നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 22 February 2014

മഹല്ലു ശാക്തീകരണം 

തൃശൂര്‍ : മഹല്ലിന്റെ സര്‍വതോന്മുഖമായ വികസനവും ക്ഷേമവും ലക്ഷ്യമാക്കി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ മഹല്ലു നേതൃത്വം പ്രതിജ്ഞാബദ്ധമായിരിക്കണം പിടിഎ റഹീം ആഹ്വാനം ചെയ്‌തു.സാഹിത്യ അക്കാഡമി ഹാളില്‍ സംഘടിപ്പിക്കപ്പെട്ട മഹല്ലു ശാക്തീകരണ ജില്ലാ സംഗമങ്ങളുടെ സംസ്ഥാന തല ഉദ്‌ഘാടനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബഹുമാന്യനായ ജനപ്രതിനിധി.ഉലമാക്കളും ഉമറാക്കളും ചേര്‍ന്നു വ്യവസ്ഥാപിതമായ മഹല്ലു സംവിധാനത്തെ ആധുനിക സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കാര്യക്ഷമമാക്കാനുള്ള യജ്ഞം കാലഘട്ടത്തിന്റെ താല്‍പര്യമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
എം എസ് എസ് സംസ്ഥാന പ്രസിഡന്റ്‌ ഉണ്ണീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികളും രാഷ്‌ട്രിയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.കെവി അബ്‌ദുല്‍ ഖാദര്‍ എം എല്‍ എ ,അഡ്വ.പി വി സൈനുദ്ധീന്‍ ,ഓണം പള്ളി മുഹമ്മദ്‌ ഫൈസി ,പികെ ബാവ ദാരിമി,പി.മുഹമ്മദ്‌ കോയ,അഡ്വ.എ.വൈ ഖാലിദ്‌,ആര്‍ പി റഷീദ്‌,ടിഎസ് നിസാമുദ്ധീന്‍ തുടങ്ങിയവര്‍ ഉദ്‌ഘാടന സെഷനില്‍ വിവിധ വിഷയങ്ങളെ അധികരിച്ച്‌ സംസാരിച്ചു.

ഉച്ചക്ക്‌ ശേഷം നടന്ന സമാപന സമ്മേളനം മന്ത്രി മഞ്ഞളാം കുഴി അലി ഉദ്‌ഘാടനം ചെയ്‌തു.കേന്ദ്ര സംസ്‌ഥാന സര്‍ക്കാറുകളുടെ ന്യൂന പക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള വിഹിതങ്ങളും ആനുകൂല്യങ്ങളും യഥാവിധി ഉപയോഗപ്പെടുത്തുന്നതില്‍ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം മുന്നിലാണെങ്കിലും ഇവ്വിഷയത്തില്‍ ബോധവത്കരണം അനിവാര്യമാണെന്നും അതിനു എം എസ് എസ് പോലുള്ള കൂട്ടുത്തരവാദിത്തമുള്ള സംഘത്തിന്റെ പ്രവര്‍ത്തനം ശ്‌ളാഘനീയമാണെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്‌ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ റീജ്യണല്‍ മാനേജര്‍ വേണുഗോപാല്‍ ,സാമൂഹിക സുരക്ഷാ വിഭാഗം എക്‌സിക്യൂട്ടീവ്‌ എന്നിവര്‍  സംസ്‌ഥാന മിഷനറികളുടെ ക്ഷേമ പദ്ധതികള്‍ സവിസ്‌തരം വിശദീകരിച്ചു.

​മഹല്ലു ശാക്തീകരണവുമായി ബന്ധപ്പെട്ട അജണ്ടകള്‍  സവിസ്‌തരം ചര്‍ച്ച ചെയ്യപ്പെടുകയും ലിഖിത രൂപത്തിലുള്ള  രൂപരേഖ മഹല്ലു പ്രതിനിധികള്‍ക്ക്‌ വിതരണം നടത്തുകയും ചെയ്‌തു.​