നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 29 December 2019

കര്‍‌മ്മനിരതരായ ഒരു സം‌ഘം

ദോഹ:പ്രവര്‍‌ത്തകരുടെ പ്രതിബദ്ധതയും അവസരത്തിനൊത്ത് ഉയരാനുള്ള അവരുടെ സന്മനസ്സും ശ്‌ളാഘനീയമത്രെ.ചെറുതും വലുതുമായ ഏതു പ്രസ്ഥാനത്തിന്റെയും അഭിമാനകരമായ നേട്ടം ആത്മാര്‍‌ഥതയോടെയുള്ള പ്രവര്‍‌ത്തക നിരതന്നെയാണ്‌.വിശേഷിച്ചും ഉത്തരവാദിത്ത ബോധത്തെ ജാഗ്രതയോടെ പരിപാലിക്കുന്ന പ്രവര്‍‌ത്തക നിരയുടെ കര്‍‌മ്മ വീര്യം അഭിനന്ദനാര്‍‌ഹമാണ്‌.പ്രസിഡന്റ് ഷറഫു ഹമീദ്‌ പറഞ്ഞു.
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രവര്‍‌ത്തക സമിതിയില്‍ അധ്യക്ഷത വഹിച്ചു കൊണ്ട്‌ പ്രാരം‌ഭ ഭാഷണം നടത്തുകയായിരുന്നു ഷറഫു.രാഷ്ട്രീയമായും, ആശയപരമായും, സംഘടനാതലത്തിലും പലരും പല തട്ടിലാണെങ്കിലും എല്ലാം മാറ്റിവെച്ച് ഒരേ മനസ്സോടെ  ഒന്നിക്കുന്ന ഒരു വികാരത്തെയാണ്‌ ഈ പ്രവാസി സം‌ഘം പ്രതിഫലിപ്പിക്കുന്നത്.അദ്ദേഹം വിശദീകരിച്ചു.നാട്ടിലെ മഹല്ല്‌ സമിതിയിലും ഇതുപോലെ പ്രതിഫലിപ്പിക്കാനും പ്രസരിപ്പിക്കാനും സാധ്യമാകേണ്ടതുണ്ടെന്നും അധ്യക്ഷന്‍ സൂചിപ്പിച്ചു.

ഹ്രസ്വ സന്ദര്‍‌ശനാര്‍‌ഥം ഖത്തറില്‍ എത്തിയ തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡന്റ്‌ ഉമര്‍‌കാട്ടില്‍ വിശിഷ്ട അഥിതിയായിരുന്നു.പ്രവാസം തുടങ്ങിയ കാലം മുതൽതന്നെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആളാണ് താനെന്നും, സ്ഥാനമാനങ്ങൾ ഇല്ലാതെ തന്നെ നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണെന്നും മഹല്ല് പ്രസിഡന്റ് ജനാബ്. ഉമ്മർ കാട്ടിൽ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

മഹല്ലിന്റെ സുപ്രധാനങ്ങളായ കാര്യങ്ങളിൽ സോഷ്യൽ മീഡിയാ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാൻ മഹല്ല് കമ്മറ്റിയുടെ ശ്രമം ഉണ്ടായിരുന്നുവെങ്കിലും വിചാരിച്ച ഫലം ലഭിച്ചില്ലെന്നും പ്രസിഡന്റ്‌ ഖേദം പ്രകടിപ്പിച്ചു.എന്നാൽ തുടർന്നും അതിനുള്ള ശ്രമം ഉണ്ടാകുമെന്നും, മഹല്ല് പ്രസിഡന്റ് കൂട്ടി ചേർത്തു.വരും കാലങ്ങളിൽ നാട്ടിൽ നിന്നും ഖത്തറിലേക്ക്  വരുന്ന സീനിയർ അംഗങ്ങൾക്ക്,ഖത്തറിലെ നമ്മുടെ മഹല്ല് നിവാസികളുമായി കാണാനും,  ഒരുമിച്ച് കൂടാനും സാഹചര്യമൊരുക്കണമെന്ന്, മഹല്ല് പ്രസിഡന്റിനോട്‌ ആവശ്യപ്പെട്ടു.

നിലവിലെ രാജ്യത്തെ പ്രതിസന്ധി നിറഞ്ഞ വർത്തമാന അവസ്ഥയിൽ,നാട്ടിലെ മഹല്ലു കമിറ്റി രൂപീകരണത്തിൽ നില നിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളെ നീക്കം ചെയ്ത് ഒറ്റക്കെട്ടായി നിൽക്കുന്നതിനുള്ള ശ്രമം എന്ന നിലക്ക് ഒരു ജനറൽ ബോഡി വിളിച്ച്‌ ഇപ്പൊഴത്തെ കമ്മിറ്റിയുടെ ജന സമ്മതി രഹസ്യ വോട്ടിങിലൂടെ നിജപ്പെടുത്തുകയും മറിച്ചാണ് ജനഹിതമെങ്കിൽ ഇപ്പോഴുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിലൂടെ (രഹസ്യ ബാലറ്റ്) പുതിയ കമിറ്റി ഉണ്ടാക്കാനുള്ള പരിശ്രമവും ഉണ്ടാകണമെന്നും,മഹല്ലിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി QMAT നു ഉള്ളത് പോലെ ഒരു  ഭരണ ഘടന മഹല്ല് കമ്മിറ്റിക്കും നിലവിൽ വരുന്നത്‌  ഭാവിയിൽ ഗുണം ചെയ്യുമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.


അസോസിയേഷന്‍ ചെയ്‌‌തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമായ സാന്ത്വനം സഹായത്തെക്കുറിച്ച് സാന്ത്വനം ചീഫ് കോർഡിനേറ്റർ യൂസഫ് പി ഹമീദ് യോഗത്തിൽ വിശദീകരിച്ചു.

പൗരത്വ ഭേദഗതി ബില്ലുമായി നടക്കുന്ന പ്രതിഷേധങ്ങളിൽ സഹോദര സമുദായാം‌ഗങ്ങളെ കൂടി പങ്കെടുപ്പിച്ച് ചർച്ചാവേദി മഹല്ലിന്റെ നേത്രത്വത്തിൽ സംഘടിപ്പിക്കണമെന്നും, സ്ത്രീകളെ കൂടി ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി കുടുംബ യോഗങ്ങൾ സംഘടിപ്പിക്കണമെന്നും യോഗം മഹല്ല് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

പെൺകുട്ടികൾ അടക്കമുള്ള മദ്രസ്സ കുട്ടികള്‍‌ക്ക്‌ ഇരുട്ടും മുമ്പ്‌ വീട്ടിലെത്താൻ കഴിയും വിധം മദ്രസ്സാ സമയം ക്രമീകരക്കണമെന്ന്‌ ആവശ്യം പ്രസിഡന്റിനെ ബോധിപ്പിച്ചു.ഖബര്‍സ്ഥാനിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും മഹല്ല്‌ പ്രസിഡന്റിന്റെ ശ്രദ്ധയില്‍ പെടുത്തി.

ഒരു വർഷം പൂർത്തിയാക്കിയ അസോസിയേഷന്‍ വാർഷിക ജനറൽ  ബോഡിയും, കായിക മത്സരങ്ങൾ ഉൾപ്പെടുത്തി എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് സൗഹൃദ സംഗമം ജനുവരി രണ്ടാം വാരത്തിൽ നടത്തുവാനും തീരുമാനിച്ചു. സൗഹൃദ സംഗമത്തിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി അനുബന്ധ സമിതിയും തെരഞ്ഞെടുക്കപ്പെട്ടു.പ്രസ്‌തുത സമിതിയില്‍ ഹാരിസ് അബ്ബാസ്, നജീബ്, ഷറഫു.കെ.എസ്, റഈസ്, അസ്‌ലം, ഷഹീർ, ഫിറോസ്, ഫെബിൻ, അനസ്, ജാസിർ, നാസർ എന്നിവരും, ഫുഡ് ഇൻചാർജ് ആയി ഫൈസലിനെയും, മീഡിയ ഇൻചാർജ് ആയി അബുവിനേയും തിരഞ്ഞെടുത്തു.

സൗഹൃദ സംഗമത്തിലേക്ക് പ്രത്യേകം അതിഥികളായി ഖത്തർ കമ്മിറ്റിയുടെ സ്ഥാപകരിൽ  പ്രധാനികളായിരുന്ന വ്യക്തിത്വങ്ങളേയും മഹല്ല് പ്രസിഡന്റിനെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

മത സൗഹാർദ്ദങ്ങളും, ഇതര സമുദായങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികളും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ യോഗം നിരീക്ഷിച്ചു.എന്നാല്‍ വിശ്വാസികള്‍ തങ്ങളുടെ ദൗത്യവും വ്യക്തിത്വവും സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പാലിക്കണമെന്നും യോഗം ഓർമിപ്പിച്ചു.

ഖത്തറിൽ പ്രയാസം അനുഭവിക്കുന്ന മഹല്ലിലെ നാട്ടുകാരെ സഹായിക്കുന്നതിന് വേണ്ടി വെൽഫെയർ ഫണ്ട് രൂപീകരിക്കാന്‍ തിരുമാനിക്കപ്പെട്ടു.ഫലവത്തായ നടത്തിപ്പിന്നായി അബ്ദുൽ നാസർ, റഈസ്, റെഷീദ്, ഷമീർ എന്നിവരെ ഉൾപ്പെടുത്തി ഒരു സമിതി നിയോഗിക്കപ്പെടുകയും ചെയ്‌തു.

ഈയിടെ പ്രവാസിയായി ഖത്തറിലെത്തിയ ഡോക്ടർ നസീര്‍ അബ്‌ദുറഹിമാനെ പ്രവര്‍‌ത്തക സമിതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം സഹര്‍‌ഷം സ്വാഗതം ചെയ്യപ്പെട്ടു.

അബ്ദുൾ ഖാദർ പുതിയ വീട്ടിൽ പ്രാർത്ഥനയും,ജനറൽ സെക്രട്ടറി കെ.ജി റെഷീദ് സ്വാഗതവും സെക്രട്ടറി അബ്ദുൾ നാസർ നന്ദിയും പ്രകാശിപ്പിച്ചു.  മുഴുവൻ അംഗങ്ങളും സജീവമായി ചർച്ചയിൽ പങ്കെടുത്തു.

ജുമുഅ നമസ്കാരത്തിന് ശേഷം  പ്രസിഡന്റിന്റെ വസതിയിൽ ഉച്ച ഭക്ഷണത്തോടെ തുടങ്ങിയ യോഗം 4.15 വരെ നീണ്ടു നിന്നു. ജമാഅത്തായി അസർ നമസ്കാരവും കഴിഞ്ഞാണ് എല്ലാവരും പിരിഞ്ഞത്.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ റിപ്പോര്‍‌ട്ട്‌ ചെയ്‌‌തു