നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday 17 September 2015

പുതിയ പരവതാനി

തിരുനെല്ലൂര്‍:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഏറ്റെടുത്ത ഉത്തരവാദിത്ത നിര്‍‌വഹണത്തിന്റെ ഭാഗമായി പള്ളിയില്‍ പുതിയ പരവതാനി വിരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍‌ത്തിയായതായി അസോസിയേഷന്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ അറിയിച്ചു.പള്ളി ശീതീകരിക്കുക എന്ന വാഗ്ദാനവും താമസിയാതെ നിറവേറ്റപ്പെടുമെന്നു ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ പറഞ്ഞു.

ഷിഹാബ്‌ എം.ഐ,ഖമറു കടയില്‍,ഹാജി ഹുസൈന്‍,ഇസ്‌മാഈല്‍ ബാവ,അസീസ്‌ മഞ്ഞിയില്‍ എന്നിവരടങ്ങിയ സം‌ഘം കോഴിക്കോട്‌ നിന്നാണ്‌ മേത്തരം പരവതാനി ഏര്‍‌പാട്‌ ചെയ്‌തത്.
കാലത്ത്‌ 6.30 ന്‌ സം‌ഘം കോഴിക്കോട്ടേക്ക്‌ യാത്ര തിരിച്ചിരുന്നു.ചങ്ങരം കുളത്തിനടുത്തുള്ള പാട ശേഖരത്തുള്ള വഴിയോരത്തു നിന്നും പ്രാതല്‍ കഴിച്ചാണ്‌ യാത്ര തുടര്‍‌ന്നത്.കോഴിക്കോട്‌ ബീച്ച്‌ റോഡിലുള്ള നഗരസഭ ആസ്ഥാനത്തിനടുത്തുള്ള മേത്തരം പരവതാനികളുടെ ശേഖരമുള്ള കാര്‍‌പറ്റ്‌ വേള്‍ഡില്‍ നിന്നുമാണ്‌ പരവതാനി വാങ്ങിയത്.ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ഇതിന്നായി ചെലവഴിക്കേണ്ടിവന്നു.പ്രസിഡണ്ടിന്റെ പ്രത്യേക താല്‍‌പര്യവും സമയാസമയങ്ങളിലെ ഇടപെടലുകളുമാണ്‌ കാര്യങ്ങള്‍ ഭം‌ഗിയായി നിര്‍‌വഹിക്കുന്നതിന്‌ സഹായകമായത്.അസോസിയേഷന്‍ പ്രസിഡണ്ടും അദ്ധേഹത്തിന്റെ സ്വാധീനതയിലുള്ള സ്ഥാപനങ്ങളുടെ ഉടമയുമാണ്‌ ഖത്തര്‍ മഹല്ലു അസോസിയേഷന്റെ സങ്കല്‍‌പത്തെ പൂവണിയിപ്പിച്ചത്.

മാവൂര്‍‌ റോഡിലുള്ള മര്‍‌കസ്‌ മസ്‌ജിദില്‍ നിന്നും ദുഹര്‍ നമസ്‌കരിച്ച്‌ വ്യക്തിപരമായ ചില കര്‍‌ത്തവ്യങ്ങള്‍‌ സാധിച്ചു കഴിയുമ്പോഴേക്കും മദ്ധ്യാഹ്നം പിന്നിട്ടിരുന്നു.അപ്പോഴേക്കും പ്രാതല്‍ മസാല അലിഞ്ഞു കഴിഞ്ഞിരുന്നു.പിന്നെ താമസിച്ചില്ല.തൊട്ടടുത്തുള്ള മധ്യേഷ്യന്‍ ഭോജനശാലയില്‍ കയറി.ചുരുക്കി പറയാം വിശപ്പടക്കി.

ഏറെ പ്രാധാന്യമുള്ള ഒരു കാര്യത്തിന്റെ പൂര്‍ത്തീകരണം സാധ്യമായതിലുള്ള സം‌തൃപ്‌തി എല്ലാവരുടെ മുഖത്തും പ്രകടമായിരുന്നു.മുന്‍ സീറ്റില്‍ വിശാലമായി ഇരിന്നുകൊണ്ട്‌ ഇസ്‌മാഈല്‍ ബാവ ഇടക്ക്‌ ചില അമിട്ടുകള്‍ പൊട്ടിച്ചതൊഴിച്ചാല്‍ വേറെ മരുന്നൊന്നും കാര്യമായി കത്തിയില്ല.എന്നിരുന്നാലും ചില കമ്പിപ്പൂത്തിരികള്‍ ഖമറുദ്ധീനും ഷിഹാബും കത്തിക്കുന്നുണ്ടായിരുന്നു.

ഇടക്ക്‌വെച്ച് അസര്‍ ബാങ്ക്‌ മുഴങ്ങി.നമസ്‌കാരം കഴിഞ്ഞു കോട്ടക്കല്‍ വഴിയുള്ള യാത്ര വീണ്ടും.
കോട്ടക്കല്‍ എത്തിയപ്പോള്‍ ഒരു സങ്കടം തീര്‍‌ക്കാന്‍ ബാക്കിയുള്ള കാര്യം ഹുസൈന്‍ ഹാജി ഓര്‍‌മ്മിപ്പിച്ചു.അതു മറ്റൊന്നുമായിരുന്നില്ല പ്രസിദ്ധമായ കോട്ടക്കല്‍ അവില്‍ മില്‍‌ക്ക്‌ കഴിഞ്ഞ തവണ കുടിക്കാന്‍ സാധിക്കാതെ പോയതിലുള്ള സങ്കടം.അങ്ങനെ സായാഹ്നത്തിലെ ചായകുടി അവില്‍ മില്‍‌ക്കില്‍ ലയിപ്പിച്ചു.അപ്പോഴേക്കും പരവതാനിക്കാര്‍ വിളിച്ചു.വണ്ടി പുറപ്പെട്ടതറിഞ്ഞപ്പോള്‍ യാത്രവേഗത്തിലാക്കി.

ഞങ്ങള്‍ ഗുരുവായൂര്‍ വഴി വരും മുമ്പേ പരവതാനിക്കാര്‍ പഞ്ചാരമുക്കില്‍ കാത്തു നില്‍‌പുണ്ടായിരുന്നു.മഹല്ല്‌ നേതൃത്വത്തെയും പ്രധാനികളേയും ടലഫോണ്‍ വഴി ബന്ധപ്പെട്ടു കാര്യങ്ങള്‍ ധരിപ്പിച്ചു.

അല്ലാഹുവിനു സ്‌തുതി മഗ്‌രിബോടുകൂടെ നാട്ടിലെത്തി.ഈ സംരം‌ഭം പൂവണിയാന്‍ വെള്ളവും വെളിച്ചവും നല്‍കിയവര്‍‌ക്ക്‌ അര്‍ഹമായ പ്രതിഫലം നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ.

സപ്‌തംബര്‍ 17 വ്യാഴം ദുഹുര്‍ നമസ്‌കാരത്തിനു മുമ്പ്‌ പരവതാനി വിരിച്ചുകഴിഞ്ഞു.മുള്ളന്തറ മസ്‌ജിദ്‌ അല്‍‌നൂറിലും പുതിയ പരവതാനി വിരിച്ചു.