പ്രാര്‍ഥനാ നിര്‍ഭരമായ സദസ്സുകളും കേവല ആത്മീയോത്സുകരായ കുറെ വ്യക്തികളും എന്നതിനെക്കാള്‍ നന്മ പ്രസരിപ്പിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന തിന്മയെ വിലക്കുന്ന നിരുത്സാഹപ്പെടുത്തുന്ന ദൈവദാസന്മാര്‍ എന്ന പ്രവാചക ശിക്ഷണത്തിന്റെ കാതലായ മര്‍മവും ധര്‍മവും വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമത്രെ.
വിദ്യാലയങ്ങളും കലാലയങ്ങളും എന്തൊക്കെ വൈജ്ഞാനികമായ വിവരശേഖരത്തിന് ഉതകുന്നതായാല്‍ പോലും കുടുംബം തന്നെയാണ് നമ്മുടെ മക്കളുടെ ഉന്നതമായ കലാലയം.നന്മ തിന്മകള്‍ ഇഴപിരിച്ചെടുക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണ്ണമായ കാലത്ത് കാര്യശേഷിയുള്ളവര്‍ തനിക്ക് ചുറ്റുമുള്ള ജീര്‍ണ്ണതകളെ വൈകാരികമായി നേരിടുന്നതിനു പകരം വൈചാരികമായും ബുദ്ധിപരമായും കൈകാര്യം ചെയ്യ്ന്നതില്‍ സൂക്ഷ്‌മത പുലര്‍ത്തണം.ഒരാളെ എഴിതി തള്ളാന്‍ എളുപ്പം കഴിയും.ചേര്‍ത്തു പിടിക്കാനും നേര്‍വഴിയിലെത്തിക്കാനുമാണ് പ്രയാസം.ജാഗ്രതാ വിജ്ഞാന സദസ്സ് ഓര്‍മിപ്പിച്ചു.
തുറന്നു പറയാനുള്ള ഇടങ്ങളായി കുടുംബങ്ങള്‍ മാറണം.ഉയര്‍ന്ന ശബ്‌ദങ്ങളല്ല ശാന്തമായ മനോഭാവമാണ് മക്കളുടെയും വേണ്ടപ്പെട്ടവരുടെയും ഹൃദയങ്ങളില്‍ ശക്തമായ സ്വാധീനം തീര്‍ക്കുന്നത്,അധാര്‍മികതകളെ പ്രത്യക്ഷത്തില്‍ തന്നെ നുള്ളിയിടാത്ത അവസ്ഥയില്‍ വലിയ വിലകൊടുക്കേണ്ട സ്ഥിതിഗതികള്‍ക്ക് കാരണമായേക്കും.സദസ്സില്‍ വിശദീകരിക്കപ്പെട്ടു.
സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ ഖത്തര്‍ മഹല്ല് അസ്സോസിയേഷന്‍ തുടക്കം കുറിച്ച ക്യാമ്പയിനിന്റെ ഭാഗമായി ആഗസ്‌ത് 15 വെള്ളിയാഴ്‌ച വൈകീട്ട് തിരുനെല്ലൂര്‍ മദ്രസ്സാ അങ്കണത്തില്‍ വെച്ച് സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് മഹല്ല് പ്രസിഡന്റ് ഉമര്‍ കാട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു.അസ്സോസിയേഷന്‍ പ്രസിഡന്റ് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ കൂടിയ സംഗമം മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്‌റഫിയുടെ പ്രാര്‍ഥനയോടെയും ആമുഖ സന്ദേശത്തോടെയും ആയിരുന്നു പ്രാരംഭം കുറിച്ചത്.
രാത്രി നമസ്‌കാരത്തിനു മുമ്പ് അവസാനിച്ച ഉദ്‌ഘാടന സെഷനില്‍ മഹല്ല് സെക്രട്ടറി സൈനുദ്ദീന്‍ ഖുറൈഷി ആമുഖവും ഖ്യുമാറ്റ് ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് സ്വാഗത ഭാഷണവും നടത്തി.മഹല്ല് ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി,സലഫി മസ്‌ജിദ് ഇമാം മുഹമ്മദലി തച്ചമ്പാറ,പാവറട്ടി പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അനുരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രാര്‍ഥനക്ക് ശേഷം രണ്ടാമത്തെ സെഷനില്‍ പ്രതീക്ഷയുടെ തീരങ്ങളിലേക്ക് എന്ന വിഷയത്തില്‍ അഡ്വ.മുഹമ്മദ് ഫൈസി ഓണമ്പിള്ളി വിഷയാവതരണം നടത്തി.
അവധിയില്‍ നാട്ടിലുള്ള നേതൃനിരയിലുള്ളവരും പ്രവര്‍ത്തക സമിതി അംഗങ്ങളും ഷറഫു ഹമീദ്,കെ.ജി റഷീദ്,ഷാഹുല്‍ ഹുസ്സൈന്‍,ഷഹീര്‍ അഹമ്മദ്,സലീം നാലകത്ത്,ഫൈസല്‍ ഫാറൂഖ് തുടങ്ങിയവര്‍ പ്രതികൂല കാലാവസ്ഥയിലും സംഗമത്തിന്റെ സംഘാടനം മികവുറ്റതാക്കി. വിജ്ഞാന ദാഹികളായ സ്‌ത്രീകളും പുരുഷന്മാരും സദസ്സിനെ സമ്പന്നമാക്കി.എന്നാല്‍ യുവനിരയുടെ വേണ്ടത്ര പ്രാതിനിധ്യം ഉണ്ടായില്ലെന്ന് വിലയിരുത്തപ്പെട്ടു.
വിശിഷ്‌ടാതിഥികളെ ക്ഷണിക്കുന്നതിനും പരസ്യ പ്രചരണവുമായി ബന്ധപ്പെട്ടും മറ്റുമായി മഹല്ലിലെ സീനിയറുകളുടെ സഹായ സഹകരണം ജനറല്‍ സെക്രട്ടറി നന്ദിയോടെ സ്‌മരിച്ചു.
ജാഗ്രതാ സദസ്സ് തീരുമാനിക്കപ്പെട്ടത് മുതല്‍ പ്രവര്‍ത്തക സമിതിയോടൊപ്പം വീശേഷിച്ച് മീഡിയാ ഗ്രൂപ്പ് എല്ലാ അര്‍ഥത്തിലും പ്രവര്‍ത്തന സജ്ജമായത് സംഗമത്തിന്റെ വിജയത്തിന്റെ പ്രധാനഘടകമായി വിലയിരുത്തപ്പെട്ടു.
ഖത്തര്‍ മഹല്ല് അസ്സോസിയേഷന്‍ സെക്രട്ടറി ഷാഹുല്‍ ഹുസ്സൈന്‍ നന്ദി പ്രകാശിപ്പിച്ചു.