ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 4 May 2017

എല്ലാം പങ്കു വെച്ചു പറന്നു പോയി

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഅദ്ധിന്‍ ബാവുക്കയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.അനുശോചന സന്ദേശത്തിന്റെ പൂര്‍‌ണ്ണ രൂപം.

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.നാടിന്റെ കാരണവന്മാരില്‍ ഒരാളായ മുഅ‌ദ്ധിന്‍ ബാവുക്ക വിട പറഞ്ഞിരിക്കുന്നു.അല്ലാഹു പരേതന്റെ ആഖിറം പ്രകാശ പൂരിതമാക്കട്ടെ.2009 നവം‌ബര്‍ രണ്ടിന്റെ ചരിത്ര മുഹൂര്‍‌ത്തത്തില്‍ ഖ്യു.മാറ്റിന്റെയും നാടിന്റെയും ആദരം ഏറ്റുവാങ്ങിയ സന്നദ്ധതയുടെ പ്രതീകങ്ങളില്‍ ഒരാളായ ബാവുക്കയുടെ അദാന്‍ ശബ്‌ദം ഇനി ഉയരുകയില്ല.മറ്റൊരു നന്മ യുടെ പ്രതീകം  വിട ചൊല്ലിയ 2012 ലെ നവം‌ബര്‍ രണ്ടും പെരിങ്ങാടിന്റെ ചരിത്രത്താളില്‍ സ്ഥലം പിടിച്ച ദിവസം തന്നെയായിരുന്നു.അന്നായിരുന്നു.പ്രിയങ്കരനായ മുഅ‌ദ്ധിന്‍ മുഹമ്മദലിക്ക വിട പറഞ്ഞത്‌.2017 മെയ്‌ മൂന്നിന്‌ ഇതാ ബാവുക്കയും ജിവിതയാത്ര നടന്നു തീര്‍‌ത്തിരിക്കുന്നു.
പെരിങ്ങാട്ടെ പള്ളിയും പള്ളി പരിപാലനവും ഇതര സേവന പ്രവര്‍ത്തനങ്ങളും വിശിഷ്യാ മരണ ശേഷ ക്രിയകളിലും മയ്യിത്ത്‌ സം‌സ്‌കരണങ്ങളിലും ഖബറൊരുക്കുന്നതിലും മറമാടുന്നതിലും ഒക്കെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം സജീവമായിരുന്ന കാലത്ത്‌ മുണ്ടു മുറുക്കി രംഗത്തിറങ്ങിയിരുന്ന അപൂര്‍‌വ്വം ചില വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ബാവുക്ക.പള്ളിപ്പടിയ്‌ക്ക്‌ സമീപത്ത് നിന്നും താമസം കിഴക്കേ കരയിലേയ്‌ക്ക്‌ മാറ്റിയപ്പോള്‍ മസ്‌ജിദ്‌ ത്വാഹയിലെ മുഅദ്ധിനായി സ്വയം അവരോധിതനാകുകയായിരുന്നു.ആരോഗ്യാവസ്ഥയിലും അനാരോഗ്യാവസ്ഥയിലും നടക്കാന്‍ സാധിക്കുമെങ്കില്‍ സമയാസമയങ്ങളില്‍ വിശ്വാസികളെ വിളിച്ചുണര്‍‌ത്തുന്നതില്‍ മുടക്കം വരുത്താറില്ല.
ഒരു നാടിനെ മുഴുവന്‍ വിജയത്തിലേയ്ക്ക്‌ അല്ലാഹുവിലേയ്‌ക്ക്‌ വിളിച്ചു കൊണ്ടേയിരുന്ന ശബ്‌ദം നിലച്ചു പോയിരിക്കുന്നു.അല്ലാഹു അദ്ധേഹത്തെ വിജയികളുടെ കൂട്ടത്തില്‍ സജ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍‌പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.പരേതന്റെ സന്തപ്‌ത കുടും‌ബാം‌ഗങ്ങളുടെ വേദനയില്‍ നാടിന്റെ വേദനയില്‍ പ്രവാസ ലോകത്തെ ഈ കൊച്ചു കൂട്ടായ്‌മ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പങ്കു ചേരുന്നു.