നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 13 April 2019

വസന്തം വരുന്നു

ദോഹ:പടിവാതിലിലെത്തി നില്‍‌ക്കുന്ന അനുഗ്രഹത്തിന്റെ വസന്തത്തെ പൂര്‍‌വ്വാധികം ആത്മീയ ദാഹത്തോടെ ആവേശത്തോടെ വരവേല്‍‌ക്കുക.അനുശാസിക്കപ്പെട്ട  നിര്‍‌ബന്ധ കര്‍‌മ്മങ്ങളിലെ ചൈതന്യം സഹജര്‍ക്ക്‌ അനുഭവിക്കാനാകും വിധം പ്രസരിപ്പിക്കുക.

സന്നദ്ധ സേവന സാന്ത്വന പ്രവര്‍‌ത്തനങ്ങളില്‍ ആവും വിധം കണ്ണിചേരുക.സ്‌നേഹ സൗഹൃദ സാഹോദര്യങ്ങളുടെ കാവലാളാകുക. പ്രാര്‍‌ഥനാ നിര്‍‌ഭരമായ മനസ്സും വചസ്സും കൊണ്ട്‌ വരാനിരിക്കുന്ന പുണ്യകാലത്തെ സാര്‍‌ഥകമാക്കുക.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതിയില്‍ ആഹ്വാനം ചെയ്യപ്പെട്ടു.

ദോഹ സിറ്റി എക്‌ചേഞ്ച്‌ മീറ്റിങ് റൂമില്‍ വിളിച്ച്‌ ചേര്‍‌ത്ത അസോസിയേഷന്‍ പ്രവര്‍‌ത്തക സമിതിയില്‍ പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ അധ്യക്ഷതവഹിച്ചു.അബ്‌ദുല്‍ ഖാദര്‍ പുതിയ വിട്ടിലിന്റെ ഖുര്‍‌ആന്‍ പാരായണത്തോടെ പ്രാരം‌ഭം കുറിച്ച പ്രവര്‍‌ത്തക സംഗമത്തില്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ സ്വാഗതം ആശം‌സിച്ചു.തുടര്‍‌ന്ന്‌ മീഡിയ സെക്രട്ടറി അസീസ്‌ മഞ്ഞിയില്‍ റമദാന്‍ സന്ദേശം നല്‍‌കി.

വര്‍‌ഷാ വര്‍‌ഷം റമദാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന റമദാന്‍ സാന്ത്വനം തെരഞ്ഞെടുക്കപ്പെട്ട വീടുകള്‍‌ക്ക്‌ വിതരണം ചെയ്യാന്‍ തിരുമാനിച്ചു.റമദാന്‍ അവസാനത്തില്‍ സം‌ഘടിപ്പിച്ചു വരാറുള്ള ഇഫ്‌ത്വാര്‍ സം‌ഗമം ഈ വര്‍‌ഷവും സം‌ഘടിപ്പിക്കും. പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക സഹായവും പോയ വര്‍‌ഷങ്ങളിലെ പോലെ തുടരും.പ്രസ്‌തുത ആവശ്യത്തിലേക്ക്‌  നിശ്ചയിക്കപ്പെട്ട വിഹിതങ്ങള്‍ കഴിയാവുന്നത്ര അം‌ഗങ്ങളില്‍ നിന്നും സുമനസ്സുക്കളില്‍ നിന്നും സമാഹരിക്കാനും തിരുമാനിച്ചു.

വൈസ്‌ പ്രസിഡന്റ്‌ ഷൈതാജ് മൂക്കലെയുടെ നേതൃത്വത്തിലുള്ള സാന്ത്വന വിഭാഗത്തെ സമാഹരണ ദൗത്യത്തിന്‌ ചുമതലപ്പെടുത്തി.റമദാനിനു മുമ്പ്‌ സൗഹൃദ സംഗമവും പെരുന്നാള്‍ ദിവസം ഈദ്‌ സം‌ഗമവും നടത്താന്‍ തീരുമാനിച്ചു.റമദാനിന്‌ മുമ്പ്‌ സൗകര്യ പ്രദമായ ഒരു ദിവസം സൗഹൃദ സം‌ഗമവും പെരുന്നാള്‍ ദിവസം പ്രഭാതത്തില്‍ നമസ്‌കാരാനന്തരം ഈദ്‌ സം‌ഗമവും കോഡിനേറ്റ്‌ ചെയ്യാന്‍ ഫൈസല്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ ഉത്തരവാദപ്പെടുത്തി.സൗഹൃദ സംഗമം ദോഹയിലെ ബിദ പാർക്കില്‍ വെച്ച്‌ സം‌ഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചതായും ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ അറിയിച്ചു.ദിവസവും സമയവും താമസിയാതെ അറിയിയ്‌ക്കും.

തിരുനെല്ലൂര്‍ വിശാല മഹല്ലിലെ നാല്‌ മദ്രസ്സകളിലേയ്‌ക്കും ആവശ്യമായ പഠന ഗ്രന്ഥങ്ങള്‍  ലഭ്യമാക്കാന്‍ വേണ്ട കാര്യങ്ങള്‍‌ പരിഗണിക്കാനും പരിഹരിക്കാനും  തീരുമാനമായി.

മാസാന്ത സാന്ത്വന സം‌രം‌ഭം വീഴ്‌ചകൂടാതെ പരിപാലിക്കുന്നതില്‍ എല്ലാ സഹകാരികളും സഹചാരികളും സഹകരിക്കണമെന്ന്‌ സാന്ത്വന വകുപ്പിന്റെ ചുമതലയുള്ള സീനിയര്‍   അം‌ഗം യൂസഫ്‌ ഹമീദ്‌ അഭ്യര്‍‌ഥിച്ചു.

ചര്‍‌ച്ച ചെയ്യപ്പെട്ട അജണ്ടയിലെ ഓരോ വിഷയവും വളരെ ക്രിയാത്മകമായ ചര്‍‌ച്ചകളിലൂടെ ഓരോ അം‌ഗവും സമ്പന്നമാക്കി.

നമ്മുടെ നാടിന്റെ യശസ്സുയര്‍‌ത്തിയ മലയാളത്തിന്റെ അഭിമാനമായ മര്‍‌ഹൂം കെ.ജി സത്താര്‍ എന്ന അനുഗ്രഹീത ഗായകന്റെ സഹദര്‍‌മ്മിണിയുടെ നിര്യാണത്തില്‍ അസോസിയേഷന്‍ അനുശോചിക്കുകയും പ്രാര്‍‌ഥിക്കുകയും ചെയ്‌തു.സെക്രട്ടറി അനസ്‌ പാലപ്പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു.ജുമുഅ നമസ്‌കാരാനന്തരം ചേര്‍‌ന്ന യോഗം 02.50 ന്‌ അവസാനിച്ചു.