നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 9 September 2019

സാന്ത്വന ഹസ്തങ്ങൾ

സമാശ്വാസത്തിന്റെ സാന്ത്വന ഹസ്തങ്ങൾ. പ്രളയവും ഉരുൾപൊട്ടലും നാശം വിതച്ച പാതാറിലെയും കവളപ്പാറയിലെയും ദുരന്ത ഭൂമിയിലേക്ക് മുഹമ്മദൻസ്‌ ആർട്ട്സ് ആൻഡ്‌ സ്പോർട്സ്‌ ക്ലബ്ബ് തിരുനെല്ലൂർ സഹായങ്ങൾ എത്തിച്ചു.രാവിലെ തിരുനല്ലൂർ സെന്ററിൽ തടിച്ചു കൂടിയ ജനാവലി ഇരുപത്‌ പേരടങ്ങിയ ദൗത്യ സംഘത്തിനെ യാത്ര അയച്ചു.  ബഹു.ഖതീബ് അബ്ദുല്ല അശ്‌റഫി പ്രാർത്ഥന നിർവ്വഹിച്ചു . നൂറോളം കുടുംബങ്ങൾക്ക്‌ ഗൃഹോപകരണങ്ങളുമായാണ് സംഘം യാത്ര തിരിച്ചത്.
 
പ്രളയ ബാധിതരെ കുറിച്ചും ദൗത്യ സം‌ഘത്തെ കുറിച്ചും മുഹമ്മദന്‍സ്‌ വക്താവ്‌ സൈനുദ്ദീന്‍ ഖുറൈഷിയുടെ കുറിപ്പ്‌ അനുബന്ധമായി ചേര്‍‌ക്കുന്നു. 
>>>>>>>>>>>

പ്രകൃതിയുടെ ഒരു നിമിഷത്തെ താണ്ഡവം അനാഥമാക്കിയ ജീവിതങ്ങളുടെ ഞെട്ടിപ്പിക്കുന്ന നേർചിത്രങ്ങൾ പാതാറിലും കവളപ്പാറയിലും പുത്തുമലയിലും നിസ്സഹായതയോടെ നമുക്ക് മുന്നിൽ കൈ കൂപ്പി നിൽക്കുന്നു . എത്ര നിസ്സാരരാണ് മനുഷ്യർ എന്നത് നിമിഷാർദ്ധങ്ങൾ കൊണ്ട് പഠിപ്പിക്കുന്നു പ്രകൃതി.ലക്ഷങ്ങൾ ഉള്ളവരും അതിസമ്പന്നതയിലും സാമാന്യം ഭേദപ്പെട്ട രീതിയിലുമൊക്കെ ജീവിച്ചിരുന്ന ഒരു സമൂഹം എല്ലാം നഷ്ടപ്പെട്ട് നില്ക്കുന്ന കാഴ്ച മനസ്സിനെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്.

ചാലിയാറിന്റെ തീരങ്ങളിലെ വീടുകളിൽ താഴത്തെ നിലകളിൽ നിറഞ്ഞു കിടക്കുന്ന ചളി എത്ര ദിവസങ്ങളെടുത്താലാണ് വൃത്തിയായി ജീവിത യോഗ്യമാവുക. !മുത്തപ്പൻ മല രണ്ടായി പിളർന്ന് താഴോട്ട് കുത്തിയൊലിച്ച് പാടെ കബറടക്കം ചെയ്ത കവളപ്പാറ എങ്ങനെയാണിനി പുനർജ്ജനിക്കുക്ക. പുത്തുമലയിലും കവളപ്പാറയിലുമായി കണ്ടു കൊണ്ടിരുന്ന കിനാവുകളോടൊപ്പം മണ്ണു മൂടിയവരുടെ പതിനാലോളം മൃദദേഹങ്ങൾ ഇനിയും കിട്ടിയിട്ടില്ല. തങ്ങൾ സ്‌നേഹിച്ച മണ്ണിനെ പുണർന്ന് തങ്ങളോടൊപ്പം ചേർന്നു നിന്ന വീടുകൾക്കൊപ്പം മണ്ണിനടിയിൽ എവിടെയെങ്കിലും അവരുണ്ടാകും.

മുഹമ്മദൻസ് കേവലമൊരു കളിക്കൂട്ടമല്ലെന്ന് അടിവരയിട്ടു കൊണ്ടാണ് ഇന്നലത്തെ സാന്ത്വന യാത്രാ സംഘം തിരിച്ചെത്തിയത് . രാവിലെ തിരുനല്ലൂർ സെന്ററിൽ നിന്ന് ബഹു.ഖതീബ് അബ്ദുല്ല അഷറഫിയുടെ പ്രാർത്ഥനക്ക് ശേഷമാണ്‌ സംഘം യാത്ര തിരിച്ചത്. ദൗത്യത്തെ സംബന്ധിച്ച വിവരണവും യാത്രയയപ്പിൽ പങ്കെടുത്ത നാട്ടുകാർക്ക്‌ നന്ദിയും സൈനുദ്ധീൻ ഖുറൈശി പ്രകാശിപ്പിച്ചു. നാട്ടിലെ പ്രമുഖ വ്യക്‌തിത്വങ്ങളും മഹല്ലു പ്രെസിഡന്റും അംഗങളും യാത്രയിലും യാത്ര അയപ്പിലും പങ്കാളികൾ ആയി .

കക്ഷി രാഷ്‌ട്രീയ ഭേദമന്യെ സഹൃദയരായ എല്ലാ നാട്ടുകാരും എല്ലാ അർത്ഥത്തിലും ഈ ദൗത്യ പൂർത്തീകരണത്തിന് പൂർണ്ണ പിന്തുണയും സഹായങളും നൽകി.മുഹമ്മദൻസ് പ്രസിഡന്റ് .താജുദ്ധീൻ , ട്രെഷറർ : മുജീബ് കെ .എസ്‌ . മുസ്തഫ , നാസർ കുഞ്ഞാലി , കബീർ .ആർ .വി. ആസിഫ് .ആർ .വി.അൻഷാദ് , നൗഷാദ്‌ ഒപെൽ , കാദർ മോൻ പൊട്ടിത്തറയിൽ, ഷെരീഫ് ചിറക്കൽ , മുഹമ്മദ്ക്ക, അബ്‌ദു റഹ്‌മാൻക്ക, ഹനീഫ ബാവു, തുടങ്ങി യാത്രയിൽ ഒപ്പം നിന്നവരുടെ കഠിന പ്രയത്നം വാക്കുകൾക്ക് അതീതമാണ് . പ്രായത്തെ വെല്ലുന്ന പ്രവര്ത്തന മികവോടെയാണ് ഉമ്മർക്ക കാട്ടിലും അബുക്ക കാട്ടിലും ആദ്യാവസാനം വരെ നില കൊണ്ടത്.

ഈ ദൗത്യ നിർവഹണത്തിൽ മുഹമ്മദൻസിനെ ഏറെ സഹായിച്ചത് ഇടക്കഴിയുർ സ്വദേശിയായ ചാരിറ്റി പ്രവർത്തകൻ ഷാഹിദ് ഇടക്കഴിയൂരും നുസ്രത്ത് നിലമ്പൂരും സിദ്ദിക്ക് നിലമ്പൂരും ആണ്‌ . സാമുഹിക ചാരിറ്റി പ്രവർത്തന രംഗത്തെ ഇവരുടെ അർപ്പണബോധം അത്ഭുതപ്പെടുത്തുന്നതാണ്. 12 മണിയോടെ ഞങ്ങളോടൊപ്പം ചേർന്ന ഇവർ മഴയെ വക വെക്കാതെ ഓരോ പ്രദേശങ്ങളിൽ കൊണ്ടു പോയി അർഹരായവർക്ക് നേരിട്ട് സഹായം എത്തിക്കുവാൻ നമ്മളെ സഹായിച്ചു.  രാത്രി പത്തുമണിയോടെയാണ് ദൗത്യം പൂർണ്ണമായത് . അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ.

മുഹമ്മദൻസ്‌ നേതൃത്വം നൽകിയ ഈ പരിപാടിയെ അകമഴിഞ് സഹായിച്ച നാട്ടുകാരാണ് ഈ പരിപാടിയുടെ നട്ടെല്ല്.
 
മുഹമ്മദൻസ്‌ ഖത്തർ , ഷറഫു ഹമീദ്‌ , യൂസഫ് ഹമീദ്‌ , സുബൈർ കടയിൽ തുടങ്ങി നിരവധി പേരുടെ സഹായങ്ങൾ എടുത്ത്‌ പറയേണ്ടതാണ് . ഇതിലെല്ലാമുപരി നാട്ടിലെ സഹോദരീ സഹോദരന്മാരുടെ നിസ്സീമമായ സഹകരണം വാക്കുകളിലൂടെ  പ്രകടിപ്പിക്കാൻ ആവില്ല . നന്ദി .
 
മുന്നൊരുക്കങ്ങളിൽ മുഹമ്മദൻസിന്റെ യുവതയുടെ സേവനം പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.