നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 6 March 2015

വിവേകം അനിവാര്യം 

ദോഹ:വികാരത്തിന്‌ അടിമപ്പെടാതെ വിവേകപൂര്‍വം സ്വൈര്യജീവിതത്തിലേയ്‌ക്ക്‌ തിരിച്ചുവരാനുള്ള പ്രചോദനങ്ങളാണ്‌ വിശ്വാസികള്‍ക്ക്‌ അഭികാമ്യം .തിരുനെല്ലൂരില്‍ നിര്‍ദയം വധിക്കപ്പെട്ട ഷിഹാബുദ്ദീന്റെ അനുസ്‌മരണാര്‍ഥം ഖത്തര്‍ ഗ്രാന്റ്‌ പാലസ്‌ ഹോട്ടലില്‍  ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രഭാഷകര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.സൌഹൃദവും സാഹോദര്യവും നഷ്‌ടപ്പെടുന്ന സാഹചര്യങ്ങളില്‍ തങ്ങളുടെ ഒളിയജണ്ടകള്‍ നിര്‍ഭയമായും നിര്‍ദയമായും ശത്രുക്കള്‍ നടപ്പാക്കുന്ന അവസ്ഥ ഗൌരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്‌.സംഗമം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ അബു കാട്ടില്‍ പറഞ്ഞു.ഏതൊക്കെ സംഘങ്ങളിലും സംഘടനകളിലും അണിനിരന്നാലും ആത്യന്തികമായി നമുക്ക്‌ നമ്മുടെ സംസ്‌കാരം പ്രതിഫലിപ്പിക്കാനാകേണ്ടതുണ്ട്‌.മറ്റുള്ളവരുടെ കയ്യിലെ കളിപ്പാവകളായി തരം താഴാതെ വിശ്വാസിയുടെ വ്യക്തിത്വം നിലനിര്‍ത്താനാണ്‌ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടക്കേണ്ടത്‌.കാട്ടില്‍ വിശദീകരിച്ചു.

ശത്രുത ആളിക്കത്തിക്കുന്നതിനു പകരം സ്‌നേഹത്തിന്റെയും സാഹോദര്യത്തിഹിന്റെയും സംയമനത്തിന്റെയും പാതയാണ്‌ നാം തെരഞ്ഞെടുക്കേണ്ടത്.അധ്യക്ഷന്‍ ഷറഫു ഹമീദ്‌ ആഹ്വാനം ചെയ്‌തു.മതഭേതമില്ലാത്ത സൌഹൃദാന്തരീക്ഷം പൂത്തുലയാനുള്ള ശ്രമങ്ങളുടെ വക്താക്കളാകുന്നതില്‍ പ്രതിജ്ഞാബദ്ധരാകണം . ശറഫു അടിവരയിട്ടു. 

നന്മയുടെ വിളക്കും വെളിച്ചവുമാകുന്ന ഒരു സമൂഹത്തെക്കുറിച്ച്‌ വ്യക്തമായ ദിശാബോധം നല്‍കുന്ന ദര്‍ശനത്തിന്റെ വക്താക്കള്‍ തങ്ങളുടെ നിയോഗം മറന്ന്‌ കളിക്കുമ്പോഴാണ്‌ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നത്‌.ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേയ്‌ക്ക്‌ കൂപ്പുകുത്തുന്ന ദയനീയമായ അവസ്ഥ ദൌര്‍ഭാഗ്യകരമാണ്‌.അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.വിശുദ്ധഖുര്‍ആനും തിരുചര്യയും എല്ലാ അര്‍ഥത്തിലും പുല്‍കാന്‍ തയാറാകേണ്ടത്‌ കാലഘട്ടത്തിന്റെ തന്നെ അനിവാര്യതയാണ്‌. ദര്‍ശനത്തിന്റെ മാഹാത്മ്യം വിളംഭരം ചെയ്യുന്നതിനു പകരം ജീവിതത്തിലൂടെ പ്രകാശിപ്പിക്കാനുള്ള ക്രിയാത്മകമായ കര്‍മ്മ പദ്ധതികാളാണ്‌ രൂപപ്പെടേണ്ടത്.അസീസ്‌ അഭിപ്രായപ്പെട്ടു. 

ഷിഹാബുദ്ദീന്റെ വിയോഗത്തിന്റെ വേര്‍പാടും വേദനയും പങ്കുവെച്ചുകൊണ്ട്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ അനുശോചന പ്രമേയം സെക്രട്ടറി ഷിഹാബ്‌ എം.ഐ അവതരിപ്പിച്ചു.

പ്രമേയാനന്തര ചര്‍ച്ചകള്‍ക്ക്‌ വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുല്‍നാസ്സര്‍ അബ്‌ദുല്‍കരീം  തുടക്കം കുറിച്ചു.തുടര്‍ന്ന്‌ ഇസ്‌മാഈല്‍ ബാവ,ഹമീദ്‌ ആര്‍.കെ,താജുദ്ദീന്‍ എന്‍.വി,യൂസഫ്‌ ഹമീദ്‌,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

ഷിഹാബിന്റെ സഹോദരങ്ങളുമായി കൂടിയാലോജിച്ച്‌ പരേതന്റെ കുടുംബത്തിന്റെ ഭാവി കാര്യങ്ങളും മക്കളുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസവും മുന്നോട്ട്‌ കൊണ്ടുപോകാനാവശ്യമായ സഹകരണങ്ങള്‍ അസോസിയേഷന്റെ ഭാഗത്ത്‌ നിന്നുണ്ടാകുമെന്ന്‌ പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ വ്യക്തമാക്കി.  

മഹല്ലിലെ പാര്‍പിട സമുച്ചയത്തിന്‌ വേണ്ടിയുള്ള സമാഹരണത്തില്‍ എല്ലാവരും തങ്ങളുടെ വിഹിതം നല്‍കി പദ്ധതി വിജയിപ്പിക്കണമെന്ന്‌ പ്രസിഡന്റ്‌ ആഹ്വാനം ചെയ്‌തു.

അസോസിയേഷന്‍ ഈ വര്‍ഷം ഏറ്റെടുത്ത പദ്ധതികളും അവ നടപ്പില്‍ വരുത്തുന്ന രീതിയും അധ്യക്ഷന്‍ ഹൃസ്വമായി വിശദീകരിച്ചു.വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം , തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള റേഷന്‍ വിതരണം ,നിത്യരോഗികള്‍ക്കുള്ള സഹായം ,നിരാലംബരായവര്‍ക്കുള്ള വിവാഹ സഹായം ,പരേതനായ മുഅദ്ദിന്‍ മുഹമ്മദലി സാഹിബിന്റെ ഭവന നിര്‍മ്മാണം,റമദാന്‍ സാന്ത്വനം, ഇഫ്‌ത്വാര്‍ വിരുന്ന്‌,വിനോദയാത്ര എന്നിവ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. 

ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ സ്വാഗതവും സെക്രട്ടറി അബു മുഹമ്മദ്‌മോന്‍ നന്ദിയും പ്രകാശിപ്പിച്ചു.