നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Nivedhanam to Minister

 ബഹു : കേരള സം‌സ്ഥാന മുഖ്യ മന്ത്രി പിണറായി വിജയന്‍,

സമക്ഷം സമര്‍‌പ്പിക്കുന്ന നിവേദനം.

ഇക്കഴിഞ്ഞ പ്രളയക്കെടുതിയില്‍ നൂറിലേറെ വീടുകള്‍ ദുരിതക്കയത്തില്‍ അകപ്പെട്ടതിന്‌ തിരുനെല്ലൂര്‍ ഗ്രാമം സാക്ഷിയായി.കനാല്‍ പ്രാബല്യത്തിലായതു മുതല്‍ വര്‍‌ഷങ്ങളായി തിരുനെല്ലൂര്‍ ഗ്രാമം അനുഭവിച്ചു കൊണ്ടിരിക്കുന്ന വെള്ളക്കെട്ടില്‍ നിന്നുള്ള ശാശ്വത മോചനത്തെ കുറിച്ചുള്ള ചിന്ത പ്രളയ കാലത്ത് കുറേകൂടെ ചര്‍‌ച്ച വിഷയമായി.ഈ പ്രത്യേക സാഹചര്യം മുന്നില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ ഉരുത്തിരിഞ്ഞ വിഭാവനകളും തിരുനെല്ലൂര്‍ക്കാരുടെ ആവശ്യങ്ങളും.

റഗുലേറ്റര്‍ നവീകരണം
കനാല്‍ സംരക്ഷണം
കായല്‍ തീര ശുചികരണം
തണ്ണീര്‍ കായലില്‍ നിന്നുള്ള ജല നിയന്ത്രണം
വളയം ബണ്ട്‌ ശാസ്‌ത്രീയമായ നവീകരണം
കൃഷി
വെള്ളക്കെട്ട്‌ ശാശ്വത പരിഹാരം
കാരത്തോട്,പുഴങ്ങരത്തോട്‌ വഴിയുള്ള ഒഴുക്ക്‌ ഗതിമാറ്റം
കനാല്‍ കാരണം വിഭജിക്കപ്പെട്ട പതിനഞ്ചാം വാര്‍‌ഡ്‌ നടപ്പാത
ജനപങ്കാളിത്തത്തോടെയുള്ള ടൂറിസ പദ്ധതികള്‍

സംസ്ഥാനത്തിന്റെ സമഗ്ര വികസന വിഭാവനയുടെ ഭാഗമായ ഹരിത കേരള മിഷന്‍ പദ്ധതിയില്‍ ഇടിയഞ്ചിറ പദ്ധതിയും അതോടനുബന്ധിച്ച തിരുനെല്ലൂര്‍ കാര്‍‌ഷിക ജല സം‌രക്ഷണ സ്വപ്‌നവും  സാക്ഷാല്‍‌കരിക്കാന്‍ കഴിയുമെന്ന്‌ സെമിനാറില്‍ പങ്കെടുത്ത വിവിധ രാഷ്‌ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.

തൃശൂര്‍ ജില്ലയിലെ വളരെ പ്രധാനപ്പെട്ട മൂന്ന്‌ ജല നിയന്ത്രണ സം‌വിധാനങ്ങളില്‍ ഒന്നാണ്‌ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ഉള്‍‌പ്പെട്ട തിരുനെല്ലൂര്‍ പാടൂര്‍ ഗ്രാമാതിര്‍‌ത്തിയിലെ ഇടിയഞ്ചിറ റെഗുലേറ്റര്‍.മറ്റ്‌ രണ്ട്‌ റെഗുലേറ്ററുകള്‍ ഏനാമാവ്‌,ഇല്ലിക്കല്‍ എന്നിവയാണ്‌.കെ.എല്‍.ഡി.സിയുടെ അധീനതയിലുള്ള ജില്ലയിലെ  ഏകദേശം 75 കിലോമീറ്റര്‍ ദൂരം കണക്കാക്കുന്ന കനാലുകളിലൊന്നാണ്‌ ഇടിയഞ്ചിറയില്‍ അവസാനിക്കുന്ന മുല്ലശ്ശേരി കനാല്‍.

പരിസ്ഥിതി സൗഹൃദ ശുചിത്വ ബോധമുള്ള സമൂഹത്തെ വളര്‍‌ത്തിയെടുക്കുന്നതിന്‌ സാധ്യമാകുന്ന ബോധവല്‍‌കരണ പരിപാടികള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഗൗരവ പൂര്‍‌വം നടപ്പില്‍ വരുത്തണം.പ്രദേശത്തെ നാട്ടു കൂട്ടായ്‌മകളെ ഇത്തരം ദൗത്യ നിര്‍‌വഹണത്തിന്‌ പ്രയോജനപ്പെടുത്തണം.

പൊതു കിണറുകളും കുളങ്ങളും ഇതര ജല നീരൊഴുക്കുകളും ജല സംരക്ഷണത്തിലും ജല ക്രമീകരണത്തിലും വഹിക്കുന്ന പങ്കിനെ കുറിച്ച്‌ ബോധവത്കരണങ്ങള്‍ നടത്തണം.

വര്‍‌ഷകാലം വേനല്‍ കാലം എന്നതിലുപരി എല്ലാ കാലത്തും പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടും ഉള്ള സമൂഹത്തിന്റെ നിലപാട്‌ പ്രകൃതി സൗഹൃദ പൂര്‍‌ണ്ണമാകാനുള്ള ബോധ പൂര്‍‌വമുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം.വിശിഷ്യാ പുതിയ ജല ഉപഭോക സംസ്‌കാരം വളര്‍‌ത്തിയെടുക്കപ്പെടണം.

ഇടിയഞ്ചിറ റെഗുലേറ്ററിന്റെ പ്രാഥമികമായ തുടക്കം 1980ലും കനാല്‍ പണികള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തിയ ശേഷം  1996ലുമാണ്‌ നാടിന്‌ സമര്‍‌ക്കിപ്പെട്ടത്‌.ഇനിയും കാലാനുസൃതമായ പരിചരണവും പരിഷ്‌കരണവും പരിഹാരങ്ങളും എല്ലാ പദ്ധതികളിലും ഉണ്ടാവണം.ഷട്ടറുകള്‍ യന്ത്രവത്കരണ സം‌വിധാനത്തോടെ  ശാസ്‌ത്രീയമായി സജ്ജീകരിക്കണം.

റെഗുലേറ്റര്‍ യന്ത്ര വത്കരിക്കുന്നതിന്നായി വൈദ്യുതി ബോഡിന്‌ ഭീമമായ തുക അടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ മൊബൈല്‍ ജനറേറ്റര്‍ വഴി സാധ്യമാകും.മൊബൈല്‍ ജനറേറ്റര്‍ ഇറിഗേഷന്‍ ഡിപ്പാര്‍‌ട്ടുമന്റിന്‌ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

റഗുലേറ്ററുകള്‍ സമയാസമയങ്ങളില്‍ അടക്കാനും തുറക്കാനും കഴിയും വിധം കാര്യക്ഷമമാക്കണം.സ്ഥിര സ്വഭാവമുള്ള വളയം ബണ്ടുകളും വേണം.

ജില്ലയിലെ  കിലോമീറ്ററുകളോളം ദീര്‍‌ഘ ദൂരമുള്ള കനാലുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ള തണ്ണീര്‍ ചാലുകളും ഇടത്തോടുകളും പരിപാലിക്കപ്പെടണം.കയ്യേറ്റങ്ങള്‍‌ക്ക്‌ വിധേയമായതോ പ്രകൃതി ദുരന്തങ്ങള്‍ മൂലമോ മറ്റൊ മണ്ണടിഞ്ഞ്‌ ഒഴുക്ക്‌ നിലച്ചതോ ആയ തോടുകള്‍ പുനഃ ക്രമികരിക്കുകയും വീണ്ടെടുക്കുകയും വേണം.

ഇടിയഞ്ചിറ ജല നിയന്ത്രണത്തിന്‌ അനുസൃതമായി കായലിന്റെ പ്രകൃതി (ആഴവും പരപ്പും) നിലനിര്‍‌ത്തുന്നതില്‍ ശ്രദ്ധ പതിപ്പിക്കണം.കായലിന്റെ ശോച്യാവസ്ഥയും അതിര്‍‌ത്തി നിര്‍‌ണ്ണയവും പദ്ധതിയുടെ ഭാഗമാക്കണം.

ജല ക്രമീകരണം എന്നര്‍‌ഥത്തില്‍ അധിക ജലം ഒഴുക്കി കളയാനും ജല ദൗര്‍‌ലഭ്യമുണ്ടാകുന്ന കാലത്ത് തിരിച്ചെടുക്കാനും സം‌വിധാനമുണ്ടാകണം.ഇത്‌ പ്രാബല്യത്തിലാകണമെങ്കില്‍ ഇപ്പോഴുള്ള സം‌വിധാനങ്ങള്‍ പൊളിച്ചെഴുതപ്പെടണം.അഥവ കായലില്‍ തന്നെ വ്യവസ്ഥാപിതമായ ക്രമീകരണങ്ങള്‍ ഉണ്ടാകണം.കൂടാതെ കനാലിന്റെ ആഴം വര്‍‌ദ്ധിപ്പിക്കുകയും വേണം.

മഴക്കാലത്ത്‌ തിരുനെല്ലുരിന്റെ വടക്ക്‌ പെരിങ്ങാട്ട്‌ നിന്നും ഒഴുകിയെത്തുന്ന അധിക ജലത്തെ സം‌ഭരിച്ച്‌ നിര്‍ത്താനും ഒരു വേള ക്രമീകരിക്കാനും പുതിയ സം‌വിധാനമുണ്ടാകണം.വടക്ക്‌ ഭാഗത്ത്‌ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന കാരക്കല്‍ തോട്‌ റോഡായി പരിണമിച്ചതും പുഴങ്ങര തോട്‌ നാമാവശേഷമായതും മൂലുള്ള ജല ഒഴുക്കിന്റെ ഗതിമാറ്റത്തെ നിയന്ത്രിച്ച്‌ ശാസ്‌ത്രീയമായ രീതിയില്‍ തിരിച്ചു വിടാനുള്ള പദ്ധതി രൂപപ്പെടുത്തണം.

തിരുനെല്ലൂര്‍ തണ്ണീര്‍ കായലിന്റെ നാലു ഭാഗത്തുമായി ജല സം‌ഭരണികള്‍ പോലെ തണ്ണീര്‍ ചാലുകള്‍ നിര്‍‌മ്മിക്കണം.പ്രസ്‌തുത ചാലുകളില്‍ നിന്നും ആവശ്യാനുസാരം കൃഷിക്ക്‌ വെള്ളം ഉപയോഗപ്പെടുത്താന്‍ കഴിയും വിധം കൈതോടുകള്‍ ഉണ്ടാകണം.

തണ്ണീര്‍ കായലില്‍ നിന്നും കനാലിലേക്കു ആവശ്യം വരുമ്പോള്‍ വെള്ളം ഒഴുക്കി വിടാനുള്ള ശാസ്‌ത്രീയമായതും സുഖമമായതുമായ സം‌വിധാനം ഒരുക്കണം.

തീര ദേശ പാതയുടെ ഭാഗമായി റോഡ്‌ പുനര്‍ നിര്‍മ്മിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുമ്പോള്‍ ഇരു വശത്തും വ്യവസ്ഥാപിതമായ ചാലുകള്‍ സുരക്ഷിതമായ സ്‌ലാബുകള്‍ പാകി നിര്‍മ്മിക്കണം.

തിരുനെല്ലുരിന്റെ ഇരു കരകളെ ബന്ധിപ്പിക്കുന്ന മസ്‌ജിദ്‌ റോഡിന്റെ ഇരുവശവും സുഭദ്രമാക്കണം.

കനാല്‍ റോഡിന്റെ അറ്റകുറ്റങ്ങള്‍ തീര്‍‌ക്കുകയും വശങ്ങള്‍ ഭദ്രമായി കെട്ടി സുരക്ഷിതമാക്കുകയും വേണം.

കൃഷിയിറക്കലും കാര്‍‌ഷിക വൃത്തിയും ക്രമാനുഗമമാകുമ്പോള്‍ ജല ക്രമികരണവും ജല സംരക്ഷണവും സ്വാഭാവികമായ രീതിയായി പരിണമിക്കും.നെല്‍ വയല്‍ പഴയകാലത്തേക്ക്‌ തിരിച്ചെത്തുമ്പോള്‍ പ്രദേശത്തിന്റെ എല്ലാ അര്‍‌ഥത്തിലുള്ള പുരോഗമനവും സാക്ഷാല്‍‌കരിക്കപ്പെടും.ജൈവ വൈവിധ്യങ്ങള്‍ ക്രമപ്പെടുകയും പരിചരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രകൃതി സൗഹൃദ വികസനത്തിന്റെ മാതൃകാപരമായ ഉദാഹരണമായി പ്രദേശം രേഖപ്പെടുത്തപ്പെടും.

നിഷ്‌കളങ്കമായ ഗ്രാമക്കാഴ്‌ചകളെ ടൂറിസത്തിനായി പ്രയോജനപ്പെടുത്തി ഒരു ഗ്രാമാന്തരീക്ഷത്തെ മാറ്റിപ്പണിയാനുള്ള വിഭാവനകളും പൂവണിയുന്ന സുദിനവും ഗ്രാമീണരുടെ സ്വപ്‌നമാണ്‌.പുതിയ പദ്ധതികളിലുള്ള പ്രതീക്ഷയും.

പകര്‍‌പ്പുകള്‍ :-

കേരള സം‌സ്ഥാന ജലസേചന വകുപ്പ്‌ മന്ത്രി ശ്രീ മാത്യു ടി.തോമസ്,

സം‌സ്ഥാന കൃഷി വകുപ്പ്‌ മന്ത്രി ശ്രീ.സുനില്‍ കുമാര്‍

പ്രതിപക്ഷ നേതാവ്‌ ശ്രീ രമേശ്‌ ചെന്നിത്തല

ഹരിത കേരള മിഷന്‍ സം‌സ്ഥാന ചെയര്‍ പേഴ്‌സണ്‍
ഡോക്‌‌ടര്‍ ടി.എൻ.സീമ

തൃശൂര്‍ ലോക സഭാ പ്രതിനിധി
ശ്രീ സി.എൻ ജയദേവൻ

മണലൂര്‍ മണ്ഡലം എം.എല്‍.എ
ശ്രീ മുരളി പെരുനെല്ലി

തൃശൂര്‍ ജില്ലാ കലക്‌ടര്‍
ശ്രീമതി അനുപമ ടി.വി

കെ.എല്‍.ഡി.സി

ഇറിഗേഷന്‍ ഡിപ്പാര്‍‌ട്ട്‌മന്റ്‌

തൃശൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ശ്രീമതി മേരി തോമസ്

മുല്ലശ്ശേരി ബ്‌ളോക് പഞ്ചായത്ത്‌ പ്രസിഡന്റ്‌
ശ്രീമതി ലതി വേണുഗോപാൽ

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ശ്രീ.എ.കെ ഹുസൈന്‍

------------------

ശുഭാപ്‌തി വിശ്വാസത്തോടെ
നന്മ തിരുനെല്ലൂര്‍
തൃശുര്‍ ജില്ല
680508

======================================

നന്മ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച സെമിനാര്‍ മണലൂര്‍ മണ്ഡലം എം.എല്‍.എ മുരളി പെരുനെല്ലി  ഉദ്‌ഘാടനം ചെയ്‌തു.മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.സി.സി ശ്രീകുമാര്‍ (ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്‌) വേദിയിലെ വിശിഷ്‌ട സാന്നിധ്യമായിരുന്നു. എ.എന്‍ ശ്രീധരന്‍ (അസിസ്‌റ്റന്റ്‌ എഞ്ചിനിയര്‍ ഇറിഗേഷന്‍ ഡിപ്പാര്‍‌ട്ട്‌മന്റ്‌) ജല സം‌രക്ഷണവും ക്രമികരണവും എന്ന വിഷയം അവതരിപ്പിച്ചു സം‌സാരിച്ചു.തുടര്‍‌ന്ന്‌ സെമിനാറില്‍ പങ്കെടുത്തു കൊണ്ട്‌ ടി.വി ഹരിദാസന്‍ (സി.പി.ഐ.എം ജില്ലാ കമിറ്റി അം‌ഗം), നിഖില്‍ ജോണ്‍ (കെ.എസ്‌.യു മുന്‍ ജില്ലാ പ്രസിഡന്റ്‌),ആര്‍.വി ഷെഫിര്‍  (എസ്‌.ഡി.പി ഐ മണലൂര്‍ മണ്ഡലം കമിറ്റി),മോഹനന്‍ കളപ്പുരയ്‌ക്കല്‍ (ബി.ജെ.പി സം‌സ്‌ഥാന കമിറ്റി),ഡോക്‌ടര്‍ കബീര്‍ മൗലവി (പി.ഡി.പി ജില്ലാ കമ്മിറ്റി അം‌ഗം),ആര്‍.വി റിയാസ്‌ (വെല്‍‌ഫെയര്‍ പാര്‍‌ട്ടി ഓഫ്‌ ഇന്ത്യ മണലൂര്‍ സെക്രട്ടറി),  കെ.എ ഷഫീഖ്‌ (ജസ്‌റ്റിസ് ഫോറം- യൂത്ത്‌ ലീഗ്‌ മണ്ഡലം സെക്രട്ടറി),എം.പി സഗീര്‍ (സെക്രട്ടറി തിരുനെല്ലൂര്‍ കോള്‍ പാട ശേഖര സമിതി)റഹ്‌മാന്‍ തിരുനെല്ലൂര്‍ (സാഹിത്യകാരന്‍),ഉസ്‌മാന്‍ പി.ബി,അബുബക്കര്‍ മാസ്‌റ്റര്‍ എന്നിവര്‍ സം‌സാരിച്ചു.അസീസ്‌ മഞ്ഞിയില്‍ മോഡറേറ്റര്‍ ആയിരുന്നു.

ഷിഹാബ്‌ എം.ഐ,ഇസ്‌മാഈല്‍ ബാവ,ജലീല്‍ വി.എസ് ,ഷം‌സുദ്ദീന്‍ പുതിയപുര,ഹമീദ്‌ ആര്‍.കെ,ഹാരിസ്‌ ആര്‍.കെ,നൗഷാദ്‌ അഹമ്മദ്‌,ഹനീഫ കെ.എം, കബീര്‍ എന്‍.വി , ഹുസൈന്‍ ഹാജി കെ.വി,റഷീദ്‌ മതിലകത്ത്,താജുദ്ദീന്‍ ഖാദര്‍,നസീര്‍ മുഹമ്മദ്‌,ഉസ്‌മാന്‍ കടയില്‍,ഫൈസല്‍ വി.എ,  താജുദ്ദീന്‍ എന്‍.വി, തുടങ്ങിയവര്‍ നേതൃത്വം നല്‍‌കി.