ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Wednesday, 20 April 2016

അബുകാട്ടിലിന്‌ യാത്രയയപ്പ്‌

ദോഹ:ദീര്‍‌ഘകാലത്തെ പ്രവാസ ജീവിതത്തിന്‌ വിരാമിട്ട്‌ അബു കാട്ടില്‍ നാട്ടിലേയ്‌ക്ക്‌.എഴുപതുകളുടെ തുടക്കത്തില്‍ ഇരുപത്തിനാലാമത്തെ വയസ്സില്‍ പ്രവാസിയായി ഖത്തറിലെത്തി.1982 മുതല്‍ 2016 വരെ ഹമദ് ആശുപത്രിയില്‍ 35 വര്‍‌ഷം ജോലി ചെയ്‌തു.നാലു പതിറ്റാണ്ട്‌ കാലത്തെ പ്രവാസത്തില്‍ വിശ്രമമില്ലാത്ത ജീവിതം.ഖത്തറിലെ കോഗ്രസ്സ്‌ മുഖമായ ഇന്‍‌കാസിന്റെ ആദ്യകാല സം‌ഘാടകരിലൊരാള്‍.സി.കെ മേനോന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ സഹൃദയവേദിയുടെ രൂപീകരണത്തിലും തുടര്‍‌ന്നുള്ള പ്രവര്‍‌ത്തനങ്ങളിലും സജീവ സാന്നിധ്യം.ഇന്ത്യന്‍ കള്‍‌ച്ചറല്‍ സെന്റര്‍ മാനേജിങ് കമിറ്റി അം‌ഗം.ആതുരാലയം കേന്ദ്രീകരിച്ചും ഇതര സാമൂഹിക സന്നദ്ധ സം‌ഘങ്ങളുമായി സഹകരിച്ചും രഹസ്യമായും പരസ്യമായും പ്രവര്‍‌ത്തന നിരതമായ സേവനം.ഫ്രണ്ട്സ് ഓഫ് തൃശൂർ സ്ഥാപകാംഗം കൂടിയായ അബു കാട്ടില്‍.സംഘടനയുടെ ഹെൽപ്പ് ഡസ്‌ക്‌ ചെയർമാൻ എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ട്‌ നാലര വർഷം പ്രവർത്തിച്ചിട്ടുണ്ട്.ഒറ്റനോട്ടത്തില്‍ അബു കാട്ടിലിന്റെ ചിത്രമാണിത്.അറുപതുകളില്‍ രൂപം കൊണ്ട തിരുനെല്ലൂരിന്റെ പ്രവാസി കൂട്ടായ്‌മയില്‍ എമ്പതുകളില്‍ സജീവമായി രം‌ഗത്തുണ്ടായിരുന്നു.പിന്നീട് ഒരു നീണ്ട കാലം ഈ കൂട്ടായ്‌മ നിര്‍‌ജീവമായിരുന്നു.തിരുനെല്ലൂര്‍‌ക്കാരായ സഹൃദയരുടെ ശ്രമ ഫലമായി ഈ കൂട്ടായ്‌മ പുനര്‍ ജനിച്ചപ്പോള്‍ പ്രഥമ അധ്യക്ഷന്‍ അബു കാട്ടിലായിരുന്നു.പിന്നീട്‌ പല തവണകള്‍ തിരുനെല്ലൂര്‍ പ്രവാസി സം‌ഘത്തിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്.ഭാര്യ സമീറ.മക്കള്‍:ഹൈഥം,സബ്‌നം സബീഹ.എല്ലാവരും വിവാഹിതരാണ്‌.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ വ്യവസ്ഥാപിതമായും സജീവമായും സേവന സന്നദ്ധ സാന്ത്വന പ്രവര്‍‌ത്തനങ്ങളാല്‍ മഹല്ലിലെ നിറ സാന്നിധ്യമാണ്‌.

ഖത്തറിലെ സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗത്ത്‌ സജീവ സാന്നിധ്യവുമായിരുന്നു അബു കാട്ടില്‍.തിരക്ക്‌ പിടിച്ച തന്റെ പ്രവാസ ജിവിതത്തില്‍ മഹല്ലിന്റെയും നാട്ടുകാരുടേയും വിഷയം വരുമ്പോള്‍ പ്രഥമ പരിഗണന തന്റെ ഗ്രാമത്തിനും ഗ്രാമവാസികള്‍‌ക്കും എന്ന പ്രതിജ്ഞാബന്ധമായ കാഴ്‌ചപ്പാട്‌ കാത്തു സൂക്ഷിച്ചു പോന്ന ആദരണീയനായ അബു കാട്ടിലിന്‌ സമുചിതമായ യാത്രയയപ്പ്‌ ഏപ്രില്‍ 22 വെള്ളിയാഴ്‌ച ഷഹാനിയ പാര്‍ക്കില്‍ ഒരുക്കുന്നുണ്ട്‌.

ഏപ്രില്‍ 22 വെള്ളിയാഴ്‌ച കാലത്ത്‌ 08.30 ന്‌ സിറ്റി പരിസരത്ത് സെക്രട്ടറി അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ ജിസ്റ്റ്റേഷന്‍ ആരം‌ഭിക്കും.കൃത്യം ഒമ്പത്‌ മണിക്ക്‌ സംഗമ വേദിയായ ഷഹാനിയ പാര്‍‌ക്കിലേയ്‌ക്ക്‌ പുറപ്പെടും.കാലത്ത്‌ 10 മുതല്‍ ആദ്യ സെഷന്‍ ആരം‌ഭിക്കും.അസോസിയേഷന്‍ വാര്‍‌ഷിക പ്രവര്‍‌ത്തക രൂപ രേഖ അം‌ഗങ്ങള്‍‌ക്കിടയില്‍ സവിസ്‌തരം വിശദീകരിക്കുകയും ചര്‍‌ച്ചയ്‌ക്ക്‌ വിധേയമാക്കുകയും ചെയ്യും.പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേരുന്ന സം‌ഗമത്തില്‍ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ വിഷയം അവതരിപ്പിക്കും.സെക്രട്ടറി ശൈദാജ്‌ നന്ദി പ്രകാശിപ്പിക്കും.

ജുമ‌അ നമസ്‌കാരാനന്തരം രണ്ടാമത്തെ സെഷന്‍ പ്രാരം‌ഭം കുറിക്കും.പ്രവര്‍‌ത്തക സമിതി അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടിലിന്റെ ഖുര്‍‌ആന്‍ പഠനത്തോടെ ആരം‌ഭിക്കുന്ന കലാ കായിക സാംസ്‌കാരിക സം‌ഗമം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ സമ്പന്നമാകും.

മണലാരണ്യത്തിലാണെങ്കിലും പ്രകൃതിരമണീയമായ പ്രദേശത്ത്‌ അവിസ്‌മരണീയമായ സാം‌സ്‌കരിക വിരുന്നായിരിക്കും ഈ സം‌ഗമം എന്ന്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ അധ്യക്ഷന്‍ ഷറഫു ഹമീദ്‌ അറിയിച്ചു.