ഗ്രാമഹൃദയം
പാടത്തെ പീടികയെന്ന ഗ്രാമഹൃദയം നിരപ്പലകയിട്ട ലാസറേട്ടന്‍റെയും, വര്‍ക്കിച്ചേട്ടന്‍റെയും പലചരക്ക് പീടികകള്‍. ഹലീമത്താടെയും, അപ്പുക്കുട്ടന്‍റെയും ചായക്കടകള്‍. സെയ്‌തുക്കാടെ മുട്ടായിപ്പീടിക നിരത്തിവച്ച ചില്ലു ഭരണിയിലിരുന്ന് ചിരിച്ച് കൊതിപ്പിച്ചിരുന്ന നാരങ്ങസത്ത്, കമറ്കട്ട്, കപ്പലണ്ടിമുട്ടായി, കാരക്കമുട്ടായി, എള്ള്മുട്ടായി, കൂട്ടത്തില്‍ സിസേഴ്‌സിന്‍റെയും പാസ്സിങ്ങ്ഷോ, സിഗററ്റിന്‍റെയും പായ്ക്കറ്റുകളുടെ വശ്യമായ ആകര്‍ഷണീയത. അതില്‍ നിന്നൊരെണ്ണം ചുണ്ടില്‍ വച്ച് കത്തിച്ച് പുകയൂതിവിടാനുള്ള ആഗ്രഹങ്ങള്‍. ലക്ഷ്‌മണന്‍റെ അച്ഛനമ്മമാരുടെ (കോയപ്പന്‍, നാരായണി) പച്ചക്കറികള്‍. സിമന്‍റ് തേപ്പുകള്‍ അടര്‍ന്നു പോയ പീടികക്കോലായയിലാണ് കൊള്ളിയും, ചേനയും, മത്തങ്ങയും, തക്കാളിയും, കോല്‍പ്പുളിയുമൊക്കെ നിരത്തിയിട്ടിരുന്നത്. സി.പി. യുടെ സ്റ്റേഷനറിക്കട അല്‍പം വിപുലമായിരുന്നു. പൗഡറും, കണ്‍മഷിയും, കണ്ണാടിയും, ടൂത്ത്പേസ്റ്റും, ബ്രഷും, നോട്ടുപുസ്തകവും, പേനയും, പെന്‍സിലും തുടങ്ങിയ സാധനങ്ങള്‍ക്ക് തോമസിന്‍റെ സ്റ്റേഷനറിക്കടയെ തന്നെ ആശ്രയിക്കണമായിരുന്നു.
ഒരിക്കല്‍ തോമസുമായി സംസാരിക്കുന്നതിനിടെ പഴയകാലം ഓര്‍മ്മി ച്ചുകൊണ്ടദ്ദേഹം പറഞ്ഞു. പാടത്തെ പീടികയില്‍ ഞാന്‍ കച്ചവടം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്ന് തീര്‍ച്ചയായും രേഖപ്പെടുത്തേണ്ട ചരിത്രത്തിന്‍റെ ഭാഗമാണ് തോമസ്. അദ്ദേഹത്തിന്‍റെ കണ്‍മുന്നിലൂടെ രണ്ട്മൂന്ന് തലമുറകള്‍ കടന്നുപോയിരിക്കുന്നു. പാടത്തെ പീടികയുടെ സാന്നിദ്ധ്യമായി ഇന്നും കച്ചവടരംഗത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്നു അദ്ദേഹം.
പാടത്തെ പീടികയില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ഗ്രാമത്തിലെ ഓരോ അടുക്കളയിലും, അടുപ്പുകളില്‍ തീ പുകഞ്ഞിരുന്നത്.
എഴുപതുകളില്‍ ചങ്ങാതിക്കുറികള്‍ സജീവമായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചങ്ങാതിക്കുറി നടത്താനുദ്ദേശിക്കുന്ന സ്ഥലവും ദിവസവും സമയവും പരിചയക്കാരെയും മറ്റ് വേണ്ടപ്പെട്ടവരേയും അറിയിക്കും. അന്നേ ദിവസം ഓരോരുത്തരായി വരും. പ്രത്യേകം തയ്യാറാക്കിയ ചായയും പലഹാരവും കഴിക്കും. തിരിച്ചു പോകുന്നതിനു മുമ്പ് അഞ്ചോ പത്തോ രൂപ സഹായധനമായി ഏല്‍പ്പിക്കും (പണം സ്വീകരിക്കാന്‍ ചങ്ങാതിക്കുറി നടത്തുന്ന ആള്‍ നിയോഗിച്ച വ്യക്തി നോട്ടുപുസ്‌തകവും പേനയുമായി തയ്യാറായി ഇരിപ്പുണ്ടാകും) ഹലീമത്താടെ ചായക്കടയിലാണ് മിക്കവാറും ചങ്ങാതിക്കുറികള്‍ നടന്നിരുന്നത്.
ഗ്രാമത്തിന്‍റെ ചാലക ശക്തിയായിരുന്നു തപാലാപ്പീസ്. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ പത്തുമണിയാകുമ്പോഴേക്കും പോസ്റ്റോഫീസിന്‍റെ പരിസരങ്ങളില്‍ ആളുകള്‍ വന്നു കൂടും. പോസ്റ്റല്‍ ഉരുപ്പടികള്‍ ചാക്കില്‍ നിക്ഷേപിച്ച് അരക്ക് ഒട്ടിച്ച് പ്രധാന പോസ്റ്റോഫീസിന്‍റെ സീല്‍വച്ച് കാക്കിനിറമുള്ള ആ ചാക്ക് ഇടതു തോളിലിട്ട് വലതുകൈയില്‍ തൂക്കിപിടിച്ച മണികിലുക്കി പാങ്ങില്‍ നിന്നും യൂണിഫോമില്‍ അപ്പുക്കുട്ടന്‍ വരുന്നത് കണ്ടാല്‍ എല്ലാവരും ഒതുങ്ങി നില്‍ക്കും.
ഉപജീവനമാര്‍ഗ്ഗം തേടി ഗ്രാമത്തില്‍ നിന്നും മദിരാശിയിലും, ബോംബെയിലും, കോയമ്പത്തൂരും, സിലോണിലും, മലേഷ്യയിലും ദുബായ്, ഖത്തര്‍ പോലുള്ള അറബ് രാജ്യങ്ങളിലും എത്തിപ്പെട്ട ഗ്രാമയുവതയുടെ കണ്ണീരും, വിയര്‍പ്പും പുരണ്ട കത്തുകളും മണിയോര്‍ഡറുകളും അതുപോലെ രജിസ്ട്രേഡ് കത്തുകളില്‍ ഭദ്രമായടക്കം ചെയ്‌ത വിദേശരാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നുള്ള ഡ്രാഫ്റ്റുകളും ആ ചാക്കിനുള്ളിലുണ്ടായിരിക്കും. എത്രയോജീവിതങ്ങളുടെ സ്വപ്‌നങ്ങളും നെടുവീര്‍പ്പുകളും വിരഹത്തിന്‍റെ കണ്ണുനീരുപ്പും കലര്‍ന്ന ഹൃദയ വ്യഥകളും തുടിക്കുന്ന അറബ് രാജാക്കന്മാരുടെ തപാല്‍ മുദ്രയൊട്ടിച്ച എത്രയെത്ര എയര്‍മെയില്‍ കവറുകള്‍.
ചാക്ക് തുറന്ന് തപാല്‍ ഉരുപ്പടികളില്‍ സീല്‍ ചെയ്‌തു കഴിഞ്ഞ് ശിപായി കൊച്ചാപ്പു മാപ്പിള കത്തുകളെല്ലാം ഇടതുകൈയില്‍ ക്രമമായി അടുക്കി പോസ്റ്റോഫിസിന്‍റെ വാതില്‍ക്കല്‍ നിന്ന് അവിടെ കൂടിനില്‍ക്കുന്നവരെയെല്ലാം ആകെയൊന്ന് വീക്ഷിക്കും. ആ നോട്ടത്തില്‍ ആരൊക്കെ സന്നിഹിതരായിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കും. പിന്നീട് കത്തുകളുടെ സഞ്ചാരം വായുവിലൂടെയാണ്. ഓരോരുത്തരും നില്‍ക്കുന്ന സ്ഥാനം ലക്ഷ്യമാക്കി കത്തുകള്‍ അദ്ദേഹം എറിഞ്ഞു കൊടുക്കും. അത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുകയും ചെയ്യും.
വൈകുന്നേരങ്ങളില്‍ പാടത്തെ പീടികയെന്ന അങ്ങാടിയെ സജീവമാക്കിയിരുന്നതില്‍ പഞ്ചായത്ത് വക റേഡിയോക്കും മുഖ്യ സ്ഥാനമുണ്ടായിരുന്നു. കമ്പോള നിലവാരവും വയലും വീടും വാര്‍ത്തകളും സിനിമാപാട്ടുകളും കേള്‍ക്കാന്‍ ക്ഷമയോടെ കാത്തുനിന്നിരുന്ന ഒരു തലമുറ ഇന്നും സ്‌മരണയിലുണ്ട്.
ഗ്രാമത്തില്‍ നിന്നും ജീവിതത്തിന്‍റെ അനന്തമായ മറുകരകള്‍ തേടി ഒട്ടും സുരക്ഷിതമല്ലാത്ത ചരക്ക് ലോഞ്ചുകളില്‍ ജീവിതം അറബിക്കടലിന് സമര്‍പ്പിച്ച് ഉഷ്‌ണക്കാറ്റ് മണല്‍ നഗരങ്ങളിലെ സൗഭാഗ്യങ്ങള്‍ തേടിപ്പോയ ആദ്യ കാലത്തെ ഗള്‍ഫ് യാത്രക്കാര്‍. സുലൈമാന്‍ എന്ന സഹോദരനെ അങ്ങനെയൊരു ലോഞ്ച് യാത്രയിലാണ് അറബിക്കടല്‍ നക്കിയെടുത്തത്. അദ്ദേഹത്തിന്‍റെ സ്‌മരണകള്‍ പതിറ്റാണ്ടുകള്‍ പിന്നിടുന്നു.
മതിയായ രേഖകളുടെ പിന്‍ബലത്തില്‍ പില്‍ക്കാലത്ത് നാട്ടിലെ യുവാക്കള്‍ മണല്‍ നഗരങ്ങളിലേക്ക് ചേക്കേറി ഏതു തരം തൊഴിലെടുക്കാനും തയ്യാറായിരുന്നു അവര്‍. അവരിലൂടെയാണ് നാട്ടിലെ ദാരിദ്രത്തിന് പരിഹാരമുണ്ടായത്. ഓലപ്പുരകളുടെ സ്ഥാനത്ത് വാര്‍പ്പ് കെട്ടിടങ്ങള്‍ (വീടുകള്‍) ഉണ്ടായത്. സഹോദരിമാര്‍ പൊന്നും, പണവുമായി അന്തസ്സോടെ വിവാഹിതരായത്. ഗ്രാമത്തിലേക്ക് പുതിയ സൗഭാഗ്യങ്ങള്‍ വന്നു ചേര്‍ന്നത്. ഗ്രാമത്തിന്‍റെ മുഖഛായ തന്നെ മാറിയത്.