നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 30 January 2021

കുഷ്‌‌ഠ രോഗാസ്‌‌പത്രിയിൽ നന്മയുടെ തൂവല്‍ സ്‌പര്‍‌ശം.

കൊരട്ടി:നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി മൂന്നാം വാർഷികത്തോടനുബന്ധിച്ച് കൊരട്ടിയിലുള്ള കുഷ്‌‌ഠ രോഗാസ്‌‌പത്രിയിലെ കിടപ്പ് രോഗികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെ്‌‌യ്‌തു.

മൂക്ക് മുറിഞ്ഞു പോയവർ, വിരലുകൾ ഇല്ലാത്തവർ,കൈപ്പത്തി ഇല്ലാത്തവർ,കാൽ മുറിച്ചവർ , അംഗവൈകല്യം സംഭവിച്ച് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് കഴിയുന്നവർ....അങ്ങനെ ഒരുപാട് കഷ്‌‌ടപ്പാടും ദുരിതവും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ് അവിടത്തെ  അന്തേവാസികൾ. ഇവരിൽ പലർക്കും ബന്ധുക്കളോ വേണ്ടപ്പെട്ടവരോ വീടോ ഇല്ലാത്തവരാണ്. രോഗം ഭേദമായിട്ടും ബന്ധുക്കൾ സ്വീകരിക്കാതെ ഇത് തന്നെയാണ് തങ്ങളുടെ വീട് എന്ന് കരുതി ആസ്‌‌പത്രിയിൽ തന്നെ തുടരുന്നവരും കൂട്ടത്തിലുണ്ട്.ഇവർക്കൊപ്പമാണ് മൂന്നാം വാർഷികപരിപാടികള്‍‌ക്ക്‌ പ്രാരം‌ഭം കുറിച്ചത്.

കഴിഞ്ഞ ദിവസം നന്മതിരുനെല്ലൂര്‍ സാം‌സ്‌ക്കരിക സമിതി പ്രസിഡന്റ്‌ റഹിമാന്‍ തിരുനെല്ലൂരിന്റെ നേതൃത്വത്തിലുള്ള സം‌ഘത്തോടൊപ്പം തൃശൂര്‍ സാന്ത്വനം മഹൽ പ്രതിനിധി ഉസ്‌‌താദ്‌ അഷ്റഫി അവർകളും ചേര്‍‌ന്നാണ്‌ വിതരണത്തിന് നേതൃത്വം നൽകിയത്.

വിവിധ ബ്ലോക്കുകളിലായി 150 ൽ പരം രോഗികൾക്കാണ് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്‌‌തത്. ആസ്‌‌പത്രി അധികൃതരും ജീവനക്കാരും നന്മയുടെ ഉൽകൃഷ്‌‌ടമായ ഈ ജീവകാരുണ്യ സേവനത്തിൽ സജീവമായി സഹകരിക്കുകയും കൃതജ്ഞത അറിയിക്കുകയും ചെയ്‌തു. രോഗികളും സന്തോഷവും നന്ദിയും രേഖപ്പെടുത്തി.ആര്‍.കെ ഹമീദ്‌,ഹാജി ഹുസൈന്‍ കെ.വി,അബ്‌ദുന്നാസര്‍ കരീം,ആസിഫ് ഖാസിം,കാദര്‍‌മോന്‍ ഹാജി,ഉസ്‌‌മാന്‍ കടയില്‍,റഷീദ്‌ മതിലകത്ത് തുടങ്ങിയ നന്മയുടെ സഹകാരികള്‍ സം‌ഘത്തിലുണ്ടായിരുന്നു.

ആസ്‌‌പത്രിയിലെ ഡോക്‌‌ടർമാർ, നഴ്‌‌സുമാർ, ജീവനക്കാർ ഉൾപ്പെടെ എല്ലാവർക്കും ഭക്ഷണം നൽകാൻ സാധിച്ചു. മധ്യാഹ്നത്തിനു മുമ്പ്‌ വിതരണം അവസാനിച്ച ശേഷം ആസ്‌‌പത്രിയുടെ കോമ്പൗണ്ടിലുള്ള പള്ളിയിൽ ജുമുഅ നമസ്‌‌കാരം നിര്‍‌വഹിച്ച ശേഷമാണ്‌ പിരിഞ്ഞത്.

ആസ്‌‌പത്രി സന്ദർശനത്തിന്റെ ഉദ്ദേശ്യം ചോദിച്ചറിഞ്ഞ ശേഷം, ജുമുഅ കഴിഞ്ഞ് അവിടത്തെ ഖത്തീബ് ഉസ്‌‌താദ്‌ നന്മയുടെ വാഹകര്‍‌ക്ക്‌ വേണ്ടി  ഈ സംരംഭവുമായി സഹകരിച്ചവർക്ക് വേണ്ടി വിശേഷിച്ചും പ്രാര്‍‌ഥനകള്‍ നടത്തിയത്‌ നല്ല അനുഭവമായി എന്ന്‌ നന്മയുടെ പ്രവര്‍‌ത്തകര്‍ അഭിപ്രായപ്പെട്ടു.

ആസ്‌‌പത്രിയിൽ കഴിയുന്ന രോഗികളുടെ അവസ്ഥ നേരിൽ കാണുകയാണെങ്കിൽ നമ്മളെല്ലാം എത്രയോ ഭാഗ്യവാന്മാർ ആണെന്നും ലോക രക്ഷിതാവായ നാഥന്‍ നമ്മെ എത്രത്തോളം അനുഗ്രഹിച്ചിട്ടുണ്ടെന്നും നമുക്ക് നേരിട്ട് മനസ്സിലാകും.പങ്കെടുത്ത സം‌ഘാം‌ഗങ്ങള്‍ പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയോടെ നടത്തപ്പെട്ട നന്മയുടെ ഈ സൽപ്രവർത്തനവുമായി എല്ലാ അർത്ഥത്തിലും സഹകരിച്ച എല്ലാ സഹോദരർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന്‌ നന്മയുടെ ജനറല്‍ സെക്രട്ടറി ഷം‌സുദ്ദീന്‍ പി.എം ഓണ്‍ ലൈന്‍ സന്ദേശത്തില്‍ പ്രതികരിച്ചു.









നന്മ തിരുനെല്ലൂരിന്റെ കഴിഞ്ഞ ദിവസത്തെ സേവന പ്രവര്‍‌ത്തനം വലിയ അനുഭവമായിരുന്നു.എന്ന്‌ നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി പ്രസിഡന്റ്‌ പറഞ്ഞു.അദ്ദേഹം എഴുതിയ പോസ്റ്റിന്റെ പൂര്‍‌ണ്ണ രൂപം താഴെ.

-------------

( കുഷ്‌‌ഠ ) രോഗം ശാപമല്ല. ആ രോഗബാധയുള്ളവർ അനുഗ്രഹീതരാണ്.

...............................

വ്യത്യസ്തവും ഹൃദയസ്പർശിയുമായ ഒരനുഭവമായിരുന്നു, ഇന്നലെ (29-1-21 ) കൊരട്ടി കുഷ്ഠരോഗാശുപത്രിയിൽ ചിലവഴിച്ച ഒന്നര മണിക്കൂർ....

സാമൂഹിക ജീവിത സാഹചര്യങ്ങളിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട 150 ൽ പരം മനുഷ്യർ, ശാരീരികമായും മാനസികമായും അനുഭവിക്കുന്ന ഹൃദയ ഭേദകമായ പ്രയാസങ്ങൾ നേരിൽ കണ്ടപ്പോൾ ,  നാമെല്ലാം ജീവിച്ചു പോരുന്ന സാഹചര്യങ്ങളെ കുറിച്ച് ഓർത്തു പോയി.

നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി , കഴിഞ്ഞ വർഷം ഇതേ സമയത്താണ് രണ്ടാം വാർഷികത്തോടനുബന്ധിച്ച് സമൂഹ വിവാഹം സംഘടിപ്പിച്ചത്. കോവിഡ് - 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ, മൂന്നാം വാർഷികത്തോടനുബന്ധിച്ച് പൊതുപരിപാടികളൊന്നും സംഘടിപ്പിക്കേണ്ടതില്ല എന്നും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയാണ് അഭികാമ്യമെന്നും ഉള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കൊരട്ടിയിലുള്ള കുഷ്‌‌ഠരോഗികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചു നൽകിയത്.

വിവിധ മതത്തിൽ പെട്ടവർ, വിവിധ പ്രായത്തിലുള്ളവർ .....അംഗവൈകല്യം സംഭവിച്ച ആ ഹതഭാഗ്യരുടെ നിർവ്വികാരമായ മുഖങ്ങളോരോന്നും മനസ്സിൽ നിന്നും മായുന്നില്ല. ഭക്ഷണപ്പൊതിയും വസ്ത്രങ്ങളും സ്വീകരിക്കുമ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞു കണ്ട നേർത്ത പ്രകാശവും കണ്ണുനീർ നനവും അവരുടെ സ്നേഹ പ്രകടനവും നന്ദിസൂചകമായ നോട്ടങ്ങളും മറക്കാൻ കഴിയില്ല.

കാടിന്റെ (മരക്കൂട്ടങ്ങളുടെ ) സ്വാഭാവികമായ അന്തരീക്ഷമുള്ള ഒറ്റപ്പെട്ട ആ പ്രദേശത്ത്  വിവിധ ബ്ലോക്കുകളിലായിട്ടാണ്  ആ മനുഷ്യരെല്ലാം ജീവിക്കുന്നത്.

അവരിൽ ബഹുഭൂരിപക്ഷം പേർക്കും തിരിച്ചു പോകാൻ വീടുകളില്ല. ആരും അവരെ കാത്തിരിക്കുന്നില്ല. സ്വന്ത /ബന്ധക്കാർ ഉണ്ടെങ്കിലും ആർക്കും അവരെ വേണ്ട. അവർ കുഷ്ഠരോഗികളാണ്. ദുർഗന്ധ പൂരിതമാണ് അവരുടെ ശരീരങ്ങൾ. മൂക്ക് മുറിഞ്ഞവർ, ചുണ്ടുകൾ മുറിഞ്ഞവർ, വിരലുകൾ അറ്റുപോയവർ .... അങ്ങനെ, ശാരീരിക വൈരൂപ്യങ്ങളുടെ ശാപവും പേറി ജീവിക്കുന്ന ആ മനുഷ്യരുടെ അരികിലേക്കാണ് എളിയ സഹായവുമായി നന്മ തിരുനെല്ലൂർ കയറിച്ചെന്നത്.

പലരുടെയും വിവരങ്ങൾ ചോദിച്ചറിഞ്ഞു.

മന്ദലംകുന്ന് സ്വദേശിനിയായ ഒരു താത്ത 13-ാം വയസ്സിൽ രോഗബാധയുണ്ടായതിനെ തുടർന്ന് ചികിത്സയുടെ ഭാഗമായി ഈ ആസ്പത്രിയിൽ വന്നു. കിടത്തി ചികിത്സക്ക് നിർദ്ദേശിക്കപ്പെട്ടു. ബന്ധുക്കൾ ഇടക്ക് വരും. പിന്നീട് ആ സന്ദർശനങ്ങളുടെ കാലദൈർഘ്യം നീണ്ടുപോയി. പിന്നെ പിന്നെ ആരും വരാതായി.   നാടും വീടും മറക്കാൻ അവർ  നിർബ്ബന്ധിതയായി.  വീടും ജീവിതവും ആസ്പത്രിയിലായി. (രോഗം ഭേദമായി അധികൃതർ  വീട്ടുകാരെ അറിയിച്ചിട്ടും  കൂട്ടിക്കൊണ്ടുപോകാൻ ആരും വന്നില്ല.) താത്ത ഈ ആസ്പത്രിയിൽ എത്തിയിട്ട് 40 വർഷങ്ങൾ പിന്നിട്ടു. ബന്ധുക്കളെ കുറിച്ച് ചോദിച്ചപ്പോൾ വാർഡുകളിൽ കഴിയുന്ന രോഗികളെ ചൂണ്ടിക്കാണിച്ച് നിറഞ്ഞ പുഞ്ചിരിയോടെ അവർ പറഞ്ഞു.

എന്റെ സ്വന്തക്കാർ ഇവരെല്ലാമാണ് ....

രോഗികളെ സഹായിക്കാനും മറ്റുമായി താത്ത അവരിലൊരാളായി അങ്ങനെ കഴിയുന്നു....

ആണുങ്ങളുടെ വാർഡിന്റെ  മൂലയിൽ പ്രത്യേകം വേർതിരിക്കപ്പെട്ട കട്ടിലിൽ ഒരു ചെറുപ്പക്കാരൻ ചുരുണ്ടു കൂടി കിടപ്പുണ്ട്. അരികിൽ ചെന്ന് പതുക്കെ തട്ടി വിളിച്ചപ്പോൾ കെട്ടിയുണർന്ന് ശ്രമകരമായി എഴുന്നേറ്റിരുന്നപ്പോൾ അരികിലുണ്ടായിരുന്ന നഴ്‌‌സ്‌ പറഞ്ഞത് കാഴ്ച്ച ശക്തിയില്ലാത്ത ആളാണെന്നാണ്.

എത്ര വർഷമായി ഇവിടെ എന്ന ചോദ്യത്തിന് 10 എന്ന് മറുപടി.  എന്നിട്ട്,

അയാൾ ഉയർത്തിക്കാണിച്ച കൈപത്തിയിലെ വിരലുകൾക്ക് എണ്ണം കുറവായിരുന്നു. രണ്ട് കൈയിലും ശേഷിച്ച വിരലുകൾ മുരടിച്ചു പോയിരുന്നു....

മറ്റൊരു ചേച്ചിയെ കണ്ടു. 5-ാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ കൊണ്ടുവന്നാക്കി പോയതാണ്. ഇടക്കിടെ അച്ഛൻ വന്ന് കാണാറുണ്ടായിരുന്നു. പിന്നീട് അച്ഛൻ വരാതായി ....

ഒരു പക്ഷെ അച്ഛൻ മരിച്ചു പോയിരിക്കാം...... എന്ന് അവർ സങ്കടത്തോടെ  പറഞ്ഞു. അറുപതിനോടടുത്ത പ്രായമുണ്ട് ആ ചേച്ചിക്ക്.

ഇങ്ങനെ എത്രയെത്ര മനുഷ്യർ...

കുഷ്ഠരോഗം ഒരു ശാപമല്ല. അത് ഒരവസ്ഥയാണ്. ഒരു കണക്കിന് അവരെല്ലാം അനുഗ്രഹീതരാണ്. ഇവിടെ നരകതുല്യമായ  ജീവിതം അനുഭവിക്കുന്ന അവരെയെല്ലാം ഒരു സ്വർഗ്ഗലോകം കാത്തിരിപ്പുണ്ട്. ആ ജീവിതത്തിലേക്കുള്ള കാത്തിരിപ്പിന്റെ ഇടത്താവളമാണ് അവർക്ക് കൊരട്ടിയിലെ കുഷ്ഠരോഗാശുപത്രി....

നന്മ തിരുനെല്ലൂരിന്റെ എല്ലാ സൽപ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യുന്ന ഒട്ടേറെ സുമനസ്സുകളുണ്ട്.

ഈ സംരംഭത്തിലും പലരും സഹായിച്ചു. അർഹമായ പ്രതിഫലത്തിന് വേണ്ടി ആ രോഗികളുടെ പ്രാർത്ഥനകൾ കൂട്ടിനുണ്ട്. ആസ്പത്രി കോമ്പൗണ്ടിലുള്ള പള്ളിയിൽ ജുമുഅ നമസ്ക്കാര ശേഷം അവിടത്തെ ഖത്തീബ് ഉസ്‌‌താദ്‌ അവർകളും പ്രത്യേകം ദുആ ചെയ്‌തിട്ടുണ്ട്. ഇൻശാ അള്ളാ ... ആ പ്രാർത്ഥനകൾ ( സ്വദഖകളും ) അള്ളാഹു സ്വീകരിക്കുമാറാകട്ടെ.ആമീൻ.

ഈ ജീവകാരുണ്യ പ്രവർത്തനത്തിൽസഹായിക്കുകയും  സഹകരിക്കുകയും ചെയ്‌‌ത എല്ലാവർക്കും  ഹൃദയപൂർവ്വം  നന്ദി രേഖപ്പെടുത്തുന്നു.

റഹ്‌മാൻ തിരുനെല്ലൂർ, പ്രസിഡണ്ട്, നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി. 

--------------

അബ്ദുൽ മജീദ് പാടൂർ പ്രതികരിച്ചതിന്റെ പൂര്‍‌ണ്ണ രൂപം

നന്മ തിരുനെല്ലൂരിന്റെ എല്ലാ പ്രവർത്തനങ്ങളും വീക്ഷിക്കാറുണ്ട് ,അതില്‍ സന്തോഷിക്കാറുമുണ്ട് , പ്രാർത്ഥിക്കാറുമുണ്ട് . ഗ്രൂപ്പിലെ എല്ലാവർക്കും അവരുടെ കുടുംബങ്ങൾക്കും നാഥന്റെ എല്ലാ അനുഗ്രഹവും എന്നും എപ്പൊഴും ഉണ്ടാകട്ടെ എന്ന് അകമഴിഞ്ഞ്‌ ദുആ ചെയ്യുന്നു. കുഷ്‌‌ഠരോഗം ബാധിച്ച് കഷ്‌‌ടപ്പെടുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കുക വഴി സൽപ്രവർത്തിയുടെ ശക്തമായ പാതയിലൂടെയാണ് നിങ്ങൾ യാത്ര ചെയ്‌‌തത്‌ . മേൽവിഷയം ഗ്രൂപ്പിന്റെ കമ്മിറ്റിയുടെ മുന്നിൽ കൊണ്ട് വന്നവർക്കും ഈ പുണ്യ പ്രവർത്തി ചെയ്യാൻ വേണ്ടി ഇറങ്ങി തിരിച്ച എല്ലാവർക്കും എന്റെ സ്നേഹ അഭിവാദ്യങ്ങൾ ആദ്യമായി നേരട്ടെ നാഥന്റെ അനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഇത്തരം കാര്യം ചെയ്യാൻ ഭാഗ്യം ലഭിക്കുകയുള്ളൂ എന്ന് കൂടി ഇവിടെ ഓർമ്മപ്പെടുത്തുകയാണ് . നിങ്ങൾ ഈ ചെയ്‌‌ത പുണ്യ പ്രവർത്തി നാളെ സർവ്വശക്തനായ നാഥന്റെ മുന്നിൽ അല്ലാഹു ഇഷ്‌‌ടപ്പെടുന്ന പ്രവർത്തിയായി മാറാനും ആയത് കാരണം നമ്മളിൽ പെട്ടവരെല്ലാം ജന്നാത്തുൽ ഫിർദൗസിൽ എത്തിച്ചേരാനും റബ്ബ് തൗഫീഖ് ചെയ്യുമാറാകട്ടെ . എല്ലാവരോടും ഏറെ ഇഷ്‌‌ടത്തോടെ ദുആ വസിയ്യത്തോടെ നിങ്ങളുടെ അനുജൻ അബ്ദുൽ മജീദ് പാടൂർ.