നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 1 February 2010

മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസ്സ് റിലീസ്‌


സഹോദരിമാരുടെ മംഗല്യ സ്വപ്‌നം പൂവണിയിക്കാന്‍ വേറിട്ട ചിന്ത.
മഹല്ലിലെ നിര്‍ധനരായ വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികളുടെ വിവാഹവും ഭാവി ജീവിതവും സുരക്ഷിതമാക്കാനുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ സഹൃദയ സമക്ഷം സമര്‍പ്പിക്കുന്ന വേറിട്ട വീക്ഷണത്തിന്റെ സംക്ഷിപ്‌ത ചിത്രം.
നിര്‍ധനരായ പെണ്‍കുട്ടികളെ ഇണകളാക്കാന്‍ സന്നദ്ധരാകുന്ന വരന്‍മാര്‍ക്ക് പ്രദേശത്തെ ഗുണകാംക്ഷികളുടെ സഹായത്താല്‍ ഭാവി ജീവിതം കെട്ടിപ്പടുക്കാനുതകുന്ന മാന്യമായ ജോലി മാറ്റ്‌ വാഗ്‌ദാനം ചെയ്യുന്നു. സുമനസ്സുക്കളുടെ സഹകരണത്തോടെ മാറ്റ് പൂര്‍ണ്ണമായ ഉത്തരവാദിത്വം ഏറ്റെടുത്ത്‌കൊണ്ട്‌ അര്‍ഹമായ ജോലി നേടാനുള്ള വഴി തുറന്ന്കൊടുക്കും. പെണ്ണും പൊന്നും എന്ന സാമ്പ്രദായിക ശൈലിയെ നിരുത്സാഹപ്പെടുത്തി ഇണയും തുണയും ഭാവിയും എന്ന ക്രിയാത്മക വിഭാവനയിലേയ്‌ക്ക് മാറ്റി ചിന്തിപ്പിക്കാനുള്ള പ്രേരണ വളര്‍ത്തുക എന്ന സാമൂഹിക വിപ്ലവമാണ്‌ മാറ്റിന്റെ ലക്ഷ്യം. നമ്മുടെ സഹോദരിമാരുടെ മംഗല്യ സ്വപ്‌നം പൂവണിയിക്കാനുള്ള പരിശ്രമങ്ങളിലേയ്‌ക്ക്‌ സഹൃദയുരുടെ സഹകരണവും സംഭാവനകളും പ്രതീക്ഷിക്കുന്നു. ഇണകളെ കണ്ടെത്താനും മാറ്റിന്റെ സങ്കല്‍പങ്ങളെ ഇണകളെയും ബന്ധുക്കളെയും നാട്ടുകാരെയും ധരിപ്പിക്കാനും പ്രതിജ്ഞാബന്ധരായ പ്രതിനിധികള്‍ മുഖേന സര്‍വ്വ ശക്തനായ നാഥന്റെ ഉദവിയോടെ സാധ്യമാകുന്നത്ര ശ്രമിക്കും.

മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ (ഖത്തര്‍ )
പ്രസിഡണ്ട്‌
അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍
ജനറല്‍ സെക്രട്ടറി
ശിഹാബ്‌ എം.ഐ 
************
ആസൂത്രിതമായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഹൃസ്വചിത്രം.

ഉത്തരവാദിത്വബോധമുള്ള വിവാഹത്തിന്‌ ഒരുക്കമുള്ള വരന്‍ മാരെ കണ്ടെത്തുക.വധൂവരന്‍മാരുടെ ഭാവി സുരക്ഷിതമാക്കാനുതകുംവിധം നാട്ടിലൊ വിദേശത്തൊ വാഗ്ദാനം ചെയ്യപ്പെടുന്ന ജോലി സാധ്യതയെ പൂര്‍ത്തീകരിച്ച്‌ കൊടുക്കാന്‍ സന്മനസ്സുള്ളവര്‍ തങ്ങളുടെ സന്നദ്ധത മാറ്റ് മാരേജ് ബ്യൂറൊയെ അറിയിക്കുക.സ്‌ത്രീധനത്തെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം വിവാഹാവശ്യത്തിലേയ്‌ക്ക് വധുവിന്‌ നല്‍കുന്ന ഉചിതമായ സമ്മാനത്തിന്‌ വേണ്ടിവരുന്ന ചെലവുകള്‍ക്ക് സഹൃദയര്‍ തയ്യാറാവുക.

ആര്‍ഭാഡരഹിതമായ സദ്‌കര്‍മ്മത്തിന്‌ വേദിയും വിരുന്നും ഒരുക്കാന്‍ പ്രായോജകര്‍ മുന്നോട്ട് വരിക.മാതൃകാപരമായ ഇത്തരം സംരംഭങ്ങളില്‍ സുമനസ്സുക്കളുടെ സഹകരണവും സംഭാവനകളും എല്ലാ അര്‍ഥത്തിലുള്ള ഭാഗധേയത്വവും ഉറപ്പു്‌ വരുത്തുക.

പ്രാര്‍ഥിക്കുക പ്രവര്‍ത്തിക്കുക പ്രതിഫലനങ്ങള്‍ ഈ ലോകത്തും പ്രതിഫലങ്ങള്‍ പരലോകത്തും നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ തുടരുക..
മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ .