നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 17 August 2018

ദുരിതക്കയത്തില്‍

മുല്ലശ്ശേരി:തൃശൂര്‍ ജില്ലയില്‍ മഴക്കെടുതിയില്‍ പരക്കെ ദുരന്തങ്ങളും അപകട മരണങ്ങളും റിപ്പോര്‍‌ട്ട്‌ ചെയ്‌തു കൊണ്ടിരിക്കുന്നു.ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചലിലും പ്രളയത്തിലും വൈദ്യുതി ആഘാതത്തിലുമാണ്‌ ജീവഹാനികള്‍ സം‌ഭവിച്ചിട്ടുള്ളത്.കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കനത്ത നാശ നഷ്‌ടങ്ങളുടെ അവിശ്വസനീയമാം വിധം കണക്കുകളാണ്‌ പുറത്ത്‌ വരുന്നത്.കനത്ത മഴ സുഗമമായ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും സജീവമാണ്‌.കെട്ടിടങ്ങളും വീടുകളും ഒലിച്ചു പോകുന്ന സ്ഥിതി വിശേഷം അത്യന്തം ഭയാനകമാണ്‌.കേരളത്തിലെ എല്ലാ ജല സം‌ഭരണികളും തുറന്നിട്ടിരിക്കുന്നു എന്നത് പ്രളയത്തിന്റെ ഭീതിതമായ അവസ്ഥയെയാണ്‌ സൂചിപ്പിക്കുന്നത്.നദികളും അനുബന്ധ കനാലുകളും തോടുകളും കവിഞ്ഞൊഴുകകയാണ്.ജില്ലയിലെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ശക്തിയായി ഉയര്‍ന്നു. മൂവായിരത്തോളം വീടുകള്‍ വെള്ളത്തിലാണ്.നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഹൗസിങ് കോളനികളില്‍ കുടുങ്ങിയവരെ വഞ്ചികളില്‍ പുറത്തെത്തിച്ചു. ആശുപത്രികളില്‍ വെള്ളം കയറിയതോടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കുതിരാനില്‍ മണ്ണിടിഞ്ഞതോടെ തൃശൂര്‍ – പാലക്കാട് യാത്ര സ്തംഭിച്ചു.തൃശൂര്‍ – കൊച്ചി ദേശീയപാതയിലും വെള്ളം കയറി.

മുല്ലശ്ശേരി ബ്‌ളോക് പഞ്ചായത്ത് മേഖലകളിലും ദുരിതക്കെടുതിയുടെ ചിത്രം ഭായാനകം തന്നെ.പ്രദേശത്തെ കനാലും ഇടിയഞ്ചിറ പാലവും നിറഞ്ഞൊഴുകുന്നു.തിരുനെല്ലൂര്‍ സെന്റര്‍ മുതല്‍ വെള്ളക്കെട്ട്‌ രൂക്ഷമാണ്‌.റോഡിന്റെ ഇരു വശങ്ങളിലുള്ള വീടുകളിലും വെള്ളം കയറിയിരിക്കുന്നു.തിരുനെല്ലൂര്‍ റോഡില്‍ നാലടിയിലും കൂടുതല്‍ വെള്ളം പൊന്തിയിരിക്കുന്നു.

തിരുനെല്ലൂര്‍ രണ്ട്‌ കരകള്‍ കിഴക്കേ കര,പടഞ്ഞാറെ കര എന്നിങ്ങനെ രണ്ടും തീര്‍‌ത്തും ഒറ്റപ്പെട്ട സ്ഥിതി വിശേഷമാണ്‌.സലഫി പള്ളിയും,തിരുനെല്ലൂര്‍ പള്ളിയും,മഞ്ഞിയില്‍ തഖ്‌വ പള്ളിയും പ്രളയബാധയില്‍ വെള്ളം കയറിയിരിക്കുന്നു.വെള്ളിയാഴ്‌ച രണ്ട്‌ കരകളിലും ത്വാഹ മസ്‌ജിദിലും,തിരുനെല്ലൂര്‍ വലിയ പള്ളിയിലുമായി വേറെ വേറെ ജുമുഅകളാണ്‌ നടന്നത്.ഇടിയഞ്ചിറ തുറക്കുന്നതോടെ വെള്ളക്കെട്ടിന്‌ ആശ്വാസമുണ്ടാകും എന്ന പ്രതീക്ഷയിലാണ്‌ പരിസര വാസികള്‍.

തിരുനെല്ലൂരിലും പരിസര പ്രദേശങ്ങളിലും പ്രളയ ദുരിതത്തില്‍ പെട്ടവരുടെ രക്ഷാ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ പ്രദേശത്തും സമീപ ഗ്രാമങ്ങളും കേന്ദ്രീകരിച്ച്‌
നന്മ തിരുനെല്ലൂരും മഹല്ല്‌ അധികൃതരും മുഹമ്മദന്‍‌സ്‌ സന്നദ്ധ സേവകരും സര്‍‌ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഗ്രാമ പഞ്ചായത്ത് സം‌വിധാനങ്ങളും സുമനസ്സുക്കളും ഒക്കെ മാതൃകാ പരമായ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ മുന്നിട്ടിറങ്ങിയിട്ടുണ്ട്‌.പ്രദേശത്തെ വിദ്യാലയങ്ങളിലും,പൊതു സ്ഥാപനങ്ങളിലും ഒക്കെയായി സാധ്യമാകുന്ന വിധം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടിട്ടുണ്ട്‌.പ്രദേശത്തെ പ്രളയ ബാധിത വീട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്കും ഇതര വീടുകളിലേയ്‌ക്കും മാറ്റി പാര്‍‌പ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്‌.

തിരുനെല്ലൂര്‍ ഗ്രാമത്തിലെ സുമനസ്സുക്കളായ സഹോദരങ്ങളുടെ അവസരോചിതമായ ഇടപെടലുകളിലൂടെയുള്ള അവശ്യ സാധനങ്ങളുടെ വിതരണം പ്രശം‌സാര്‍‌ഹമായിരുന്നു.

ഒരു സംസ്‌ഥാനം മുഴുവന്‍ അതി ഭയാനകമായ പ്രകൃതി ദുരന്തത്തിന്‌ സാക്ഷിയായ ദിന രാത്രങ്ങളാണ്‌ പെയ്‌തൊഴിഞ്ഞു കൊണ്ടിരിക്കുന്നത്.ആഗസ്റ്റ് മൂന്നാം വാരത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്നതോടെ കാര്യങ്ങള്‍ സാവകാശത്തിലാണെങ്കിലും സാധാരണ ഗതിയിലേയ്‌ക്ക്‌ തിരിച്ച്‌ വന്നേക്കും എന്ന ശുഭ പ്രതീക്ഷയിലും പ്രാര്‍‌ഥനയിലുമാണ്‌ ജനങ്ങള്‍.