നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 6 November 2018

നന്മ ഒന്നാം വാര്‍‌ഷികം

പ്രവാചകന്‍ വായിക്കുകയും വായിക്കപ്പെടുകയും ചെയ്തപ്പോള്‍ ഒരു സമൂഹത്തിലുണ്ടായ പ്രതിഫലനങ്ങളും പ്രതികരണങ്ങളും ക്രമാനുഗമമായ സംഭവ വികാസങ്ങളും അടയാളപ്പെടുത്തുകയും അറിയിച്ച് തരികയും ചെയ്യും വിധമത്രെ ഖുര്‍ആനിന്റെ അവതരണം. വായിച്ച് വളരുന്ന ഒരു സമൂഹത്തെ തൊട്ടുണര്‍ത്തും വിധം ഭാവാത്മകമാണ് വിശുദ്ധ വചനങ്ങളുടെ ക്രോഡീകരണം.

മാനവരാശിയ്ക്ക് അനുഗ്രഹമായി അവതീര്‍ണമായ വേദം മനസ്സിനു സാന്ത്വനവും ആത്മാവിനു അനുഭൂതിയും പകര്‍ന്നു മസ്തിഷ്‌കത്തോട് സംവദിക്കുന്ന ഗ്രന്ഥം. വിണ്ണിന്റെ വെണ്മയും മണ്ണിന്റെ മണവും ചാലിച്ചെടുത്ത ശൈലിയില്‍ മനുഷ്യ മനസ്സുകളിലേയ്ക്ക് പെയ്തിറങ്ങുന്ന അനുഗ്രഹത്തിന്റെ വര്‍ഷം. താരാഗണങ്ങളെ നാണിപ്പിക്കുന്ന പ്രകാശം ചൊരിയുന്ന വഴിവിളക്കിന്റെ പ്രഭാപൂരം.വിശ്വാസിയുടെ മനസ്സ് ഉടയ തമ്പുരാന്റെ അനുഗ്രഹത്തിന്റെ തേന്‍ വര്‍ഷം ഏറ്റുവാങ്ങുന്ന ഭൂമികയാകണം, കാരുണ്യത്തിന്റെ പ്രഭാകിരണങ്ങളാവാഹിച്ചെടുക്കുന്ന സ്പടികക്കൂടാകണം.വിശുദ്ധ ഖുര്‍ആന്‍ സമാനതകളില്ലാത്ത ദിവ്യാത്ഭുതത്തിന്റെ കേതാരം.

വായിക്കപ്പെടുന്നത് എന്നത്രെ ഖുര്‍ആന്‍ എന്ന പദത്തിന്റെ വ്യാഖാനം.വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനും തൊട്ടറിയുന്നതിനുമുള്ള സാഹചര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഖുര്‍‌ആന്‍ പാരായണ ഹിഫ്‌ള്‌ മത്സരങ്ങള്‍.
ഖുർആൻ പാരായണ മത്സരം മദ്രസ്സ വിദ്യാർഥികൾക്കും,ഖുര്‍‌ആന്‍ ഹിഫ്ള് മത്സരം പതിനഞ്ച് വയസ്സിന് താഴെയുള്ളവർക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്‌.മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ യഥാ ക്രമം 10001,5001,3001 രൂപ വീതം പാരിതോഷികങ്ങളും സമ്മാനിക്കും.

കൂടാതെ മാപ്പിള കലയിലെ മികച്ച ഇനങ്ങളായി ഗണിക്കപ്പെടുന്ന ദഫ് മുട്ടും അറബന മുട്ടും നന്മ ഒരുക്കുന്ന മത്സര വേദിയെ ആവേശത്തിന്റെ തപ്പും തുടിയും കൊണ്ട്‌ ശബ്‌ദ മുഖരിതമാക്കും.

രണ്ട്‌ ദിവസങ്ങളിലായി അരങ്ങേറുന്ന പരിപാടികളിലെ സമാപനങ്ങളിലും പൊതു പരിപാടികളിലും പണ്ഡിതന്മാരും സാമൂഹ്യ സാം‌സ്‌കാരിക രാഷ്‌ട്രിയ വൃത്തങ്ങളിലുള്ള പ്രഗത്ഭരും പങ്കെടുക്കും.

നന്മ തിരുനെല്ലൂരിന്റെ പ്രഥമ വാര്‍‌ഷികം പ്രമാണിച്ച്‌ നടത്തുന്ന ഈ മഹദ്‌ സം‌രംഭവുമായി സഹകരിക്കുക.