ഒരു ദേശത്തിന്റെ വായന ....
ജീവിതത്തിലെ അനുവദിക്കപ്പെട്ട ആയുസ്സില്‍ നിന്നും പടിയിറങ്ങിപ്പോയ പതിറ്റാണ്ടുകള്‍! ദീര്‍ഘമായ ഒരു പകലിന്‍റെ അവസാനത്തില്‍ പതുങ്ങിയെത്തുന്ന സന്ധ്യയുടെ മങ്ങിയ നിഴലിലേക്ക് ചാരിയിരുന്ന് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സില്‍ ഓര്‍മകളുടെ സാഗരം അലയടിക്കുന്നു.
പിന്‍ നടന്നു പോയത് അങ്ങനെയൊരു കാലം!
ഓര്‍മ്മകളുടെയും, അനുഭവങ്ങളുടെയും അടരുകള്‍ വേര്‍തിരിക്കുമ്പോള്‍ കേള്‍ക്കുന്നുണ്ട് , കാലമാപിനിയില്‍ നിന്നുള്ള മണിയൊച്ചകള്‍ ഒരര്‍ത്ഥത്തില്‍ ആ മണിയടികള്‍ സ്വന്തം ഹൃദയമിടിപ്പുകള്‍ തന്നെയാണ്.
തോരാതെ പെയ്യുന്ന ഇടവപ്പാതി രാത്രിയുടെ ഏതോ യാമത്തില്‍ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയിലെ മുനിഞ്ഞു കത്തുന്ന പാനീസ് വിളക്കിന്‍റെ മങ്ങിയ വെളിച്ചത്തിലേക്ക് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കണ്‍മിഴിച്ച ആ നിമിഷം മുതല്‍ ഇതെഴുതുന്ന കാലം വരേക്കും ഒരു ഷോര്‍ട്ട് ബ്രേക്ക് പോലും എടുക്കാതെ നിരന്തരം സ്‌പന്ദിച്ചു കൊണ്ടിരിക്കുന്ന ഹൃദയമേ, നന്ദി!.
ജീവിതയാത്രയില്‍ പിന്നിട്ടുപോയ ഭൂതകാലത്തെ കുറിച്ചും ആ കാലത്തിന്‍റെ കൈവഴികളിലൂടെ അഭിമുഖീകരിച്ച അനുഭവങ്ങളുടെ വഴിയടയാളങ്ങളെക്കുറിച്ചും എഴുതാന്‍ തുടങ്ങുമ്പോള്‍ ഓര്‍മ്മകള്‍ ചെന്നെത്തുന്നത് 1960 കളുടെ അവസാനത്തിലേക്കാണ്.
പ്രകൃതിയുടെ ജൈവികമായ താളക്രമങ്ങളില്‍ മാറിമാറിയെത്തുന്ന ഋതുഭേദങ്ങളില്‍ ഒരു ദേശത്തിന്‍റെ പൗരാണികമായ ചിത്രങ്ങളെ പൊടിതട്ടിയെടുക്കുകയെന്നത് അല്‍പം ക്ലേശകരമാണെങ്കിലും ചരിത്ര യാഥാര്‍ത്ഥ്യങ്ങളോട് നീതി പുലര്‍ത്തിയില്ലെങ്കില്‍ കാലവും, ദേശവും മാപ്പു തരില്ലെന്ന് തിരിച്ചറിയുന്നു.
അരനൂറ്റാണ്ടിന്നപ്പുറമുള്ള തിരുനെല്ലൂര്‍ എന്ന തീരദേശ ഗ്രാമത്തിന്‍റെ നിഷ്‌കളങ്കമായ ഒരു മുഖം മങ്ങലേല്‍ക്കാതെ ഇപ്പോഴും ഉള്ളിലുണ്ട്. ദാരിദ്രത്തിന്‍റെയും, അര്‍ദ്ധപട്ടിണിയുടെയും ഇല്ലായ്‌മകളുടെയും ഭാരം ചുമന്ന് ജാതിമത വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി യഥാര്‍ത്ഥ മനുഷ്യരായി ജീവിച്ചിരുന്നവര്‍ പരസ്‌പര സ്നേഹവും സാഹോദര്യവും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നവര്‍. ബന്ധങ്ങളുടെ ഇഴയടുപ്പം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചവര്‍ നമ്മുടെ പൂര്‍വ്വ സൂരികള്‍ അവര്‍ക്കൊപ്പം ജീവിക്കാന്‍ സാധിച്ചു എന്നത് വലിയ സൗഭാഗ്യമാണ്. ജീവിതത്തില്‍ നിന്നും മടങ്ങിപ്പോയ ആ കാരണവന്മാരുടെ അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയ അദ്ധ്യാപകരുടേയും അനുഗ്രഹങ്ങള്‍ തന്നെയാണ് ഇതെല്ലാം അടയാളപ്പെടുത്താന്‍ പ്രേരകമായത്.
കേരളത്തിലെ മറ്റേതൊരു സാധാരണ ഗ്രാമത്തെയും പോലെ ദാരിദ്രത്തിന്‍റെ ഒരു മുഖം തിരുനെല്ലൂരിനും ഉണ്ടായിരുന്നു.
മഴക്കാല സന്ധ്യകളില്‍ മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ കഞ്ഞിക്ക് വകകണ്ടെത്താനാകാതെ നെഞ്ചുരുകിയിരിക്കുന്ന നിസ്സഹായരായ എത്രയെത്ര മുഖങ്ങള്‍.
തന്നേക്കാള്‍ സാമ്പത്തികമായി അല്‍പം ഭേദപ്പെട്ട അയല്‍പ്പക്കത്തു നിന്നും അഞ്ചോ ആറോ പിടി അരി കടമായി വാങ്ങി ഉടുതുണിയുടെ കോന്തലയില്‍ കെട്ടി ഭദ്രമായി ചേര്‍ത്തു പിടിച്ച് ചാറ്റല്‍ മഴ നനഞ്ഞ് ഇരുട്ടിലൂടെ ധൃതിയില്‍ പുരയിലേക്ക് നടന്നകലുന്ന ഒരമ്മ. അടുത്ത വീട്ടില്‍ നിന്നും ഉണങ്ങിയ ചകിരിയില്‍ മൂന്നോ, നാലോ തീക്കനല്‍ കോരിയിട്ട് ഊതിയൂതി തീപടര്‍ത്തി തന്‍റെ പുരയിലെ അടുപ്പ് ലക്ഷ്യമാക്കി പോകുന്ന മറ്റൊരു വീട്ടമ്മ. പാകപ്പെടുത്തിയ ആഹാരത്തില്‍ നീക്കിയിരിപ്പുണ്ടെങ്കില്‍ പരസ്‌പരം കൈമാറുന്ന ഊഷ്മളമായ അയല്‍പക്ക ബന്ധങ്ങള്‍.
സന്ധ്യാമയക്കത്തില്‍ കളിമണ്ണ് മെഴുകിയ കോലായില്‍ വിരിച്ചിട്ട പുല്‍പ്പായയില്‍ റാന്തലിന്‍റെയും, പാനീസിന്‍റെയും,പാട്ടവിളക്കിന്‍റെയും എല്ലാം ഇത്തിരി വെട്ടത്തിലിരുന്ന് ദിക്കറും, സ്വലാത്തും നാമ ജപവുമെല്ലാം നീട്ടിനീട്ടി ചൊല്ലിയിരുന്ന കുട്ടികളുടെ താളാത്മകമായ ഒച്ചകള്‍. പടിവാതിലുകളില്ലാത്ത, മതിലുകളില്ലാത്ത, അയല്‍പ്പക്കങ്ങളിലെ അതിര്‍ത്തികള്‍. ഏതൊരു വീട്ടുകാരുടെ മുറ്റത്തു കൂടിയും ഏത് പാതി രാത്രിയിലും അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ നടന്നു പോകാന്‍ അനുവദിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യം.
സംശയക്കണ്ണുകളില്ല, ചോദ്യങ്ങളില്ല, ഒളിഞ്ഞുനോട്ടങ്ങളില്ല, സംശുദ്ധമായിരുന്നു മനസ്സുകള്‍. രാത്രിയേറെ വൈകും മുമ്പ് ഉള്ളത് കഴിച്ച് വിനോദങ്ങള്‍ക്കൊന്നും അവസരങ്ങളില്ലാതെ മണ്ണെണ്ണ വിളക്കുകള്‍ ഊതിക്കെടുത്തി ഉറക്കത്തിലേക്ക് പടിയിറങ്ങുന്ന ഗ്രാമം.
നാട്ടില്‍ ബഹുഭൂരിപക്ഷവും ഓലപ്പുരകളായിരുന്നല്ലോ ഉറക്കത്തിനായി കാത്തുകിടക്കുമ്പോള്‍ മേലോട്ടു നോക്കിയാല്‍ ചിതല്‍തിന്ന ഓലപ്പഴുതുകളിലൂടെ ആകാശം കാണാം. ചന്ദ്രനെയും, നക്ഷത്രങ്ങളേയും കാണാം. രാത്രിയില്‍ സഞ്ചരിക്കുന്ന കിളികളുടെ ചിറകടിയൊച്ചകള്‍ കേള്‍ക്കാം. നാലോ, അഞ്ചോ വീടുകള്‍പ്പുറത്ത് ഒരു കുഞ്ഞ് കരഞ്ഞാല്‍ പോലും വ്യക്തമായി കേള്‍ക്കാം. രാത്രികളുടെ നിശബ്ദതയ്ക്ക് സമാനതകള്‍ ഇല്ലായിരുന്നു.
മണ്ണിഷ്ടിക കൊണ്ടും ചവിട്ടിക്കുഴച്ച് പാകപ്പെടുത്തിയ കളിമണ്ണ് വാരിപ്പൊത്തിയും കെട്ടിപ്പൊക്കിയ നാല് ചുമരുകളുടെയും അതിനു മുകളില്‍ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ മേല്‍ക്കൂരയില്‍ മേഞ്ഞ ഓലകളുടേയും പരിമിതമായ ആ സുരക്ഷിതത്വം പില്‍ക്കാല ജീവിതത്തില്‍ മറ്റെങ്ങു നിന്നും ലഭിച്ചിട്ടില്ല.
കൊള്ളിയും, കൂര്‍ക്കയും, ചേമ്പും, കാവത്തും, ചീരയും, പയറുമൊക്കെ ഓരോ വീട്ടതിര്‍ത്തികളിലും അടുക്കളമുറ്റങ്ങളിലും കൃഷി ചെയ്‌തിരുന്നു. പോഷകഗുണമുള്ള കറുമൂസ് (പപ്പായ) മിക്കവാറും വീട്ടുമുറ്റങ്ങളില്‍ കാവല്‍ നിന്നിരുന്നു. അത് ഓരോ വീട്ടമ്മമാരുടേയും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. അതൊരു കാര്‍ഷിക സംസ്‌കാരം കൂടിയായിരുന്നു. വളങ്ങള്‍ ആവശ്യമുണ്ടായിരുന്നില്ല. ഏത് മണ്ണും വളക്കൂറുള്ളതായിരുന്നു. അതുകൊണ്ടാണ് മഴക്കാലങ്ങളില്‍ മുറ്റത്തും, പറമ്പിലും നടക്കുന്നവരുടെ കാല്‍ വിരലുകള്‍ക്കിടയില്‍ പൂപ്പല്‍(വളംകടി) ഉണ്ടായിരുന്നത്.
ആര്‍ഭാടങ്ങള്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന കാലം. ഭൂമിയോളം താഴ്ന്ന ലാളിത്യത്തിന്‍റെ ഊഷ്‌മളമായ കാലം. റേഡിയോ അപൂര്‍വ്വ വസ്‌തുവായിരുന്നല്ലോ. റാലി, ഹെര്‍ക്കുലീസ് പോലുള്ള സൈക്കിള്‍ സ്വന്തമായുണ്ടാവുക എന്നത് അക്കാലത്തെ യുവാക്കളുടേയും, കൗമാരക്കാരുടേയും വലിയ സ്വപ്‌നങ്ങളായിരുന്നല്ലോ. രണ്ടില്‍ കൂടുതല്‍ ട്രൗസറും കുപ്പായങ്ങളും പാവാടയുമെല്ലാം ഇല്ലാത്തവരായിരുന്നല്ലോ വിദ്യാര്‍ത്ഥികള്‍. കല്ല്യാണങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ഓണം, പെരുന്നാള്‍, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളോടനുബന്ധിച്ചായിരുന്നല്ലോ സുഭിക്ഷമായി ആഹാരം കഴിക്കാന്‍ സാധിച്ചിരുന്നത്.