നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 16 December 2019

ഇണയും തുണയും

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ വിഭാവന ചെയ്‌‌ത ഇണയും തുണയും പദ്ധതിയിലെ ആദ്യത്തെ പൂമൊട്ട്‌ വിരിയുന്ന ധന്യമുഹൂര്‍‌ത്തത്തിനു സാക്ഷികളാകാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്‌.ജില്ലക്ക്‌ പുറത്ത് നിന്നാണെങ്കിലും അര്‍‌ഹരായ ഗുണഭോക്താക്കളെ നമുക്ക്‌ ലഭിച്ചു  കഴിഞ്ഞു.പ്രസ്‌തുത കുടും‌ബക്കാരുമായുള്ള അവസാന ഘട്ട ചര്‍‌ച്ചയും നടന്നു.

ഒറ്റപ്പാലം പാലക്കാട്‌ ജില്ലയിലെ വാണിയംകുളത്തിനടുത്തുള്ള ഉൾനാടൻ ഗ്രാമമായ പാവുക്കോണം സ്വദേശിനി റഷീദയാണ്‌ വധു, കൊല്ലം ജില്ലയിലെ വെളിച്ചിക്കാല സ്വദേശി നജിമുദീനാണ്‌ വരൻ.

നന്മ പ്രതിനിധികള്‍ ഡിസം‌ബര്‍ 15 ന്‌ ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്‌ ശേഷം വധുവിന്റെ വീട്ടിൽ എത്തി. വരനും ബന്ധുക്കളും ഉൾപ്പെടെ വധുവിന്റെ വീട്ടുകാരും അയൽക്കാരും മഹല്ല് പ്രതിനിധികളുമായി 50ൽ പരം ആളുകൾ അവിടെ സന്നിഹിതരായിരുന്നു വലിയ സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷകളോടെയുമാണ് നന്മ പ്രതിനിധികളെ അവർ സ്വീകരിച്ചത്.

വൈസ് ചെയർമാൻ റഹ്‌മാൻ നന്മ പ്രതിനിധികളെ സദസ്സിന് പരിചയപ്പെടുത്തിയശേഷം നന്മയുടെ പ്രവർത്തങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളുമെല്ലാം സദസ്സിൽ വിശദീകരിച്ചു.തുടർന്ന് വിവാഹം  സംബന്ധിച്ച ചർച്ച നടത്തി.തിരുനെല്ലൂരില്‍ വെച്ച് ഉചിതമായ ദിവസം നിക്കാഹ് നടത്താം എന്നകാര്യം ഉൾപ്പെടെ നന്മയുടെ എല്ലാ നിബന്ധനകളും സദസ്സ് അംഗീകരിച്ചു.

ഡിസം‌ബര്‍ 21ന് വിവാഹിതയാകുന്ന സുഹറ എന്ന സഹോദരിക്ക് ആ സദസ്സിൽ വെച്ച്തന്നെ നന്മയുടെ വിവാഹസമ്മാനം കൈമാറി ഇത്‌ വലിയ സഹായമാണെന്ന് സുഹറയുടെ ഉമ്മ നന്ദിയോടെ പറഞ്ഞു.
 
വീട്ടുകാർ ഒരുക്കിയ വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കുകയും അത്‌ കഴിഞ്ഞു തൊട്ടരികിലുള്ള പള്ളിയിൽ മഗ്‌രിബ് നമസ്ക്കാരം നിർവഹിച്ച ശേഷം നന്മ പ്രതിനിധികൾ നാട്ടിലേക്ക് മടങ്ങി. 

നന്മ തിരുനെല്ലൂരിന്റെ കാബിനറ്റ് അം‌ഗങ്ങളായ ഹാജി ഹുസൈന്‍,ഇസ്‌മാഈല്‍ ബാവ,റഹ്‌മാന്‍ തിരുനെല്ലൂര്‍,അസീസ്‌ മഞ്ഞിയില്‍,ഷം‌സുദ്ദീന്‍ പുതിയപുര, മുസ്‌തഫ ആര്‍.കെ,റഷീദ്‌ മതിലകത്ത്,ഉസ്‌മാന്‍ കടയില്‍,നസീര്‍ തുടങ്ങിയവര്‍ അടങ്ങിയ സം‌ഘമാണ്‌ പാവുക്കോണത്തുള്ള വീട്‌ സന്ദര്‍‌ശിച്ചത്.തുടര്‍‌ന്ന്‌ ഇതിന്റെ പ്രായോജകരുമായുള്ള സം‌ഭാഷണങ്ങള്‍ നടന്നു കഴിഞ്ഞു.

ഇണയും തുണയും ഗുണഭോക്താവായ കുടും‌ബത്തെ നന്മ തിരുനെല്ലുരിന്‌ പരിചയപ്പെടുത്തിയത് യുവ അധ്യാപകനായ കബീര്‍ മാസ്‌റ്റര്‍ എന്ന പാവുക്കോണത്തുകാരനായിരുന്നു.നന്മയുടെ പ്രവര്‍‌ത്തകര്‍‌ക്ക്‌ നന്ദി അറിയിച്ചു കൊണ്ടും ഭാവുകങ്ങള്‍ നേര്‍‌ന്നു കൊണ്ടും കബീര്‍ മാസ്‌റ്റര്‍ സന്ദേശം കൈമാറി.

ദൈവം അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ 2020 ജനുവരി അവസാന വാരം നന്മയുടെ ഇണയും തുണയും പദ്ധതി പൂവണിയും.