ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

പൂവണിഞ്ഞ മോഹന സ്വപ്നം  

തിരുനെല്ലൂർ നിവാസികൾക്കിത് സ്വപ്ന സാക്ഷാൽക്കാരത്തിൻ്റെ സുന്ദര നിമിഷങ്ങൾ..തിരുനെല്ലൂർ മഹല്ലെന്ന ഒരു സാമ്രാജ്യത്തെ അതിൻ്റെ പൂർണ്ണ പ്രൗഢിയോടെ തന്നെ പുതുതലമുറക്ക് സമർപ്പിച്ചു് മണ്മറഞ്ഞു പോയ നമ്മുടെ ബഹുമാന്യരായ പൂർവ്വികർക്കു വേണ്ടിയുള്ള ഉപകാരസ്മരണയും,നമ്മെ കുറിച്ച് വരും തലമുറയ്ക്ക് ഓർത്തു വെക്കാവുന്ന ഒരു വഴിയടയാളവും.എന്തോ സാധിച്ചെടുത്ത ചാരിതാർഥ്യമുണ്ടെങ്കിലും ഇനിയും ചെയ്യാനുള്ളത് ഏറെയേറെ എന്ന തികഞ്ഞ ബോധ്യവുമുണ്ട്.
പക്ഷെ,പ്രവാസി സംഘങ്ങളോടൊപ്പം മഹല്ല് വാസികളും തോളോട് തോൾ ചേർന്ന് ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി കൈ കോർത്ത് പിടിച്ചാൽ അസാധ്യമായി ഒന്നും തന്നെയില്ല എന്ന് ഈ മനോഹര സൗധം വിളിച്ചോതുന്നു.ഇനിയും മഹല്ലിൻ്റെ പുരോഗതിക്കും മഹല്ല് നിവാസികളുടെ ക്ഷേമാശ്വൈര്യങ്ങള്‍‌ക്കും ഉതകുന്ന പ്രവർത്തനങ്ങളുമായി ഐക്യത്തോടെ മുന്നോട്ടു പോകാൻ ഈ കൂട്ടായ്മക്ക് കഴിയട്ടെ എന്നാശംസിക്കുകയാണ്.കുടുംബം പുലർത്താനും നാടിൻ്റെ സമൃദ്ധിക്കും വേണ്ടി കാലാവസ്ഥാ കാഠിന്യം വകവെക്കാതെ പാടുപെടുന്ന,വിശിഷ്യാ പാർട്ടി-സംഘടനാ പക്ഷപാതിത്യമില്ലാതെ സുഭിക്ഷമായ മഹല്ല് എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി സഹോദരങ്ങളുടെയും ,അവരുടെ സമ്പൽസമൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന മഹല്ല് വാസികളുടെയും ഐക്യത്തിൻറെയും സ്നേഹ സാഹോദര്യത്തിൻ്റെയും പ്രതീകമായി ഈ ധവള മണ്ഡപം തലയുയർത്തി നിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

ഷെരീഫ് ചിറക്കൽ
വാർഡ് മെമ്പർ