നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 31 December 2017

പുതിയ പുലരി

2017 അസ്‌തമിക്കുകയാണ്‌.ഇനി പുതിയ പ്രഭാതത്തിലേയ്‌ക്കുള്ള കാത്തിരിപ്പിലാണ്‌.വരും നാളുകളില്‍ പുതിയ തീരുമാനങ്ങളുടേയും പ്രതീക്ഷകളുടേയും പുലരികളിലേയ്‌ക്കുള്ള വാതായാനം തുറക്കപ്പെടുമാറാകട്ടെ.സം‌സ്‌കൃതമായ ഒരു സമൂഹത്തിന്റെ സാക്ഷാല്‍കാരത്തിനായി പുതിയ ദിന രാത്രങ്ങള്‍ നാന്ദി കുറിക്കുമാറാകട്ടെ.നമുക്ക്‌ പ്രാര്‍‌ഥിക്കാം.

വികാസപുര്‍‌ണ്ണമായ സമൂഹത്തിന്റെ വളര്‍‌ച്ചയ്‌ക്ക്‌ ക്രിയാത്മകമായ സംവാദങ്ങള്‍ അനിവാര്യവും സ്വാഗതാര്‍‌ഹവുമാണ്‌.എന്നാല്‍ ഒറ്റപ്പെട്ട ചര്‍ച്ചകളില്‍ പോലും അപരനെ തോല്‍പ്പിക്കുക എന്ന തരത്തിലാണ്‌ ചര്‍‌ച്ചകള്‍ പുരോഗമിക്കുന്നത്‌. ഇതു ഗുണത്തേക്കാള്‍ ദോഷം മാത്രമേ ജനിപ്പിക്കുകയുള്ളൂ.വീക്ഷണ വൈകൃതങ്ങള്‍ എന്ന സങ്കല്‍പത്തിനു പകരം വീക്ഷണ വൈവിധ്യങ്ങള്‍ എന്ന ഉയര്‍ന്ന വിതാനം കാത്തു സൂക്ഷിക്കുമ്പോള്‍ മാത്രമേ ആരോഗ്യകരമായ സം‌ഭാഷണങ്ങള്‍ സാധ്യമാകുകയുള്ളൂ.

വീക്ഷണ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്‌.ഐക്യവും ഏകോപനവും ഇന്നും സങ്കല്‍‌പം മാത്രമാണ്‌.ഇതു കൃത്യമായും തിരിച്ചറിയാതെ കണ്ണടച്ചിരുട്ടാക്കിയിട്ട്‌ കാര്യമില്ല.അതു പോലെ കണ്ണു തുറന്നു എന്ന ഒറ്റക്കാരണം കൊണ്ട്‌ വെളിച്ചം ഉണ്ടാകുകയും ഇല്ല.

പ്രാദേശിക ഗ്രാമീണ കൂട്ടായ്‌മ സംവിധാനം ഏറെ ശക്തമാകുക തന്നെ വേണം.നാടിന്റെ പൊതു കാര്യങ്ങളില്‍ ബുദ്ധിപൂര്‍വകമായ തിരുമാനങ്ങളെടുക്കാന്‍ പ്രാപ്‌തരായ ഒരു സമിതിയുടേയും സംവിധാനത്തിന്റേയും ഒഴിച്ചുകൂടാനാവാത്ത അവസ്ഥ സം‌ജാതമായിരിക്കുന്നു.സാമൂഹിക രാഷ്‌ട്രീയ മതബോധമുള്ള എല്ലാ വിഭാഗങ്ങളും ഉള്‍കൊള്ളുന്ന  കൂട്ടായ്‌മയുടെ അനിവാര്യത വിളിച്ചോതുന്നതാണ്‌ വര്‍‌ത്തമാന കാലം.

ഏറെ ഗൗരവമുള്ള ഒരു കാര്യം കൂടെ ഓര്‍‌മ്മിപ്പിക്കാം.അധിനിവേശ ശക്തികള്‍ അവരുടെ സകലവിധ കഴിവുകളും വിശ്വാസി സമൂഹത്തിന്റെ ചിദ്രതയ്‌ക്ക്‌ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഇപ്പോഴും അതു തുടരുകയും ചെയ്യുന്നുണ്ട്‌.വിശുദ്ധ വേദത്തേയും തിരു ചര്യകളേയും വികൃതമായി സ്ഥാപിച്ചെടുക്കുക എന്നതിലുപരി പരിശുദ്ധമായ വിശ്വാസ ധാരയെ തന്ത്രപൂര്‍‌വ്വം വികലമാക്കി അവതരിപ്പിച്ച്‌ സാക്ഷാല്‍ വിശ്വാസത്തിന്റെ ലാളിത്യവും സൗകുമാര്യവും സുഗന്ധവും അന്യമാക്കുക എന്നതും അവര്‍‌ സ്വീകരിച്ച ഹീനമായ നടപടികളത്രെ.ഒരു പറ്റം ആളുകള്‍ ഇത്തരം പതികളില്‍ വീണു പോകുന്നു എന്നതും യാഥാര്‍ഥ്യമത്രെ.

ഇവ്വിധം നികൃഷ്‌ടമായ കൃത്യങ്ങള്‍‌ക്ക്‌ സയണിസവും ഫാഷിസവും കൈകോര്‍‌ത്ത് അഥവാ പടിഞ്ഞാറും കിഴക്കും ഒരുമിച്ച് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു എന്നതായിരിക്കാം വര്‍‌ത്തമാനത്തിലെ ഏറ്റവും വലിയ സവിശേഷത.അതുപോലെ പ്രവാചക ശ്രേഷ്‌ഠന്റെ ആദരണീയരായ അനുചരന്മാരെ അപകീര്‍‌ത്തിപ്പെടുത്തുന്ന പേര്‍‌ഷ്യന്‍ വിഭാഗവും അവരുടെ ഭാഗം നന്നായി അവതരിപ്പിച്ച് തകര്‍‌ക്കുന്നു എന്നും മറക്കാതിരിക്കുക.

ചുരുക്കത്തില്‍ യഥാര്‍ഥ പ്രവാചകാനുയായികള്‍ മേലുദ്ധരിച്ച ശക്തികളുടെ ഇരകളാണ്‌.ചിലപ്പോള്‍ വിശ്വാസപരമായ കാര്യങ്ങളിലാണെങ്കില്‍ ചിലപ്പോഴൊക്കെ തികച്ചും ഭൗതികമായ കാര്യങ്ങളിലുമാണ്‌.അതിനാല്‍ പവിത്രമായ വേദ വചനങ്ങളിലേയ്‌ക്കും ശുദ്ധമായ പ്രവാചകാധ്യാപനങ്ങളിലേയ്‌ക്കും ആത്മാര്‍‌ഥമായി മടങ്ങുക.സമൂഹത്തില്‍ അരക്ഷിതാവസ്ഥയും അസ്വാരസ്യങ്ങളും പുകയ്‌ക്കുന്ന പ്രക്രിയകളില്‍ നിന്നും വിട്ടു നില്‍‌ക്കുക.ആവേശത്താല്‍ കത്തിപ്പടരാതെ അവധാനതയോടെയുള്ള സമീപനങ്ങളിലേയ്‌ക്ക്‌ ചുവടുകള്‍ മാറ്റുക.അതെ, നന്മയിലേക്കൊഴുകാന്‍ പ്രതിജ്ഞാബദ്ധരാകുക.നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.

അസീസ്‌ മഞ്ഞിയില്‍
ദിതിരുനെല്ലൂര്‍.