ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 22 April 2018

മുഹമ്മദന്‍സ്‌ മൂന്നാം വാര്‍ഷികം

സഹോദരന്റെ നോവും വേവും മനസ്സിലാക്കി സാമൂഹ്യ സേവന രംഗത്തും നിറഞ്ഞു നിന്നു കൊണ്ട്‌ കളിക്കളത്തില്‍ ആവേശത്തിരയിളക്കുന്ന കളിയും കാര്യവും തെരഞ്ഞെടുത്തവരാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തര്‍.ഷറഫു ഹമീദ്‌ പറഞ്ഞു.മുഹമ്മദന്‍‌സ്‌ ഖത്തര്‍ മൂന്നാം വാര്‍‌ഷികം സ്‌കൈ മീഡിയഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഷറഫു.തിരുനെല്ലൂര്‍ ഗ്രാമത്തിലെ യുവ നിരയെ പടുത്തുയര്‍‌ത്തുന്നതില്‍ നിര്‍‌ണ്ണായകമായ പങ്കു വഹിച്ച മുഹമ്മദന്‍സിന്റെ പാരമ്പര്യം തിരിച്ചുപിടിക്കുന്നതില്‍ മുഹമ്മദന്‍സ്‌ ഖത്തര്‍ ശ്‌ളാഘനീയമായ പ്രവര്‍‌ത്തനങ്ങളാണ്‌ കാഴ്‌ച വെച്ചത്.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രസിഡന്റ് ഷറഫു ഹമീദ്‌ വിശദീകരിച്ചു.തിരുനെല്ലുരിന്റെ കലാ സാംസ്‌കാരിക സേവന പാതയില്‍ പ്രവര്‍‌ത്തന നിരതരായവരെ പരിചയപ്പെടുത്താനും അനുഗ്രഹീതരായ കലാകാരന്മാര്‍‌ക്ക്‌ അവസരം ഒരുക്കാനും ഉതകുന്ന വിപുലമായ ഒരു പരിപാടിയെക്കുറിച്ച്‌ ഗൗരവത്തിലുള്ള ചില ആലോചനകളും ഷറഫു ഹമീദ്‌ പങ്കുവെച്ചു. 

കര്‍‌മ്മ നിരതമായ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ വെള്ളവും വളവും നല്‍കുന്നതില്‍ സര്‍‌വാത്മനാ സന്നദ്ധരായ സഹോദരങ്ങളും സംവിധാനങ്ങളും ഈ കലാ കായിക സാംസ്‌കാരിക സാമൂഹ്യ പ്രവര്‍‌ത്തന വേദിയുടെ വളര്‍ച്ചയ്‌ക്ക്‌ അനുഗുണമായി പ്രവര്‍‌ത്തിച്ചു എന്ന്‌ അധ്യക്ഷ പ്രഭാഷണത്തില്‍ സലീം നാലകത്ത് പറഞ്ഞു.

ഒരു കൊച്ചു സം‌ഘം ആത്മാര്‍‌ഥമായി രൂപപ്പെടുത്തിയ സങ്കല്‍‌പങ്ങള്‍ ഗ്രാമത്തിലെ സുമനസ്സുക്കളും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുള്ള സഹോദരങ്ങളും വാര്‍‌ത്താമാധ്യമങ്ങളുമായി ബന്ധപ്പെട്ട ചില വ്യക്തികളും സ്‌നേഹ സമ്പന്നരായ നാട്ടുകരുടെ നിര്‍‌ലോഭമായ സഹകരണവും ഊര്‍‌ജ്ജ്വസ്വലരായ യുവ നേതൃത്വത്തിന്റെ കര്‍‌മ്മ നിരതയും ഈ സംവിധാനത്തെ ഒരു തണല്‍ വൃക്ഷമാക്കി മാറ്റാന്‍ സഹായിച്ചു.സ്വാഗത ഭാഷണത്തില്‍ സെക്രട്ടറി റഷീദ്‌ കെ.ജി പറഞ്ഞു.

പ്രവര്‍‌ത്തനങ്ങളും പ്രാര്‍‌ഥനയും സഹ പ്രവര്‍‌ത്തകരുടെ സജീവ സാന്നിധ്യവും സമ്മേളിക്കുമ്പോള്‍ സം‌ഭവിച്ചേക്കാവുന്ന സ്വാഭാവികമായ വളര്‍‌ച്ച മുഹമ്മദന്‍‌സ്‌ കൈവരിച്ചിരിക്കുന്നതില്‍ സീനിയര്‍ അം‌ഗം തിരുനെല്ലൂര്‍ മഹല്ല്‌ വൈസ്‌ പ്രസിഡന്റ്‌ ഹമീദ്‌ ആര്‍.കെ സന്തോഷം പ്രകടിപ്പിച്ചു. ആത്മാര്‍പ്പണം ചെയ്‌ത ഒരു സം‌ഘം ചെറുപ്പക്കാരുടെ അശ്രാന്ത ശ്രമങ്ങള്‍ വിജയം കൈവരിക്കുന്ന കാഴ്‌ച ഏറെ സന്തോഷ ദായകമാണെന്നും ഈ സം‌ഘത്തിന്റെ പ്രവര്‍‌ത്തന നൈരന്തര്യത്തില്‍ സഹകരിക്കാതിരിക്കാന്‍ കഴിയാത്ത വിധം മാന്ത്രികമാണെന്നും ഇസ്‌ലാമിക്‌ എക്‌ചേഞ്ച് തലവന്‍ യൂസുഫ് ഹമീദ്‌ അഭിപ്രായപ്പെട്ടു.പഴയ കാല മുഹമ്മദന്‍‌സിനെ പൂര്‍വ്വാധികം ഭം‌ഗിയായി പുന പ്രതിഷ്‌ഠ നടത്തുന്നതില്‍ മുഹമ്മദന്‍‌സ്‌ ഖത്തര്‍ അക്ഷരാര്‍‌ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു എന്ന്‌ ഹാരിസ്‌ ആര്‍.കെ അഭിപ്രായപ്പെട്ടു.ഒരു കലാ കായിക സാംസ്‌കാരിക പാരമ്പര്യത്തെ അതിന്റെ നെല്ലും പതിരും കളഞ്ഞ്‌ നെഞ്ചിലേറ്റുമ്പോള്‍ പഴയ തലമുറയിലെ മണ്‍‌മറഞ്ഞവരെ ഓര്‍‌ക്കാതിരിന്നു കൂടാ.മുഹമ്മദന്‍‌സിന്റെ കൂടപ്പിറപ്പായിരുന്ന ഖമറുദ്ധീന്‍ പുതിയ പുരയില്‍,കളിക്കളത്തില്‍ മാന്ത്രിക വിദ്യകള്‍‌കൊണ്ട്‌ കണ്ണഞ്ചിപ്പിച്ചിരുന്ന മജീദ്‌ കൂടത്ത് എന്നിവരെ സ്‌മരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്‌തു കൊണ്ടായിരുന്നു അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ സംസാരം അവസാനിപ്പിച്ചത്.

ഒരു ഗ്രാമത്തെ ഒരു പ്രദേശത്തെ കൂട്ടിയിണക്കുന്ന കണ്ണിയായി ദിതിരുനെല്ലൂര്‍ എന്ന സോഷ്യല്‍ മീഡിയ സംവിധാനത്തെ സജീവമാക്കി നിര്‍‌ത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാം‌സ്‌കാരിക വൈജ്ഞാനിക രം‌ഗത്തെ നിറ സാന്നിധ്യം അസീസ്‌ മഞ്ഞിയില്‍, വിദ്യഭ്യാസ രംഗത്ത് വേണ്ടത്ര പരിഗണനയും പരിശ്രമവും ഇല്ലാതിരുന്ന സാഹചര്യത്തില്‍ തികച്ചും പ്രതികൂലമായ കാലാവസ്ഥയില്‍ ഉന്നത വിദ്യാഭാസ രം‌ഗത്തേക്ക്‌ പ്രദേശത്ത് നിന്നും ആദ്യമായി  കടന്നു വന്ന യൂസുഫ് ഹമീദ്‌,മുഹമ്മദന്‍‌സിന്റെ കളിക്കളങ്ങളില്‍ ചരിത്രം രചിച്ച മുന്‍ താരം ഹാരിസ്‌ ആര്‍.കെ,പുതിയ കാലത്തെ സം‌ഗീത ലഹരിയെ ആവോളം ആസ്വദിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്‌തുകൊണ്ടേയിരിക്കുന്ന പ്രശസ്‌തനായ തിരുനെല്ലുരിന്റെ താരം ഹം‌ദാന്‍ ഹം‌സ തുടങ്ങിയവര്‍ വേദിയില്‍ പുരസ്‌കാരം നല്‍കി ആദരിക്കപ്പെട്ടു. 

മുഹമ്മദന്‍സിന്റെ പ്രവര്‍‌ത്തന കര്‍മ്മ ഭൂമികയില്‍ ഒപ്പം നിന്ന്‌ അവസരോചിതമായ ചിത്രങ്ങളും ചിത്രീകരണങ്ങളും ഒരുക്കുന്ന കലാകരന്മാരായ  ഫര്‍‌ഹാസിനെയും തിരുനെല്ലുരിന്റെ സ്വന്തം അബു ബിലാലിനെയും പ്രത്യേകം പാരിതോഷികങ്ങള്‍ നല്‍‌കി അനുമോദിച്ചു.

തുടര്‍ന്ന്‌ റഹ്‌മാന്‍ തിരുനെല്ലുരിന്റെ ഏറ്റവും പുതിയ പുസ്‌തകത്തിന്റെ ഖത്തറിലെ പ്രകാശനം നടന്നു.തിരുനെല്ലുരിന്റെ കവി അസീസ്‌ മഞ്ഞിയിലില്‍ നിന്നും ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ ആദ്യ കോപ്പി ഏറ്റുവാങ്ങി. സദസ്സിന്റെ നിലക്കാത്ത കയ്യടിയോടെ തിരുനെല്ലുരിന്റെ എഴുത്തുകാരന്റെ പുസ്‌തകം സമര്‍പ്പിക്കിപ്പെട്ടു. തികച്ചും പരിചിതങ്ങളായ സ്ഥലം,പരിചിതങ്ങളായ മുഖങ്ങള്‍,സം‌ഭാഷണങ്ങള്‍,അനുഭവങ്ങള്‍ എന്നിട്ടും എഴുത്തുകാരന്റെ തൂലികയില്‍ നിന്നും ഉതിരുമ്പോള്‍ നമുക്ക്‌ കൂടുതല്‍ ആസ്വദ്യകരമാകുന്നു.ഇത്തരത്തില്‍ ജിവിതങ്ങള്‍ അനുഭവങ്ങള്‍..കഥയായും കടങ്കഥയായും കഥകള്‍ ജീവിത യാഥാര്‍‌ഥ്യങ്ങളായി മാറുകയും ചെയ്യുന്ന ലളിതമായ ആവിഷ്‌കാര മാന്ത്രിക സ്‌പര്‍‌ശമുള്ള മൂന്ന്‌ നോവലുകള്‍.അസീസ്‌ മഞ്ഞിയില്‍ പുസ്‌തകത്തെ പരിചയപ്പെടുത്തിക്കൊണ്ട്‌ വിശദീകരിച്ചു

സദസ്സിലിരിക്കുന്നവരെ അമ്പരിപ്പിച്ച കൊച്ചു മിടുക്കന്‍ ഷിഹാന്‍ സലീം,റന റഷീദ്‌,അമീന അസീസ്‌,അഫ്ര ഷരീഫ്‌, ഹിബ ഷരീഫ്‌ എന്നിവര്‍ ഒരുക്കിയ ഇമ്പമാര്‍‌ന്ന പരിപാടികള്‍ സദസ്സിനെ ആനന്ദിപ്പിച്ചു.ഒപ്പനപ്പാട്ടും ഏറെ ശ്‌ളാഘിക്കപ്പെട്ടു.നവാല്‍ മനാഫ്‌,നൈല മനാഫ്‌,ഫറഹ്‌ സിയാദ്‌,റിദ അറഫാത്ത്,ദുഅ കലാം,ഹന ഇസ്‌മാഈല്‍,മന്‍‌ഹ ഫാത്വിമ എന്നിവരാണ്‌ ഒപ്പനയെ സമ്പന്നമാക്കിയത്.

മുസ്‌തഫ ഹസന്‍,മുത്തു ലത്വീഫ്‌,ഹംസ പട്ടുവം,ഹം‌ദാന്‍,റഷീദ്‌ കെ.ജി,റഷാദ്‌ കെ.ജി,ശ്രീജിത്ത്,ഹാരിസ്‌ ആര്‍.കെ,അസ്‌ലം തെക്കെയില്‍,ഹാഷിം അബ്ബാസ്‌,റഈസ്‌ സഗീര്‍,രജിത എന്നിവരൊരുക്കിയ ഗാനമേളയും മുഹമ്മദന്‍‌സ്‌ ഖത്തര്‍ മൂന്നാം വാര്‍ഷികത്തെ ആവേശ ഭരിതമാക്കി.

ഫാഷിസത്തിന്റെ അതി ജീര്‍‌ണ്ണമയ മുഖം ലോകം ദര്‍‌ശിച്ച ആസിഫ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പ്രാര്‍‌ഥിക്കുകയും ചെയ്‌തു കൊണ്ടായിരുന്നു മുഹമ്മദന്‍‌സിന്റെ മുന്നാം വാര്‍‌ഷിക പരിപാടികള്‍‌ക്ക്‌ പ്രാരം‌ഭം കുറിച്ചത്.പ്രശസ്‌ത ഗായകന്‍ ഹം‌ദാന്‍ ഹം‌സ പ്രതിജ്ഞാ പ്രമേയം അവതരിപ്പിച്ചു.

മുഹമ്മദന്‍‌സ്‌ മൂന്നാം വാര്‍‌ഷികത്തെ ചരിത്രമാക്കിമാറ്റുന്നതില്‍ കഠിനാധ്വാനം ചെയ്‌ത സലീം നാലകത്ത്,റഷീദ്‌ കെ.ജി,ഷൈതാജ്‌ മൂക്കലെ ,ഷിഹാബ്‌ ആര്‍.കെ  തുടങ്ങി അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിച്ചവരെ മുഹമ്മദന്‍‌സിന്റെ അണികള്‍ വേദിയില്‍ പ്രത്യേകം ആദരിച്ചതിനും വേദി സാക്ഷിയായി.

മുഈനുദ്ദീന്‍ പ്രാര്‍ഥനക്ക്‌ നേതൃത്വം നല്‍‌കി.ഹം‌ദാന്‍ പരിപാടികള്‍ നിയന്ത്രിച്ചു.മുഹമ്മദന്‍സ്‌ ജോ.സെക്രട്ടറി റഹ്‌മാന്‍ സഗീര്‍ നന്ദി പ്രകാശിപ്പിച്ചു.