നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 18 March 2011

സ്നേഹ സംഗമ വിശേഷങ്ങള്‍ ...


ദോഹ:അല്ലയോ വിശ്വസിച്ചവരേ, പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നുവരാം. സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായെന്നു വരാം. പരസ്പരം അവഹേളിക്കരുത്. ദുഷ്പേരുകള്‍ വിളിക്കയുമരുത്. വിശ്വാസം കൈക്കൊണ്ടശേഷം ദുഷ്പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രെ. ഈ ദുശ്ശീലത്തില്‍നിന്നു പിന്തിരിയാത്തവര്‍ ധിക്കാരികള്‍ തന്നെയാകുന്നു.

അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്.ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.

വിശുദ്ധ ഖുര്‍ആനിലെ ഹുജറാത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ച് കൊണ്ട് അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ ഓതി...

ത്രൈമാസത്തിലൊരിക്കല്‍ ഒത്ത് കൂടാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരമെന്നാണ്‌ മാറ്റ് അംഗങ്ങളുടെ പ്രത്യേകിച്ച് പുതു തലമുറയിലുള്ളവരുടെ അഭിപ്രായം .

പഴയകാല ബാല്യാനുഭവങ്ങള്‍ പുതിയ തലമുറയ്‌ക്ക് അവിശ്വസനീയമാകുമെന്ന് ചെയര്‍മാന്‍ അബുകാട്ടിലിന്റെ നിരീക്ഷണം .

ദീര്‍ഘമായ ഇടവേളയ്‌ക്ക് ശേഷം ഘട്ടം ഘട്ടമായുള്ള അസോസിയേഷന്റെ വളര്‍ച്ചയും അംഗങ്ങള്‍ക്കിടയിലെ ഊഷ്‌മളമായ ഇഴയടുപ്പവും സാധിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ നാഥനെ സ്തുതിക്കുന്നു.സംഗമ സന്ദേശത്തില്‍ മാറ്റ് പ്രസിഡന്റ് പറഞ്ഞു.

ഒന്നും വേണ്ട ഒരിടത്ത് ഒത്ത് കൂടി ഒരുമിച്ചിരുന്ന്‌ കുശലം പറഞ്ഞു ഭക്ഷണം കഴിച്ച് പിരിയുക എന്നത് തന്നെ വര്‍ത്തമാന കാലത്ത് വലിയൊരു കാര്യമാണ്‌. സീനിയര്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

തിരുനെല്ലൂര്‍ പ്രവാസികളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണത്രെ കുടുംബ സംഗമം നടക്കുന്നത്.ആദ്യമായിതന്നെയായിരിക്കാം മഹല്ല്‌ സംഗമത്തില്‍ വ്യവസ്ഥാപിതമായ രീതിയില്‍ ഉദ്‌ബോധനപ്രധാനമായ സ്റ്റഡിക്ലാസ്സ്‌ നടക്കുന്നതും സെക്രട്ടറി ശിഹാബ്‌ പറഞ്ഞു.

രണ്ട് കാര്യങ്ങള്‍ മറക്കാനും രണ്ട് ഓര്‍ക്കാനും വിശ്വാസികള്‍ പഠിപ്പിക്കപ്പെട്ട കാര്യം ഉദ്‌ഘാടന സംസാരത്തില്‍ മഞ്ഞിയില്‍ ഓര്‍മ്മിപ്പിച്ചു.

നല്‍കിയത് മറക്കുക.
നല്‍കപ്പെട്ടത് ഓര്‍ക്കുക.
വേദനിപ്പിച്ചത്‌ ഓര്‍ക്കുക.
വേദനിപ്പിക്കപ്പെട്ടത്‌ മറക്കുക.

പുന്ചിരി സദഖയാണ്‌.അതാണ്‌ തിരുമേനിയുടെ പാഠം .സദാ പുന്ചിരി പൂത്ത് നില്‍ക്കുന്നതായിരുന്നു പ്രവാചകന്റെ മുഖകമലം .ആരും അത് മറന്ന്‌ പോകരുത്‌.സ്നേഹ സംഗമത്തിലെ വിരുന്ന്‌കാരന്‍ ജാഫര്‍ ചേലക്കര പറഞ്ഞു.

അടുത്ത സ്നേഹ സംഗമത്തില്‍ കാണാമെന്ന വാഗ്ദത്തം ഹസ്ഥദാനം നല്‍കി ഉറപ്പിച്ചാണ്‌ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ അംഗങ്ങള്‍ പിരിഞ്ഞു പോയത്‌.