നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 17 February 2017

മര്‍‌ക്കട മുഷ്‌ടി

ആദിവാസികള്‍ കുരങ്ങനെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കെണിയുണ്ട്. തേങ്ങയേക്കാൾ കുറച്ചു കൂടി വലിപ്പമുള്ള ഗോളാകൃതിയിലുള്ള ഒരു തരം കായയിൽ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതില്‍ കുരങ്ങിനെ കൊതിപ്പിക്കുന്ന ഗന്ധമുള്ള ഭഷണ സാധനങ്ങള്‍ നിറയ്‌ക്കും.ഇതു വൃക്ഷങ്ങളുടെ കടഭാഗത്തായി കെട്ടി വയ്ക്കും.ആളനക്കം ഇല്ലാതാവുമ്പോൾ കുരങ്ങൻ മണം പിടിച്ചു വന്ന് തീറ്റയ്ക്ക് വേണ്ടി ആ ചെറിയ ദ്വാരത്തിലൂടെ കൈ കടത്തും.ഉള്ളിൽ കിടക്കുന്ന തീറ്റ എല്ലാം കൂടി കയ്യിൽ വാരി കഴിഞ്ഞാൽ കൈ തിരിച്ചു എടുക്കാൻ കഴിയാതെ വരും വേണമെങ്കിൽ കയ്യിൽ ഇരിക്കുന്ന തീറ്റകൾ കളഞ്ഞിട്ട് സുഖമായി കൈ പുറത്തെടുക്കാം... പക്ഷെ അത്രയും പ്രിയപ്പെട്ട തീറ്റ നഷ്ടപ്പെടുത്താൻ കുരങ്ങൻ തയ്യാറാവില്ല. കൈ ചുരുട്ടി പിടിച്ചുകൊണ്ട് തന്നെ പുറത്തേയ്ക്ക് വലിച്ചു കൊണ്ടിരിക്കും.കയ്യിൽ ഉള്ള സാധനങ്ങൾ കളയാതെ ഈ മര്‍‌ക്കടന്‌ സ്വന്തം കൈ കിട്ടുകയുമില്ല.... അതാണ്‌ മര്‍ക്കട മുഷ്ടി.

കുരങ്ങൻ വന്നു ദ്വാരത്തിൽ കൈ കടത്തിയാൽ കുരങ്ങൻ അകപ്പെട്ടു എന്ന് ആദിവാസികള്‍ക്ക് അറിയാം.അവര്‍ വന്ന്‌ കൈകാര്യം ചെയ്യും.പ്രഹരമേറ്റ്‌ ചാവുന്നതിന്‍റെ തൊട്ടു മുമ്പുള്ള ആ ഒരു നിമിഷമെങ്കിലും സ്വന്തം കയ്യിലുള്ള പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുവാൻ കുരങ്ങൻ തയ്യാറായിരുന്നെങ്കിൽ,  രക്ഷപ്പെടാമായിരുന്നു.പാവം മണ്ടൻ കുരങ്ങൻ...

ആ കുരങ്ങനെക്കാൾ വലിയ മണ്ടന്മാരാണ് മനുഷ്യർ നശ്വരമായ ഈ ലോകത്തിന്‍റെ ദ്വാരത്തിൽ കയ്യിട്ട്, പലതും ചുരുട്ടി പിടിച്ചിരിക്കുകയാണ്.