങി. പീലിക്കാവടികളാണ് ഇവിടത്തെ ഏറ്റവും ആകര്‍ഷണീയത. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പില്‍ ശ്രീഭദ്രാ ഭഗവതി, കണ്ണോത്ത്, ഇടിയഞ്ചിറ, പാവറട്ടി, വിളക്കാട്ടുപാടം, ശക്തിവേല്‍, വെന്മേനാട്,ആഞ്ജനേയപുരം, കോര്‍ളി, അമ്പലനട, അയ്യപ്പന്‍കുടം, മുല്ലശ്ശേരി ബ്ലോക്ക്, തോരണം കുത്തി ആല്‍, കണ്ണേങ്ങാത്ത്, ഇരിമ്പ്ര നെല്ലൂര്‍, ഷാവോലിന്‍ ഗ്രാമം, അച്ഛന്റെ അമ്പലം, ഇലഞ്ഞിക്കാവ്, മുല്ലശ്ശേരി സെന്റര്‍, കണ്ണന്‍കാട്, കണ്ണംകുളങ്ങര, കുണ്ടഴിയൂര്‍, പൂഞ്ചിറ, താണവീഥി സെന്റര്‍, താണവീഥി അയ്യപ്പ സ്വാമി ക്ഷേത്രം, ഗുരുജി നഗര്‍, കിഴക്കു മുറി എന്നീ കാവടി കൂട്ടങ്ങളുടെ വര്‍ണ്ണമനോഹരമായ പീലിക്കാവടികളും, പൂക്കാവടികളും ശൂലങ്ങളും ഷഷ്ഠി ആഘോഷത്തില്‍ പങ്കെടുക്കും.

ആഘോഷത്തിന്റെ സുഖമമായ അരങ്ങേറ്റത്തിന്‌ പ്രദേശത്ത് മദ്യനിരോധം ഏര്‍‌പ്പെടുത്തിയതായി ജില്ലാ കലക്‌ടര്‍ അറിയിച്ചു.പ്രദേശത്തെ ബിവറേജസ്‌ കോര്‍‌പ്പറേഷന്റെ ഔട്ട്‌ലറ്റിന്‌ രണ്ട്‌ ദിവസം അവധിയായിരിയ്‌ക്കും.

Saturday, 10 November 2018

സാര്‍‌ഥകമായ ദ്വിവര്‍‌ഷം

ദോഹ:തിരുനെല്ലൂര്‍ മഹല്ലിലെ ഖത്തറില്‍ ഉപജീവനാര്‍‌ഥം എത്തിയ പ്രവാസികളായ സഹൃദയ സം‌ഘത്തിന്റെ സാമുഹ്യ പ്രതിബദ്ധത അന്വര്‍‌ഥമാക്കും വിധമുള്ള അസോസിയേഷന്റെ പ്രവര്‍‌ത്തനങ്ങള്‍ അനസ്യൂതം തുടര്‍‌ന്നു കൊണ്ടിരിക്കും.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ എന്ന വിലാസം സ്വദേശത്തും വിദേശത്തും ഏറെ സുപരിചിതമാകുവോളം അതിന്റെ സന്നദ്ധ സാന്ത്വന സേവന പ്രവര്‍‌ത്തനങ്ങള്‍ ജനകീയമാണ്‌.നാടിന്റെയും നാട്ടുകാരുടേയും പൊതു നന്മ ലക്ഷ്യം വെച്ചുള്ള കാര്യങ്ങളില്‍ ആവുന്നത്ര സഹകരിക്കുക എന്നതു തന്നെയായിരിയ്‌ക്കും നമ്മുടെ അജണ്ട.ഇത്തരം പ്രവര്‍‌ത്തന നൈരന്തര്യത്തിന്റെ പ്രതിഫലനങ്ങള്‍ ഇഹത്തിലും സമ്പൂര്‍‌ണ്ണ പ്രതിഫലം നാളെ ലോക രക്ഷിതാവായ നാഥനില്‍ നിന്നും എന്നതാണ്‌ ഈ പ്രസ്ഥാനത്തെ നയിക്കുന്ന പ്രചോദനം.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രവര്‍‌ത്തക സമിതി അഭിപ്രായപ്പെട്ടു.

അസോസിയേഷന്‍ പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ 2017/18 ലെ ഒടുവിലത്തെ പ്രവര്‍‌ത്തക സമിതിയില്‍ കഴിഞ്ഞകാല പ്രവര്‍‌ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടും ഇനിയും വളര്‍‌ന്നു വരാനിരിക്കുന്ന പുതിയ വിഭാവനകളെ നിരീക്ഷിച്ചു കൊണ്ടും ഓരോ അംഗവും ചര്‍‌ച്ചയെ ധന്യമാക്കി.

അസോസിയേഷന്‍ മാര്‍‌ഗ നിര്‍ദേശക രേഖ പ്രകാരമുള്ള ദ്വിവര്‍‌ഷ കാലാവധി തീരുന്നതോടെ പുതിയ തെരഞ്ഞെടുപ്പിനു വേണ്ടി നവംബര്‍ 30 ന്‌ ജനറല്‍ ബോഡി വിളിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടു.നബി ദിനം പ്രമാണിച്ച്‌ ഉന്നത വിജയം നേടിയ വിദ്യാര്‍‌ഥികള്‍‌ക്കും മദ്രസ്സയില്‍ തൃപ്‌തികരമായ ഹാജര്‍ രേഖപ്പെടുത്തപ്പെട്ടവര്‍‌ക്കും പ്രശംസാ പത്രവും കേഷ്‌ അവാര്‍‌ഡും സമ്മാനിക്കാന്‍ സമിതിയില്‍ ധാരണയായി.നടപ്പു മാസത്തെ സാന്ത്വന സ്‌പര്‍‌ശം ഈ വാരാന്ത്യത്തില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ പൂര്‍‌ത്തിയായതായും അധ്യക്ഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ്‌ ചട്ടപ്രകാരം സജീവരായ അം‌ഗങ്ങളെ ഉള്‍‌കൊള്ളിച്ചുള്ള ഒരു ചാര്‍‌ട്ട്‌ തയ്യാറാക്കാനും ജനറല്‍ ബോഡിയുടെ താല്‍‌പര്യം പരിഗണിച്ച്‌ ആവശ്യമെങ്കില്‍ പുതിയ അംഗങ്ങളെ ചേര്‍‌ക്കാനും സമിതി തീരുമാനിച്ചു.ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ മാര്‍‌ഗ നിര്‍ദേശക രേഖയില്‍ വ്യക്തമാക്കിയ വിധം നടപടി ക്രമങ്ങള്‍ പാലിക്കാനും ധാരണയായി.

തെരഞ്ഞെടുപ്പിന്‌ നേതൃത്വം കൊടുക്കാന്‍ സീനിയര്‍ അം‌ഗങ്ങളായ ഹമീദ്‌ ആര്‍.കെ,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,അബ്‌ദുന്നാസര്‍ അബ്‌ദുല്‍ കരീം, സലീം നാലകത്ത്‌ എന്നിവരെ ചുമതലപ്പെടുത്തിയതായും അധ്യക്ഷന്‍ അറിയിച്ചു.

ജനറല്‍ സെക്രട്ടറി ഹാരിസ്‌ അബ്ബാസ്‌ സ്വാഗതമാശംസിച്ചു.ഫൈസല്‍ അബൂബക്കര്‍ ഹാജിയുടെ ഖുര്‍‌ആന്‍ പാരായണത്തോടെയായിരുന്നു പ്രവര്‍‌ത്തക സമിതി പ്രാരം‌ഭം കുറിച്ചത്.സെക്രട്ടറി ഷൈതാജ്‌ നന്ദി പ്രകാശിപ്പിച്ചു.

Wednesday, 7 November 2018

നിവേദനം സമര്‍‌പ്പിച്ചു

നന്മ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച ജല  ക്രമീകരണവും സം‌രക്ഷണവും എന്ന സെമിനാറുമായി ബന്ധപ്പെട്ട്‌ ദിതിരുനെല്ലൂരിന്റെ വാര്‍‌ത്താ ചിത്രീകരണം.

തിരുനെല്ലൂരിന്റെ കാര്‍‌ഷിക സ്വപ്‌നങ്ങളും ശുദ്ധജല ലഭ്യതക്ക്‌ വേണ്ടിയുള്ള ദാഹവും ക്രിയാത്മകമായ ഇതര പദ്ധതികളോടുള്ള ആത്മാര്‍‌പ്പണവും സസൂക്ഷ്‌മം പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്‌.മണലൂര്‍ മണ്ഡലം എം.എല്‍.എ ശ്രീ മുരളി പെരുനെല്ലി പറഞ്ഞു.പ്രദേശത്തിന്റെ ജന ഹിതങ്ങള്‍‌ക്കനുസരിച്ചുള്ള ക്രമപ്രവൃദ്ധമായ പദ്ധതികള്‍ വിവിധ തലങ്ങളിലെ ആസൂത്രണങ്ങളില്‍ നിന്നു കൊണ്ട്‌ സാധ്യമാകുന്നത്ര നിര്‍‌വഹിച്ചു പോരുന്നുമുണ്ട്‌.ഇനിയും ഇത്തരം വികസന പ്രവര്‍‌ത്തനങ്ങള്‍ അവിരാമം തുടര്‍‌ന്നു കൊണ്ടിരിക്കുകയും ചെയ്യും.നന്മ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച ജല  ക്രമീകരണവും സം‌രക്ഷണവും എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പെരുനെല്ലി.

ജല  ക്രമീകരണവും സം‌രക്ഷണവും എന്ന സെമിനാറില്‍ വിശദീകരിക്കപ്പെട്ടതിന്റെ വിഭാവനകള്‍ പൂര്‍‌ത്തീകരിക്കപ്പെടുന്നതിന്റെ പ്രാരം‌ഭ ഘട്ടം  മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ ഹുസൈനിനുമായി പങ്കുവെച്ചു.നന്മ രക്ഷാധികാരികളുടെ സാന്നിധ്യത്തില്‍ നന്മ തിരുനെല്ലൂര്‍ ഭാരവാഹികള്‍ തിരുനെല്ലൂര്‍  ഗ്രാമ വികസന വിശേഷങ്ങള്‍ സവിസ്‌തരം ചര്‍‌ച്ച ചെയ്‌തു.തുടര്‍ പരിപാടികളും ഇതര അജണ്ടകളും ക്രമപ്പെടുത്തി.

സെമിനാറിനും ശേഷം നടന്ന ചര്‍‌ച്ചകള്‍‌ക്കും അഭിപ്രായ സമന്വയത്തിനും ശേഷം തിരുനെല്ലൂർ ഗ്രാമത്തിന്റെ ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ  നിവേദനം ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‌  തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് സമര്‍‌പ്പിച്ചു.മുഖ്യ മന്ത്രിയ്‌ക്ക്‌  സമര്‍‌പ്പിച്ച നിവേദനത്തിൻറെ പകർപ്പ് ബഹു;പ്രതിപക്ഷ നേതാവ് ശ്രീ  രമേശ് ചെന്നിത്തലക്ക് തിരുവനന്തപുരത്ത്  കൺട്രോൺമെൻറ് ഹൗസിൽ വെച്ച്  നൽകി.നിവേദനത്തിൻറെ മറ്റു പകര്‍‌പ്പുകള്‍ കേരള ജലസേചന വകുപ്പ് മന്ത്രി ശ്രീ മാത്യു ടി.തോമസ്‌,ബഹു: കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ:വി.എസ്.സുനിൽ കുമാര്‍,ഹരിതകേരള മിഷൻ ചെയർപേഴ്സൺ ഡോക്ടർ ശ്രീമതി:ടി.എൻ.സീമ,മുഖ്യ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി എം.വി ജയരാജന്‍ തുടങ്ങിയവര്‍‌ക്ക്‌ തിരുവനന്തപുരത്ത് ഓഫിസില്‍ വെച്ച്‌ നല്‍കി.

കൂടാതെ ബഹു: തൃശ്ശൂർ പാർലിമെന്റ് അംഗം ശ്രീ: സി.എൻ. ജയദേവൻ,ബഹു: മണലൂർ എം.എല്‍.എ ശ്രീ: മുരളി പെരുനെല്ലി, തൃശ്ശൂർ ജില്ല കലക്ടർ ശ്രീമതി അനുപമ.ടി.വി,ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി മേരി തോമസ്സ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രിമതി ലതി വേണുഗോപാൽ,മുല്ലശ്ശേരി ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് എ.കെ. ഹുസൈൻ ഇറിഗേഷന്‍ വകുപ്പ്‌ ഉപ മേധാവി, കെ.എൽ.ഡി.സി കൺസ്ട്രക്‌ഷന്‍ എഞ്ചിനിയർ  ബോബൻ എ.ജി എന്നിവര്‍‌ക്കും പകര്‍‌പ്പുകള്‍ കൈമാറി.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി മുതലുള്ള വിവിധ വകുപ്പ്‌ തല ഉദ്യോഗസ്ഥരെ കാണാനും വിശദമായി ചര്‍‌ച്ച ചെയ്യാനും വിശദീകരിക്കാനും ലഭിച്ച അവസരങ്ങളേയും നന്മ ഭാരവാഹികള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌.അതു കൊണ്ട്‌ തന്നെ ഈ ക്രിയാത്മകമായ സംരംഭവുമായി ബന്ധപ്പെട്ട പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ നല്ല പ്രതീക്ഷ നല്‍‌കുന്നുണ്ട്‌.നന്മ കോഡിനേറ്റര്‍ ഷിഹാബ്‌ എം.ഐ പറഞ്ഞു.വിവിധ വകുപ്പ്‌ മേധാവികളില്‍ നിന്നും സെക്രട്ടറിമാരില്‍ നിന്നും ഉണ്ടായ സമീപനവും പ്രതികരണങ്ങളും ആശാവഹമായിരുന്നെന്നും നന്മ കോഡിനേറ്റര്‍ കൂട്ടിച്ചേര്‍‌ത്തു.

ചര്‍‌ച്ച വേളകളിലും സമര്‍‌പ്പണ വേളകളിലും നന്മ ഭാരവാഹികളായ ഇസ്‌മാഈല്‍ ബാവ,അബ്‌ദുല്‍ ജലീല്‍, വി.എസ്‌. നൗഷാദ് അഹമ്മദ്,ഷിഹാബ്‌ എം.ഐ,ഷം‌സുദ്ദീന്‍ പുതിയപുര,റഷീദ് മതിലകത്ത്, ഹാരിസ്‌ ആര്‍.കെ,കെ.വി.ഹുസൈൻ ഹാജി,ഹനീഫ കെ.എം, താജുദ്ദീന്‍ ഖാദര്‍,കബീർ എൻ.വി, നസീർ എം.എം, തുടങ്ങിയവര്‍ പങ്കെടുത്തു.

സെമിനാര്‍ ചര്‍‌ച്ചകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍‌ക്ക്‌ നേതൃത്വം നല്‍‌കാനും ചര്‍‌ച്ചകള്‍ ക്രോഡീകരിക്കാനും നന്മയുടെ രക്ഷാധികാരികളായ എ.കെ ഹുസൈനും അസീസ്‌ മഞ്ഞിയിലും നേതൃത്വം നല്‍കി. 

നിവേദനത്തിലെ പ്രസക്തഭാഗം

01 റഗുലേറ്റര്‍ നവീകരണം
02 കനാല്‍ സംരക്ഷണം
03 കായല്‍ തീര ശുചികരണം
04 തണ്ണീര്‍ കായലില്‍ നിന്നുള്ള ജല നിയന്ത്രണം
05 വളയം ബണ്ട്‌ ശാസ്‌ത്രീയമായ നവീകരണം
06 കൃഷി
07 വെള്ളക്കെട്ട്‌ ശാശ്വത പരിഹാരം
08 കാരത്തോട്,പുഴങ്ങരത്തോട്‌ വഴിയുള്ള ഒഴുക്ക്‌ ഗതിമാറ്റം
09 കനാല്‍ കാരണം വിഭജിക്കപ്പെട്ട പതിനഞ്ചാം വാര്‍‌ഡ്‌ നടപ്പാത
10 ജനപങ്കാളിത്തത്തോടെയുള്ള ടൂറിസ പദ്ധതികള്‍..

Tuesday, 6 November 2018

നന്മ ഒന്നാം വാര്‍‌ഷികം

പ്രവാചകന്‍ വായിക്കുകയും വായിക്കപ്പെടുകയും ചെയ്തപ്പോള്‍ ഒരു സമൂഹത്തിലുണ്ടായ പ്രതിഫലനങ്ങളും പ്രതികരണങ്ങളും ക്രമാനുഗമമായ സംഭവ വികാസങ്ങളും അടയാളപ്പെടുത്തുകയും അറിയിച്ച് തരികയും ചെയ്യും വിധമത്രെ ഖുര്‍ആനിന്റെ അവതരണം. വായിച്ച് വളരുന്ന ഒരു സമൂഹത്തെ തൊട്ടുണര്‍ത്തും വിധം ഭാവാത്മകമാണ് വിശുദ്ധ വചനങ്ങളുടെ ക്രോഡീകരണം.പാരായണം എന്ന ആഹ്വാനം മുതല്‍ പൂര്‍ത്തിയാക്കി എന്ന സന്ദേശ പ്രഖ്യാപനം വരെയായിരുന്നു പ്രവാചക പ്രഭുവിന്റെ നിയോഗം.

മാനവരാശിയ്ക്ക് അനുഗ്രഹമായി അവതീര്‍ണമായ വേദം മനസ്സിനു സാന്ത്വനവും ആത്മാവിനു അനുഭൂതിയും പകര്‍ന്നു മസ്തിഷ്‌കത്തോട് സംവദിക്കുന്ന ഗ്രന്ഥം. വിണ്ണിന്റെ വെണ്മയും മണ്ണിന്റെ മണവും ചാലിച്ചെടുത്ത ശൈലിയില്‍ മനുഷ്യ മനസ്സുകളിലേയ്ക്ക് പെയ്തിറങ്ങുന്ന അനുഗ്രഹത്തിന്റെ വര്‍ഷം. താരാഗണങ്ങളെ നാണിപ്പിക്കുന്ന പ്രകാശം ചൊരിയുന്ന വഴിവിളക്കിന്റെ പ്രഭാപൂരം.വിശ്വാസിയുടെ മനസ്സ് ഉടയ തമ്പുരാന്റെ അനുഗ്രഹത്തിന്റെ തേന്‍ വര്‍ഷം ഏറ്റുവാങ്ങുന്ന ഭൂമികയാകണം, കാരുണ്യത്തിന്റെ പ്രഭാകിരണങ്ങളാവാഹിച്ചെടുക്കുന്ന സ്പടികക്കൂടാകണം.വിശുദ്ധ ഖുര്‍ആന്‍ സമാനതകളില്ലാത്ത ദിവ്യാത്ഭുതത്തിന്റെ കേതാരം.

വായിക്കപ്പെടുന്നത് എന്നത്രെ ഖുര്‍ആന്‍ എന്ന പദത്തിന്റെ വ്യാഖാനം.വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനും തൊട്ടറിയുന്നതിനുമുള്ള സാഹചര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഖുര്‍‌ആന്‍ പാരായണ ഹിഫ്‌ള്‌ മത്സരങ്ങള്‍.
ഖുർആൻ പാരായണ മത്സരം മദ്രസ്സ വിദ്യാർഥികൾക്കും,ഖുര്‍‌ആന്‍ ഹിഫ്ള് മത്സരം പതിനഞ്ച് വയസ്സിന് താഴെയുള്ളവർക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്‌.മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ യഥാ ക്രമം 10001,5001,3001 രൂപ വീതം പാരിതോഷികങ്ങളും സമ്മാനിക്കും.

കൂടാതെ മാപ്പിള കലയിലെ മികച്ച ഇനങ്ങളായി ഗണിക്കപ്പെടുന്ന ദഫ് മുട്ടും അറബന മുട്ടും നന്മ ഒരുക്കുന്ന മത്സര വേദിയെ ആവേശത്തിന്റെ തപ്പും തുടിയും കൊണ്ട്‌ ശബ്‌ദ മുഖരിതമാക്കും.

നന്മ തിരുനെല്ലൂരിന്റെ പ്രഥമ വാര്‍‌ഷികം പ്രമാണിച്ച്‌ നടത്തുന്ന ഈ മഹദ്‌ സം‌രംഭവുമായി സഹകരിക്കുക.

Monday, 29 October 2018

നിവേദനം സമര്‍‌പ്പിച്ചു

തിരുനെല്ലൂര്‍:ജലസംരക്ഷണ സെമിനാറിൽ ഉൾത്തിരിഞ്ഞ ചർച്ചയുടെ അടിസ്ഥാനത്തിൽ തിരുനെല്ലൂർ ഗ്രാമത്തിന്റെ ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തി   തയ്യാറാക്കിയ നിവേദനം ഒക്‌ടോബര്‍ 29 രാവിലെ10 മണിക്ക്  തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നന്മ ഭാരവാഹികള്‍ ബഹു മുഖ്യ മന്ത്രി പിണറായി വിജയന്‌ സമര്‍‌പ്പിച്ചു. മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.ഹുസൈൻ, അബദുൽ അസീസ് മഞ്ഞിയിൽ,ഹാജി ഹുസൈൻ കെ.വി,ഇസ്മയിൽ ബാവ,ജലീൽ വി.എസ്‌ ,ഷിഹാബ്. എം.ഐ,റഷീദ് എം.കെ,ഹനീഫ.കെ.എം,നസീർ എം.എം എന്നിവര്‍ സന്നിഹിതരായിരുന്നു.നിവേദനത്തിന്റെ പകര്‍‌പ്പ്‌ ബഹു കൃഷിവകുപ്പ്‌ മന്ത്രി അഡ്വ:വി.എസ് സുനില്‍ കുമാറിനും നല്‍‌കി.നന്മയുടെ തീരുമാനമനുസരിച്ച്‌ ഇതര വകുപ്പ്‌ മന്ത്രിമാര്‍‌ക്കും ജില്ലാ പ്രാദേശിക ജന പ്രതിനിധികള്‍‌ക്കും ബന്ധപ്പെട്ട സര്‍‌ക്കാര്‍ വകുപ്പുകള്‍‌ക്കും നിവേദനത്തിന്റെ പകര്‍പ്പുകള്‍ കൈമാറും.

1.റഗുലേറ്റര്‍ നവീകരണം 2.കനാല്‍ സംരക്ഷണം 3.കായല്‍ തീര ശുചികരണം 4.തണ്ണീര്‍ കായലില്‍ നിന്നുള്ള ജല നിയന്ത്രണം 5.വളയം ബണ്ട്‌ ശാസ്‌ത്രീയമായ നവീകരണം 6.കൃഷി. 7.വെള്ളക്കെട്ട്‌ ശാശ്വത പരിഹാരം 8.കാരത്തോട്,പുഴങ്ങരത്തോട്‌ വഴിയുള്ള ഒഴുക്ക്‌ ഗതിമാറ്റം 9.കനാല്‍ കാരണം വിഭജിക്കപ്പെട്ട പതിനഞ്ചാം വാര്‍‌ഡ്‌ നടപ്പാത 10.ജനപങ്കാളിത്തത്തോടെയുള്ള ടൂറിസ പദ്ധതികള്‍ തുടങ്ങിയ പത്തിന പദ്ധതികളാണ്‌ നിവേദനത്തില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളത്‌.

Thursday, 18 October 2018

ജല സം‌രക്ഷണ സെമിനാര്‍ ക്രോഡീകരിച്ചു.

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ സംഘടിപ്പിച്ച ജല ക്രമീകരണവും സംരക്ഷണവും എന്ന സെമിനാറിന്റെ നഖ ചിത്രം മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ ഹുസൈനിന്‌ കൈമാറി.അടുത്ത ദിവസം തന്നെ മണലൂര്‍ എം.എല്‍.എ ശ്രീ മുരളി പെരുനെല്ലിയെ സന്ദര്‍‌ശിച്ച്‌ ക്രോഡികരിക്കപ്പെട്ട വിഭാവനകളുടെ പകര്‍‌പ്പ്‌ നല്‍‌കും.കേരള സം‌സ്ഥാന മുഖ്യ മന്ത്രിക്കും,വകുപ്പ്‌ മന്ത്രിമാര്‍‌ക്കും ഇതര ജില്ലാ പ്രാദേശിക ജന പ്രതിനിധികള്‍‌ക്കും ഔദ്യോഗിക സം‌വിധാനങ്ങള്‍‌ക്കും പകര്‍‌പ്പുകള്‍ സമര്‍‌പ്പിക്കും.

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ ഹുസൈനിന്റേയും നന്മ രക്ഷാധികാരി അസീസ്‌ മഞ്ഞിയിലിന്റേയും സാന്നിധ്യത്തില്‍ നന്മ തിരുനെല്ലൂര്‍ ഭാരവാഹികള്‍ തിരുനെല്ലൂര്‍  ഗ്രാമ വികസന വിശേഷങ്ങള്‍ സവിസ്‌തരം ചര്‍‌ച്ച ചെയ്‌തു.വിശദമായ വിവരങ്ങളും വിശകലനങ്ങളും താമസിയാതെ പ്രസിദ്ധീകരിക്കും.

ഇസ്‌മാഈല്‍ ബാവ,അബ്‌ദുല്‍ ജലീല്‍ വി.എസ്‌.ഷിഹാബ്‌ എം.ഐ,ഷം‌സുദ്ദീന്‍ പുതിയ പുര,ഹാരിസ്‌ ആര്‍.കെ,ഹനീഫ കെ.എം,താജുദ്ദീന്‍ ഖാദര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.