നിഷ്‌കളങ്കമായ ഗ്രാമീണത...
അറുപതുകളില്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ ശൗചാലയങ്ങളും കുളിപ്പുരകളും അധിക സ്‌ഥലങ്ങളിലും ഉണ്ടായിരുന്നില്ല. പുരുഷന്മാര്‍ അധികവും കടവത്തും, പാണ്ടിപ്പാടത്തും,കായല്‍ കരയിലും, തോട്ടിന്‍ കരയിലും,പറമ്പുകളുടെ മാട്ടങ്ങളിലും ഇടത്തോടുകളുടെ ഒളിഞ്ഞ് മറഞ്ഞ ഓരങ്ങളിലും ഒക്കെയാണ് ദിനേനയുള്ള പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.
വളര്‍ന്നു നില്‍ക്കുന്ന ഒരു കൂവത്തണ്ടോ മറിഞ്ഞു വീണ ഒരു ഓലത്തലപ്പോ അതുമല്ലെങ്കില്‍ നിവര്‍ത്തിപ്പിടിച്ച ഒരു കുടയൊ ഉണ്ടായാല്‍ കാര്യം നടത്താം.കായല്‍ തീരത്ത് മറകെട്ടിയുണ്ടാക്കിയ സൗകര്യങ്ങളും ചില മുക്ക് മൂലകളില്‍ ഉണ്ടായിരുന്നു.പള്ളിക്കുളങ്ങളും പൊതു കുളങ്ങളും ഒഴുക്കുള്ള തോടുകളുമായിരുന്നു കുളിക്കാനും കഴുകാനും സ്‌ത്രീകളും പുരുഷന്മാരും ഉപയോഗപ്പെടുത്തിയിരുന്നത്.
സ്‌ത്രീകള്‍ സന്ധ്യയ്‌ക്ക് ശേഷമാണ് തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.വിശാലമായ പറമ്പുള്ളവര്‍ പറമ്പിന്റെ ഒഴിഞ്ഞ മൂലയില്‍ കുഴിയെടുത്തു രണ്ട് മുട്ടിയിട്ട് ഓലകൊണ്ട് മറച്ച കക്കൂസ് നിര്‍മ്മിച്ചിരുന്നു. കാര്യം സാധിച്ച ശേഷം ഒരു കുത്ത് മണ്ണ് വസര്‍ജ്യത്തിലേയ്‌ക്ക് എറിയും. കുളത്തിലൊ തോട്ടിലൊ കിണറ്റിന്‍ കരയിലെ കുളിപ്പുരയിലൊ പോയി ശുചിയാക്കുകയും ചെയ്യും.
കിഴക്കേകരയിലെ കോഴിത്തോടും,പടിഞ്ഞാറെ കരയിലെ കായല്‍ കരയും പഴയകാലത്ത് ശൗചാലയങ്ങള്‍ക്ക് പകരം നിന്ന ഇടങ്ങളായിരുന്നു എന്നു പറയാം.
പണ്ടൊന്നും വീടു വീടാന്തരം കിണറുകളില്ല.പത്തും പതിനഞ്ചും വീടുകള്‍ക്ക് ആശ്രയമായി ഒരു പക്ഷെ ഒരു കിണറായിരിയ്‌ക്കും ഉണ്ടാകുക. കിണറ്റിന്‍കര, കുളക്കടവ്,പുഴയോരം എല്ലാം സജീവ സൗഹൃദ സംഗമ വേദികളാണ്.
പരസ്‌പരം കൊണ്ടും കൊടുത്തും ജിവിച്ചുപോന്ന അനുഗ്രഹീത കാലം സാഹോദര്യത്തിന്റെ അതി മനോഹരവും ഏറെ സമ്പന്നവുമായ കാലഘട്ടം തന്നെയായിരുന്നു.അയല്‍പക്ക ബന്ധങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം കുറിക്കതിരിക്കാന്‍ വയ്യ. സാധാരണയില്‍ കവിഞ്ഞ ഒന്ന് വീട്ടിലെത്തിയാല്‍ അയല്‍വാസിക്കും ഒരു വിഹിതം നിര്‍ബന്ധമായിരുന്നു.
അയല്‍ വീടുകളുമായി സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സുവര്‍ണ്ണ കാലഘട്ടം,വീടുകള്‍ക്കിടയിലെ പുല്ലു മുളയ്‌ക്കാത്ത നടപ്പാതയിലൂടെ നിരന്തരം നടന്നു പോയിക്കൊണ്ടിരുന്ന ഹാര്‍ദ്ദവമായ അയല്‍പക്ക ബന്ധം,വിശേഷപ്പെട്ട എന്തെങ്കിലും പാകം ചെയ്‌താല്‍ അയല്‍ക്കാരന്റെ ഓഹരിയെക്കുറിച്ച് മറക്കാന്‍ കഴിയാതിരുന്ന പച്ചപിടിച്ച മനുഷ്യരുടെ വസന്തകാലം.മക്കള്‍ക്ക് മാത്രമായി കൊണ്ടുവരുന്ന മധുര പലഹാരങ്ങള്‍ തൊട്ട വീട്ടിലെ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം സജീവമായിരുന്ന കാലം. ഇതെല്ലാം മഹാരഥന്‍മാരുടെ ശിക്ഷണങ്ങളുടെ ബാക്കി പത്രമായിരുന്നു.ഇത്തരം അമൂല്യങ്ങളായ ശൈലികളെ ജീവിതത്തിലേയ്‌ക്ക് പകര്‍ത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ പുരോഗമിക്കട്ടെ.നഷ്‌ടപ്പെട്ടെന്നു കരുതുന്ന എല്ലാ പ്രതാപവും തിരിച്ചു വന്നേക്കും.
നാട്ടിലേയും പരിസര പ്രദേശത്തെ പോലും നേര്‍ച്ചകളില്‍ പങ്കെടുക്കുന്ന സ്വഭാവക്കാരായിരുന്നു അധിക പേരും.വാലിപ്പറമ്പില്‍ സെയ്‌തുക്കയുടെ നേര്‍ച്ചക്ക് പോക്കും അദ്ധേഹം പൊതിഞ്ഞു കൊണ്ടുവന്നിരുന്ന നെയ്‌ചോര്‍ അയല്‍ വീടുകളില്‍ വിതരണം ചെയ്‌തിരുന്നതും ഗൃഹാതുരതയോടെ ഓര്‍ത്തു പോകുന്നു.
ഉങ്ങ്,മുരിങ്ങ,കുറുന്തോട്ടി,കുരുമുളക്,കീഴാര്‍നെല്ലി, തുമ്പ, തഴുതാമ, മുത്തങ്ങ, ബ്രിഹ്മി, ആടലോടകം, വേപ്പ്, പുത്തിരിച്ചുണ്ട, മുള്ളങ്കി, ചതവാരിക്കിഴങ്ങ്, ചെമ്പരത്തി, പുളിഞ്ചി, ഞാരകം,ഗണപതി ഞാരകം, കഞ്ഞുണ്ണി, കക്കര, മുള്ളന്‍ചക്ക, പൂപരത്തി, പാവുട്ട, കഞ്ഞിക്കൂര്‍ക്ക, നിലംപരണ്ട, പപ്പക്ക, പേരകം, കീരിക്കിഴങ്ങ്,സോമലത, ജലസ്‌തംഭിനി, പശിയടക്കി, പുത്രന്‍ജീവ,ചന്ദനവേപ്പ്,വിശല്യകരണി,വള്ളിപ്പാല,വാതംപറത്തി,കയപ്പനരച്ചി,കുടജാദ്രി തുടങ്ങിയ ഒട്ടനവധി ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
ഗ്രാമങ്ങളിലെ വീടുകളുടെ കിണറ്റിന്‍ കരയോട് ചേര്‍ന്ന് അടുക്കള തോട്ടം കാണാം.
കാവത്ത്, മധുരക്കിഴങ്ങ്, കൊള്ളി, ചേന, കൊളമ്പ് ചേമ്പ്, വെണ്ടയ്‌ക്ക, വാഴ,നെല്ലിപ്പുളി,വേപ്പില,പച്ചമുളക്,കുമ്പളം,വെള്ളരി,മത്തന്‍,പയര്‍,ചിരക്ക, അമരപ്പയര്‍,പടവലം, കഞ്ഞിപ്പുല്ല്,വയല്‍ ചുള്ളി,മധുരച്ചേമ്പ്,ചീര,മണ്ണന്‍ ചീര,ചുകന്ന ചീര തുടങ്ങിയവ കാലാവസ്ഥക്ക് അനുസൃതമായ വിധത്തില്‍ ഏറ്റക്കുറച്ചിലുകളോടെ എല്ലാ വീടുകളിലും ഉണ്ടാകുമായിരുന്നു.
=====