ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

മഴവില്ല്‌ പൂത്ത കണ്ണുകള്‍

ഒരു ചെടി നടുമ്പോള്‍ ഒരു പക്ഷെ അത്രയൊന്നും ചിന്തിച്ചെന്നു വരില്ല.അതിന്റെ പിന്നീടുള്ള പരിണാമം.അനുഗ്രഹത്തിന്റെ മാരിയേറ്റ്‌ തൊടികള്‍ നനയുമ്പോള്‍ നുരുമ്പി ഉണങ്ങിയ ബീജങ്ങളില്‍ ജീവന്‍ തുടിക്കുകയും മുളകള്‍ വരികയും ചെയ്യും.പിന്നെ തളിരണിഞ്ഞ് ഇല വിരിഞ്ഞ് ക്രമേണ ശാഖകളും ഉപ ശാഖകളും ഉണ്ടാകുന്നു.വീണ്ടും വളരുകയും മരമാകുകയും ചെയ്യും.കാലങ്ങള്‍ പിന്നെയും മാറുമ്പോള്‍ ഒരു വലിയ വട വൃക്ഷമായി പന്തലിച്ചു നില്‍‌ക്കും.അതിലെ കായ്‌കനികള്‍ ഭുജിക്കാന്‍ പറവകള്‍ പാറി വരും.അതിന്റെ ശിഖിരങ്ങളില്‍ പക്ഷികള്‍ കൂടു കൂട്ടും.പടര്‍ന്ന്‌ പന്തലിച്ച്‌ തണലിട്ട മരത്തിന്റെ താഴെ മനുഷ്യനും മൃഗങ്ങളും ജന്തു ജാലങ്ങളും തണല്‍ കൊള്ളാനെത്തും.ഈയൊരു പ്രക്രിയയെയാണ്‌ പ്രകൃതി നിയമം എന്നൊക്കെ സാഹിത്യകാരന്മാര്‍ പറയുന്നത്.

2014 നവം‌ബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ നമ്മുടെ ജിവിച്ചിരിക്കുന്ന കാരണവന്മാര്‍ തിരുനെല്ലുരിന്റെ പ്രകൃതിഭം‌ഗിയാല്‍ കനിഞ്ഞരുളിയ കായലോരത്ത്‌ കുത്തിയിട്ട ഒരു മുളന്തണ്ട് ഇന്ന്‌ മനോഹരമായ ഒരു മണിമേടയായിരിക്കുന്നു.അന്ന്‌  ആകാശത്തേയ്‌ക്ക് കയ്യുയര്‍ത്തി കണ്ണീരണിഞ്ഞ കണ്ണുകളില്‍ ഇന്നു മഴവില്ല്‌ പൂത്തിരിക്കുന്നു.ഒരു തേന്മാരിയുടെ വരവറിയിക്കുന്ന ഈ മാരിവില്ല്‌ പൂത്തതും നോക്കി അനുഗ്രഹങ്ങള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കാം.നാടിനെ കുറിച്ച്‌ അഹോരാത്രം ചിന്തിച്ച മണ്‍‌മറഞ്ഞ കാരണവന്മാര്‍ക്ക്‌ വേണ്ടിയും പ്രാര്‍‌ഥിക്കാം.വാര്‍ദ്ധക്യത്തിലും യുവതകളുടെ മനസ്സുമായി വരും തലമുറയ്‌ക്ക്‌ വേണ്ടി തണലും തടവും ഒരുക്കുന്ന സഹൃദയര്‍‌ക്ക്‌ സൗഭാഗ്യങ്ങള്‍ നേര്‍‌ന്നു കൊണ്ട്‌.

ഷിഹാബ്‌ എം.ഐ
ജനറല്‍ സെക്രട്ടറി
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുര്‍