നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 5 May 2017

പെരിങ്ങാട്ടുകാരുടെ ബാവുക്ക

ദോഹ:ജീവിച്ചിരിക്കുമ്പോള്‍ അര്‍‌ഹമായ അംഗീകാരം ലഭിക്കാതിരിക്കുകയും ജീവിതത്തില്‍ നിന്നും വിടപറയുമ്പോള്‍ പ്രകീര്‍ത്തിക്കപ്പെടുകയ്യും ചെയ്യുന്ന വര്‍‌ത്തമാന പ്രവണതകളില്‍ നിന്നും തീര്‍‌ത്തും മുക്തനായ വ്യക്തിത്വത്തമായിരുന്നു മുഅദ്ധിന്‍ ബാവുക്ക.ഷറഫു ഹമീദ്‌ പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍; ബാവുക്കയുടെ വിയോഗത്തെ തുടര്‍‌ന്ന്‌ വിളിച്ചു ചേര്‍ത്ത അടിയന്തര പ്രവര്‍‌ത്തക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു അധ്യക്ഷന്‍.2009 നവം‌ബര്‍ രണ്ടിന്റെ ചരിത്ര മുഹൂര്‍‌ത്തത്തില്‍ ഖ്യു.മാറ്റിന്റെയും നാടിന്റെയും ആദരം ഏറ്റുവാങ്ങിയ സന്നദ്ധതയുടെ പ്രതീകങ്ങളില്‍ ഒരാളായിരുന്നു ബാവുക്ക.പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ വിശദീകരിച്ചു.

തുടര്‍‌ന്ന്‌ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ അനുശോചന സന്ദേശം അവതരിപ്പിച്ചു.ഒരു നാടിനെ മുഴുവന്‍ വിജയത്തിലേയ്ക്ക്‌ അല്ലാഹുവിലേയ്‌ക്ക്‌ വിളിച്ചു കൊണ്ടേയിരുന്ന ശബ്‌ദം നിലച്ചു പോയിരിക്കുന്നു.അല്ലാഹു അദ്ധേഹത്തെ വിജയികളുടെ കൂട്ടത്തില്‍ സജ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍‌പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.പരേതന്റെ സന്തപ്‌ത കുടും‌ബാം‌ഗങ്ങളുടെ വേദനയില്‍ നാടിന്റെ വേദനയില്‍ പ്രവാസ ലോകത്തെ ഈ കൊച്ചു കൂട്ടായ്‌മ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പങ്കു ചേരുന്നു.(സന്ദേശത്തിന്റെ പുര്‍‌ണ്ണ രൂപം സ്വതന്ത്രമായി പോസ്റ്റു ചെയ്‌തിട്ടുണ്ട്‌.)

പരുപരുത്ത കൈ കൊണ്ട്‌ മുത്ത്‌ റസൂലിനെ എങ്ങനെ ഹസ്‌തദാനം ചെയ്യുമെന്ന്‌ ആശങ്കപ്പെട്ട സ്വഹാബി ആശ്വസിപ്പിക്കപ്പെട്ടതും അനുഗ്രഹിക്കപ്പെട്ടതുമായ ചരിത്രം സാന്ദര്‍‌ഭികമെന്നോണം അവതരിപ്പിച്ചു കൊണ്ടായിരുന്നു മീഡിയാ സെല്‍ ഉപാധ്യക്ഷന്‍ ഹമിദ്‌ ആര്‍.കെ ഓര്‍‌മ്മയുടെ ചെപ്പ്‌ തുറന്നത്.ബാല്യം മുതല്‍ അത്യദ്ധ്വാനം ചെയ്‌ത മുഴുത്ത തഴമ്പുള്ള കൈകളില്‍ കൈ ചേര്‍ക്കുമ്പോള്‍ പ്രവാച പാഠം ഓര്‍ക്കുകയും മനസ്സ്‌ പ്രാര്‍‌ഥനാ നിര്‍‌ഭരമാകുകയും ചെയ്യുമായിരുന്നു.പരസ്‌പരം കൈകള്‍ മുറുകുമ്പോള്‍ ചുകന്നു കലങ്ങിയ കണ്ണുകളിലെ വാചാലത അനിര്‍വചനീയം.അനുഗ്രഹിക്കപ്പെട്ട ദാസന്മാരില്‍ ചേര്‍‌ക്കുമാറാകട്ടെ എന്ന പ്രാര്‍‌ഥനയോടെ ഹമീദ്‌ വിരമിച്ചു.

ജീവിച്ചിരിക്കുന്നവരെ കുറിച്ച്‌ അന്വേഷിക്കുകയും മണ്‍‌മറഞ്ഞവരെ പ്രാര്‍‌ഥനാ പൂര്‍‌വ്വം ഓര്‍ത്തെടുക്കുകയും ചെയ്യുന്ന ഒരു ശുദ്ധമാനസനെ സുകൃതവാന്മാരില്‍ ചേര്‍‌ക്കുമാറാകട്ടെ എന്ന പ്രാര്‍‌ഥനയോടെയായിരുന്നു  ബാവുക്കയെ യൂസഫ്‌ ഹമീദ്‌ സ്‌മരിച്ചത്.തൊണ്ണൂറിന്റെ പടിയിലും ജീവിതം മുഴുവന്‍ നടന്നു തീര്‍‌ത്ത കഠിനാദ്ധ്വാനിയായിരുന്നു ബാവുക്ക.യൂസഫ് അര്‍ധ വിരാമമിട്ടു.

ഇളം പ്രായം മുതല്‍ കഠിനമായ കായിക വേലകളില്‍ വ്യാപൃതനായി പരിഭവങ്ങളില്ലാതെ ജീവിച്ച വ്യക്തി.പരു പരുത്ത ജീവിത യാഥാര്‍ഥ്യങ്ങളെ സൗമ്യമായി കൈകാര്യം ചെയ്‌ത നിസ്വാര്‍‌ഥന്‍.ജീവിച്ചു തീര്‍‌ത്തതിന്റെ മുഴുവന്‍ തെളിവുകളും ശരീരത്തില്‍ അടയാളമാക്കിയ കര്‍മ്മ നിരതന്‍.ജീവിച്ചിരിക്കുന്നവരെ സമയാ സമയങ്ങളില്‍ വിജയത്തിലേയ്‌ക്ക്‌ വിളിച്ചു കൊണ്ടേയിരുന്ന മുഅദദ്ധിന്‍.മണ്മറഞ്ഞവരെ സം‌സ്‌കരിക്കുന്നതില്‍ ഉത്സാഹത്തോടെ മുന്നിട്ടിറങ്ങി.കുടും‌ബം പോറ്റാന്‍ വിയര്‍‌പ്പൊഴുക്കി പണിയെടുത്ത ഊര്‍‌ജ്ജസ്വലന്‍.അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം പങ്കു വെച്ചു. 

ഉള്ളത്‌ വെട്ടിത്തുറന്നു പറയുന്ന പ്രകൃതം.പകയും വിദ്വേഷവും വെച്ചു പുലര്‍ത്താത്ത ഒരു പാവം ഗ്രാമീണന്‍.എല്ലാവരേയും സ്‌നേഹിക്കുകയും എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും ചെയ്‌ത സാധു.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.നസീര്‍ എം.എം പറഞ്ഞു നിര്‍‌ത്തി.

ഗ്രാമാന്തരീക്ഷത്തിലെ നന്മയുടെ തണല്‍ മരങ്ങള്‍ ഒന്നൊന്നായി മുറിഞ്ഞു വീഴുകയാണ്‌.പകരം ബോധപൂര്‍‌വ്വം വളര്‍‌ത്തി കൊണ്ടു വരണം.അനുവദിക്കപ്പെട്ട ആയുസ്സും ആരോഗ്യവും  കാലവും നിതാന്ത ജാഗ്രയോടെ ജീവിച്ചു കാണിക്കാന്‍ ബാവുക്കാക്ക്‌ കഴിഞ്ഞു.അപസ്വരങ്ങളില്‍ നിന്നും തീര്‍ത്തും കാതുകള്‍ തിരിച്ച്‌ നേരായ വഴിയിലൂടെ വിനയാന്വിതനായി പെരിങ്ങാട്ടുകാരുടെ ബാവുക്ക നടന്നു നീങ്ങി.അസീസ്‌ മഞ്ഞിയില്‍ അനുസ്‌മരിച്ചു.

വെള്ളിയാഴ്‌ച ജുമു‌അ നമസ്കാരാനന്തരം പരേതനുവേണ്ടി മയ്യിത്ത്‌ നിസ്‌കാരം നിര്‍വഹിക്കാന്‍ പ്രസിഡണ്ട്‌ ഓര്‍മ്മിപ്പിച്ചു.മാറ്റിവെയ്‌ക്കപ്പെട്ട സൗഹൃദയാത്ര അടുത്താഴ്‌ച്ച നടത്താന്‍ തീരുമാനിച്ചു.ജനറല്‍ സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീമിന്റെ ഖിറാ‌അത്തോടെ വൈകീട്ട്‌ 8 ന്‌ യോഗം ആരം‌ഭിച്ചു.പരേതനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍‌ഥനയ്‌ക്ക്‌ മഞ്ഞിയില്‍ നേതൃത്വം നല്‍‌കി.9 മണിയോടെ യോഗം അവസാനിച്ചു.