നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 15 January 2019

നിരര്‍‌ഥക വര്‍‌ത്തമാനങ്ങള്‍

ഒരു കൊച്ചു ഗ്രാമാന്തരീക്ഷത്തെ വിഷലിപ്‌തമാക്കും വിധം നിരര്‍‌ഥക വര്‍‌ത്തമാനങ്ങളുടെ പൊയ്‌വെടികളുയരുമ്പോള്‍ ഇടപെടാതിരിക്കാന്‍ തീര്‍‌ത്തും നിര്‍‌വാഹമില്ലാത്ത സാഹചര്യത്തില്‍ വാര്‍‌ത്തകള്‍ക്കപ്പുറം ചില കാര്യങ്ങള്‍ കുറിക്കട്ടെ.

'അഗതികളും അനാഥകളുമായ നിരവധി പേരെ സമാശ്വസിപ്പിക്കാനാകുന്നുണ്ട്‌.എന്നാല്‍ ഇതൊന്നും പരസ്യമാക്കുന്നതില്‍ തീരെ താല്‍‌പര്യമില്ല ................' ഇത്തരത്തിലുള്ള വീമ്പു പറച്ചിലുകാരുടെ  വര്‍‌ത്തമാനങ്ങള്‍ ഓര്‍‌മ്മയിലെത്തിക്കും വിധമുള്ള  നിരര്‍‌ഥക ഭാഷ്യങ്ങളിലെ പരിഹാസം അസഹ്യമായിരിക്കുന്നു.

ഉറങ്ങുന്നവരെ ഉണര്‍‌ത്താം.ഉറക്കം നടിച്ചുറങ്ങുന്നവരെ അന്ത്യനാള്‍ വരെയും ഉണര്‍‌ത്താനാകുകയില്ല.

ദാന ധര്‍‌മ്മങ്ങള്‍  രഹസ്യമായും പരസ്യമായും വിശ്വാസികള്‍‌ക്ക്‌ അനുശാസിക്കപ്പെട്ടിട്ടുണ്ട്‌. ദൈവ പ്രീതിയോടെ സമൂഹത്തില്‍ അര്‍‌ഹരായവരില്‍   അനുവര്‍‌ത്തിക്കുന്നതിലെ ഖുര്‍ആനികാധ്യാപനങ്ങളില്‍ ചിലത് സാന്ദര്‍‌ഭികമായി പരിശോധിക്കാം.

പരിപാലകനായ നാഥന്റെ പ്രീതിക്കായി ക്ഷമയവലംബിക്കുകയും മുറപ്രകാരം നമസ്‌കാരമനുഷ്ഠിക്കുകയും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും തിന്മയെ നന്മകൊണ്ടു തടുക്കുകയും ചെയ്യുക എന്നതാകുന്നു അവരുടെ സമ്പ്രദായം.പരലോകഭവനം ഇക്കൂട്ടര്‍ക്കുള്ളതാകുന്നു. (സൂ.റഅ്ദ് 13:21)

പ്രവാചകന്‍ വിശ്വാസികളായ എന്റെ ദാസന്മാരോടു പറയുക: 'അവര്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കട്ടെ. നാം നല്‍കിയതില്‍നിന്നു രഹസ്യമായും പരസ്യമായും ധര്‍മ മാര്‍ഗത്തില്‍ ചെലവഴിക്കട്ടെ-കൊള്ളക്കൊടുക്കകളും സുഹൃദ്ബന്ധങ്ങളുമൊന്നും പ്രയോജനപ്പെടാത്ത ഒരുനാള്‍ വന്നെത്തും മുമ്പ്.(സൂ:ഇബ്‌റാഹീം 14:31) 

അല്ലാഹുവിന്റെ വേദമോതുകയും നമസ്‌കാരം നിലനിര്‍ത്തുകയും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരുണ്ടല്ലോ, ഒരിക്കലും നഷ്ടംപറ്റാത്ത ഒരു കച്ചവടം പ്രതീക്ഷിക്കുന്നവരാണവര്‍.  (സു:ഫാത്വിര്‍ 35:29)

ദാന ധര്‍‌മ്മങ്ങള്‍ രഹസ്യമായും പരസ്യമായും ചെയ്യാനുള്ള ആഹ്വാനം വിശുദ്ധ വേദത്തില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിപാതിച്ചിട്ടുണ്ട്‌.

പരസ്യപ്പെടുത്തുന്ന സാന്ത്വന സേവന ദാന ധര്‍മ്മ കര്‍‌മ്മങ്ങളില്‍ വലിയ പന്തികേടുള്ള പ്രതീതി അറിഞ്ഞൊ അറിയാതെയൊ ചില സഹോദരങ്ങള്‍ വെച്ചു പുലര്‍‌ത്തുന്നുണ്ട്‌.വ്യക്തികളുടെ പ്രകടനപരത (രിയാ‌അ്‌) വര്‍‌ജിക്കപ്പെടേണ്ടതാണെന്നതില്‍ പക്ഷാന്തരമില്ല.എന്നാല്‍ ഒരു നാടിന്റെ നന്മയുടെ മണിമുഴക്കം അയല്‍ ഗ്രാമങ്ങള്‍‌ക്കും ഇതര സം‌ഘങ്ങള്‍‌ക്കും സം‌ഘടനകള്‍‌ക്കും പ്രചോദനം സൃഷ്‌ടിക്കും വിധം പരസ്യപ്പെടുത്തുന്നതില്‍ അനഭിലഷണീയത ദര്‍‌ശിക്കേണ്ട കാര്യമില്ല.ഇസ്‌ലാമികമായ അധ്യാപനങ്ങളില്‍ കൃത്യവും വ്യക്തവുമായ പാഠങ്ങളുള്ളപ്പോള്‍ ഉഹാപോഹ വാദങ്ങള്‍‌ക്ക്‌ ഒരു വക പ്രസക്തിയുമില്ല.

നന്മയുടെ പാത സുവ്യക്തമാണ്‌.പ്രവര്‍‌ത്തനങ്ങള്‍ സുതാര്യമാണ്‌.ലക്ഷ്യവും മാര്‍‌ഗ്ഗവും നന്മയിലൂന്നിയതാണ്‌.ഈ പ്രസ്ഥാനം അറിയപ്പെടുന്നതു തന്നെ നന്മയുടെ നാമദേയത്തിലാണ്‌.

ആത്മാര്‍‌ഥയില്ലാത്ത പൊയ്‌വെടി വര്‍‌ത്തമാനങ്ങളില്‍ അഭിരമിക്കുന്ന പാവങ്ങള്‍ ഇസ്‌ലാമികമായ അധ്യാപനങ്ങളുടെ മര്‍‌മ്മവും ധര്‍‌മ്മവും യഥാവിധി ഉള്‍‌കൊള്ളാനാകാത്തവരായിരിയ്‌ക്കും.ആള്‍‌കൂട്ടത്തിന്റെ കയ്യടിയില്‍ മതിമറന്നുല്ലസിക്കുന്ന ഇത്തരക്കാരെ കുറിച്ച് സഹതപിക്കാം.അകപ്പെട്ടുപോയ ജീര്‍‌ണ്ണതകളില്‍ നിന്നും മുക്തരാകാന്‍ പ്രാര്‍‌ഥിക്കാം.

തങ്ങള്‍‌ക്കിഷ്‌ടമില്ലാത്തവരുടെ നന്മകളില്‍ പോലും തിന്മ കണ്ടെത്താനുള്ള വിഭ്രാന്തികള്‍ കടുത്ത ദൈവ ധിക്കാരമാണ്‌.തങ്ങള്‍‌ക്ക്‌ തന്നെ എതിരാണെങ്കില്‍ പോലും നീതി പാലിക്കാനാണ്‌ ഖുര്‍‌ആന്‍ ആഹ്വാനം ചെയ്യുന്നത്.നിരര്‍‌ഥക വര്‍‌ത്തമാനങ്ങളും വളച്ചൊടിച്ച നിരൂപണങ്ങളും വരുത്തിവെക്കുന്ന വിനകള്‍ വിവരണാതീതമത്രെ.

അല്ലയോ സത്യവിശ്വാസികളേ, നീതിയുടെ ധ്വജവാഹകരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍ -നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍, സ്വേച്ഛകളെ പിന്‍പറ്റി നീതിയില്‍നിന്ന് അകന്നുപോകാതിരിക്കുവിന്‍. വളച്ചൊടിച്ചു സംസാരിക്കുകയോ സത്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍, അറിഞ്ഞുകൊള്ളുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹുവിനു വിവരമുണ്ട്.(സൂ.അന്നിസാഅ്‌ 4:135)