നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

ഉപാദികളില്ലാത്ത സഹകരണം

ആദരണീയരായ വ്യക്തിത്വങ്ങളെ, ഗുരുവര്യന്മാരെ,ബഹുമാന്യരായ അഥിതികളെ, മഹല്ല്‌ ഭാരവാഹികളെ, രക്ഷിതാക്കളെ, സഹോദരങ്ങളെ,അസ്സലാമു അലൈക്കും വറഹ്‌മതുല്ലാഹി വബറകാതുഹു...

നമ്മുടെ മഹല്ല്‌ തിരുനെല്ലൂരിലെ ബഹു ഭൂരിപക്ഷം പ്രവാസികള്‍ ജോലിതേടിപ്പോയ ഒരു കൊച്ചു രാജ്യത്തുള്ള തിരുനെല്ലുര്‍ പ്രവാസികളെ പ്രതിനിധീകരിച്ച് കൊണ്ടാണ്‌ ഈ വേദിയില്‍ സ്വരം പകരുന്നത്‌.അഥവാ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ എന്ന കൂട്ടായ്‌മയുടെ വിലാസത്തിലാണ്‌ ഈ സദസ്സിനെ അഭിസം‌ബോധന ചെയ്യാന്‍ ശ്രമിക്കുന്നത്‌.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

മഹല്ലിന്റെ വിഭാവനയില്‍ വിരിഞ്ഞ ഹൃദ്യമായ മധുമലരുകളുടെ സൗരഭ്യം നിറഞ്ഞ അന്തരീക്ഷം അനിര്‍‌വചനീയമായ സന്തോഷം പ്രധാനം ചെയ്യുന്നുണ്ട്‌.ഈ സുഗന്ധ പൂരിതമായ അന്തരിക്ഷത്തെ മലിനപ്പെടുത്താന്‍ സഹായിക്കുന്ന ഒരു വിരലനക്കം പോലും ബോധ പുര്‍‌വ്വം ഉണ്ടാകുകയില്ല.എന്ന പ്രതിജ്ഞ മനസാ വാചാ കര്‍‌മ്മണാ നിര്‍‌വഹിക്കാന്‍ സ്വദേശത്തും വിദേശത്തും ഉള്ള പ്രിയപ്പെട്ടവര്‍‌ക്ക്‌ സാധിക്കുമാറാകട്ടെ.എന്ന പ്രാര്‍ഥനയാണ്‌ പ്രഥമമായി ഖ്യു.മാറ്റ്‌ എന്ന കൊച്ചു സം‌ഘത്തിന്റെ ആശം‌സയായും ആശീര്‍‌വാദമായും പ്രകാശിപ്പിക്കാനുള്ളത്.

മഴക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കാന്‍ നാട്ടു കൂട്ടം സംഗമിച്ചപ്പോള്‍ നിഷ്‌കളങ്കനായ ഒരു ബാലന്‍ കുടയുമായിട്ടാണത്രെ ഹാജറായത്‌.മോനെന്താ കുടയുമായി വന്നതെന്നാരാഞ്ഞപ്പോള്‍.'പ്രാര്‍ഥനക്ക്‌ ശേഷം മഴ പെയ്‌താല്‍ എന്ന നിശ്ശം‌ശയകരമായ മറുപടിയാണുയര്‍‌ന്നത്.അപ്രതീക്ഷിതമെന്നോണമുള്ള പ്രത്യുത്തരം കേട്ട്‌ ചോദ്യകര്‍ത്താവ്‌ ഞെട്ടിത്തരിച്ചു എന്നൊരു കഥയുണ്ട്‌.പറഞ്ഞു വരുന്നത്‌ പ്രവര്‍ത്തനത്തിലായാലും പ്രാര്‍ഥനയിലായാലും പ്രതീക്ഷ വെച്ചു പുലര്‍ത്താന്‍ കഴിയേണ്ടതുണ്ട്‌.നിഷ്കളങ്കവും നിഷ്‌കപടവുമായ മനസ്സുള്ളവര്‍‌ക്കേ പ്രതീക്ഷയുണ്ടാകുകയുള്ളൂ.

പ്രതീക്ഷയുള്ളവര്‍ക്കേ   മനസ്സുഖമുണ്ടാവുകയുള്ളൂ.മനസ്സുഖവും മനസ്സമാധാനവുമുള്ളവരുടെ സാന്നിധ്യം കൊണ്ടേ ആരോഗ്യകരമായ സമൂഹം എന്ന രചനാത്മകമായ സങ്കല്‍‌പം കതിരണിയുകയുള്ളൂ.

ഈ സൂചനകളെ ഉള്‍‌കൊള്ളാന്‍ ആത്മീയമായ വീര്യം നഷ്‌ടപ്പെടാത്ത നേതൃ നിരയെ കുറിച്ചുള്ള ബഹുമാനാദരവുകള്‍ പ്രകാശിപ്പിച്ചു കൊണ്ട്‌.ഈ സന്ദേശം ഇവിടെ പ്രസരിപ്പിക്കുന്നു.

മഹല്ലിന്റെ ക്രിയാത്മകമായ എല്ലാ സംരംഭങ്ങളിലും ഉപാദികളില്ലാത്ത സഹകരണത്തിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ തുടരാനുള്ള സന്നദ്ധതയെ ഒരിക്കല്‍ കൂടെ പുതുക്കി പ്രസ്‌താവിച്ചു കൊണ്ട്‌.ഭാവുകങ്ങള്‍ നേരുന്നു.
നമ്മുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്‌മകള്‍ പൊറുക്കുകയും കര്‍‌മ്മങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമാറാകട്ടെ.

പ്രതിജ്ഞയോടെ പ്രാര്‍ഥനയോടെ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലുരിന്‌ വേണ്ടി..