ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

സഫലമാകുന്ന പ്രാര്‍ഥനകള്‍

തിരുനെല്ലൂര്‍ മഹല്ലിന്റെ ചിരകാലാഭിലാഷം പൂവണിയുന്നു.മഹല്ലിന്‌ സ്ഥിര വരുമാനത്തിന്‌ ഉചിതമായ പദ്ധതി.പ്രകൃതിരമണീയമായ കായലോരത്ത്‌ പൂര്‍‌ത്തീകരിക്കപ്പെട്ടിരിക്കുന്നു.ഈ പദ്ധതിയുടെ സാക്ഷാല്‍കാരത്തിനായി അണിയറയില്‍ പ്രവര്‍‌ത്തിച്ചവരുടെ കര്‍‌മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുമാറാകട്ടെ.
2017 ഫിബ്രുവരി 27 വൈകുന്നേരം 4 മണിക്ക്‌ മഹല്ല്‌ വിഭാവനയില്‍ വിരിഞ്ഞ ഭവന പദ്ധതി മഹല്ലിനു സമര്‍‌പ്പിക്കുന്ന ധന്യമുഹൂര്‍‌ത്തം സഫലമാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
പദ്ധതിയുടെ ആദ്യ നാള്‍‌ മുതല്‍ തന്നെ പ്രസ്‌തുത വിഭാവനയെ മഹല്ലു നിവാസികളില്‍ വിശിഷ്യാ ഖത്തറിലെ പ്രവാസികള്‍‌ക്കിടയില്‍ യഥോചിതം പ്രസരിപ്പിച്ചു കൊണ്ടിരിക്കാന്‍ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ശ്രമിച്ചു പോന്നിട്ടുണ്ട്‌.പദ്ധതിയുടെ വിജയത്തിനുതകുന്ന അം‌ഗങ്ങളുടെ സം‌ഭാവനകളെ സ്വരൂപീക്കുന്നതിലും സമാഹരിക്കുന്നതിലും പരിമിതികള്‍‌ക്കുള്ളില്‍ നിന്ന്‌ സഹകരിക്കാന്‍ സാധിച്ചതിലുള്ള ചാരിഥാര്‍‌ഥ്യം സാന്ദര്‍ഭികമായി പങ്കുവെക്കുന്നു.

ഒത്തൊരുമിച്ചുള്ള പ്രവര്‍‌ത്തനങ്ങളും പ്രാര്‍‌ഥനകളും സഫലമായതില്‍ വിവരണാതീതമായ സന്തോഷം പങ്കുവെയ്‌ക്കട്ടെ.നമ്മുടെ നാടിന്റെ ഉയര്‍‌ച്ചക്കും വളര്‍‌ച്ചക്കും ഉതകുന്ന ഒട്ടേറെ വിഭാവനകള്‍ സ്വപ്‌നം കാണാന്‍ ഇനിയും സൗഭാഗ്യമുണ്ടാകട്ടെ എന്ന ആശം‌സകളോടെ പ്രാര്‍‌ഥനയോടെ...

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍.