മുല്ലശ്ശേരി: പറമ്പന്‍തളി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്‌ഠി മഹോത്സവം 2025 ഒക്‌ടോബര്‍ 26.27 ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൂര്‍വാധികം ആഘോഷത്തോടെ നടക്കും. വെങ്കിടങ്ങ്, എളവള്ളി, മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളിലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ വരുന്ന കാവടി സംഘങ്ങള്‍ മുല്ലശ്ശേരിയെ വര്‍ണാഭമാക്കും.രാവിലെ മുതല്‍ ശൂലങ്ങള്‍ കാവടി പന്തലിലൂടെ ക്ഷേത്രാങ്കണത്തില്‍ എത്തിത്തുടങ്ങും.
അമ്പലനടയില്‍ വര്‍ണ്ണ മനോഹരമായ കാവടി പന്തല്‍ ഒരുങ്ങി. പീലിക്കാവടികളാണ് ഇവിടത്തെ ഏറ്റവും ആകര്‍ഷണീയത. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പില്‍ ശ്രീഭദ്രാ ഭഗവതി, കണ്ണോത്ത്, ഇടിയഞ്ചിറ, പാവറട്ടി, വിളക്കാട്ടുപാടം, ശക്തിവേല്‍, വെന്മേനാട്,ആഞ്ജനേയപുരം, കോര്‍ളി, അമ്പലനട, അയ്യപ്പന്‍കുടം, മുല്ലശ്ശേരി ബ്ലോക്ക്, തോരണം കുത്തി ആല്‍, കണ്ണേങ്ങാത്ത്, ഇരിമ്പ്ര നെല്ലൂര്‍, ഷാവോലിന്‍ ഗ്രാമം, അച്ഛന്റെ അമ്പലം, ഇലഞ്ഞിക്കാവ്, മുല്ലശ്ശേരി സെന്റര്‍, കണ്ണന്‍കാട്, കണ്ണംകുളങ്ങര, കുണ്ടഴിയൂര്‍, പൂഞ്ചിറ, താണവീഥി സെന്റര്‍, താണവീഥി അയ്യപ്പ സ്വാമി ക്ഷേത്രം, ഗുരുജി നഗര്‍, കിഴക്കു മുറി എന്നീ കാവടി കൂട്ടങ്ങളുടെ വര്‍ണ്ണമനോഹരമായ പീലിക്കാവടികളും, പൂക്കാവടികളും ശൂലങ്ങളും ഷഷ്‌ഠി ആഘോഷത്തില്‍ പങ്കെടുക്കും.
ആഘോഷത്തിന്റെ സുഖമമായ അരങ്ങേറ്റത്തിന് പ്രദേശത്ത് അനിവാര്യമായ ഒരുക്കങ്ങളും,മുന്‍കരുതലുകളും എടുത്തതായി പ്രാദേശിക ജില്ലാ നിയമപാലക വൃത്തങ്ങള്‍ അറിയിച്ചു.
============
കേരളത്തില്‍ ശ്രീ പരശുരമാനാല്‍ പ്രതിഷ്‌ഠിക്കപ്പെട്ട 108 തളി ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള ക്ഷേത്രമാണ് മുല്ലശ്ശേരിയിലെ പറമ്പന്‍ തളി മഹാദേവ ക്ഷേത്രം.വിശാലമായ ഒരു കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം വലുപ്പത്തിലും രൂപത്തിലും അസാധാരണത്വമുള്ളതാണ്. ദക്ഷിണ കൈലസമായ ശ്രീ വടക്കുന്നാഥന് ഏകദേശം 22 കി .മി വടക്കുപടിഞ്ഞാറായും ഭൂലോക വൈകുണഠമായ ശ്രീ ഗുരുവായൂരിന്നു 9 കി മി തെക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന മുല്ലശ്ശേരി ഗ്രാമത്തിലാണ് 108 തളി ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പറമ്പന്‍തളി ശ്രീ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ക്ഷേത്ര ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് വിശ്വസിക്കുന്ന തറയില്‍ കാണുന്ന വട്ടെഴുത്ത് പുരാവസ്തു ഗവേഷകര്‍ക്ക് പോലും വായിച്ചു മനസിലാക്കാന്‍ സാധിച്ചിട്ടില്ല . അതുകൊണ്ടുതന്നെ ഈ ക്ഷേത്രസമുച്ചയം മനുഷ്യ നിര്‍മ്മിതമല്ല മറിച്ച് ശിവഭൂതഗണങ്ങളാല്‍ ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപെടുന്നു.
ചരിത്രം:-ക്ഷേത്രത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് വളരെ താഴെയായി കാണുന്ന തീര്‍ഥ കിണറിനും പ്രത്യേകതകള്‍ ഏറെയുണ്ട്.മൂന്നു തട്ടുകളിലായി കാണുന്ന ഏകദേശം ഒരു ഏക്കര്‍ വിസ്ത്രിതിയിലുള്ള ഈ ചിറയില്‍ മുകളിലെ തട്ടിലെ കിണറിലെ വെള്ളം ക്ഷേത്രാവശ്യങ്ങള്‍ക്കും മറ്റുള്ളവ ഭക്ത ജനങ്ങളുടെയും പൂജാരിമാരുടെയും ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നു.കര്‍ക്കിടകം , തുലാം മാസങ്ങളിലെ വാവുബലി തര്‍പ്പണത്തിനായി ക്ഷേത്ര പരിസരത്ത് വേറെയും കുളമുണ്ട്.ക്ഷേത്ര ചൈതന്യ വുമായി ബന്ധമുള്ളതാണ് ഈ ചിറയും കുളവുമെന്നു ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
ഭക്തിയുടെയും ഉത്സവാഘോഷങ്ങളുടെയും നിറവില്‍ മുല്ലശ്ശേരി പറമ്പന്തള്ളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്‌ഠി മഹോത്സവം പ്രസിദ്ധമാണ്.ഉത്സവ ദിവസം രാവിലെ ക്ഷേത്ര നട തുറക്കുന്നതോടെ പൂജകള്‍ക്കും വിവിധ അഭിഷേകങ്ങള്‍ക്കുമായി ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. വൃതാനുഷ്ഠാനങ്ങളോടെ ശൂലധാരികളായ നൂറുകണക്കിന് മുരുക ഭക്തര്‍ ഉടുക്കുപാട്ടിന്റെ ഈണത്തിനൊപ്പം ഹരിഹര സ്തുതികളുമായി ഉച്ചയോടെ ബഹുനില പീലിക്കാവടികളും മുരുക സന്നിധിയില്‍ നിറഞ്ഞാടും. നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും ഉത്സവാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. വെങ്കിടങ്ങ്, മുല്ലശ്ശേരി , പാവറട്ടി, എളവള്ളി പഞ്ചായത്തുകളില്‍ നിന്നായി ഒട്ടേറെ പ്രാദേശിക ഉത്സവ കമ്മിറ്റികള്‍ ഷഷ്‌ഠി ആഘോഷത്തില്‍ പങ്കു ചേരാറുണ്ട്.






