ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Masjid History

പ്രകൃതി ഭംഗികൊണ്ട്‌ വശ്യമനോഹരമായ കായലോരത്ത്‌ തിരുനെല്ലൂര്‍ മഹല്ല്‌ ‍വാസികളുടെ അഭിമാനമായി ജുമാഅത്ത്‌ പള്ളി തല ഉയര്‍ത്തി നില്‍ക്കുന്നു.300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ഇടുകാവില്‍ പള്ളി കാലക്രമേണ ഇടേയില്‍ പള്ളി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌.കേരളീയ തച്ചുശാസ്‌ത്രവും ,പരമ്പരാഗത ഇസ്‌ലാമിക ശില്‍പ ചാതുരിയും ഇഴചേര്‍ന്ന ഈ പരിശുദ്ധ ഭവനം 1969 ല്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ടു.മുന്‍ പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി മര്‍ഹൂം അവുക്കാദര്‍ കുട്ടി നഹയാണ്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചത്‌. ആധുനികവും പരമ്പരാഗതവുമായ രീതികള്‍ സമന്വയിപ്പിച്ച്‌ കൊണ്ട്‌ 2007ല്‍ നവീകരിക്കപ്പെട്ടു.ബഹു.പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങളാണ്‌ ഉദ്ഘാടനം ചെയ്തത്.കാലപ്പഴക്കത്തിന്റെ പോറലുകള്‍ ഒന്നും ഏല്‍ക്കാതെ പഴയകാല ചരിത്രത്തിന്റെ ബാക്കി പത്രമായി പ്രൌഢിയോടെ നില്‍ക്കുകയാണ്‌ പള്ളി മിമ്പര്‍ (പ്രസംഗ പീഠം )ഗതകാല ചരിത്രത്താളുകളില്‍ നിന്ന്‌ നമുക്ക്‌ കിട്ടിയ അനര്‍ഘ നിധിയാണ്‌ ഈ കവിത തുളുമ്പുന്ന പ്രസംഗ പീഠം. ഇസ്‌ലാമിക പഠനത്തിന്‌ പള്ളി ദര്‍സ്സുകള്‍ മാത്രം അവലംബിച്ചിരുന്ന കാലത്ത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ വളരെ വിപുലമായ ദര്‍സ്സ്‌ നിലവിലുണ്ടായിരുന്നു. ഇടുകാവില്‍ പള്ളി ദര്‍സ്സില്‍ നിന്നും പടിച്ചു വളര്‍ന്ന പ്രശസ്‌തരും പ്രഗല്‍ഭരും വിവിധ പ്രസ്ഥാനങ്ങളിലും സംഘങ്ങളിലും പ്രശോഭിക്കുന്നവരാണ്‌. പുരാതന കാലം മുതല്‍ അത്യന്താധുനിക പുലരി വരെ തിരുനെല്ലൂര്‍ മഹല്ലിന്‌ വേണ്ടി അശ്രാന്തം അധ്വാനിച്ചവരുടെ പട്ടിക വളരെ ദീര്‍ഘമുള്ളതാണ്‌.അവരില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിരിക്കുന്നു. മഹല്ലിന്റെ പരിചാരക സാരഥ്യം  വഹിച്ച സകലരേയും ഇത്തരുണത്തില്‍ സ്‌മരിക്കുകയും അവര്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.