ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും ആദരണീയരായ വകുപ്പ് മന്ത്രിമാരുടെ സജീവ പരിഗണനയിലേയ്‌ക്കും പ്രാദേശിക ജില്ലാതല പഞ്ചായത്ത് അധികാരികളുടെ സത്വര ശ്രദ്ധയിലേയ്‌ക്കും പെരിങ്ങാട് പുഴയുമായി ബന്ധപ്പെട്ട് പ്രദേശത്തെ സാമൂഹിക രാഷ്‌ട്രീയ കൂട്ടായ്‌മകള്‍ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ചാവക്കാട് പെരിങ്ങാട് പുഴയുടെ 234.18 വിസ്തൃതിയിലുള്ള തണ്ണീർത്തട പ്രദേശങ്ങള്‍ വനം വകുപ്പ് ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായി അറിയുന്നു.എന്നാല്‍ പൂര്‍ണ്ണാര്‍ഥത്തില്‍ തന്നെ പ്രസ്‌തുത നടപടികളില്‍ നിന്നും പിന്മാറണമെന്ന് നന്മതിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടുന്നു.
തൃശൂർ ജില്ലയിലെ പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ, ഒരുമനയൂർ പഞ്ചായത്തുകൾക്കിടയിൽ കിടക്കുന്ന പെരിങ്ങാട് പുഴയെന്ന പെരിങ്ങാട് കായൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.അതിന്നിടയില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെയുള്ള പുതിയ ചില തീരുമാനങ്ങൾ കൂടെ നടപ്പിലാകുമ്പോള്‍ ഒരു പ്രദേശത്തെ തന്നെ നാമാവശേഷമാക്കുന്നതിലേക്ക് നയിച്ചേക്കും.
ഇടിയഞ്ചിറമുതല്‍ കൂരിക്കാട് വരെ റിസര്‍വ്‌ഡ് ഫോറസ്റ്റ് ആയി പ്രഖ്യാപിക്കുന്നത് വഴി പ്രസ്‌തുത പ്രദേശത്തെ ജനങ്ങളുടെ നിത്യജിവിതം തന്നെ വഴിമുട്ടും.
ആവാസവ്യവസ്ഥയിൽ അതീവ പ്രാധാന്യമർഹിക്കുന്നതിനെ സംരക്ഷിക്കാനെന്ന തരത്തില്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി ഒരു പ്രദേശവും അവിടുത്തെ ജനങ്ങളുടെ പ്രാഥമികമായ അവകാശം പോലും ഹനിക്കുന്നതാണെന്നു ഞങ്ങള്‍ ആശങ്കപ്പെടുന്നു.
റിസര്‍വഡ് ഫോറസ്‌റ്റ് എന്നതിനോടനുബന്ധിച്ച് സ്വാഭാവികമായും ബഫര്‍ സോണ്‍ പ്രഖ്യാപനവും പ്രദേശത്തെ ജീവിതക്രമങ്ങളെ ഏതൊക്കെ വിധത്തില്‍ ബാധിക്കും എന്നതു പോലും പ്രവചനാതീതമാണ്.
പുഴയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം പ്രതിസന്ധികള്‍ക്ക് മേല്‍ പ്രതിസന്ധി സൃഷ്‌ടിക്കാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ കാരണമായേക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒഴുക്കുവെള്ളവും കനാല്‍ വഴിയുള്ള വെള്ളവും ഒഴുകിയെത്തുന്ന ഒരു പ്രദേശത്തെ ശാസ്‌ത്രീയമായ രീതിയില്‍ പരിഗണിക്കണം.പുഴയിലെ മാലിന്യം നീക്കി നീരൊഴുക്ക് സാധ്യമാക്കിയില്ലെങ്കിൽ വർഷക്കാലത്ത് പ്രദേശം മുഴുവൻ വെള്ളം കയറി ജീവിതം ദുസ്സഹമാകുമെന്നുള്ളതിന് കഴിഞ്ഞ കാല അനുഭവങ്ങൾ സാക്ഷിയാണ്.
തീരദേശവാസികളായ തൊഴിലാളികൾ ഈ പുഴയിൽ നിന്നും കാലാകാലങ്ങളിൽ സ്ഥിരമായി ചെളി കോരി മാറ്റി അത് തെങ്ങിൻ തോപ്പുകളിൽ വളമായി ഉപയോഗിച്ചിരുന്നു. ഇത് പുഴയുടെ ആഴം സ്ഥിരമായി നിലനിർത്തി പോന്നിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് പെട്ടെന്നൊരു ദിവസം ഒരു പഠനത്തിന്റെ പിൻബലവുമില്ലാതെ ചെളികോരൽ അധികാരികള്‍ തടഞ്ഞു. ഇതുമൂലം ചെളിയും എക്കൽ മണ്ണും അടിഞ്ഞുകൂടി പുഴയുടെ ആഴം കുറഞ്ഞു വന്നു. പെരിങ്ങാട് കായൽ ഉൾക്കൊള്ളുന്ന ജലത്തിന്റെ അളവുകുറഞ്ഞു. സമൃദ്ധമായി ഉണ്ടായിരുന്ന മത്സ്യസമ്പത്ത് ഇല്ലാതായി. സുഗമമായ ജലഗതാഗതം തടസ്സപ്പെട്ടു. കനോലി കനാലിന്റെ ഭാഗമായ പെരിങ്ങാട് പുഴയും ഉപയോഗരഹിതമായി. ഉപ്പുവെള്ളം വേലിയേറ്റ സമയത്ത് പുഴയുടെ തീരദേശമേഖലയിൽ കയറി ശുദ്ധജല സ്രോതസുകളും, കൃഷിയും തകർത്തു. അതുകൊണ്ടു തന്നെ കൃത്യമായ ശാസ്ത്രീയമായ പഠനം നടത്താതെയുള്ള അത്യന്തം അപകടകരമായ നീക്കം ഉപേക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
സ്ഥാപിത താല്‍പര്യക്കാരുടെ വിഭാവനകളില്‍ ചിരപുരാതനമായ ഗ്രാമീണതകള്‍ പോലും ഇല്ലാതാക്കുന്ന കര്‍മ്മപദ്ധതികളില്‍ നിന്നും എല്ലാ അര്‍ഥത്തിലും പിന്മാറണമെന്ന് നന്മതിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി ശക്തമായി ആവശ്യപ്പെടുന്നു.
=========
നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി,
തിരുനെല്ലൂര്‍,
മുല്ലശ്ശേരി,
680508
=========