തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ മുല്ലശ്ശേരി ബ്ലോക്കിലാണ് 17.7 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.അതില്‍ ഒന്നാം വാര്‍ഡാണ് തിരുനെല്ലൂര്‍ ഗ്രാമം.അറുപതുകളില്‍ പ്രാബല്യത്തില്‍ വന്ന പഞ്ചായത്ത് ആക്‌ട് കാലം മുതല്‍ കേരളത്തിലെ ഇതര പ്രദേശങ്ങളോടൊപ്പം വളര്‍ന്നു വികസിച്ച ചരിത്രം ഈ കായലോര പ്രദേശത്തിനും പ്രത്യുത തിരുനെല്ലൂര്‍ ഗ്രാമത്തിനും ഉണ്ട്.
കനോലിക്കായലിന്റെ ഭാഗമായ കായലോരത്തോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമാണ് പെരുങ്കാട് - പെരിങ്ങാട്.പെരിങ്ങാടിന്റെ കിഴക്ക് ഭാഗം മുല്ലശ്ശേരി കുന്ന് എഴുപതുകളുടെ തുടക്കം വരെ ഒരുകാട്ടു പ്രദേശത്തിന്റെ പ്രതീതിയിലായിരുന്നു.നിറഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ തോപ്പുകളാല്‍ സമൃദ്ധമായിരുന്നു ഈ പ്രദേശം.ഏകദേശം തെക്ക് കിഴക്ക് കണ്ണന്‍ കാട് സ്ഥിതിചെയ്യുന്നു.ഈ മേഖലയില്‍ ജനവാസം കൂടുതലുണ്ടായിരുന്ന നാട് വെന്മേനാട് ആയിരുന്നുവത്രെ.കായലിനോട് ചേര്‍ന്നുള്ള താരതമ്യേന ജനവാസം കുറഞ്ഞ മൂന്ന് ഊരുകളായിരുന്നു പൈങ്കണ്ണിയൂര്‍,തിരുനെല്ലൂര്‍,പാടൂര്‍.
തിരുനെല്ലൂരിനേയും മുല്ലശ്ശേരിയേയും വേര്‍ത്തിരിക്കുന്ന കോഴിത്തോടിന്റെ മറുകരയിലുള്ള ഊരാണ് പുവ്വത്തൂര്‍.പ്രദേശത്തെ പ്രസിദ്ധങ്ങളായ കാവുകളായിരുന്നു തൊയക്കാവ്,ഇടുകാവ്.
പെരുങ്കാട് പെരിങ്ങാടായി മാറിയതൊഴിച്ചാല്‍ മറ്റുപേരുകളൊക്കെ ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്.എന്നാല്‍ ഇടുകാവ് ഇന്നു നിലവില്‍ ഇല്ല.തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ ജുമാഅത്ത് മസ്‌ജിദ് നിലനില്‍ക്കുന്ന സ്ഥലം ഇടുകാവ് എന്നും പ്രസ്‌തുത പ്രദേശത്തുകാരായ ചില കുടുംബംഗങ്ങള്‍ ഇടേയില്‍കാര്‍ എന്ന പേരിലുമാണ് അറിയപ്പെടുന്നത്.
പ്രകൃതി ഭംഗികൊണ്ട് വശ്യമനോഹരമായ കായലോരത്ത് തിരുനെല്ലൂര്‍ മഹല്ല് വാസികളുടെ അഭിമാനമായി ജുമാഅത്ത് പള്ളി തല ഉയര്‍ത്തി നില്‍ക്കുന്നു.300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ഇടുകാവില്‍ പള്ളി കാലക്രമേണ ഇടേയില്‍ പള്ളി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.കേരളീയ തച്ചു ശാസ്‌ത്രവും ,പരമ്പരാഗത ഇസ്‌ലാമിക ശില്‍പ ചാതുരിയും ഇഴചേര്‍ന്ന ഈ പരിശുദ്ധ ഭവനം 1969 ല്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ടു.മുന്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി മര്‍ഹൂം അവുക്കാദര്‍ കുട്ടി നഹയാണ് ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
ആധുനികവും പരമ്പരാഗതവുമായ രീതികള്‍ സമന്വയിപ്പിച്ച് കൊണ്ട് 2007ല്‍ നവീകരിക്കപ്പെട്ടു.ബഹു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.
കാലപ്പഴക്കത്തിന്റെ പോറലുകള്‍ ഒന്നും ഏല്‍ക്കാതെ പഴയകാല ചരിത്രത്തിന്റെ ബാക്കി പത്രമായി പ്രൌഢിയോടെ നില്‍ക്കുകയാണ് പള്ളി മിമ്പര്‍ (പ്രസംഗ പീഠം )ഗതകാല ചരിത്രത്താളുകളില്‍ നിന്ന് നമുക്ക് കിട്ടിയ അനര്‍ഘ നിധിയാണ് ഈ കവിത തുളുമ്പുന്ന പ്രസംഗ പീഠം. ഇസ്‌ലാമിക പഠനത്തിന് പള്ളി ദര്‍സ്സുകള്‍ മാത്രം അവലംബിച്ചിരുന്ന കാലത്ത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ വളരെ വിപുലമായ ദര്‍സ്സ് നിലവിലുണ്ടായിരുന്നു. ഇടുകാവില്‍ പള്ളി ദര്‍സ്സില്‍ നിന്നും പഠിച്ചു വളര്‍ന്ന പ്രശസ്‌തരും പ്രഗല്‍ഭരും വിവിധ പ്രസ്ഥാനങ്ങളിലും സംഘങ്ങളിലും പ്രശോഭിക്കുന്നവരാണ്.
പുരാതന കാലം മുതല്‍ അത്യന്താധുനിക പുലരി വരെ തിരുനെല്ലൂര്‍ മഹല്ലിന് വേണ്ടി അശ്രാന്തം അധ്വാനിച്ചവരുടെ പട്ടിക വളരെ ദീര്‍ഘമുള്ളതാണ്.അവരില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിരിക്കുന്നു. മഹല്ലിന്റെ പരിചാരക സാരഥ്യം വഹിച്ച സകലരേയും ഇത്തരുണത്തില്‍ സ്‌മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
..............
തിരുനെല്ലൂര്‍ മഹല്ലിലെ മസ്‌ജിദുകള്‍
.............. മഞ്ഞിയില്‍ പള്ളി
തിരുനെല്ലുര്‍:തിരുനെല്ലൂര്‍ കിഴക്കേകര മഞ്ഞിയില്‍ പള്ളി പുനരുദ്ധാരണത്തിന് ശേഷം 2010 ആഗസ്റ്റ് 10 ന് അസര്‍ നമസ്‌കാരം നിര്‍വഹിച്ച്കൊണ്ട് ഉദ്‌ഘാടനം ചെയ്യപ്പെട്ടു.മഹല്ല് ഖത്തീബ് മൂസ അന്‍വരി പ്രാര്‍ഥനയ്‌ക്ക് നേതൃത്വം കൊടുത്തു.മഹല്ല് പ്രസിഡന്റ് കെ.പി അഹമ്മദ് സാഹിബ് മഹല്ല് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ,നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഹാജി കുഞ്ഞുബാവു മൂക്കലെ, മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന വേദിയെ ധന്യമാക്കി.ഏറെ നാളത്തെ അനിശ്ചിതത്വത്തിന്‌ശേഷം വീണ്ടും പ്രാര്‍ഥനയ്‌ക്ക് സജ്ജമായ പള്ളി കാണാനും പ്രാര്‍ഥനയില്‍ പങ്ക് ചേരാനും നൂറ് കണക്കിന് നാട്ടുകാര്‍ സന്നിഹിതരായിരുന്നു.
2013 മഞ്ഞിയില്‍ പള്ളി ത്ഖ്‌വ മസ്‌ജിദ് എന്ന് പുനര്‍ നാമകരണം ഹൈദറലി ഷിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.1947 ല്‍ മഞ്ഞിയില്‍ മാമദ് ഹാജിയാണ് ആദ്യമായി പള്ളി പണികഴിപ്പിച്ചത്.
-------------
ത്വാഹ മസ്‌ജിദ്
.
തിരുനെല്ലൂര്‍ കിഴക്കേകരയില്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ത്വാഹ മസ്‌ജിദിന്റെ ഉദ്‌ഘാടനം 2013 ജൂണ്‍ രണ്ടിന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
..............
1950 ല്‍ തിരുനെല്ലൂര്‍ സെന്റര്‍ മസ്‌ജിദ്.
.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ തിരുനെല്ലൂര്‍ പാടം സെന്റര്‍ പ്രദേശത്തെ ഒരു കച്ചവട കേന്ദ്രം എന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞിരുന്നു.സെന്ററിലെ കച്ചവടക്കാര്‍ക്കും വഴിപോക്കര്‍ക്കും നിസ്‌കാര സമയമായാല്‍ നിസ്‌കരിക്കാനൊരിടം എന്ന നിലയില്‍ ഒരു മുസ്വല്ലയ്‌ക്ക് രൂപം കൊടുക്കപ്പെടുകയായിരുന്നു. മൂന്നു തവണ പള്ളി പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
..............
1970 ല്‍ മുള്ളന്തറ മസ്‌ജിദ്.
എഴുപതുകള്‍ക്ക് ശേഷം പെരിങ്ങാട് വികസിക്കാന്‍ തുടങ്ങി എന്നു പറയാം.വികസനം എന്നതു കൊണ്ടുദ്ധേശിച്ചത് ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ച എന്ന അര്‍ഥത്തില്‍ മാത്രമല്ല വീടുകളുടെ വര്‍ദ്ധനയും നമ്മുടെ അതിരുകളുടെ വികസനവും കൂടെയാണ്.പുവ്വത്തൂരിന്റെ കിഴക്കു വശം പണ്ടത്തെ കോഴിത്തോടിനോട് ചേര്‍ന്ന അമ്പാട്ടു പറമ്പെന്നറിയപ്പെട്ടിരുന്ന സ്ഥലത്തും പരിസരത്തും നാമമാത്ര വീടുകളേ ഉണ്ടായിരുന്നുള്ളൂ.എമ്പതുകളില്‍ പുവ്വത്തൂര്‍ മുല്ലശ്ശേരി മെയിന്‍ റോഡിന്റെ ഇരു വശങ്ങളിലേയ്‌ക്കും മുള്ളന്തറയിലും പെരിങ്ങാട്ടുകാരുടെ വീടു വെയ്‌ക്കല്‍ ക്രമപ്രവര്‍ദ്ധമായി അതികരിച്ചു.ഈ സാഹചര്യത്തിലാണ് കൊട്ടിന്റെകായില്‍ മുഹമ്മദു മോന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഒരു പള്ളിയും മദ്രസ്സയും എന്ന ആശയം മുളപൊട്ടിയത്.
..............
1990 കുന്നത്തെ സിദ്ദീഖുല്‍ അക്‌ബര്‍ മസ്‌ജിദ്.
തൊണ്ണൂറുകളുടെ ആദ്യത്തിലാണ് മുല്ലശ്ശേരി കുന്നത്തേയ്‌ക്ക് പെരിങ്ങാടു നിന്നുള്ള ചില കുടുംബംഗങ്ങളില്‍ നിന്നുള്ളവര്‍ കുടിയേറാന്‍ തുടങ്ങിയത്.ഒറ്റപ്പെട്ട ചില കുടുംബംങ്ങള്‍ മാത്രമുണ്ടായിരുന്ന പ്രദേശത്ത് എഴുപതുകളുടെ അവസാനത്തില്‍ സര്‍ക്കാര്‍ കോളനി രൂപപ്പെട്ടിരുന്നു.അക്കാലത്തു തന്നെ ഇപ്പോള്‍ കുന്നത്തെ പള്ളി നില്‍ക്കുന്ന സ്ഥലം മുതല്‍ ഒരു നീണ്ട പ്രദേശം മുഹമ്മദ് കാട്ടേപറമ്പില്‍ സ്വന്തമാക്കിയിരുന്നു.തനിക്കും തന്റെ മക്കള്‍ക്കും പേരമക്കള്‍ക്കും ഒക്കെയായി വക തിരിച്ചിട്ട പ്രദേശത്തോട് തൊട്ട് പള്ളി പണിയാനുള്ള ഇടവും അദ്ധേഹം അനുവദിച്ചു.അവിടെ തുടക്കത്തില്‍ ചെറിയ പള്ളി നിര്‍മ്മിക്കുകയും എമ്പതുകളില്‍ ഒരു അറബിയുടെ സഹായത്താലാണ് സിദ്ദീഖുല്‍ അക്‌ബര്‍ മസ്‌ജിദ് പടുത്തുയര്‍ത്തപ്പെട്ടത്.
മദ്രസ്സയ്‌ക്ക് വേണ്ടി സ്ഥലം അനുവദിച്ചത് ചിറക്കല്‍ കുഞ്ഞു ബാവു സാഹിബാണ്.ചിറക്കൽ അബു , സാബ്‌ജാന്‍,അബ്ദുറഹിമാൻ മാസ്റ്റർ, കുഞ്ഞുമോന്‍ കല്ലായി തുടങ്ങിയ കുന്നത്തെ പള്ളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും തുടര്‍ന്നുള്ള പരിപാലനത്തിലും സഹകരിച്ചിരുന്നവരുടെ സേവനം സ്‌തുത്യര്‍ഹം.
തിരുനെല്ലൂര്‍ വിശാല മഹല്ലു പരിധിയില്‍ പെട്ട ഈ പള്ളിയോട് ചേര്‍ന്ന് എമ്പതോളം മുസ്‌ലിം വീടുകള്‍ ഉണ്ട്.
..............
2012 സലഫി മസ്‌ജിദ്
മഹല്ല് തിരുനെല്ലൂര്‍ പരിധിയില്‍ 2013 ജൂലായ് 11 നായിരുന്നു എ.എം.എല്‍.പി സ്‌കൂളിന് സമീപം തിരുനെല്ലൂര്‍ സലഫി കേന്ദ്രം ഉദ്‌ഘാടനം ചെയ്യപ്പെചെയ്യപ്പെട്ടത്.
2012 ഏപ്രില്‍ 5 ന് പ്രാരംഭം കുറിച്ച തിരുനെല്ലൂര്‍ സലഫി കേന്ദ്രത്തിന്റെ നിര്‍മ്മാണം ഏകദേശം പതിനനഞ്ച് മാസം കൊണ്ട് പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കപ്പെട്ടു.മഹല്ലിലെ തലമുതിര്‍ന്ന കാരണവര്‍ മതിലകത്ത് മുഹമ്മദ് സാഹിബായിരുന്നു ശിലാന്യാസം നടത്തിയത്.