ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

നന്മകളുടെ ഒരു നാന്ദി

പാർപ്പിട സമുച്ചയം പല നന്മകളുടെ ഒരു നാന്ദി മാത്രമാണ്.പല തിന്മകളുടെ മരണവുമാണ്.മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്ന അഹം എന്ന ശിഥില ഭാവത്തിന്റെ ഒടുക്കവുമാണത്. അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദുർബലതയെ ബലവത്താക്കുന്നതിന്റെ,  ദൃഢീകരിച്ചെടുക്കുന്നതിന്റെ ഉത്തമ നിദർശനവുമാണത്.

തന്റെ സമ്പാദ്യത്തിന്റെ ചെറിയൊരു പങ്ക് ഒരു വലിയ പുണ്യത്തിന്റെ കൊട്ടാരത്തിൽ ഒരു ഇഷ്ടികയായെങ്കിലും നിറഞ്ഞു നിൽക്കുമ്പോൾ വരും തലമുറക്ക്‌ മുന്നിൽ നമ്മൾ നമ്മളെ അടയാളപ്പെടുത്തലും കൂടിയാകുന്നു.

ഈർക്കിലികൾ ഒറ്റക്ക് നിൽക്കുമ്പോൾ അല്ല ഒരുമിച്ച്‌ ചേരുമ്പോൾ ആണ് എല്ലാ ചപ്പു ചവറുകളും അടിച്ചു നീക്കാൻ പാകത്തിൽ ചൂലായി മാറുന്നത്. തിന്മകളെ ഉന്മൂലനം ചെയ്യാൻ നമുക്കും ഒരുമിച്ച്‌ നിൽക്കേണ്ടതുണ്ട്. ഇനിയും വിപ്ലവകരങ്ങളായ പരിവർത്തനങ്ങൾ ഉണ്ടാകട്ടെ. പട്ടിണി രഹിതമായ ഒരു മഹല്ലായി കൂടി നാടിനെ പരിവർത്തിക്കാൻ നമുക്കാകട്ടെ. മഹല്ലിലെ സമുച്ചയ സമന്വയങ്ങൾക്ക് മുന്നിലും പിന്നിലും അദ്ധ്വാനിച്ചവർക്കും ചെറുതും വലുതുമായ സഹായങ്ങൾ നല്കിയവർക്കും അല്ലാഹു തക്കതായ പ്രതിഫലം നല്കുമാറാകട്ടെ. ഹൃദയം നിറഞ്ഞ പ്രാർത്ഥനാ നിർഭരമായ ആശംസകൾ.
സൈനുദ്ധീന്‍ ഖുറൈഷി