നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 4 March 2018

നന്മയുടെ നീരൊഴുക്കിന്‌ നല്ല തുടക്കം

തിരുനെല്ലൂര്‍:നന്മയില്‍ മത്സരിക്കുന്ന നാടിന്റെ നവോന്മേഷകരമായ മുഖം പ്രശംസനീയം.തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡണ്ട്‌ അബു കാട്ടില്‍ പറഞ്ഞു.മഹല്ല്‌ തിരുനെല്ലൂരും നന്മ തിരുനെല്ലൂരും സഹകരിച്ച്‌ പ്രാരം‌ഭ കുറിച്ച ശുദ്ധ ജല വിതരണ സന്നദ്ധ സംരം‌ഭം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മഹല്ല്‌ പ്രസിഡണ്ട്‌  അബു കാട്ടില്‍.

അവസരത്തിനൊത്ത്‌ ഉണര്‍ന്ന്‌ രചനാത്മകമായ സംരം‌ഭത്തിന്‌ തിരിതെളിയിച്ച നന്മ തിരുനെല്ലൂരിന്റെ ശ്രമങ്ങളും പ്രവര്‍‌ത്തനങ്ങളും ശ്ലാഘിക്കപ്പെട്ടു.നാടിന്റെ പൊതു നന്മ പ്രകാശിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സന്ദര്‍‌ഭത്തിനൊത്ത്‌ ഉചിതമായ ഇടപെടലുകള്‍ നടത്തുന്ന മഹല്ല്‌ നേതൃത്വത്തിന്റെ നിലപാടും ഏറെ കീര്‍ത്തിക്കപ്പെട്ടു.

നന്മ തിരുനെല്ലൂര്‍ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവ,വൈസ്‌ ചെയര്‍‌മാന്‍ അബ്‌ദുല്‍ ജലീല്‍ വി.എസ്‌,കണ്‍വീനര്‍ ഷം‌സുദ്ധീന്‍ പുതിയ പുരയില്‍,മഹല്ല്‌ സെക്രട്ടറി സുബൈര്‍ പി.എം തുടങ്ങി മഹല്ലിന്റെയും നന്മയുടെയും ഔദ്യോഗിക ഭാരവാഹികളും സഹൃദയരായ നാട്ടുകാരും ഈ സദുദ്യമ സദസ്സിനെ ധന്യമാക്കി.

ശുദ്ധ ജല വിതരണ സംരംഭവുമായി ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായസഹകരണങ്ങളും പിന്തുണയും ലഭിച്ചു കൊണ്ടിരിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

തിരുനെല്ലൂരിന്റെ സ്വന്തം മുഹമ്മദന്‍‌സ്‌ ഖത്തര്‍,മുല്ലശ്ശേരി പരിസര മഹല്ലുകള്‍ കേന്ദ്രികരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന ഉദയം പഠനവേദി യഥാക്രമം പതിനഞ്ചും പത്തും ദിവസത്തെ വിതരണത്തിനുള്ള സാമ്പത്തിക സഹായം വാഗ്ദത്തം നല്‍കപ്പെട്ടതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.കളിയും കാര്യവും സാമൂഹിക ക്ഷേമ പ്രവര്‍‌ത്തനങ്ങളിലും സജീവമായി ഇടപെടുന്ന മുഹമ്മദന്‍‌സ് ഖത്തറിന്റെ നിലപാടുകള്‍ ഏറെ ശ്ലാഘനീയമാണെന്നു സഹൃദയര്‍ പ്രതികരിച്ചു.ഉദയം പഠനവേദിയുടെ ദാന ധര്‍‌മ്മ സമാഹരണത്തില്‍ നിന്നും വിഹിതം നല്‍‌കുന്ന അവസരോചിതമായ ഇടപെടലും സ്വാഗതം ചെയ്യപ്പെട്ടു.