നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 2 March 2024

സൗരഭ്യം പരത്തിയ സൗഹൃദ യാത്ര

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച സൗഹൃദ സം‌ഗമം നിസ്വാര്‍‌ഥ സേവന സഹൃദയ സഞ്ചാരം കൊണ്ട് സര്‍‌ഗാത്മകത കൈവരിച്ചതിന്റെ ഹാവ ഭാവങ്ങളില്‍ പൂത്തുലഞ്ഞ  പൊന്‍ വസന്തം തീര്‍‌ത്തുവെന്നു പ്രിയപ്പെട്ടവര്‍ രേഖപ്പെടുത്തി.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രവര്‍‌ത്തക സമിതി അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വിട്ടിലെന്റെ ആസ്വാദന കുറിപ്പ്.

സൗരഭ്യം പരത്തിയ സൗഹൃദ യാത്ര

🔸🔸🔸🔸🔸🔸🔸🔸

ഇന്നലെ ഞാനും പോയി ശഹാനിയ ഗ്രാമാന്തരീക്ഷത്തിലെ “പാടത്തെ പീടിക”യിൽ. ഒരു ചായ കുടിക്കാം, പരിചയമുള്ളവരുമായി അൽപ്പം സല്ലപിക്കാം എന്നുമാണ് കരുതിയത്. പക്ഷേ, അവിടെയെത്തിയപ്പോൾ, അവിടത്തെ വിശേഷങ്ങളും,കളിവിനോദങ്ങളും, ഗൗരവതലത്തിലുള്ള ചർച്ചകളും, ഭാവി പ്രർത്തനത്തിലേക്കുള്ള പ്ലാനിങ്ങുകളും, ആദരിക്കൽ ചടങ്ങുകളും, പുസ്തക പ്രകാശനവും, സമ്മാനദാനങ്ങളും, സ്പെഷ്യൽ ഗിഫ്റ്റ് ഓഫറുകളും, ഇതുവരെ പാടിയിട്ടില്ലാത്തവർ പോലും മൈക്ക് കിട്ടിയപ്പോൾ സ്വയംമറന്ന് പാടിപ്പോയതും, യുവാക്കളുടെ അതിപ്രസരവും, സർവ്വോപരി തട്ടുകടയിലെ രസച്ചരട് പൊട്ടിപ്പോകുന്ന ഭക്ഷണക്കൂമ്പാരവും എല്ലാം കൂടിയായപ്പോൾ മണിക്കൂറുകൾ കഴിഞ്ഞു പാതിരാത്രി വരെ നീണ്ടു പോയതറിഞ്ഞില്ല. ജുമുഅ നമസ്കാരം കഴിഞ്ഞു 12.30 ന് പുറപ്പെട്ട് രാവേറെ കഴിഞ്ഞു 12 മണിയോടടുത്തിരുന്നു തിരിച്ചു വീട്ടിലെത്താൻ.

നാട്ടിൽ നിന്നും അതിഥിയായെത്തിയ അസോസിയേഷന്‍ മുൻ സാരഥി കാട്ടിൽ അബുക്കയുടെ സാന്നിദ്ധ്യം വളരെ ആവേശമുയർത്തി. ഖുർആൻ ദർസോടെ ആരംഭിച്ച "സൗഹൃദ യാത്ര" പരിപാടി സെക്രട്ടറി കെജി റഷീദിന്റെ ആമുഖവും പ്രസിഡണ്ട് ഷറഫു ഹമീദിന്റെ ആശയ ഗാംഭീര്യത്തോടെയുള്ള പ്രസംഗത്തിനും ശേഷം അബുക്കയുടെ ഉള്ളുണർത്തുന്ന ഉപദേശ നിർദ്ദേശങ്ങൾ യുവാക്കളുടെ വൻസാന്നിദ്ധ്യമുള്ള സദസ്സ് സാകൂതം ശ്രദ്ധിച്ചിരുന്നു. തിരുനെല്ലൂരിൻറെ അനുഗൃഹീത കഥാകാരൻ റഹ്‌മാൻ തിരുനെല്ലൂരിൻറെ ഏറ്റവും പുതിയ കൃതിയായ "പുരാഗന്ധം" ഖത്തറിലെ പ്രകാശനം, നിറഞ്ഞ സദസ്സിൽ ഹർഷാരവത്തോടെ നടന്നു.ആദ്യസെഷൻ പൂർത്തിയായി.

അസ്വർ നമസ്കാരശേഷം തുടങ്ങിയ കായിക - വിനോദ പരിപാടികൾ ആവേശത്തിരമാലകളുയർത്തി. വിജ്ഞാനവും അതോടൊപ്പം വിനോദവും അനുഭവിപ്പിക്കുന്ന ക്വിസ് പരിപാടിയായിരുന്നു ആദ്യത്തേത്. തുടർന്ന് മെസേജ് പാസിംഗ്, ഷൂട്ട് ഔട്ട്, ഫുട്ബാൾ, കമ്പവലി തുടങ്ങിയവയും. കമ്പവലിയിൽ ഏറെ വാശിയേറിയ മത്സരമാണ് നടന്നത്. കായിക വിനോദങ്ങൾക്ക് ശേഷം മജ്‌ലിസിൽ വീണ്ടും ഒത്തുകൂടി അംഗങ്ങൾ യാത്രാ പരിപാടിയെ വിലയിരുത്തുകയും വിശകലനം ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പരസ്പരം അറിയാനും അടുക്കാനും തലമുറകളെ തമ്മിൽ കണ്ണിചേർക്കാനും ഇത്തരം പരിപാടികളിലൂടെ സാധിക്കുന്നു,എന്ന് അധികപേരും അഭിപ്രായപ്പെട്ടു.

എത്ര പറഞ്ഞാലും മതിവരാത്ത വിശേഷങ്ങളാണ് "പാടത്തെപീടിക തട്ട് കട"യെ കുറിച്ച് പറയാനുള്ളത്. ഉച്ചഭക്ഷണത്തിന് സ്വാദേറിയ മട്ടൻ ബിരിയാണി കൊണ്ട് പോയിരുന്നെങ്കിലും, അത് വേണ്ടപോലെ വിളമ്പിക്കൊടുക്കുന്നത് മുതൽ, നാടൻ പലഹാരങ്ങളായ ബജയും, മുട്ടബജയും, പൊട്ടാറ്റോ ബജയും, മുളക് ബജയും മറ്റും എന്തിനേറെ, നമ്മുടെ ഇഷ്ടവിഭവമായ കൊള്ളിഷ്ട്ടു വരെ വിവിധ രുചിഭേദങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കിയ ഒരുപിടി കലാകാരന്മാരുടെ കർമ്മനിരതമായ മണിക്കൂറുകൾ. യാതൊരു പ്രതിഫലേച്ഛയും കൂടാതെ എല്ലാവരെയും മതിവരും വരെ സംതൃപ്‌തമാക്കിയ അവരുടെ കർമ്മാവേശം നന്ദിപ്രകടനങ്ങൾക്കും അപ്പുറമാണ്.സർവ്വശക്തൻ തന്നെ അവർക്ക് പ്രതിഫലം നൽകട്ടെ.പേരുകൾ മനഃപൂർവ്വം കുറിക്കുന്നില്ല. 

വെയിൽ തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോഴേക്കും അരിച്ചിറങ്ങിത്തുടങ്ങിയ തണുപ്പിനെ ശമിപ്പിക്കാൻ ആവിപറക്കുന്ന ചുടുചായ തട്ടുകടയിൽ തയാറായിരുന്നു. തട്ടുകടക്ക് അലങ്കാരമായി വിവിധ നാടൻ മിട്ടായി ഭരണികളും അച്ചാർ മാലകളും കൂടിയായപ്പോൾ പാടത്തെ പീടികയിൽ തന്നെ എത്തിയോ എന്ന് തോന്നിപ്പോകും. ആവർത്തിച്ചു കൊണ്ടിരിക്കുന്ന ദൈനംദിനചര്യകളിൽ വിരസമായ മനസ്സും ശരീരവും ഒരു പുതുജീവൻ വീണ്ടെടുത്ത പ്രതീതി. കണ്ടുമറന്നവരും, കാണാൻ കൊതിക്കുന്നവരും, കാണാമറയത്തിരിക്കുന്നവരും,ഇനിയും കണ്ടിട്ടില്ലാത്തവരുമായ  സുഹൃത്തുക്കളെയും അയൽവാസികളെയും നേരിൽ കണ്ടപ്പോഴുള്ള നിർവൃതിയുടെ പ്രതിഫലനം എല്ലാ മുഖങ്ങളിലും പ്രകാശിച്ചിരുന്നു.

മന്‍‌സൂര്‍ അബൂബക്കര്‍,യൂസുഫ് പി ഹമീദ്,അബ്‌ദുല്‍ ഖാദര്‍ പി.വി,റാഫി ഖാസിം എന്നിവരുടെ നേതൃത്വത്തില്‍ നാല് ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമുകൾക്ക് വലിയ ട്രോഫികൾ സമ്മാനമായി നൽകി. വിവിധ സമ്മാനങ്ങൾ വേറെയും.പ്രസിഡണ്ടിന്റെ ഗിഫ്റ്റ് ഓഫറുകൾ അതും വേണ്ടുവോളമുണ്ട്.

എന്നുമെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി ഓർമ്മകളുമായാണ് ശഹാനിയ പാർക്കിനോട് യാത്ര പറഞ്ഞിറങ്ങിയത്.

ഇനിയും ഇടയ്ക്കിടെ ഇത്തരം യാത്രകൾ സംഘടിപ്പിക്കണമെന്നും അത് മനസ്സിനും ശരീരത്തിനും നവോന്മേഷം പകരുമെന്നും എല്ലാവരും ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നത് കേൾക്കാമായിരുന്നു ഒരു മഹല്ലിലെ യുവാക്കളടങ്ങുന്ന 70 ഓളം പേരെ ഒരു കുടക്കീഴിൽ സംഘടിപ്പിക്കുക എന്നത് ഏറെ ശ്രമകരമാണ്. ഇതിൻറെ വിജയത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത സഹോദരങ്ങൾക്ക് അല്ലാഹു ഖൈർ പ്രധാനം ചെയ്യട്ടെ, സദുദ്ദേശത്തോടെ സംഘടിപ്പിക്കുന്ന സദുദ്യമങ്ങൾ അല്ലാഹു സ്വീകരിക്കുകയും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീൻ!

 അബ്‌ദുല്‍ ഖാദർ പുതിയവീട്ടിൽ