നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

വിനീതരാകുക

തിരുനെല്ലൂർ നിവാസികളിന്ന് വലിയൊരു ദൗത്യം പൂർത്തീകരിച്ച സന്തോഷത്തിൻ്റെ നിറവിലാണ്.നാളേറെയായി ആറ്റു നോറ്റു കാത്തിരിക്കുന്ന ,മഹല്ലിന് ദൈനം ദിന ചെലവുകൾക്ക് നിതാനമായ ഒരു ലക്ഷ്യം കണ്ടെത്തിയതിലുള്ള  ആഹ്ളാദമാണ്.ദിവസങ്ങളായി സോഷ്യൽ മീഡിയ കളിലൂടെ ആശംസകളുടെ,അനുമോദനങ്ങളുടെ,അനുസ്മരണങ്ങളുടെ പ്രവാഹം തന്നെ അങ്ങോളമിങ്ങോളം ഒഴുകുകയായിരുന്നു.തീർച്ചയായും സന്തോഷമുണ്ടാക്കുന്ന നിമിഷങ്ങൾ തന്നെ.വര്‍ഷങ്ങളായി കർമ്മപഥത്തിൽ തളരാതെ അതിൻ്റെ വിജയത്തിനായി നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്ന മഹല്ല് നേതൃത്വവും ഒപ്പം സഹായവും സഹകരണവുമായി പ്രവാസി സംഘങ്ങളും പ്രാർത്ഥനാ നിരതരായി മഹല്ലുവാസികളും ഒരു മഹത് സംരംഭം വിജയത്തിലെത്താൻ ഇതിലേറെ മറ്റെന്ത് വേണം? അത് അല്ലാഹുവിൻ്റെ നടപടി ക്രമമാണ് "ആർ അല്ലാഹുവിനെ സഹായിച്ചുവോ അവരെ അല്ലാഹു സഹായിക്കുകയും അവരുടെ പാദങ്ങളെ ഉറപ്പിച്ചു നിറുത്തുകയും ചെയ്യും.
"കണ്ണിന് കുളിരു പകരുന്ന,കാതിന് ഇമ്പം നൽകുന്ന,ഹൃദയത്തിൽ ആഹ്ളാദത്തിൻറെ പൂത്തിരി കത്തിക്കുന്ന,ചിന്തയുടെ വസന്തം വിരിയിക്കുന്ന,ഭാവനയുടെ ചിറകു വിടർത്തുന്ന,സ്നേഹത്തിൻ്റെ ഒരായിരം വർണ്ണപ്പൂക്കൾ സമ്മാനിക്കുന്ന,പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കുന്ന പ്രപഞ്ച സൃഷ്ടാവിൻ്റെ അപരിമേയമായ അനുഗ്രഹങ്ങളെ ഓർമ്മപ്പെടുത്തുന്ന ഈ മനോഹര സൗധം അല്ലാഹുവിൻ്റെ അനുഗ്രഹമല്ലാതെ മറ്റെന്താണ്.ഇതിന് വേണ്ടി ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും പ്രാർത്ഥന കൊണ്ടും പ്രയത്നിച്ച എല്ലാ വ്യക്തിത്വങ്ങൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.നമ്മിൽ നിന്നും മണ്മറഞ്ഞു പോയ ധാരാളം മഹൽ വ്യക്തിത്വങ്ങളെ ഇവിടെ പലരും സ്മരിക്കുകയുണ്ടായി.ഇനിയും വിസ്മൃതിയിൽ പൂണ്ട അനേകമനേകം വ്യക്തികൾ തീർച്ചയായും ഉണ്ട്.അല്ലാഹുവിൻ്റെ റെക്കോർഡിൽ അവരെല്ലാവരും തീർച്ചയായും രേഖപ്പുടുത്തപ്പെട്ടിട്ടുണ്ട്.അവരുടെ സുകൃതങ്ങളെല്ലാം അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നു,നാം ഓർത്താലും ഓർത്തില്ലെങ്കിലും.സർവ്വശക്തൻ നമ്മെയും നമുക്ക് മുന്നേ കടന്നു പോയ മുന്‍ഗാമികളെയും നമുക്ക് പിറകിൽ വരാനിരിക്കുന്ന പിന്‍ഗാമികളെയും സുകൃതവാന്മാരിൽ പെടുത്തി അനുഗ്രഹിക്കട്ടെ,ആമീൻ !

ഈ സന്തോഷവേളയിൽ നാം ഓർക്കേണ്ട മറ്റൊരു കാര്യം നാം കൂടുതൽ വിനീതരായി കൊണ്ട് അല്ലാഹുവിനെ കൂടുതൽ വാഴ്ത്തുകയും സ്തുതികളർപ്പിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യേണ്ടതുണ്ട് എന്നതാണ്.ഈ സമയത്തെ സ്തുതികൾ കൂടുതൽ പ്രതിഫലാർഹവും ഇസ്തിഗ്ഫാർ ,ഏറ്റവുമധികം പാപങ്ങൾ പൊറുക്കപ്പെടാൻ സാധ്യതയുള്ളതുമാണ്.നമ്മുടെ പ്രവർത്തനങ്ങൾക്കിടയിൽ വല്ല പോരായ്മകളും വന്നു പോയിട്ടുണ്ടെങ്കിൽ അതുകൾ പൊറുക്കപ്പെട്ടേക്കാം.പ്രവാചകൻറെ പ്രബോധന പ്രവർത്തനങ്ങൾ ഏതാണ്ട് പരിസമാപ്തിയിലേക്കടുത്തപ്പോൾ ,ജനങ്ങളെല്ലാം കുടുംബത്തോടൊപ്പവും ഗോത്രങ്ങളോട് കൂടിയും ഇസ്‌ലാമിലേക്ക് കടന്നുവന്നുകൊണ്ടിരുന്നപ്പോൾ അനുഗ്രഹീതമായ അദ്ധ്യായം അൽ നസ്ർ  ഇറക്കിക്കൊണ്ട് അല്ലാഹു പ്രാവാചകനോട് കൽപ്പിച്ചു " അല്ലാഹുവിൻ്റെ സഹായവും വിജയവും വന്നു കിട്ടുകയും ജനങ്ങൾ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ കൂട്ടം കൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്‌താൽ ,നിൻ്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീർത്തിക്കുകയും നീ അവനോടു പാപമോചനം തേടുകയും ചെയ്യുക.തീർച്ചയായും അവൻ പാശ്ചാതാപം സ്വീകരിക്കുന്നവനാകുന്നു."സൂറ-അൽ നസ്ർ
അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍