നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 23 August 2019

നന്മ തിരുനെല്ലുരിന്റെ കൈതാങ്ങ്‌

തിരുനെല്ലൂര്‍:അതിജീവനത്തിന്റെ പാതയില്‍ നന്മ തിരുനെല്ലുരിന്റെ കൈതാങ്ങ്‌.സമാഹരണ സം‌രം‌ഭത്തില്‍ യുവജന കായിക വിഭാഗത്തിന്റെ സജീവത പ്രശംസനീയം.സമാഹരണ പ്രക്രിയയില്‍ സുമനസ്സുകളുടെ പിന്തുണയും സഹകരണവും ആവേശകരം.വിശിഷ്യാ യുവ ജന കായിക വിഭാഗങ്ങളായ തിരുനെല്ലൂര്‍ റാബ്സ് ടീമും,ഫാമോസ് ടീമും നന്മ തിരുനെല്ലൂരുമായി സഹകരിക്കുകയും ആദ്യാന്തം പ്രവര്‍‌ത്തന നിരതരായി രം‌ഗത്തുണ്ടായിരുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ നന്ദിയോടെ സ്‌മരിച്ചു.

നന്മ തിരുനെല്ലൂര്‍ സമാഹരിച്ച 400 ൽ പരം കുടുംബങ്ങൾക്കുള്ള 5500 കിലൊ ഗ്രാം നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകളും വീടുകളില്‍ നിന്നും സമാഹരിച്ച വസ്‌ത്രങ്ങളും മറ്റും വയനാട്ടിലേയ്‌ക്ക്‌ കൊണ്ടു പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍‌ത്തിയായി.23.08.2019 വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക്
തിരുനെല്ലൂര്‍ സെന്ററില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെടും. ഇരുപത്തിയഞ്ച് പേർ അടങ്ങുന്ന യൂത്ത് വിംഗ് പ്രവർത്തകരും നന്മ പ്രവർത്തകരും യാത്രാ സംഘത്തിലുണ്ടാകും.

വയനാട്ടിൽ എത്തിയതിനു ശേഷം പ്രവർത്തിക്കുന്നതിനെ കുറിച്ച് കൃത്യമായ ധാരണ മേഖലയിലെ വിശ്വസനീയ കേന്ദ്രവുമായി ബന്ധപ്പെട്ട്‌ വ്യക്തത വരുത്തിയിട്ടുണ്ടെന്ന്‌ കണ്‍‌വീനര്‍ അറിയിച്ചു.
----------
നന്മ തിരുനെല്ലൂര്‍ പ്രോഗ്രാം കണ്‍‌വീനര്‍ റഹ്‌മാന്‍ തിരുനെല്ലുരിന്റെയും ജനറല്‍ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐയുടേയും നന്ദി പ്രകാശനത്തിന്റെ പൂര്‍‌ണ്ണ രൂപം ഇവിടെ കൊടുക്കുന്നു...
............

പ്രിയരേ, അസ്സലാമു അലൈക്കും.

പ്രകൃതിദുരന്തങ്ങൾ സർവ്വനാശം വിതച്ച വയനാട് മേഖലയിലേക്ക് സാന്ത്വന സ്പർശവുമായി  
'നന്മ തിരുനെല്ലൂർ ' സമാഹരിച്ച അഞ്ചര ടൺ ഭക്ഷ്യ സാധനങ്ങളും അടുക്കള സാമഗ്രികളും ദുരന്തബാധിതരായ സഹോദരങ്ങളുടെ കൈകളിലേക്ക് എത്തിക്കുന്നതിനു വേണ്ടി നന്മ യുടെ സാരഥികളും നന്മ യൂത്ത് വിങ്ങ് / ഫാ മോസ് ടീം പ്രതിനിധികളും അടങ്ങിയ സന്നദ്ധ സംഘം ഇന്ന് 4 മണിക്ക് പുറപ്പെടുന്നു.

അതിജീവനത്തിന്റെ പാതയിൽ 'നന്മ' യുടെ ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  മനുഷ്യ പക്ഷത്ത് നിലകൊള്ളുന്ന നന്മയുടെ ഉറവിടങ്ങളായ വ്യക്തികളാണ് ഈ കൊച്ചു സംഘത്തിന് ഊർജവും പ്രചോദനവും പ്രോത്സാഹനങ്ങളും സർവ്വോപരി സാമ്പത്തിക / സാങ്കേതിക സഹായങ്ങളും നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതും... ആ സുമനസ്സുകളോടുള്ള നന്ദിയും കടപ്പാടും വാക്കുകൾ കൊണ്ട് തീരാവുന്നതല്ല.

നന്മ സമാഹരിച്ച ഈ സഹായം ഇൻ ശാ അള്ളാ.. നാളെ തന്നെ അർഹരായവരിലേക്ക് എത്തിച്ചു കൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

നന്മയുടെ സന്നദ്ധ സംഘം 4 മണിക്ക് പുറപ്പെട്ട് അപകടങ്ങളും ആപത്തുകളും മറ്റ് തടസ്സങ്ങളൊന്നും ഇല്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാനും ലക്ഷ്യം പൂർത്തികരിച്ച് തിരിച്ചെത്തുവാനും സംഘാംഗങ്ങളുടെ ആരോഗ്യ രക്ഷക്കും വേണ്ടി എല്ലാവരും ദുആ ചെയ്യുക. അള്ളാഹു വിന്റെ കാവലും  കാരുണ്യവും അനുഗ്രഹങ്ങളും എല്ലാവരിലും  ഉണ്ടാകട്ടെ.
ഈ സംരംഭവുമായി സാമ്പത്തികമായും ശാരീരികമായും സാങ്കേതികമായും സഹകരിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം അള്ളാഹു നൽകുമാറാകട്ടെ - ആമീൻ.

വലിയ തോതിലുള്ള കഠിനാദ്ധ്വാനവും ചിട്ടയായ പ്രവർത്തനങ്ങളും ഈ റിലീഫ് സമാഹരണത്തിന് വേണ്ടി വന്നിട്ടുണ്ട്. കാലവും നേരവും  വകവെക്കാതെയായിരുന്നു ആ പ്രവർത്തനങ്ങൾ:
ചെയർമാർ ഇസ്മായിൽ, വൈസ് ചെയർമാൻ ജലീൽ, കൺവീനർ ഷംസുദ്ദീൻ, കോ-ഓർഡിനേറ്റർ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ  നന്മയുടെ സജീവ അംഗങ്ങളുടെയും  യൂത്ത് വിങ്ങ് / ഫാമോസ് ടീം അംഗങ്ങളുടെയും സഹകരണത്തോടെ നടത്തിയ ഈ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. അവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ...!

ഇന്ന് 4 മണിക്ക് കേന്ദ്ര മദ്രസ്സയുടെ പരിസരത്ത് നിന്നും ഖത്തീബ് ഉസ്താദിന്റെ പ്രാർത്ഥനക്ക് ശേഷം പുറപ്പെട്ട് പാടത്തെ പീടിക സെന്ററിൽ നിന്നും ഈ സന്നദ്ധ സംഘത്തെ യാത്രയാക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
പ്രോഗ്രാം കൺവീനർ - നന്മ
റഹ്‌മാന്‍ തിരുനെല്ലൂര്‍
-------------
ക്ഷേമം നേരുന്നു...
നന്മ തിരുനെല്ലൂര്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കാനുദ്ധേശിക്കുന്ന സദ്‌ ഭാവനകള്‍ ഓരോന്നും വളരുന്നതും വിടരുന്നതും വിളയുന്നതും ഹൃദ്യമായ അനുഭവമാണ്‌.

അല്ലാഹുവിന്‌ സ്‌തുതി.അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളോടെ ഒരു സം‌ഘം നന്മേഛുക്കളുടെ പൂര്‍‌ണ്ണാര്‍‌ഥത്തിലുള്ള സഹകരണമാണ്‌ നന്മയുടെ പ്രവര്‍‌ത്തന വിജയത്തിന്റെ രഹസ്യം.ഈ കര്‍‌മ്മ പരിപാടിയില്‍ നന്മയുടെ യുവജനവിഭാഗം പ്രകടിപ്പിച്ച കര്‍‌മ്മോത്സുകത ഏവരുടേയും പ്രശം‌സ പിടിച്ചു പറ്റുന്നതായിരുന്നു

ഈ പ്രളയ ബാധിത മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍‌ക്ക്‌ വേണ്ടിയുള്ള സമാഹരണം വിരാമം കുറിക്കുകയാണ്‌.വയനാട്ടിലേയ്‌ക്ക്‌ പോകാനുള്ള എല്ലാ  സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
നിരര്‍‌ഥകമായ കാര്യങ്ങള്‍‌ക്ക്‌ വേണ്ടി മത്സരിച്ചോടിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ നന്മയുടെ മാര്‍‌ഗത്തില്‍ മത്സരിച്ച്‌ മുന്നേറുന്ന കര്‍‌മ്മ സരണി ഒരുക്കി മാതൃകയാകാനുള്ള ക്രിയാത്മകവും അതിലേറെ സര്‍‌ഗാത്മകവുമായ ശൈലി സ്വാഗതം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

നന്മയുടെ മഹാ ദൗത്യങ്ങള്‍ വിജയിപ്പിച്ചെടുക്കാനുതകുന്ന വിധം സഹൃദയര്‍ പ്രകടിപ്പിച്ച എല്ലാ അര്‍‌ഥത്തിലുള്ള ഭാഗദേയത്തത്തിനും നന്ദി പ്രകാശിപ്പിക്കുന്നു.

ഒപ്പം ഈ പ്രവര്‍‌ത്തനങ്ങളില്‍ പങ്കാളികളായവരുടെ സഹായ സഹകരണ വിഹിതങ്ങള്‍ സല്‍ കര്‍‌മ്മമായി സ്വീകരിക്കുമാറാകട്ടെ.സമാശ്വാസ പ്രവര്‍‌ത്തനങ്ങളും സമാഹരണ പ്രക്രിയകളും സദുദ്ദേശത്തോടെയുള്ള ചുവടുവെപ്പുകളും, ആത്മാര്‍‌പ്പണ പ്രക്രിയകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ.സദ്‌ കര്‍‌മ്മങ്ങളുടെ പ്രതിഫലനം ഈ ലോകത്തും പ്രതിഫലം പരലോകത്തും അനുഗ്രഹീതനായ തമ്പുരാന്‍ അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.

ജനറൽ കൺവീനർ നന്മ തിരുനെല്ലൂർ
ഷിഹാബ്‌ ഇബ്രാഹീം